വൈവിധ്യങ്ങളുടെ നാടാണ് ഗോവ. ഒരുവശത്ത് പശ്ചിമഘട്ട മലനിരകള്‍. മലനിറയെ മരങ്ങള്‍, വെളളച്ചാട്ടങ്ങള്‍, കാട്ടരുവികള്‍. അപ്പുറത്ത് പരന്നുകിടക്കുന്ന നീലക്കടല്‍. ഹോട്ടലില്‍ നിന്നിറങ്ങി ആ കടലോരത്തെ ചെറുവഴിയിലൂടെ നടന്നു. പാതയോരത്ത് ഓട് പാകിയ വീടിനുമുന്നില്‍ നാലഞ്ച് സ്‌കൂട്ടറുകള്‍ റോഡിലേക്ക് നോക്കിയിരിക്കുന്നു. അവിടെയെങ്ങും ആരേയും കാണാത്തതിനാല്‍ ചുവന്ന ചെമ്പരുത്തി പൂവിട്ടുനില്‍ക്കുന്ന വീട്ടുമുറ്റത്തേക്കിറങ്ങിനിന്നു. മുന്‍വശത്തെ നരച്ച കുമ്മായ ചുമരുകള്‍ വിണ്ടുകീറിയിട്ടുണ്ട്. വരാന്തയില്‍ എന്തൊക്കെയോ സാധനങ്ങള്‍ വലിച്ചുവാരിയിട്ടിരിക്കുന്നു. വീടിനൊരുവശത്തു ചാച്ചുകെട്ടിയ എടുപ്പില്‍ നിന്നും മറുപടി വന്നു. ''മുന്നില്‍ കാണുന്ന നമ്പറില്‍ വിളിക്കുക''. വണ്ടികള്‍ക്കരികില്‍ തെങ്ങില്‍ ചാരിനിര്‍ത്തിയ മഞ്ഞ ബോര്‍ഡില്‍ 'ഇന്‍ഫാന്റ് ജീസസ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ്' എന്നു ചുവപ്പില്‍ എഴുതിയിരിക്കുന്നു. തൊട്ട് താഴെയുളള മൊബൈല്‍ നമ്പറിലേക്ക് വിളിച്ചപ്പോൾ നിമിഷങ്ങള്‍ക്കകം ബൈക്കില്‍ പറന്നെത്തിയ റിച്ചാര്‍ഡ് ലൈസന്‍സും, ആധാറിന്റെ പടവുമെടുത്ത് സൂക്ഷിച്ച്, വണ്ടി തന്നു. സീസണ്‍ അല്ലാത്തതിനാല്‍ മുന്നൂറ്റിയന്‍പത് രൂപയാണ് വണ്ടി വാടക. റിച്ചാര്‍ഡ് ഗോവക്കാരനാണ്. വിനോദസഞ്ചാരമാണ് വരുമാന മാര്‍ഗം. തിരക്കേറുന്ന സമയങ്ങളില്‍ സഹായത്തിന് ഭാര്യയും കൂടും. സഞ്ചാരികള്‍ക്ക് സ്‌കൂട്ടര്‍ വാടകയ്ക്ക് കൊടുത്തും, ടൂറിസ്റ്റ് പാക്കേജുകള്‍ നല്‍കിയുമാണ് ജീവിതം. വീടുകള്‍ക്ക് മുന്നില്‍ നിരന്നിരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ ഗോവയില്‍ പലയിടത്തും കണ്ടു. സ്‌കൂട്ടറില്‍ ഗോവയുടെ തിരക്കേറിയ ഞരമ്പുകളിലൂടെ ഉരുണ്ടു.
ബോം ജീസസ് ബസിലിക്ക
മണ്ഡോവി നദിയോരത്തുകൂടെയുളള സ്‌കൂട്ടര്‍ യാത്ര അവസാനിച്ചത് ബോം ജീസസ് ബസിലിക്ക പളളിമുറ്റത്താണ്. വെട്ടുകല്ലില്‍ പണിത കൂറ്റന്‍ പളളി. തടിയില്‍ പണിത വലിയ കവാടത്തില്‍ ഊന്നിനിന്ന് സഞ്ചാരികള്‍ ചിത്രമെടുക്കുന്നു. പ്രധാന കവാടം അടഞ്ഞു കിടക്കുകയാണ്. വലതു ഭാഗത്തെ ചെറു വാതിലിലൂടെ അകത്തേക്ക് കയറി. മരത്തില്‍ പണിത ഇരിപ്പിടങ്ങള്‍ നിരത്തിയിട്ട വിശാലമായ അങ്കണത്തിനപ്പുറം സ്വര്‍ണ്ണം പൂശിയ അള്‍ത്താര കാണാം. ക്രൈസ്തവ ദേവാലയങ്ങളിലെ സ്ഥിരം കഴ്ചകളല്ലത്. കുരിശിലേറ്റിയ ക്രിസ്തുവിനു പകരം സ്പാനിഷ് പുരോഹിതന്‍ ഇഗ്നേഷ്യസിന്റെ രൂപമാണ് അള്‍ത്താരയില്‍. നീളന്‍ ചിറകു വിടര്‍ത്തിയ കൂറ്റന്‍ ഫാന്‍ തലക്കുമുകളില്‍ തൂങ്ങിനിന്നു.

ഒരുവശം ചേര്‍ന്ന് മുന്നോട്ട് നടന്നു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതിക ശരീരം തടിപ്പെട്ടിയിലാക്കി അല്‍പ്പം ഉയരത്തില്‍ വെച്ചിരിക്കുന്നു. പളളിയുടെ പ്രധാന പ്രത്യേകതയാണ് ഇന്നും അഴുകാത്ത വിശുദ്ധന്റെ ശവശരീരം. അങ്കണത്തോട് ചേര്‍ന്ന കൂറ്റന്‍ ഇടനാഴിയിലൂടെ നടന്ന്, മുകളിലേക്ക് പടികള്‍ കയറി മ്യൂസിയത്തിലെത്തി. നാലുനിലക്കെട്ടിടത്തിന്റെ ഉയരമുളള പളളിയുടെ എറ്റവും മുകളിലാണ് മ്യൂസിയം. തടിയില്‍ തട്ട് വിരിച്ചാണ് നിലം. മേല്‍ക്കൂരയും മരപ്പാളികള്‍ നിരത്തി മനോഹരമാക്കിയിട്ടുണ്ട്. കോളനി ഭരണകാലത്ത് പുരോഹിതര്‍ നേരിട്ട പീഡനങ്ങളുടെ പുനരാവിഷ്‌കാരമാണ് മ്യൂസിയത്തില്‍. കൈയ്യും കാലും കണ്ണുമില്ലാത്ത പ്രതിമകള്‍ നിരന്നിരിക്കുന്നു. ചില പടികള്‍കൂടെ മുകളിലേക്ക് കയറി കൂറ്റന്‍ പള്ളിയുടെ നെറുകയിലെത്തി. ഉയര്‍ന്ന് ചാടിയാല്‍ മേല്‍ക്കൂരയില്‍ തൊടാം. ചെറിയ ജനാലയിലൂടെ താഴത്തെ കാഴ്ച്ചകള്‍ കാണാം. പഴയകാല ചിത്രങ്ങളും രേഖാചിത്രങ്ങളും ആയുധങ്ങളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. താഴെയിറങ്ങി പുറത്ത് കടന്നു. നൂറ്റാണ്ടുകള്‍ കണ്ടും കേട്ടും അനുഭവിച്ചും നിന്ന കൂറ്റന്‍ ചെങ്കല്‍ ചുമരില്‍ ചാരിനിന്ന് ഒരു പടമെടുത്തു.
പനാജി
പനാജി എന്ന പേര് കുട്ടിക്കാലത്തേ മനസിലുടക്കിയതാണ്. രാത്രിയില്‍ ഉണരുന്ന ചൂതാട്ട ശാലകളുടേയും അവിടത്തെ സുന്ദരികളായ പരിചാരകരുടെയും കഥകള്‍ അതിശയത്തോടെ കേട്ടിരുന്നിട്ടുണ്ട്. പനാജി നഗരത്തിലെ മണ്ഡോവി നദിയോരത്ത് സ്‌കൂട്ടര്‍ ചേര്‍ത്തുനിര്‍ത്തി. കടലിലേക്കൊഴുകുന്ന മണ്ഡോവി നദിയില്‍ അങ്ങിങ്ങായി പടുകൂറ്റന്‍ കപ്പലുകള്‍ കാണാം. ഓരോ കപ്പലുകള്‍ ഓരോ കസിനോകളാണ്. നോക്കെത്താ ദൂരത്തായി പരന്നു കിടക്കുന്ന നദിയും കപ്പലുകളും കടന്നാല്‍ അകലെ നീലക്കടല്‍. ഗോവയുടെ വിനോദസഞ്ചാര മേഖലയുടെ നട്ടെല്ലാണ് കസിനോകള്‍. സ്വര്‍ണ നിറത്തില്‍ തിളങ്ങുന്ന കുപ്പായമിട്ട സുന്ദരികളായ യുവതികള്‍ ഒരു ചെറു ബസ്സില്‍ തോണികള്‍ അടുക്കിയിട്ടിരിക്കുന്ന നദിക്കരയില്‍ വന്നിറങ്ങി. നിമിഷങ്ങള്‍ക്കകം യന്ത്രത്തോണികളില്‍ കയറി നദിയുടെ നടുവില്‍ നങ്കൂരമിട്ട കൂറ്റന്‍ കപ്പലുകളിലെ ചൂതാട്ടശാലകളിലേക്ക് നീങ്ങി. അവിടേക്ക് പോകേണ്ട സഞ്ചാരികള്‍ക്കായി കാത്തുനില്‍ക്കുകയാണ് നദിക്കരയിലെ ചെറു തോണികള്‍. അകലെ, പടുകൂറ്റന്‍ കപ്പലുകള്‍ക്കുമപ്പുറം നദിയും കടലും ഇഴകിച്ചേരുന്നു. നദിയോരത്തെ നീണ്ട നടപ്പാതയിലൂടെ മുന്നോട്ട് നടന്നു, അകലെ, നദിയിലിപ്പോഴും സ്വര്‍ണ്ണം തിളങ്ങുന്നു.
ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ച്
പനാജി നഗരത്തിനു നടുവിലെ മരച്ചുവട്ടില്‍ സിമന്റില്‍ കെട്ടിയുയര്‍ത്തിയ പടവിലിരുന്നു. മുന്നില്‍ തൂവെളള നിറത്തില്‍ തിളങ്ങുന്നു ഔവര്‍ ലേഡീ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ച്. നൂറ്റാണ്ടുകള്‍ പഴക്കമുളള ഗോവയിലെ ക്രൈസ്തവ ദേവലയങ്ങള്‍ ഒരോന്നും അദ്ഭുതങ്ങള്‍ തന്നെയാണ്. പല തട്ടുകളായുളള പടികള്‍ കയറി മുകളിലെത്തണം, പനാജി നഗരത്തിന്റെ എല്ലാ ശ്രദ്ധയും പേറി കുറച്ചുയരത്തിലായാണ് പളളി നില്‍ക്കുന്നത്. മൂന്ന് നിലകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പളളിയുടെ നെറുകയില്‍ വലിയൊരു മണിയും തൂങ്ങുന്നുണ്ട്. മുകളിലേക്ക് കയറുന്ന ഓരോ പടവുകളിലും സഞ്ചാരികള്‍ നിന്ന് ചിത്രങ്ങളെടുക്കുന്നു. സുന്ദരമായ കാഴ്ച്ചകള്‍ കണ്ട് മരത്തണലിലിരുന്നു.
വലിയ ചതുര പാത്രത്തില്‍ പല നിറത്തിലെ തുണിനൂലുകള്‍ കോര്‍ത്തുകെട്ടിയ മുടി ചരടുമായി (ഹെയര്‍ സ്റ്റ്രിങ്ങ്) ഒരു സ്ത്രീ അടുത്തേക്കെത്തി. പെണ്‍കുട്ടികളുടെ മുടിയിഴകളെ സുന്ദരമാക്കുന്ന നിറച്ചരടുകള്‍ ഗോവയുടെ അടയാളമാണ്. കൗതുകത്തില്‍ ആ നൂലുകളിലൂടെ വിരലോടിച്ചു. സംസാരത്തിനൊടുവിലാണ് നഗരത്തിലെ മറ്റൊരു നിറത്തെ കുറച്ച് അവര്‍ പറഞ്ഞത്. ''പളളിയുടെ വലതുവശം ചേര്‍ന്നുളള റോഡിലൂടെ കുന്നുകയറിയിറങ്ങിയാല്‍ അവിടെയെത്താം'' വഴിയും ചെറുപുഞ്ചിരിയും തന്ന് നീളന്‍ മുടി ചരടുകളുമായി അടുത്ത മനുഷ്യരിലേക്ക് നടന്നു, എന്നാല്‍ പാതി അഴിച്ചിട്ട അവരുടെ മുടിയിഴകളില്‍ അപ്പോഴും നിറച്ചരടുകളുടെ സൗന്ദര്യം കണ്ടില്ല.
ഫോണ്ടൈന്‍ഹാസ് ലൈന്‍

കണ്ടോളിം തീരം
കണ്ടോളിം തീരത്ത് കടലില്‍ ഉയര്‍ത്തികെട്ടിയ സിന്‍ക്വോരീം കോട്ടയില്‍ ജനം തടിച്ചുകൂടിക്കഴിഞ്ഞു. അകലെ മാനം അസ്തമയത്തിനായി ഒരുങ്ങുന്നു. വീതി കുറഞ്ഞ പാതയിലൂടെ പടികള്‍ ഇറങ്ങി വട്ടത്തില്‍ പണിത കോട്ടയുടെ അകത്തെത്തി. കോട്ടയുടെ ചുറ്റും ഉയര്‍ത്തിക്കെട്ടിയ മറ്റൊരു എടുപ്പുണ്ട്. അവിടെ നിന്നാല്‍ അസ്തമയം കൂടുതല്‍ ഭംഗിയോടെ കാണാം. ആ എടുപ്പിലേക്ക് പടികള്‍ കയറി കോട്ടയുടെ ഏറ്റവും മുന്നിലെത്തി, ഇരിപ്പിടമുറപ്പിച്ചു. ഇളകിമറിയുന്ന തിര കോട്ടയുടെ ചുമരുകളിലേക്ക് വന്നിടിക്കുന്നു. കോട്ടയുടെ ഒരു ഭാഗത്ത് കടലിനഭിമുഖമായി കെട്ടിയുയര്‍ത്തിയ താജ് ഹോട്ടലിന്റെ കെട്ടിടങ്ങള്‍ കാണാം. അതിനപ്പുറം അഗ്വാഡ കോട്ടയാണ്. മറുഭാഗത്ത് നീണ്ടുകിടക്കുന്ന കണ്ടോളിം തീരം. ചെറു ബോട്ടില്‍ ആളുകള്‍ തീരങ്ങളിലൂടെ ചീറി പായുന്നു. അകലെ കടലിനുമീതെ വലിയ ബലൂണില്‍ പറക്കുന്നു മറ്റൊരാള്‍. ഉയര്‍ന്നും താഴ്ന്നും കളിക്കുന്ന തിരകളോടോപ്പം സഞ്ചാരികളുമുണ്ട്. ഗോവയില്‍ തിരക്കുകുറഞ്ഞ തീരങ്ങളിലൊന്നാണ് കണ്ടോളിം. കാലന്‍ഗൂട്ടും ബാഗാ തീരത്തും എപ്പോഴും വലിയ തിരക്കാണ്. കുടുംബവുമായി വരുന്നവരിലധികവും കടലില്‍ കുളിക്കാന്‍ ഇങ്ങോട്ടാണെത്തുക. കോട്ടയില്‍ ജനം തിങ്ങി നിറഞ്ഞുകഴിഞ്ഞു. മേഘങ്ങള്‍ക്കിടയിലൂടെ ആ ചുവന്ന പൊട്ട് പതിയെ പതിയെ വെളളത്തിലേക്കു താഴുന്നു. സുന്ദരമായ കാഴ്ചയെ ചിലര്‍ ഫോണിലേക്കും ചിലര്‍ മനസിലും പകര്‍ത്തി. സായാഹ്നത്തിലെ കടുംപച്ച കടലിനുമീതെ ചുവപ്പ് പരന്നു.

അഗോഡ കോട്ട
ചെങ്കല്‍പാളികള്‍ വിരിച്ച വീതികുറഞ്ഞ നീളന്‍ നടപ്പാതയിലൂടെ അഗോഡ കോട്ടയിലേക്ക് നടന്നു. ഒരു ഭാഗത്ത് ഒറ്റപ്പെട്ടുനില്‍ക്കുന്ന മരങ്ങള്‍ക്കുമപ്പുറം ഉയര്‍ന്നു നില്‍ക്കുന്ന നീളന്‍ മതിലുകാണാം. ചെങ്കല്ലില്‍ പണിതതാണെങ്കിലും ചെങ്കല്ലിന്റെ ചുവപ്പില്ല, കറുപ്പാണ്. മതിലിനുമപ്പുറം ഉയരത്തില്‍ വെയിലില്‍ തിളങ്ങുന്നു കൂറ്റന്‍ ലൈറ്റ് ഹൗസ്. പടികള്‍ കയറി, കവാടത്തിനു മുന്നിലെ കിടങ്ങിനു കുറുകെയുളള ചെറു പാലം കടന്ന് കോട്ടയുടെ അകത്തേക്ക്. ഉയരം കൂടിയ കവാടം കടന്നാല്‍ ഇരുഭാഗത്തേക്കും രണ്ട് വഴികളുണ്ട്, മുന്നില്‍ കുത്തനെയുളള പടവുകള്‍ നീളുന്ന മറ്റൊരും വഴിയും. വലത്തേക്ക് തിരിഞ്ഞ് കോട്ടയുടെ വിശാലമായ അങ്കണത്തിലേക്കെത്തി. ഇടത് ഭാഗത്ത് തൂവെളള നിറത്തില്‍ തെളിഞ്ഞുനില്‍ന്ന കൂറ്റന്‍ ലൈറ്റ് ഹൗസ്. നൂറ് പേരെങ്കിലും ചങ്ങലപോലെ കൈകള്‍ കോര്‍ത്ത് നില്‍ക്കണം ലൈറ്റ് ഹൗസിന്റെ താഴ്വട്ടം ചുറ്റിപ്പിടിക്കാന്‍. പടികള്‍ കയറി മുകളിലെത്തിയാല്‍ കടല്‍ മനോഹരമായി കാണാനാകും. എന്നാല്‍ ലൈറ്റ് ഹൗസിന് മുകളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. കടുത്ത വെയിലില്‍ കൂറ്റല്‍ ലൈറ്റ് ഹൗസ് നല്‍കുന്ന തണലില്‍ അല്‍പനേരമിരുന്നു.

കോട്ടയുടെ ആ വിശാലമായ അങ്കണത്തിന്റെ പകുതിയോളം ഭാഗം കാല്‍പൊക്കത്തില്‍ ഉയര്‍ത്തി കെട്ടിയ മറ്റൊരു തട്ടാണ്. തട്ടിനടിയിലെ അറകളിലേക്കിറങ്ങാനുളള ചെറുവാതില്‍ പൂട്ടിയിട്ടിരിക്കുന്നു. കോട്ടക്കടിയിലെ അറകളിലേക്ക് വെളിച്ചവും വായുവും കടക്കാനായി ചെറു ദ്വാരങ്ങള്‍. സഞ്ചാരികള്‍ തട്ടിനുമുകളിലൂടെ നടന്നു, ആ ദ്വാരങ്ങളിലൂടെ താഴേക്ക് എത്തിനോക്കി. ഇരുട്ട് കാഴ്ചയില്‍ നിന്നും അറകളെ മറച്ചുപിടിച്ചു. കാതോര്‍ത്താല്‍ ഉരുണ്ടുകൂടുന്ന കടലിരമ്പം ചെറു മുഴക്കം പോലെ ചിലര്‍ക്കെങ്കിലും കേള്‍ക്കാനായേക്കും. കോളനിക്കാലത്തെ കൊടിയ പീഡനങ്ങളില്‍ ഇറ്റുവീണ ജീവനുകള്‍ ഇന്നും ഈ ഇരുട്ടുനിറഞ്ഞ തുറുങ്കുകളില്‍ ഉണ്ടായേക്കാം. പോര്‍ച്ചുഗീസുകാലത്തെ വിമോചന പോരാളികളടക്കം നിരവധി മനുഷ്യര്‍ തുറുങ്കിലടക്കപ്പെട്ട ഗോവ സെന്‍ട്രല്‍ ജയിലിലെ ഇരുട്ടറകളില്‍ ഉരുണ്ടുകൂടുന്നു ചെറു മുഴക്കം കടലിമ്പം മാത്രമാകില്ല. ചുരുട്ടിപിടിച്ച മുഷ്ടിയുടെ ബലത്തില്‍, കരുത്തുളള ഹൃദയങ്ങളിനിന്നുയര്‍ന്ന ഉച്ചത്തിലുളള മുദ്രാവാക്യങ്ങളുമായേക്കാം.

കോട്ടയുടെ ചുറ്റും അതിരുപങ്കിടുന്ന ഭിത്തിയോട് ചേര്‍ത്ത് നടപ്പാതയ്ക്കായി ഉയര്‍ത്തികെട്ടിയ ഒരു എടുപ്പുണ്ട്. കുത്തനെയുളള പടവുകള്‍ കയറി നടപ്പാതയെത്തിയാല്‍ കൈവരികള്‍ പോലെ വീണ്ടും വീതിയുളള മറ്റൊരു ഭിത്തി. അതിനപ്പുറം നീലക്കടല്‍. കടലിനും കോട്ടക്കുമിടയിലെ പാറക്കെട്ടുകളില്‍ പച്ച പടര്‍ത്തിനില്‍ക്കുന്ന വന്‍മരങ്ങള്‍. രണ്ടു ചെറു ബോട്ടുകള്‍ കടലിനെ രണ്ടായി മുറിച്ച് കൊണ്ട് ഒന്നിനു പുറകെ ഒന്നായി പായുന്നു. ബോട്ടുകളുടെ മുഴക്കം കോട്ടയുടെ ഭിത്തികളിലേക്ക് പതിക്കുന്നുണ്ട്. അകലെ കടലിനു നടുവിലായി കടല്‍ ഭിത്തികള്‍ പോലെ കടല്‍പാറകള്‍ കണാം. സുന്ദരമായ കാഴ്ചകളില്‍ നിറഞ്ഞുനിന്നു. കോട്ടയിലെ പീരങ്കി വിടവുകളില്‍ മനുഷ്യര്‍ കടലിനഭുമുഖമായി കയറിനിന്നു. കാറ്റ് അവരുടെ മുടിയിഴകള്‍ തലോടി കടന്നുപോയി. അപ്പോഴും താഴെക്ക് വീഴാതെ ചെങ്കല്ലിന്റെ കുഴികളില്‍ വിരലുകള്‍ അമര്‍ത്തി അവര്‍ പിടിച്ചു നിന്നു. വീതിയുളള കൈവരി ഭിത്തികള്‍ക്ക് മുകളിലൂടെ ചിലര്‍ പുറത്തേക്ക് തലയിട്ട് കോട്ടയുടെ പൊക്കമളന്നു. ഇടയ്ക്കിടെ സൂര്യനെ മറച്ച് കാര്‍മേഘങ്ങള്‍ മനുഷ്യര്‍ക്ക് തണല്‍ നല്‍കി. ചുറ്റുമുളള കാഴ്ചകളിലേക്ക് ഒന്നൂടെ കണ്ണോടിച്ചു. ആ കൂറ്റന്‍ ലൈറ്റ് ഹൗസില്‍ നിന്നുളള കടല്‍ കാഴ്ച്ച ഇതിലും സുന്ദരമായിരിക്കില്ലേ, ആയിരിക്കും തീര്‍ച്ച.
കാലന്‍ഗൂട്ട് തീരം
ഷവര്‍മ കാലുകള്‍ തൂങ്ങുന്ന പീടികകളുടെ മുന്നിലെ ചുവന്ന വെളിച്ചത്തിനരികില്‍ മനുഷ്യര്‍ കൂടിനിന്നു. സഞ്ചാരികളെയും കാത്ത് നിറമുളള മദ്യക്കുപ്പികള്‍ ചില്ലുകൂട്ടില്‍ വരിയായി നിരന്നിരുന്നു. പാതയോരത്ത് നിരത്തിയ കൂറ്റന്‍ കശുവണ്ടി ചാക്കുകളിലേക്ക് മനുഷ്യര്‍ കൊതിയോടെ നോക്കി. രാത്രിയിലും റോഡുനിറഞ്ഞൊഴുകുന്ന സ്‌കൂട്ടറുകളുടെ നിര. തിരക്കില്‍ ഓരംചേര്‍ന്ന് കാലന്‍ഗൂട്ട് തീരത്തേക്ക് നടന്നു. പ്രധാന കവല കഴിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് കടക്കാനാകാത്ത പാതയാണ്. ഇരുവശവും കടകള്‍ മാത്രം. കരകൗശലശാലകള്‍, തുണിക്കടകള്‍, മദ്യശാലകള്‍, ഭക്ഷണശാലകള്‍. ഇതിനുപുറമെ കശുവണ്ടി ചാക്കുകള്‍ നിരത്തിയ പീടികകള്‍ നിരവധിയാണ്. കശുവണ്ടി ഗോവയുടെ കൃഷിയാണ്. കശുമാങ്ങ നീരില്‍നിന്നൂറുന്ന ഫെനി ഗോവയുടെ ഇഷ്ട ലഹരിയും. എല്ലാ പീടികകളിലും വലിയ തിരക്കാണ്. സഞ്ചാരികള്‍ എന്തെല്ലാമോ വാങ്ങി ബാഗുകളില്‍ നിറക്കുന്നു.
പടികളിറങ്ങി തീരത്തേക്ക് നടന്നു. വീശിയടിക്കുന്ന തിരകള്‍ക്കപ്പുറം കടലില്‍ അങ്ങിങ്ങായി തോണികളിലെ ചെറുവെളിച്ചം കാണാം. സഞ്ചാരികളുമായി ഉള്‍കടലിലെ കാഴ്ചകള്‍ തേടിപ്പോയതാകുമോ ആ നൗകകള്‍? നിലാവുളള ഒരു രാത്രിയില്‍ അംബയുമായി സമുന്ദ്രശിലയിലേക്കുളള അവന്റെ യാത്ര സുഭാഷ് ചന്ദ്രനെ വായിച്ച കാലത്തേ മനസില്‍ ഉടക്കിയ ആഗ്രഹമാണ്. ഒരു പൗര്‍ണമിയില്‍ വെളളിയാങ്കല്ലിലേക്ക് ചെറുതോണിയില്‍ പോകണം. കടല്‍പ്പാറയില്‍ ചന്ദ്രനെയും നോക്കി മലര്‍ന്ന് കിടക്കണം. രാത്രിയുടെ നിറവും മണവുമുളള കടലിനെ മനസില്‍ നിറയ്ക്കണം. മോഹങ്ങള്‍ ഇന്നും എവിടെയോ കുടുങ്ങിക്കിടക്കുകയാണ്, പ്രതീക്ഷയോടെ.

അകലെ ചുവന്ന വെളിച്ചത്തില്‍ ഐ ലവ് യു ഗോവ എന്ന എഴുത്തിനു മുന്നില്‍ ആളുകള്‍ ചിത്രങ്ങളെടുക്കുന്നു. ആ വെളിച്ചത്തിനരികിലേക്ക് നടന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനുളള ഭക്ഷണശാലക്കാരുടെ വിരുതായിരുന്നു അത്. എഴുത്തിനു മുന്നില്‍ നിന്നും ചിത്രങ്ങളെടുക്കാന്‍ മാത്രമാണ് തിരക്ക്, ഭക്ഷണശാലയിലേക്കില്ല. മണല്‍പ്പരപ്പില്‍ നിരത്തിയിട്ടിരിക്കുന്ന ഉയരം കുറഞ്ഞ മേശകള്‍ക്കുചുറ്റും ആലസ്യത്തിലിരിക്കുന്ന മനുഷ്യര്‍. കാറ്റില്‍ കെട്ടുപോകാതെ ചില്ലുകൂട്ടിലാക്കിയ മെഴുക് വെളിച്ചത്തിനു ചുറ്റും ബിയറുകുപ്പികള്‍. നുരഞ്ഞുപൊങ്ങുന്ന ലഹരിക്ക് എരിവായി കടല്‍ വിഭവങ്ങളും. അശരീരിപോലെ അന്തരീക്ഷമാകെ തങ്ങിനില്‍ക്കുന്ന സംഗീതം ഹൃദയത്തെ ഏതോ ഉന്മാദത്തിലേക്ക് നയിക്കുന്നു. മനുഷ്യര്‍ ആ ഉന്മാദത്തെ പ്രണയവുമായി പങ്കുവെയ്ക്കുകയാകാം. ഇരുട്ട് തൂങ്ങിനില്‍ക്കുന്ന തീരത്തിലൂടെ വിരലുകള്‍ കോര്‍ത്ത് നടന്നു. ഈ രാത്രിയിലും, മുറുകെ പിടിച്ച കരങ്ങളുമായി തീരം നിറയെ ആണും പെണ്ണും. അങ്ങകലെ, നക്ഷത്രങ്ങള്‍ പൂവിട്ടുനില്‍ക്കുന്ന മാനത്ത് ഇണചേര്‍ന്ന് ഒന്നായിമാറുന്ന മേഘങ്ങള്‍ക്കിടയില്‍ ചന്ദ്രന്‍ തെളിഞ്ഞുനിന്നു. അതെ ഇന്ന് പൗര്‍ണമിയാണ്, പ്രണയത്തിന്റെ പൗര്‍ണമി.
Content Highlights: goa travel destinations tourism
Published: 29 Sept 2023, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented