"ഈ മനോഹാരിതയുടെ മുന്നിലാരാണ് നിന്നുപോകാത്തത്!
ഈ തപസ്സിരിക്കുന്ന നീലമലകള്‍, മറ്റെങ്ങും പോകാത്തവണ്ണം ഋതുക്കള്‍, ഈ തടവറയില്‍തന്നെ താമസിക്കുന്നതെന്തിനാണ്? സൗന്ദര്യമാസ്വദിക്കാന്‍...
നിത്യഹരിതമായ സൗന്ദര്യമാസ്വദിക്കാന്‍..."

To advertise here,

രാമുകാര്യാട്ട് സംവിധാനം ചെയ്ത 'നെല്ല്' എന്ന ചലച്ചിത്രത്തില്‍ പ്രേംനസീര്‍ അവതരിപ്പിച്ച രാഘവന്‍ നായരെന്ന കഥാപാത്രം തിരുനെല്ലിയെക്കുറിച്ച് പറയുന്ന വാക്കുകളാണിത്. ചുരം കയറി തിരുനെല്ലിയിലെത്തുന്ന ആര്‍ക്കും തോന്നിപ്പോകുന്ന അനുഭവത്തെക്കുറിച്ചാണ്‌ സിനിമയിലെ കഥാപാത്രം പറയുന്നത്. കണ്ടുകൊതിതീരാത്ത കാനനക്കാഴ്ചകളാണ് തിരുനെല്ലിയിലേത്. അളവറ്റ ഹരിതകാന്തി തിങ്ങിനിറഞ്ഞൊരിടം. വയനാട്ടിലെ ഈ സ്ഥലം കൂടുതല്‍ അറിയപ്പെടുന്നത് തിരുനെല്ലി ക്ഷേത്രവും തീര്‍ഥാടനവുമൊക്കെയായി ബന്ധപ്പെട്ടാണെങ്കിലും അതിലൊന്നുമൊതുങ്ങുന്നതല്ല തിരുനെല്ലിക്കാഴ്ചകള്‍. പരന്നുകിടക്കുന്ന വയലേലകളും മരങ്ങളും കാട്ടാറുകളും പൂക്കളും തണുപ്പിന്റെ തലോടലും... എല്ലാം മറക്കാനാകാത്ത അനുഭൂതി പകരുന്ന ഇടങ്ങളാണ്. ഒരിക്കലെങ്കിലും ഇവിടെയെത്തി ഇതെല്ലാം അനുഭവിച്ചറിഞ്ഞവരെ വീണ്ടും വീണ്ടും മാടിവിളിക്കുന്നവിധമൊരു കാന്തികശക്തിയുണ്ട് ആ കാടകത്തിന്. അതില്‍നിന്നുമുറവപൊട്ടുന്ന കാളിന്ദിയിലേക്കൊരു യാത്ര... 

placeholder
കാളിന്ദിയോരം

കല്‍പ്പറ്റയില്‍നിന്ന് മാനന്തവാടിയിലേക്ക് വണ്ടികയറി, മാനന്തവാടി ബസ്റ്റാന്‍ഡില്‍നിന്ന് തിരുനെല്ലി ബസ്സ് പിടിച്ച് തിരുനെല്ലി-ബേഗൂര്‍ റോഡിലേക്ക് കടന്നാല്‍പിന്നെ കണ്ണിലുടക്കുന്ന പച്ചയില്‍നിന്നും കണ്ണെടുക്കാനാകില്ല. കാടിനെ രണ്ടായി പിളര്‍ന്നോടുന്ന നീളന്‍ റോഡിലൂടെ നീങ്ങുമ്പോള്‍ ഉള്ളുമുഴുവന്‍ നിറങ്ങളാകും. ശ്വാസകോശം മുഴുവന്‍ തണുപ്പുകൊണ്ട് മൂടും. കണ്‍കുളിര്‍ക്കെ പൂത്തകാട് കണ്ട്, സ്വച്ഛന്ദം ശുദ്ധവായു ശ്വസിച്ച് 'കൂളാ'യങ്ങനെ നീങ്ങാം. ഉള്ളില്‍ നിറയുന്ന കാഴ്ചകള്‍ കണ്ടുതീരുമെന്നേ തോന്നില്ല. മണ്‍സൂണിലാണ് ആനവണ്ടിയില്‍ തിരുനെല്ലിക്കാടിനുള്ളിലേക്ക് കടക്കുന്നതെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. അവാച്യമായൊരു അനുഭൂതിയാണത്. മഞ്ഞിലും മഴയിലും കോട തിങ്ങിനിറയും, വേനല്‍ചൂടിലും ഒരു ചെറുതണുപ്പോടെ മരങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് പോകാം. കൈകളുയര്‍ത്തി പച്ചപ്പിനെയങ്ങനെ ആലിംഗനം ചെയ്യാന്‍ തോന്നും. കാട്ടിലേക്ക് കടക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും ഒരോ ഋതുവിലും തിരുനെല്ലി എങ്ങനെയാകുമെന്നറിയാന്‍ ഉള്ളിലൊരു കൗതുകം ബാക്കിയാകും. 

placeholder
തിരുനെല്ലി ക്ഷേത്രം | ഫോട്ടോ: മാതൃഭൂമി

താമരശ്ശേരി ചുരം കയറി വയനാട്ടിലെത്തുമ്പോള്‍തന്നെ അടിവാരത്തുകാര്‍ക്ക് എന്തെന്നില്ലാത്ത ആനന്ദമാണ്. ചുരംവളവുകളോരോന്നായി തിരിയുമ്പോള്‍  വയനാടിന്റെ തണുപ്പൊരു പുതപ്പുപോലെ നമ്മളെ പൊതിയും. മണ്‍സൂണിലെ ഈ യാത്ര കുതിച്ചത് വയല്‍നാടിന്റെ വലിയ കാടകം ലക്ഷ്യമാക്കിയായിരുന്നു. മഞ്ഞുകാലത്തും വേനലിലും കണ്ട തിരുനെല്ലി മഴക്കാലത്ത് എത്രമനോഹരമായിരിക്കും എന്ന ആകാംക്ഷയാണ് യാത്രയ്ക്ക് വേഗംകൂട്ടിയത്. മൂപ്പന്‍വെട്ടിയ ഒമ്പത് വളവുകള്‍ താണ്ടുമ്പോള്‍ കാണുന്ന കാഴ്ചകള്‍ ഓരോതവണ ചുരം കയറുമ്പോഴും വ്യത്യസ്തമായാണ് തോന്നാറ്. വമ്പന്‍ മരങ്ങളുടെ വേരുകളും നീരുറവപൊട്ടിയ ചുരത്തിലെ പാറക്കെട്ടുകളും നോക്കി കണ്ണുംനട്ടിരിക്കാം, 'നെല്ലി'ലെ നസീറിന്റെ രാഘവന്‍ നായരെപോലെ. 

placeholder
കാളിന്ദി പുഴ

മാനന്തവാടിയില്‍നിന്ന് തിരുനെല്ലിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സിനായി കാത്തിരിക്കുമ്പോള്‍ മനസ്സുനിറയെ വലിയ മരങ്ങളും ആനയും മാനുമൊക്കെയായിരുന്നു. പേരറിയാത്ത ചെടികളും കിളികളും പൂക്കളും... പലനിറങ്ങള്‍കൊണ്ട് തുന്നിയ തിരുനെല്ലിയുടെ ഉടുപ്പ്. ശിശിരത്തില്‍ കൊഴിഞ്ഞ ഇലകള്‍ വീണ്ടും തളിര്‍ത്തുവരുമ്പോള്‍ തിരുനെല്ലിക്ക് അഴകേറും. കണ്ടിട്ടില്ലാത്തയിലകളും വലിയ ശിഖരങ്ങളുമായി നിവര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ ചുറ്റിലും. സ്വതന്ത്രമായി വിഹരിക്കുന്ന വേരുകളായിരിക്കും അവയ്ക്ക്. ഞാനാണ് ഇവിടുത്തെ രാജാവ് എന്ന ഭാവം അവയിലോരോന്നിലും തെളിഞ്ഞുകാണാം.

placeholder
തിരുനെല്ലിയിലെ ഉണ്ണിയപ്പക്കട

നമ്മള്‍ സഞ്ചരിക്കുന്നത് കാടിന് കുറുകെയാണെന്ന തികഞ്ഞ ബോധ്യത്തോടെയാണ് ആനവണ്ടികളുടെ യാത്രയെന്ന് തോന്നും. ധൃതിയില്ലാതെ, ലിമിറ്റഡ് സ്റ്റോപ്പുകളില്ലാതെ, ആവശ്യക്കാര്‍ പറയുന്നയിടത്തുനിര്‍ത്തി, കാട്ടാനകളോടും കാട്ടുപോത്തിനോടും മാനുകളോടുമെല്ലാം സൗമനസ്യം കാണിച്ചുകൊണ്ടാണ് നീക്കം. ജനസംഖ്യ കുറഞ്ഞ വയനാടന്‍ ഗ്രാമമാണിത്. വിവിധ ഗോത്രവിഭാഗങ്ങളാണ് കൂടുതലും. ചെറിയ വീടുകള്‍, അവയില്‍ ചിലതിന്റെ മുറ്റത്തും റോഡിനരികിലും പരമ്പരാഗത ശൈലിയില്‍ വസ്ത്രം ധരിച്ച സ്ത്രീകള്‍, വഴിയരികില്‍ പേരയ്ക്കയും ഞാവലും മാങ്ങയുമെല്ലാം പറിച്ച് ശേഖരിച്ച്, കുഞ്ഞുപീടികയൊരുക്കി വില്‍ക്കുന്ന കുട്ടികള്‍, മേയാനിറങ്ങിയ കന്നുകാലികള്‍... അങ്ങനെ ഒരുപാട് കാഴ്ചകള്‍ ബസ്സിന്റെ ജനല്‍ ഫ്രെയിം ചെയ്ത് കാണിച്ചുതരുന്നുണ്ടായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍നിന്നിറങ്ങി നോക്കിനില്‍ക്കാന്‍ തോന്നുന്ന കാഴ്ചകളാണ് ചുറ്റിലും.

ഐതിഹ്യവും ചരിത്രവുമുറങ്ങുന്ന ഹരിതഭൂമി

പഴശ്ശിരാജയും നീലിയുമെല്ലാം ജീവിച്ച വയനാട്ടിലൂടെ യാത്രചെയ്യുമ്പോള്‍ ചരിത്ര സംഭവങ്ങളെക്കുറിച്ച് ചിലരെങ്കിലും ആലോചിച്ച് പോയേക്കാം. ചുരം കയറിവരുമ്പോള്‍ പലരും ഗോത്രനായകനായ കരിന്തണ്ടനെ സ്മരിച്ചെന്നുംവരാം. തിരുനെല്ലിയുടെ അന്തരീക്ഷത്തിലേക്ക് സൂക്ഷിച്ച് നോക്കിയാലും കാണാം ചരിത്രത്തിന്റെ അവശേഷിപ്പ്. ഇത്രയും വശ്യസൗന്ദര്യമുള്ള തിരുനെല്ലിക്ക് സമ്പന്നമായൊരു ഭൂതകാലമുണ്ടാകുമല്ലോ എന്ന ചിന്ത മനസ്സിലുടക്കിനിന്നിരുന്നു. കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമാണ് തിരുനെല്ലി. കര്‍ണാടകയിലെ കുടകുമലകളോട് ചേര്‍ന്ന്, 5276 അടി ഉയരമുള്ള ബ്രഹ്‌മഗിരി മലയുടെ താഴ്‌വരയിയിലാണ്‌ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

placeholder
കാളിന്ദി പുഴയിലെ ചെക്ക് ഡാം

കല്‍പ്പറ്റയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് തിരുനെല്ലി ക്ഷേത്രമുള്ളത്. പണ്ടുമുതല്‍ക്കേ കേരളത്തിന് പുറത്തും പ്രശസ്തി നേടിയ ക്ഷേത്രമാണിത്. ബ്രഹ്‌മാവ് പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ശംഖചക്രഗദാപത്മധരനായ മഹാവിഷ്ണുവിനെയാണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിനരികെ, ബ്രഹ്‌മഗിരിയില്‍നിന്ന് ഉത്ഭവിക്കുന്ന പാപനാശനിയില്‍ പിതൃതര്‍പ്പണം നൂറ്റാണ്ടുകളായി നടക്കുന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധിപേരാണ് വര്‍ഷംതോറും അവിടെയെത്തിച്ചേരുന്നത്. ക്ഷേത്രത്തിന് എത്രകാലം പഴക്കമുണ്ടെന്ന കാര്യത്തില്‍ ഇപ്പോഴും കണ്ടെത്തലുകളുണ്ടായിട്ടില്ല. മൈസൂര്‍ പടയോട്ടവുമായും ബന്ധമുള്ള ഈ ഭൂമിക ചരിത്രവുമായി ചേര്‍ന്നുകിടക്കുന്നു. പരിശോധിച്ചുപോയാല്‍ അറിയാതെ കിടക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടാകും തിരുനെല്ലിയെക്കുറിച്ചെന്ന് തോന്നിയേക്കാം. യാത്രയ്ക്കിടെ റോഡിന്റെ ഇടതുവശത്ത് കണ്ട ഒരു പഴയ മഞ്ഞ സൂചനാബോര്‍ഡ് ബസ് യാത്രയില്‍ ആ കൗതുകത്തെ ബാക്കിയാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലും നിഖില്‍ മുരളിയുടെ 'പ്രണയവിലാസം' എന്ന മലയാള സിനിമയിലും കണ്ട ശ്രീകാളീശ്വരി ക്ഷേത്രത്തിലേക്കുള്ള സൂചനാബോര്‍ഡാണത്. വര്‍ഷങ്ങള്‍ പഴക്കമുള്ള, കല്ലില്‍തീര്‍ത്ത രണ്ട് മണ്ഡപങ്ങളും കുറച്ചകലെയായി ശൂലങ്ങളും അവയില്‍ കരിവളകളുമെല്ലാമായി കാടിനുള്ളിലൊളിഞ്ഞിരിക്കുന്ന ഒരു ആരാധനാലയം. 

placeholder
ശ്രീകാളീശ്വരി ക്ഷേത്രം

വലിയ മരങ്ങളും ചെറിയ മനുഷ്യരും

തിരുനെല്ലി-ബേഗൂര്‍ റോഡിലേക്കെത്തുന്നതിന്റെ തൊട്ടുമുമ്പുള്ള സ്‌പെഷ്യല്‍ ഉണ്ണിയപ്പക്കടയും മുന്നോട്ട് നീങ്ങി കാടിന്റെ അകത്തായി കാണുന്ന ശ്രീകാളീശ്വരിക്ഷേത്രവും സാമൂഹികമാധ്യമങ്ങളിലെ രണ്ട് വിപരീതവൈറലുകളാണല്ലോ എന്നോര്‍ത്ത് യാത്രതുടരവെയാണ് നീളന്‍ മരങ്ങള്‍ക്ക് ചുവട്ടിലൂടെ നീങ്ങുന്ന കുഞ്ഞുമനുഷ്യരെ കണ്ടത്. തലയില്‍ വിറക് ശേഖരവും കൈയില്‍ അരിവാളുമൊക്കെയായി മെല്ലെനീങ്ങുന്ന ഒരു ചെറുസംഘം. എന്ത് നല്ല ഫ്രെയ്മുകളാണ്! കന്നുകാലികളെ മേയ്ക്കുന്നവരാണ് റോഡരികിലുടനീളം. ആടും പശുവും പോത്തും എല്ലാമുണ്ട്. റോഡിന്റെ ഇരുവശങ്ങള്‍ക്കിടയില്‍നിന്ന് ഏത് സമയത്തും ആനയോ മാനോ കാട്ടുപോത്തോ ഇറങ്ങിവന്നേക്കാം. ആ പ്രതീക്ഷ കൈവിടാത്തവരാണ് കാട്ടിലൂടെ യാത്രചെയ്യുന്നവര്‍. 

കാലിമേയ്ക്കുന്ന ഈ മനുഷ്യര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി അവ ചെന്നുചാടിയാലോ? അങ്ങനെ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാകുമോ? പോകും വഴി ഒരുപാട് മരങ്ങളില്‍ ഏറുമാടങ്ങള്‍ കണ്ടു. രാത്രിയാത്രാനിരോധനമൊന്നുമില്ലാത്ത വഴിയാണ്. വന്യജീവികള്‍ പുറത്തിറങ്ങും അവയെ നിരീക്ഷിക്കാനാണ് ഈ ഏറുമാടങ്ങള്‍. റോഡില്‍നിന്ന് ദൂരെ മാറി ഇടയ്ക്ക് ചെറിയ വയലുകള്‍ കാണാം. കാടിനുള്ളിലെ കുഞ്ഞു നെല്ലറകള്‍. കര്‍ഷകരാണല്ലോ തിരുനെല്ലിക്കാര്‍. ആ പേരിലുമുണ്ട് 'നെല്ല്'. രാമുകാര്യാട്ടിന്റെ 'നെല്ല്' സിനിമയിലും കാണാം തിരുനെല്ലിയുടെ വര്‍ണനകള്‍. താളബോധമുള്ള കര്‍ഷകരുടെ ജീവിതം ചലച്ചിത്രം മനോഹരമായി പകര്‍ത്തിയെടുത്തിട്ടുണ്ട്. യാത്രതുടരവെ കാണാം, കാട്ടുപഴങ്ങളുമായി  കുട്ടികളെ. അവധി ദിവസമായിരിക്കാം... ഞാവലും പേരയ്ക്കയുമെല്ലാമുണ്ട്. വന്യജീവികള്‍ വിഹരിക്കുന്ന വഴിയരികുകളില്‍ അങ്ങനെ വന്നുനില്‍ക്കാന്‍ അവര്‍ക്ക് പേടിയുണ്ടാകില്ലേ? കാടവര്‍ക്ക് വീടുപോലെ പരിചിതമാണല്ലോ! 

placeholder
ബ്രഹ്‌മഗിരിയിലെ വാച്ച് ടവര്‍ | ഫോട്ടോ: മാതൃഭൂമി

വിനോദസഞ്ചാരികളുടെ കേന്ദ്രഭൂമിയാണിത്. ക്ഷേത്രദര്‍ശനത്തിനും അല്ലാതെയുമായി തിരുനെല്ലിയിലെത്തുന്ന ആളുകളേയും റോഡുകളില്‍ കാണാമായിരുന്നു. സഞ്ചാരികളുടെ ഒഴുക്കനുസരിച്ച് റെസ്‌റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും വലിയ ക്ഷാമമൊന്നുമില്ലാത്ത സ്ഥലമാണ്. ബ്രഹ്‌മഗിരി മലനിരകകളിലേക്ക് ട്രക്കിങ്ങ് നടത്താനെത്തുന്നവര്‍ അനവധിയാണ്. തിരുനെല്ലി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ക്യാമ്പില്‍നിന്ന് രാവിലെ ഏഴ് കഴിഞ്ഞാല്‍ ട്രക്കിങ് തുടങ്ങും. 3 മണിക്കൂറോ അതില്‍ കൂടുതലോ നീളുന്ന ട്രക്കിങ് അല്‍പ്പം കഠിനമാണെങ്കിലും മലമുകളില്‍നിന്നും അവിടെയുള്ള വാച്ച്ടവറില്‍നിന്നും നോക്കുമ്പോള്‍ കാണുന്ന തിരുനെല്ലിക്കാഴ്ചകള്‍ കാലുകള്‍ക്ക് വേഗം കൂട്ടും. 

കാടിന്റെ നീരുറവകള്‍

കാടിനുള്ളിലേക്ക് കടന്ന്, തിരുനെല്ലി ക്ഷേത്രം വരെ നീളുന്ന 13 കിലോമീറ്റര്‍ പാതയില്‍ നിലയ്ക്കാത്ത ശബ്ദത്തോടെ കുതിച്ചൊഴുകുന്ന ഒരുപാട് നീരുറവകള്‍ കാണാം. ചില കാട്ടുചോലകള്‍ വേനലില്‍ ശക്തികുറഞ്ഞവയായി അവശേഷിക്കും. ചിലത് അപ്രത്യക്ഷമാകും. മഴക്കാലത്താണ് നീര്‍ച്ചാലുകള്‍കൊണ്ട് ഈ കാടകം ശബ്ദമുഖരിതമാകുന്നത്. മേഞ്ഞുനടക്കുന്ന കന്നുകാലികള്‍ക്കും വന്യമൃഗങ്ങള്‍ക്കുമെല്ലാം കുടിനീരിന് അവയാണ് ആശ്രയം.

placeholder
പാപനാശിനി | ഫോട്ടോ: മാതൃഭൂമി

ബ്രഹ്‌മഗിരിയില്‍നിന്നും ഉത്ഭവിക്കുന്ന ഒരുപാട് ചോലകളുണ്ട്. തിരുനെല്ലി ക്ഷേത്രത്തിനരികിലൂടെ പാപനാശിനി, പഞ്ചതീര്‍ത്ഥം, ഋണമോചിനീതീര്‍ത്ഥം തുടങ്ങി പല പേരുകളിലുള്ള പുണ്യപ്രവാഹങ്ങളെന്ന് കരുതപ്പെടുന്ന നീരുറവകളുണ്ട്. ക്ഷേത്രത്തിനകത്തുമുണ്ട് കല്‍പ്പാത്തികളിലൂടെ ഒഴുകിയെത്തുന്ന പ്രശസ്തമായ നീര്‍പ്പാത. 

തിരുനെല്ലി ക്ഷേത്രത്തിന് ചുറ്റുമായി വനത്തിനുള്ളില്‍ ഋഷിമാര്‍ തപസ്സിരുന്ന സ്ഥലങ്ങളിലൊന്നായാണ് പക്ഷിപാതാളത്തെ കരുതിപ്പോരുന്നത്. ഭൂമിക്കടിയിലുള്ള ഗുഹയാണിത്. പക്ഷിപാതാളത്തില്‍നിന്ന് ഉത്ഭവിക്കുന്ന പുഴയാണ് കാളിന്ദി. അങ്ങനെ ഉറവപൊട്ടിയൊഴുകുന്ന ചെറുതും വലുതുമായ കാട്ടാറുകളുടെ കലവറയാണ് തിരുനെല്ലി. 
   
പോസിറ്റിവിറ്റിയുടെ കാളിന്ദീതീരം

വഴിമരങ്ങളുടെ പൂക്കളും പലനിറത്തിലുള്ള ഇലകളും വിരിഞ്ഞ് നിറഞ്ഞ് നില്‍ക്കുന്ന കാടരികുകള്‍ താണ്ടുമ്പോള്‍ അപ്രതീക്ഷിതമായി മാന്‍കൂട്ടങ്ങള്‍ കണ്ണില്‍പ്പെടാം. എപ്പോള്‍ വേണമെങ്കിലും വന്യമൃഗങ്ങള്‍ റോഡ് മുറിച്ച് കടന്നേക്കാമെന്ന ധാരണയോടെയാകണം കാടിനുള്ളിലൂടെയുള്ള യാത്ര. നമ്മളാണ് യാത്രക്കാര്‍, അവര്‍ അവിടുത്തെ താമസക്കാരും. ഒരെട്ടുപത്ത് മാനുകള്‍ ഒന്നൊന്നായി ഒരു സൈഡില്‍നിന്ന് മറ്റേതിലേക്ക് ചാടിത്തെറിച്ചത് കാലില്‍ സ്പ്രിങ് കുടുക്കിയിട്ടപോലെയായിരുന്നു. കണ്ണില്‍നിന്നും മിന്നിമായുന്ന, വെള്ള പുള്ളിയുള്ളതും ഇല്ലാത്തവയുമായ മാനുകള്‍. എത്രപെട്ടെന്നാണ് മനോഹരമായൊരു കാഴ്ച കണ്ണില്‍നിന്നും തുള്ളിത്തെറിച്ച്  പോയത്! 

placeholder
മരത്തിലെ ഏറുമാടം

ക്ഷേത്രത്തോടടുക്കവെ കാണാം, ഗാംഭീര്യത്തോടെ നില്‍ക്കുന്ന ബ്രഹ്‌മഗിരി മലനിരയെ. തിരുനെല്ലി ക്ഷേത്രം വരെയാണ് കെ.എസ്.ആര്‍.ടി.സി. ബസ്സുള്ളത്. ബസ്സവിടെ നിര്‍ത്തിയിടും. മണിക്കൂറിടവിട്ട് അവ മാനന്തവാടിയിലേക്ക് തിരിക്കും. ബസ്സിറങ്ങി ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാളിന്ദിയിലെത്താം. നേരത്തെ പറഞ്ഞ പക്ഷിപാതാളത്തിന്റെ ഓമനപുത്രി. അരിവാള്‍ പുല്ലുകളും കുഞ്ഞുപൂക്കളും നിരന്നുനില്‍ക്കുന്ന വഴിയിലൂടെ പുഴയുടെ തീരത്തെത്തുമ്പോള്‍ കാണുന്ന കാഴ്ച ഒരു ചുമര്‍ച്ചിത്രമാണോ എന്ന് ഒരുനിമിഷം തോന്നിപ്പോകാം. ആഹ്ലാദിച്ചൊഴുകിവരുന്ന വെള്ളം കറുത്ത നിറത്തില്‍ കാണാമെങ്കിലും കൈയിലെടുക്കുമ്പോള്‍ തെളിനീരാണ്. ഒഴുക്ക് കുറഞ്ഞ, ആഴമേറിയയിടങ്ങള്‍ കണ്ടാലറിയാം, ഈ പുഴയ്ക്കൊരു നിറമുണ്ടെന്ന്.

placeholder
കാളിന്ദി

പുഴയിലെ കറുത്ത കല്ലുകളും ആ നിറവും കാരണമാണത്രേ 'കാളിന്ദി' എന്ന് പേര് വന്നത്. പല ആകൃതിയിലും നിറങ്ങളിലുമുള്ള ഉരുളന്‍ കല്ലുകള്‍ പുഴയിലുണ്ടെങ്കിലും കറുപ്പിലാണ് ആ ഭംഗി തിളങ്ങിനില്‍ക്കുന്നത്. ചെറുതും വലുതുമായ പാറക്കൂട്ടങ്ങളില്‍ തട്ടി ചിന്നിച്ചിതറുന്ന വെള്ളത്തില്‍ തവളക്കുഞ്ഞുകളും (വാല്‍മാക്രി) മീനുകളും നിറയെ ഉരുളന്‍ കല്ലുകളും കാണാം.  പുഴയുടെ സമീപപ്രദേശത്ത് ജനവാസം കുറവായതിനാല്‍ കാതുകളില്‍ പുഴയൊഴുക്ക് മാത്രം. മരച്ചുവട്ടിലിരുന്ന് പുഴയിലേക്ക് നോക്കിയിരിക്കുമ്പോള്‍ ആരും കവിയായി മാറും. സ്വര്‍ഗീയമാണ് ആ അനുഭവം. ഒഴുക്ക് കുറഞ്ഞയിടങ്ങളിലൂടെ ചെന്ന് പാറകളില്‍ സ്ഥലംപിടിച്ച്, കാറ്റേറ്റ് കൂളായങ്ങനെയിരിക്കാം... ശാന്തമായ പരിസരം. കാല്‍വിരല്‍ത്തുമ്പുതൊട്ട് ഉള്ളിലെ ശ്വാസത്തിന് വരെ തണുപ്പ്, ആശ്വാസം. 

അമ്പും വില്ലും കഥകളും

പുഴയ്ക്കരികില്‍ ചെറുതല്ലാത്തൊരു വയലുണ്ട്. തരിശാണ്. വയലിന് നടുക്കായി ഒരു വൈക്കോല്‍ കൂനയും അടുത്ത് കൊയ്ത്തുയന്ത്രവും കണ്ടു. വെള്ളറോഡിയെന്നാണ് ഈ പ്രദേശത്തിന്റെ പേര്. ഒരേ തറവാട്ടില്‍പ്പെട്ട ആറ് കുടുംബങ്ങള്‍ മാത്രമാണ് ആ പരിസരത്ത് താമസം. അവരുടെ കൈയ്യില്‍ അമ്പും വില്ലുമെല്ലാം ഉണ്ടെന്ന വിവരം കിട്ടിയത് അവിടെ ആടിനെ മേയ്ച്ചുകൊണ്ടിരുന്ന മണിച്ചേട്ടനില്‍നിന്നാണ്. തിരുനെല്ലിയുടെ തണുപ്പ് കുറഞ്ഞെന്നും വേണ്ടത്ര മഴയില്ലാത്തതും ആനശല്യവും കാരണം നെല്‍കൃഷി മുടങ്ങിക്കിടക്കുകയാണെന്നുമെല്ലാം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. 'ആന വരാതിരിക്കാനാണ് ആ വേലികെട്ടിയത്' ദൂരെ പുഴയുടെ അരികിലൂടെ കാടിനോട് ചേര്‍ന്നുള്ള ഒരു വേലിയിലേക്ക് ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു. 

'ആനക്കെന്ത് വേലി? അതിന് മുകളിലൂടെ മരം മറിച്ചിട്ട് ആന വരും. നെല്ല് നശിപ്പിക്കും. ഇവിടെ അടുത്തുള്ള വയലുകളിലൊക്കെ ഇതുതന്നെയാണ് സ്ഥിതി.' വേലിക്കരികെ ഒരു വലിയ മരവും അതില്‍ തകര്‍ന്നുകിടക്കുന്ന ഒരേറുമാടവും കാണാമായിരുന്നു. 

കാട്ടിലേക്ക് തേനെടുക്കാന്‍ പോകുന്നവരെക്കുറിച്ച് പറയവെ അദ്ദേഹം പറഞ്ഞു;
'കാട്ടിലേക്ക് കേറുമ്പോള്‍ ശ്രദ്ധിക്കണം. നമ്മളൊരിക്കലും അവരെ ശല്യപ്പെടുത്തരുത്.' 
ആട്ടിന്‍കൂട്ടം നടക്കുമ്പോള്‍ കഴുത്തിലെ പ്രത്യേക ആവരണം ശബ്ദിക്കുന്നത് കേട്ട് ചോദിച്ചു; 'എന്താണത്?'
'തട്ട. മരംകൊണ്ടുണ്ടാക്കിയതാണ്.' മണികെട്ടിയാല്‍ കാട്ടിലുള്ള ജന്തുക്കള്‍ക്കൊക്കെ അസ്വസ്ഥതയുണ്ടാകും. തട്ടയാണ് കെട്ടിയതെങ്കിലും ആടുകള്‍ എത്ര ദൂരെ പോയാലും നമുക്ക് കേള്‍ക്കാം. ആടിനും അതുകൊണ്ട് ബുദ്ധിമുട്ടില്ല, അത് കേള്‍ക്കുന്നവര്‍ക്കുമില്ല.'
എത്രമാത്രം പ്രകൃതിയോടിണങ്ങിയാണ് ഈ മനുഷ്യര്‍ ജീവിക്കുന്നതെന്ന് ഞാനത്ഭുതത്തോടെയോര്‍ത്തു. പുഴമുറിച്ച് കടന്ന് വയല്‍വരമ്പിലൂടെ നീങ്ങുമ്പോള്‍ അകലെ മേഘംതൊട്ട് നില്‍ക്കുന്ന ബ്രഹ്‌മഗിരിയെ കാണാമായിരുന്നു. മലമുകളിലെ വാച്ച് ടവര്‍ മാടിവിളിക്കുന്നുണ്ടോ?  അരികിലെ കാളിന്ദിയും അകലത്തെ ഹരിതഭംഗിയും തിരുനെല്ലിയിലെ അതിമനോഹരമായൊരു കാഴ്ചയായി ഞാന്‍ കണ്ണിലൊപ്പിയെടുത്തു. ക്യാമറയിലും. 

placeholder
കാളിന്ദിയും പാതി മഞ്ഞ് മൂടിയ ബ്രഹ്‌മഗിരി മലനിരകളും

കാളിന്ദീതീരത്ത് എത്രനേരം വേണമെങ്കിലും നമ്മളിരുന്നുപോകും. കാതിനിമ്പമുള്ള കാട്ടരുവിയുടെ സംഗീതം തണുത്ത കാറ്റിനൊപ്പം വന്ന് മനസ്സുതൊടും. പുഴയുടെ ഒഴുക്കിനൊപ്പം നീങ്ങുമ്പോള്‍ കൂടുതല്‍ ഭംഗിയുള്ള കാഴ്ചകളിലേക്കത് നമ്മെ നയിക്കും. മഞ്ഞപ്പൂക്കളും പിങ്ക് നിറമുള്ള കുഞ്ഞുകാട്ടുപ്പൂക്കളും നിരന്ന് കിടക്കുന്ന കല്‍പ്പടവുകള്‍ക്കരികിലൂടെ ചെന്ന് പാലം കയറി നോക്കുമ്പോള്‍ ബ്രഹ്‌മഗിരിയും കാളിന്ദിയും അകലെ ഒരു മാളികവീടും കാണാം. ഏതോ ആനിമേഷന്‍ ചലച്ചിത്രത്തില്‍ കണ്ട ഇടമാണോ അതെന്ന് തോന്നിപ്പോകും. എവിടെനിന്നോ വന്ന ഒരു കുട്ടിക്കൂട്ടം കാളിന്ദിയിലേക്ക് കുതിച്ച് ചാടി. പുഴയുടെ അതേ ആവേശം. അവര്‍ക്ക് തണുപ്പില്ല, പുഴയ്ക്ക് കിതപ്പും. ചൂണ്ടയുമായി മീനിനെ കാത്തിരിക്കുന്നവരും കന്നുകളെ മേയ്ക്കുന്നവരും പുഴയില്‍നിന്ന് വെള്ളം കുടിക്കുന്ന പശുവും എല്ലാം സാങ്കല്പ്പികമായൊരു ലോകത്തിലെ കാഴ്ചകള്‍ പോലെ എന്നെ വിസ്മയിപ്പിച്ചു. കണ്ടാലും കണ്ടാലും മതിവരാതെ തിരുനെല്ലിയും കാളിന്ദിയും തിരികെവിളിക്കുംവരെ ആ കാനനക്കാഴ്ചകളെ, അവിടുത്തെ ഉദയാസ്തമയങ്ങളെ, തിരുനെല്ലി ക്ഷേത്രത്തില്‍നിന്നും സായാഹ്നത്തില്‍ ഒഴുകിയെത്തിയ കീര്‍ത്തനംപോലെ മറ്റൊരു യാത്രയിലേക്ക് ഒഴുക്കിവിടട്ടെ... 


 

placeholder
placeholder
placeholder
placeholder
placeholder
+4