
മലയാളക്കരയില്‍നിന്നും ഒരു മഴക്കാലത്തെ ആവോളം നിറച്ച് കബനി കന്നഡയുടെ അതിരുകള്‍ കടക്കുന്നു. കാടതിര്‍ത്തികള്‍ കടന്ന് കബനി കിഴക്കിന്റെ ദിശതേടി പരന്നൊഴുകുമ്പോള്‍ തീരങ്ങളിലേക്ക് ഒരു സംസ്‌കൃതിയും വിതറുന്നു. ഒരു ഭാഗം മലയാളവും മറുതീരം കന്നഡയും കലര്‍ന്ന മണ്ണില്‍ കബനിയാണ് അതിര്‍രേഖ വരയ്ക്കുന്നത്. വേനലില്‍ മെലിഞ്ഞുണങ്ങിയും മഴക്കാലത്ത് തീരങ്ങളെ കവര്‍ന്നും ഭൂപടങ്ങളില്‍ അതിര്‍രേഖ വരയ്ക്കുമ്പോഴും കബനി ഗ്രാമങ്ങള്‍ക്കെല്ലാം വരദാനമാണ്. ചെറുതായി ചാറുന്ന ചാറ്റല്‍മഴയുടെ താളത്തില്‍ കര്‍ണ്ണാടകയിലെ മച്ചൂരാണ് ലക്ഷ്യം. കന്നഡ നാട്ടിലെ കൊല്ലങ്കോടാണിത്. നാട്ടുവഴികളും വയല്‍ക്കാഴ്ചകളും വരച്ചിടുന്ന അധികമാരുമറിയാത്ത ഒന്നാന്തരമൊരു ഗ്രാമചിത്രമാണ് മച്ചൂരെന്ന മാല്‍ഗുഡി. ഇതിന് മുമ്പും പലതവണ പോയപ്പോഴും മാറി മാറി കാര്‍ഷികചിത്രം വരയ്ക്കുന്ന ഈ ഗ്രാമത്തില്‍ ഇപ്പോള്‍ നെല്ലിന്റെ പച്ചപ്പുകളാണ്. രാജീവ് ഗാന്ധി ദേശീയോദ്യാനത്തിന്റെ നടുവിലെ ഈ വനഗ്രാമത്തില്‍ ജേനുകുറുമരുടെയും ബേട്ടകുറുമരുടെയും സങ്കേതങ്ങളില്‍ ഒരു തേന്‍കാലവും വന്നണയുന്നു.
ഒരു മഴക്കാലം പച്ചപ്പണിയിച്ച കാടിന് നടുവിലൂടെ ബാവലി മൈസുരു പാതയില്‍ യാത്രികരുടെ തിരക്കില്ല. രാവിലെ ആറിന് തുറന്നാല്‍ വൈകീട്ട് ആറിന് അടയ്ക്കുന്ന അന്തര്‍ സംസ്ഥാനപാതയിലൂടെയുള്ള യാത്രതന്നെ കാഴ്ചകളുടെ കൗതുകങ്ങളാണ്. കാട്ടാനകളും കടുവയും വരെയും മുന്നില്‍ വന്നേക്കാം. കാടെന്ന കലവറ പച്ചപ്പുകളുടെ കുട പിടിക്കുമ്പോള്‍ അതിന് നടുവിലൂടെ കേരളത്തിന്റെ അതിര്‍ത്തി കടന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കടുവ സംരക്ഷണ മേഖലയാണെന്നതിനാല്‍ കാടകങ്ങളില്‍ നിയമങ്ങള്‍ക്ക് കുറച്ചുകൂടി കനം വെച്ചു. കാടിനെ അറിയുന്നത് പോലെ ഇവിടെ നിയമങ്ങളെയും അറിഞ്ഞിരിക്കണം. നാഷണല്‍ പാര്‍ക്കുകളിലെ നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയുടെ ആഘാതവും ചെറുതായിരിക്കില്ല. തൊട്ടുമുന്നില്‍ കാട്ടനയല്ല കടുവ വന്നാലും ഇവയെ ഗൗനിക്കാതെ കാടു കടന്നുപോയ്‌ക്കോളണം. ചിത്രമെടുക്കാനോ വാഹനം നിര്‍ത്താനോ പാടില്ല. എല്ലാം നിരീക്ഷിക്കാന്‍ അവിടെയും ഇവിടെയുമെല്ലാം കര്‍ണ്ണാടക വനം വകുപ്പ് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. കര്‍ണ്ണാടകയുടെ രീതികള്‍ കുറച്ചുകൂടി കര്‍ക്കശമാണ്. ഇതിനെല്ലാം വലിയ പിഴതന്നെ കൊടുക്കേണ്ടി വരും.
ബാവലിയിലെ കര്‍ണ്ണാടക ചെക്‌പോസ്റ്റ് കടന്നാല്‍ 30 കിലോ മീറ്റര്‍ അകലെയായുള്ള അടുത്ത ചെക്‌പോസ്റ്റുവരെയും ഘോരവനമാണ്. മറുഭാഗത്ത് ഔട്ട് പോസ്റ്റില്‍ വാഹനം കടന്നുപോകാന്‍ പരമാവധി എടുക്കേണ്ട സമയം പോലും കുറിപ്പായി തന്നാണ് യാത്രാനുമതി കിട്ടുക. ഇതിനിടയില്‍ നിന്നാണ് മച്ചൂരെന്ന വനഗ്രാമത്തിലേക്ക് തിരിയേണ്ടതെന്നതിനാല്‍ ചെക്‌പോസ്റ്റില്‍നിന്നു പ്രത്യേക അനുവാദവും വേണ്ടിവരും. ഇതിനൊന്നും നില്‍ക്കാതെ ബാവലിപ്പാലം കടന്നയുടനെയുള്ള ചെക്‌പോസ്റ്റിന് സമീപത്തുകൂടി ബൈരക്കുപ്പ റോഡിലൂടെ മച്ചൂരിലേക്ക് പോകാം. കുറച്ചധികം ദൂരം താണ്ടിയാലും വനഗ്രാമങ്ങളുടെ വേറിട്ട കാഴ്ചകളുമായി യാത്രപോകാം. വനഗ്രാമമായതിനാല്‍ റോഡൊക്കെ നന്നാക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിട്ട റോഡ് പൂര്‍ണ്ണമായും തകര്‍ന്നതാണ്. വനമന്ത്രാലയത്തിന്റെ അനുമതി കിട്ടിയാല്‍ മാത്രമാണ് റോഡ് വീതികൂട്ടാനും നവീകരിക്കാനുമെല്ലാം കഴിയുള്ളൂ. ഇതിനെല്ലാം പരിശ്രമങ്ങള്‍ കുറവാണെന്നതാണ് റോഡിന്റെ തനത് അവസ്ഥകള്‍ സൂചന തരുന്നത്. തുറന്ന ആകാശത്തിന് താഴെ വിശാലമായ വയല്‍ക്കാഴ്ചകള്‍ തെളിഞ്ഞുവന്നു. ഒരുഭാഗത്ത് കാട് കടുംപച്ചയാകുമ്പോള്‍ മാറുഭാഗത്ത് കൃഷിയിടങ്ങളുടെ അതിര്‍ത്തിയില്‍ കബനി വലിയ നദിയായി നിശബ്ദം ഒഴുകുന്നു. ഇതിനരികലൂടെ നൂല് പിടിച്ചത് പോലെയാണ് പാതയുള്ളത്. ഈ പാത ഗ്രാമങ്ങളെ തഴുകി ബൈരക്കുപ്പയെന്ന ഗ്രാമക്കവലയിലാണെത്തുക.
Also Read
ബൈരക്കുപ്പയിലെ കടത്തുതോണികള്‍
ഒരുഭാഗത്ത് കേരളവും മറുഭാഗത്ത് കര്‍ണ്ണാടകയും. അതിന് നടുവിലാണ് പാലമില്ലാത്ത കബനിക്ക് തോണികള്‍ കൈപിടിക്കുന്നത്. കേരളത്തില്‍ ഇന്നും ബാക്കിയുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്തര്‍ സംസ്ഥാന തോണിക്കടവാണിത്. രാവിലെ മുതല്‍ നേരമിരിട്ടുന്നത് വരെയും ഈ തോണികള്‍ താണ്ടിയാണ് രണ്ടു ഭാഷക്കാരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള പ്രയാണങ്ങള്‍. കടവിലെത്തുമ്പോള്‍ ബൈരക്കുപ്പയിലേക്കുള്ള തോണികള്‍ മറുകരയിലേക്ക് ഊഴം കാത്തുനില്‍ക്കുന്നു. കബനിയുടെ കടത്തു കടന്നാല്‍ ബൈരക്കുപ്പയായി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചിത്രദുര്‍ഗ്ഗയില്‍നിന്നു ടിപ്പുവിന്റെ ആക്രമണം ഭയന്ന് പലായനം ചെയ്‌തെത്തിയവരാണ് ബൈരക്കുപ്പയിലെ ഗ്രാമീണര്‍.
കേരള ഗ്രാമത്തില്‍നിന്നു നോക്കുമ്പോള്‍ ബൈരക്കുപ്പയ്ക്ക് മറ്റൊരു വിലാസം കൂടിയുണ്ട്. രണ്ടു സംസ്‌കാരങ്ങളെ, രണ്ടു ഭാഷകളെ, മാനവിക സൂചകങ്ങളെ വിഭജിക്കുന്ന കബനി തീരത്തിന്റെ മായ്ക്കാന്‍ പറ്റാത്തൊരു അടയാളമാണ്. വനഗ്രാമങ്ങളിലെ ഏക അങ്ങാടിയായ ബൈരക്കുപ്പയും അതിരാവിലെ മുതല്‍ ഉണരും. ഇരകരകളിലേക്കുള്ള കടത്തുകള്‍ സജീവമാകുന്നതോടെയാണ് അങ്ങാടിക്കും ജീവന്‍വെക്കുക. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയും ബൈരക്കുപ്പയില്‍ കിട്ടുമെന്നാണ് പണ്ടു മുതലേ പറയുക. ഒരു കാലത്ത് കേരളക്കരയില്‍ ചാരായം നിരോധിച്ചപ്പോള്‍ ഈ തീരം തേടി കടത്തുതോണികള്‍ കടന്നെത്താനും ധാരാളം പേരുണ്ടായിരുന്നു. അങ്ങിനെ അക്കരെ കടവില്‍ ബൈരക്കുപ്പ ലഹരിയുടെ മറ്റൊരു പേരായിരുന്നു, ഇന്ന് കാലം മാറിയെങ്കിലും ലഹരിയുടെ പുതുവഴികളില്‍ ബൈരക്കുപ്പയും നോട്ടപ്പുള്ളിയാണ്. ഇതിനൊന്നും ചെവികൊടുക്കാതെ ബൈരക്കുപ്പയും വളരുകയാണ്. പുതുമോടിയില്‍ കടകമ്പോളങ്ങളെല്ലാം പഴയകാലങ്ങളെ വിസ്മരിക്കുന്നു. പച്ചക്കറികളുടെയും മുത്താറിയുടെയും റാഗിയുടെയും പുഴമീനിന്റെയും അങ്ങാടിയായി ബൈരക്കുപ്പ സഞ്ചാരികളെയും തേടുന്നു.
മച്ചൂര്‍ നെല്ലിന്റെ ഗ്രാമം
ബൈരക്കുപ്പയില്‍ കാടതിര്‍ത്തി കടന്നാല്‍ മച്ചൂര്‍ ഗ്രാമമായി. പരമ്പരാഗതമായി കുടംബങ്ങളൊന്നാകെ കൃഷിയിലേര്‍പ്പെടുന്നവരാണ് മാറിയ കാലത്തിലും ഈ വയലുകളെ ഇന്നും നിലനിര്‍ത്തുന്നത്. ലാഭവും നഷ്ടവുമല്ല ഇവര്‍ക്ക് കൃഷി ജീവിതമാണ്. കൊടുംവരള്‍ച്ചയും മഴയുടെ കുറവുമെല്ലാമുണ്ടെങ്കിലും കബനി തന്നെയാണ് ഇവരുടെ കൃഷിയിടത്തിന് എന്നും നനവ് പകര്‍ന്നിട്ടുളളത്. നോക്കത്താ ദൂരത്തോളം ഇവിടെ നെല്ല് തഴച്ച് വളരുകയാണ്. ഭൂരിഭാഗം കര്‍ഷകരും നിത്യ ചെലവിനായാണ് നെല്‍കൃഷി ചെയ്യുന്നത്. ഇവിടെ ഒരോ തുണ്ട് വയലിന്റെയും വില ചെറുതല്ല. നെല്‍കൃഷി കൊയ്ത്തുക ഴിഞ്ഞാല്‍ പച്ചക്കറിയുടെ കാലമായി. രാസവളങ്ങള്‍ പേരിനുമാത്രം. കന്നുകാലി കൂട്ടങ്ങളില്ലാത്ത ഒറ്റ വീടുപോലും ഇവിടെയില്ല. ചാണകവും പച്ചിലവളങ്ങളും യഥേഷ്ടം വിതറുന്ന കൃഷിയിടത്തിലാകട്ടെ സാമാന്യം തരക്കേടില്ലാത്ത വിളവും നെല്‍കൃഷിയില്‍നിന്നു ലഭിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
രാജീവ് ഗാന്ധി ദേശീയോദ്യാനം രൂപപ്പെടുത്തിയപ്പോള്‍ ഇതിന്റെ ഒരു കോണിലേക്ക് കേരള അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടു പോയതാണ് മച്ചൂര്‍, ബൈരക്കുപ്പ, ഗുണ്ടറ ഗ്രാമങ്ങള്‍. കരഭൂമിയേക്കാള്‍ വയലുകളാണ് ഇവിടെ കൂടുതലുള്ളത്. പൊതുവെ ജനസംഖ്യ കുറവാണെങ്കിലും വയലുകള്‍ നികത്തി വീട് വെക്കുന്ന രീതി ഇവിടെ കുറവാണ്. ഗൗഡ വിഭാഗക്കാരും തേന്‍കുറുമരടങ്ങിയ ആദിവാസികളുമാണ് ഏറെയുള്ളത്. ഏറെക്കാലം മുമ്പ് വനം വകുപ്പ് പാട്ടത്തിന് നല്‍കിയ ഭൂമിയാണ് ഇവരുടെ ജീവിതത്തിനാധാരം. ഇവര്‍ക്കിടയില്‍ പാട്ടം യഥാസമയം പുതുക്കാത്ത നിരവധി ആദിവാസി കുംടബങ്ങളുമുണ്ട്. ഇവരെ കാട്ടിനുള്ളില്‍നിന്നു പുറത്തേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതികള്‍ക്കു കര്‍ണ്ണാടക സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. കൃഷി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ വക വെള്ളമെത്തിക്കും. ഇടവിട്ടുള്ള പമ്പ് ഹൗസുകള്‍ ഏതു സീസണിലും പ്രവര്‍ത്തനക്ഷമമാണ്. നാഗര്‍ഹോള കടുവ സങ്കേതം വന്നതുമുതല്‍ ഏതു സമയവും ഇവിടെനിന്നു മാറിപ്പോകേണ്ടി വരുമെന്ന ഭീഷണി ഇവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചെങ്കിലും ഈ കൃഷിയിടങ്ങള്‍ എക്കാലവും ഇവരുടെ സ്വന്തമെന്ന് പറയാന്‍ തന്നെയാണ് ഇവര്‍ക്കിഷ്ടം.
റേഷന്‍ കടവഴി ആളൊന്നിന് നാലു കിലോ അരിയും രണ്ടു കിലോ ഗോതമ്പ്, മുത്താറി എന്നിവയും ഒരു ലിറ്റര്‍ പാമോയിലും ഒരു കിലോ ഉപ്പും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നിരുന്നാലും അരിയും മുത്താറിയുമെല്ലാം കൃഷി ചെയ്യുന്നതില്‍നിന്നു ഇവര്‍ പിന്‍വാങ്ങുന്നില്ല. പഴയ നെല്‍വിത്തുകളായ ചോമലയെല്ലാം ഈ ഗ്രാമത്തില്‍ ഇപ്പോഴും പരിപാലിക്കുകയാണ് കര്‍ഷകര്‍. പുതിയ വിത്തിനങ്ങളിലേക്ക് ചിലര്‍ മാത്രമാണ് ഇതിനിടയില്‍ ചേക്കേറിയത്. ചെറുകിട കര്‍ഷകരാണ് എല്ലാവരുമെങ്കിലും കൂട്ടുകൃഷിയുടെ മറ്റൊരു വിജയഗാഥ കൂടിയാണ് ഇവര്‍ക്ക് പങ്ക് വെക്കാനുള്ളത്. ഏവരുടെയും സൗകര്യം നോക്കി വിത്തു വിതയ്ക്കുകയും കൊയ്തുമെതിക്കുകയും ചെയ്യുന്ന കാര്‍ഷിക സംസ്‌കാരം കൂടിയാണ് ഇവര്‍ കാലങ്ങളായി സൂക്ഷിക്കുന്നത്. വന്യമൃഗങ്ങളോട് പൊരുതിയാണ് ജീവിതമെങ്കിലും പ്രതിഷേധങ്ങളില്ല. വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ ഗ്രാമം എന്ന യാഥാര്‍ത്ഥ്യം ഇവരും ഉള്‍ക്കൊള്ളുകയാണ്.
കാടിനോട് ചേര്‍ന്ന് ജീവിതം
കാട്ടാനകളും കടുവയും വിഹരിക്കുന്ന കാടിനുള്ളില്‍ ഇവര്‍ക്ക് ജീവിക്കാന്‍ ഭയമില്ല. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയും കണ്‍മുന്നില്‍ കാട്ടുകൊമ്പനെയും കടുവയെയും കണ്ടാല്‍ അമ്പരക്കുന്നുമില്ല. ഈ വന്യമൃഗങ്ങള്‍ക്കിടയില്‍ ഒരു നൂറ്റാണ്ടിലേറെയായി രാപാര്‍ക്കുന്ന കഥയാണ് കര്‍ണ്ണാടക വന്യജീവി സങ്കേതത്തിന് നടുവിലെ ഈ ഗ്രാമത്തിന് പറയാനുള്ളത്. വൈകുന്നേരമാകുന്നതോടെ വീട്ടുമുറ്റത്ത് വന്യമൃഗങ്ങളെത്തും. ഇവയെ തടയുന്നതിന് ഒരു കിടങ്ങോ കമ്പിവേലിയോ ഒന്നുമില്ല. മുളകൊണ്ട് ഇവര്‍ തന്നെ നിര്‍മ്മിച്ച വേലികള്‍ മാത്രമാണ് ആശ്രയം. ഇതെല്ലാം പിഴുതെറിഞ്ഞ് വീടിന്റെ മേല്‍ക്കൂര വരെയും തകര്‍ത്ത് പലപ്പോഴും കാട്ടാനകള്‍ പോകും. ഇതെല്ലാം ഗ്രാമീണര്‍ക്ക് വര്‍ഷങ്ങളായി കണ്ടുപഴകിയ ശീലങ്ങളാണ്.
കന്നുകാലികളെ പോലും വളര്‍ത്താന്‍ ഇവര്‍ക്ക് വലിയ വെല്ലുവിളികളുണ്ട്. രാത്രിയാകുന്നതോടെ ഇവയെയെല്ലാം വലിയ കൂട്ടിനകത്ത് പരിപാലിക്കണം. ഇല്ലെങ്കില്‍ കടുവകള്‍ക്ക് ഭക്ഷണമാകും. വന്യജീവി സങ്കേതത്തിനകത്തുകൂടി ഇവിടെനിന്നു ഒന്നര കിലോ മീറ്റര്‍ സഞ്ചരിച്ചു വേണം ഗ്രാമീണര്‍ക്ക് ഇവിടെയെത്താന്‍. ബന്ദിപ്പൂരിന്റെയും രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെയും കോര്‍ ഏരിയകള്‍ ഉള്‍പ്പെടുന്ന വനമേഖലയാണ് ചുറ്റുമുള്ളത്. ഇതിന് തൊട്ടരികിലാണ് ഗുണ്ടറയെന്ന വനഗ്രാമവും. ഇവിടേക്ക് മണ്‍റോഡായിനാല്‍ മഴക്കാലം മുഴുവന്‍ ചെളിയില്‍ പുതയും. പിന്നീട് ഇവിടേക്ക് കാല്‍നട യാത്രപോലും ദുഷ്‌കരമാണ്. നെല്ലും മറ്റും കൃഷി ചെയ്താല്‍ പോലും ഇവയെല്ലാം കാട്ടാനകളും മാന്‍കൂട്ടങ്ങളുമെല്ലാം നശിപ്പിക്കുന്നതിനാല്‍ ഇതില്‍നിന്നു കിട്ടുന്ന ശേഷിക്കുന്ന ധാന്യങ്ങള്‍ മാത്രമാണ് ഇവരുടെ വിശപ്പടക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യങ്ങള്‍ പോലും വിദൂരത്താണ്. ഇക്കാരണത്താല്‍ മൈസൂരിലും മറ്റുമുള്ള സ്‌കൂളുകളിലെ ഹോസ്റ്റലില്‍ താമസിപ്പിച്ചാണ് പല കുട്ടികളും പഠിക്കുന്നത്. ഇതിന് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ കാട്ടിനുള്ളിലെ ഈ ഗ്രാമത്തില്‍ തന്നെ ഒതുങ്ങുന്നു. ജേനു കുറുബ വിഭാഗത്തിലുള്ളവരും ഗൗഡ വിഭാഗത്തിലുമുള്ളവരാണ് ഇവിടെയുള്ള താമസക്കാര്‍.
കന്നുകാലികളുടെയും ഗ്രാമം
മച്ചൂര്‍ ഗ്രാമത്തില്‍ നൂറോളം കുടുംബങ്ങള്‍ക്ക് ആയിരത്തോളം കന്നുകാലികളുണ്ട്. എല്ലാം ഏതു കാലാവസ്ഥയോടും ഇണങ്ങുന്ന നാടന്‍ ഇനങ്ങള്‍. വനത്തിനകത്ത് മാത്രം 1300-ഓളം വനവാസികളാണ് ഇപ്പോഴും പുനരധിവാസം കാത്ത് കഴിയുന്നത്. പലതരത്തിലുള്ള പാക്കേജുകള്‍ കൊണ്ടുവന്നെങ്കിലും ആദിവാസികളുടെ ജീവിത പുനരുദ്ധാരണത്തിന് ഇവയൊന്നും പര്യാപ്തമല്ല എന്നകാരണത്താല്‍ ഇതെല്ലാം വഴിമാറിപോകുന്നു. മച്ചൂരാണ് ഇവയില്‍ ഏറ്റവും വലിയ സങ്കേതം. ഒരുഭാഗം കബനി അതിരിടുന്നതിനാല്‍ ഈ ഗ്രാമത്തിന് കൂടുതല്‍ വേവലാതികളില്ല. നെല്ല് വിളയുന്ന നല്ല കൃഷിയിടങ്ങള്‍ ധാരാളമുള്ള ഇവിടങ്ങളില്‍ തരക്കേടില്ലാത്ത ജീവിത നിലവാരവുമുണ്ട്. ഇവിടെനിന്നു പുറത്തേക്ക് പോകാന്‍ ഇവര്‍ക്ക് താല്‍പ്പര്യവുമില്ല.
2011-ലെ സെന്‍സസ് പ്രകാരം 233 കുടുംബങ്ങളിലായി 1003 പേരാണ് മച്ചൂരില്‍ താമസിക്കുന്നത്. 507 പുരുഷന്‍മാരും 496 സ്ത്രീകളുമുള്ള ഈ ഗ്രാമത്തില്‍ 59 ശതമാനമാണ് സാക്ഷരതാ നിരക്ക്. ഭൂരിഭാഗം പേരും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. യു.പി തലം വരെ പഠിക്കാനുള്ള ഒരു വിദ്യാലയവും ഇവിടെയുണ്ട്. വനഗ്രാമങ്ങളില്‍ ഇരുട്ടു പരക്കുന്നതിന് മുമ്പ് ഗ്രാമീണരെല്ലാം വീടണയുന്നു. കാട്ടാനകള്‍ വഴിയില്‍ കാണും. കബനി ചെഞ്ചായം കലര്‍ത്തി ചുവന്നു വരുമ്പോഴാണ് അവിടെനിന്നു മടക്കയാത്ര.
Content Highlights: machur bairakuppa karnataka kabini river travel
Published: 29 Sept 2023, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented