കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞുമല. എങ്ങും തണുപ്പും ഐസും മാത്രം. അന്റാർട്ടിക്കയിലെ ഈ മൈനസ് താപനിലയിൽ ഒരു കൂറ്റൻ ഹിമാനിയൽ നിന്ന് രക്തം വാർന്നുവന്നാൽ എങ്ങനെയുണ്ടാകും?
നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തെയും സഞ്ചാരികളെയും ഒരേപോലെ അമ്പരപ്പിക്കുന്ന ഒന്നാണ് അന്റാർട്ടിക്കയിലെ ടെയ്‌ലർ ഹിമാനിയിലെ ഈ 'ബ്ലഡ് ഫാൾസ്'. തണുത്തുറഞ്ഞ മഞ്ഞിനിടയിലൂടെ ചുവപ്പുനിറത്തിൽ ഒഴുകിയിറങ്ങുന്ന ഈ ജലപ്രവാഹത്തിന്റെ രഹസ്യങ്ങൾ പൂർണ്ണമായും ചുരുളഴിയാൻ 115 വർഷത്തിലധികം വേണ്ടിവന്നു.
ആൽഗയല്ല, ആഴങ്ങളിലെ ഇരുമ്പ്!
1911-ൽ ഓസ്‌ട്രേലിയൻ ഭൗമശാസ്ത്രജ്ഞനായ ഗ്രിഫിത്ത് ടെയ്‌ലർ ആണ് ഈ പ്രതിഭാസം ആദ്യമായി കാണുന്നത്. വെള്ളത്തിന്റെ കടുത്ത ചുവപ്പുനിറം കണ്ട് ഏതോ ആൽഗകൾ വളരുന്നതാണെന്ന് കരുതിയ അദ്ദേഹം ഇതിന് 'ബ്ലഡ് ഫാൾസ്' എന്ന് പേരിട്ടു. എന്നാൽ, വർഷങ്ങൾക്ക് ശേഷമുള്ള ഗവേഷണങ്ങൾ ആ നിഗമനത്തെ പൂർണ്ണമായി തിരുത്തി.
ഇതിന് പിന്നിൽ രക്തമോ ആൽഗയോ ആയിരുന്നില്ല. മറിച്ച് 15 ലക്ഷം (1.5 Million) വർഷങ്ങൾക്ക് മുൻപ് മഞ്ഞിനടിയിൽ കുടുങ്ങിപ്പോയ ഉയർന്ന അളവിൽ ഇരുമ്പടങ്ങിയ കടൽവെള്ളമായിരുന്നു! കാലക്രമേണ മഞ്ഞിനടിയിൽപ്പെട്ട ഉപ്പുവെള്ളത്തിലെ ഉപ്പിന്റെ സാന്നിധ്യം വൻതോതിൽ വർധിക്കുകയും ഇത് 'ബ്രൈൻ' എന്ന കടുപ്പമേറിയ ഉപ്പുവെള്ളമായി മാറുകയും ചെയ്തു. മഞ്ഞിനടിയിൽ നിന്ന് ഉയർന്ന മർദ്ദത്തിൽ ഈ വെള്ളം പുറത്തേക്ക് വന്ന് അന്തരീക്ഷ ഓക്സിജനുമായി ഇടപഴകുമ്പോൾ, ഇരുമ്പ് തുരുമ്പെടുക്കുന്നതിന് സമാനമായ ഓക്സിഡേഷൻ സംഭവിക്കുന്നു. ഇതാണ് വെള്ളത്തിന് ചുവപ്പ് നിറം നൽകുന്നത്.
കൊടുംതണുപ്പിലും തണുത്തുറയാത്ത പ്രവാഹം
വർഷങ്ങളോളം ഈ ഉപ്പുവെള്ളത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് 2017-ൽ അലാസ്‌ക ഫെയർബാങ്ക്സ് സർവകലാശാലയിലെ ഗവേഷകർ റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മഞ്ഞുമലയ്ക്കുള്ളിലെ 300 മീറ്റർ നീളത്തിലുള്ള ഉപ്പുവെള്ളത്തിന്റെ സഞ്ചാര പാത കണ്ടെത്തിയത്.
മൈനസ് ഡിഗ്രി തണുപ്പിലും ഈ ഉപ്പുവെള്ളം എങ്ങനെ കട്ടയാവാതെ ഒഴുകുന്നു എന്നതായിരുന്നു ശാസ്ത്രജ്ഞരെ കുഴക്കിയ മറ്റൊരുചോദ്യം. വെള്ളത്തിലെ ഉയർന്ന ഉപ്പിന്റെ അളവ് അതിന്റെ ഫ്രീസിംഗ് പോയിന്റ് കുറയ്ക്കുന്നു. ഇത് കാരണമാണ് കൊടുതണുപ്പിലും ഈ ഉപ്പുപ്രവാഹം തണുത്തുറയാത്തത്.
ബ്ലഡ്ഫാൾസിലെ ജീവലോകം
ബ്ലഡ് ഫാൾസിന്റെ ഏറ്റവും അദ്ഭുതപ്പെടുത്തുന്ന കാര്യം അതിനുള്ളിലെ ജീവന്റെ സാന്നിധ്യമാണ്. മഞ്ഞിനടിയിൽ നൂറുകണക്കിന് മീറ്റർ ആഴത്തിൽ, സൂര്യപ്രകാശമോ ഓക്സിജനോ ഇല്ലാതെ ഈ ഉപ്പുവെള്ളത്തിൽ ദശലക്ഷക്കണക്കിന് വർഷങ്ങളായി ജീവിക്കുന്ന ബാക്ടീരിയകളുടെ ഒരു വലിയ ലോകം തന്നെയുണ്ട്. ഓക്സിജന് പകരം സൾഫേറ്റ് ഉപയോഗിച്ചാണ് ഇവ ഊർജ്ജം കണ്ടെത്തുന്നത്.
സൗരയൂഥത്തിൽ മറ്റെവിടെയെങ്കിലും ജീവന്റെ സാന്നിധ്യം ഉണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും എന്ന് പഠിക്കാൻ അസ്ട്രോബയോളജിസ്റ്റുകൾആശ്രയിക്കുന്നത് ഈ ബ്ലഡ് ഫാൾസിനെയാണ്.
Content Highlights: Blood Falls is caused by iron-rich brine oxidizing upon contact with air.
Published: 21 Jul 2026, 04:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented