ന്ത്യയിൽ മാത്രമല്ല രാമായണങ്ങൾ ഉള്ളത്. ലോകമാകെ മുന്നൂറോളം രാമായണങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ? ഇന്ത്യയെപ്പോലെ മറ്റ് ഏഷ്യൻരാജ്യങ്ങളിലും രാമായണം വാമൊഴിയായും വരമൊഴിയായും നിലനിൽക്കുന്നുണ്ട്.

To advertise here,

വാൽമീകി രാമായണം
വാൽമീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യകൃതിയാണ് എന്നാണ് വിശ്വാസം. ഇരുപത്തിനാലായിരം ശ്ലോകം കൂടിച്ചേർന്നതാണ് രാമായണകഥ. അഞ്ഞൂറ് അധ്യായങ്ങൾ ഇതിലുണ്ട്. രാമായണത്തെ ഏഴ് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെയാണിത്.

എഴുത്തച്ഛന്റെ കിളിപ്പാട്ട്
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച അധ്യാത്മ രാമായണം കിളിപ്പാട്ടാണ് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന മലയാളത്തിലെ രാമായണകൃതി. കൊട്ടാരക്കര തമ്പുരാൻ രചിച്ച രാമായണം ആട്ടക്കഥയും മലയാളത്തിലെ പ്രസിദ്ധമായ രാമായണകൃതിയാണ്.

വയനാടൻ രാമായണം
പുൽപ്പള്ളിയിൽ ജനിച്ച രാമന്റെയും കൂട്ടരുടെയും കഥ പറയുന്നതാണ് വയനാടൻ രാമായണത്തിൽ. മാതെയ് എന്ന അടിമമൂപ്പനാണ് ഇതിന്റെ രചയിതാവ് എന്ന് പറയപ്പെടുന്നു. വയനാടും സമീപപ്രദേശങ്ങളുമായും ബന്ധപ്പെട്ടാണ് ഇതിന്റെ കഥ നടക്കുന്നത്.

പുൽപ്പള്ളിയിലെ പാക്കദൈവത്തിന്റെ നിർദേശമനുസരിച്ച് സീതാദേവി നാടുവിടുന്നു. യുദ്ധം കഴിഞ്ഞുവരുന്ന രാമലക്ഷ്മണൻമാർ ഒരു മലയോരത്തുവെച്ച് സീതയെ കണ്ടുമുട്ടുന്നുണ്ട്. അവരോട് യാത്ര പറഞ്ഞുനീങ്ങുന്ന സീതയെ രാവണൻ കാണുകയും ലങ്കയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു എന്നാണ് ഇതിന്റെ കഥ. ഹനുമാൻ ലങ്കയിൽച്ചെന്ന് സീതയെ തിരിച്ചു കൊണ്ടുവന്നു. പിന്നീട് സീതയും രാമനും വിവാഹിതരാവുന്നു.

ജൈനരാമായണം
ജൈനപാരമ്പര്യത്തിലെ 63 ശ്രേഷ്ഠന്മാരിൽ ഒരാളായാണ് ജൈനരാമായണത്തിൽ രാമനെ അവതരിപ്പിക്കുന്നത്. ഇതിൽ രാവണന്റെ മകളാണ് സീത.

കമ്പരാമായണം
രാമന്റെ കഥ സംബന്ധിച്ച് ദ്രാവിഡഭാഷയിലെ ഏറ്റവും പ്രാചീനകൃതി കമ്പർ രചിച്ച രാമായണമാണെന്ന് പറയുന്നു. കമ്പരാമായണത്തിൽ രാമന് വീരസങ്കൽപ്പമാണ്. രാമൻ ഇതിൽ വീരനായകനാണ്. തെലുങ്കിലെ ഏറ്റവും പ്രധാനപ്പെട്ട രാമായണം രംഗനാഥൻ രചിച്ച ദ്വിപദരാമായണം ആണെന്ന് പറയപ്പെടുന്നു.

മാപ്പിളരാമായണം
മലബാറിലെ മാപ്പിളമാർക്കിടയിൽ വാമൊഴിയായി പ്രചരിച്ചിരുന്ന കാവ്യമാണ് മാപ്പിളരാമായണം. മാപ്പിളപ്പാട്ടിന്റെ ശൈലിയിലാണ് ഇതിന്റെ ആലാപനം. രാമായണത്തിലെ വിവിധ കഥാസന്ദർഭങ്ങൾ ഇതിലുണ്ട്. ഇതിൽ രാമനെ ലാമൻ എന്നും ലക്ഷ്മണനെ ലസ്മണൻ എന്നും സീതയെ കുഞ്ഞുകുട്ടി തങ്കമോളെന്നും പറയുന്നു.

രാമായണം വിവിധ രാജ്യങ്ങളിൽ!
ലാവോസ് രാമായണം

കലാസാഹിത്യരൂപങ്ങളിലൂടെയാണ് ലാവോസിൽ രാമായണം പ്രചരിക്കുന്നത്. നാടോടി ആവിഷ്‌കാര രൂപങ്ങളിലൂടെയും രാമായണം പ്രചാരം നേടിയിട്ടുണ്ട്.

ശ്രീലങ്കൻ രാമായണം
ശ്രീലങ്കൻ രാമായണത്തിൽ രാമൻ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. രാമന്റെ അസാന്നിധ്യത്തിലാണ് സീതയെ തട്ടിക്കൊണ്ടുപോകുന്നത്.

തായ്‌ലൻഡ് രാമായണം
രാമൻ വിഷ്ണുവിന്റെ അവതാരമാണ് എന്ന് തായ് ജനത വിശ്വസിക്കുന്നു. അവർ തങ്ങളുടെ രാജാവിനെ രാമന്റെ പ്രതിരൂപമായാണ് കാണുന്നത്. അയോധ്യയോട് സാദൃശ്യം തോന്നുന്ന അയുധ്യ എന്ന സ്ഥലത്താണ് രാമജനനം എന്നവർ കരുതുന്നു.

ഖോത്താനീ രാമായണം
പഴയ തുർക്കിസ്ഥാന്റെ കിഴക്കൻ പ്രദേശങ്ങൾ ചേർന്ന സ്ഥലമാണ് ഖോത്താൻ. ഖോത്താനീ രാമായണത്തിൽ രാമന്റെയും ലക്ഷ്മണന്റെയും ഭാര്യയാണ് സീത.

ജപ്പാൻ രാമായണം
തായ്‌ലൻഡിൽ നിന്നും ചൈനയിൽ നിന്നുമാണ് രാമായണകഥ ജപ്പാനിൽ എത്തിയത്. നൃത്തരൂപങ്ങളിലൂടെയാണ് ജപ്പാനിൽ രാമായണത്തിന് പ്രചാരം ലഭിച്ചത്. 'ദോരാഗാകു' എന്നാണ് ഈ നൃത്തരൂപത്തിന്റെ പേര്. രാമായണകഥയുടെ പ്രധാന ഭാഗങ്ങളെല്ലാം ഈ നൃത്തത്തിലൂടെ അവതരിപ്പിക്കുന്നു

ഫിലിപ്പൈൻ രാമായണം
ഫിലിപ്പൈനിലും രാമായണകഥകൾക്ക് വേരോട്ടമുണ്ട്. രാവണന് ഇവർ പ്രധാന സ്ഥാനം നൽകുന്നു. പുലുബന്ത്യാർ വംശത്തിലെ സുൽത്താന്റെ മകനാണ് രാവണൻ.

മലേഷ്യൻ രാമായണം
രാമായണ- മഹാഭാരത കഥകൾ ഏറെ പ്രചാരത്തിലുള്ള രാജ്യമാണ് മലേഷ്യ. വാമൊഴിയായും വരമൊഴിയായും മലേഷ്യൻ ജനങ്ങൾക്കിടയിൽ ഇന്നും ഇവയ്ക്ക് പ്രചാരമുണ്ട്.