
ഒരു നിമിഷത്തിന്റെ തോന്നലിലാണ് പലപ്പോഴും യാത്രകള്‍ തുടങ്ങുക. മുന്‍കൂട്ടിയുള്ള യാത്രകള്‍ പലപ്പോഴും സംഭവിക്കണമെന്നില്ല. എസ്.കെ. പൊറ്റക്കാട്ടിന്റെ പുസ്തകങ്ങളിലൂടെ, സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ക്യാമറ കണ്ണുകളിലൂടെ മലയാളികള്‍ പല രാജ്യങ്ങളിലേക്കും മനസ്സ് കൊണ്ട് സഞ്ചരിച്ചു കഴിഞ്ഞു. ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ യാത്രാവിവരണങ്ങളെന്നത് ട്രാവല്‍ വ്‌ളോഗുകളാകും. കോട്ടയം സ്വദേശിനി നിധി ശോശാ കുര്യന്‍ അങ്ങനെ തുറന്നത് യാത്രകളുടെ ഒരു വിശാലലോകമാണ്. ട്രാവല്‍ എഫ്എം എന്നാണ് ചാനലിന് നൽകിയിരിക്കുന്ന പേര്. തന്റെ യാത്രാവിശേഷങ്ങള്‍ മാതൃഭൂമിഡോട് കോമുമായി പങ്ക് വെയ്ക്കുകയാണ് നിധി.
ഒറ്റയ്ക്ക് തുടങ്ങിയ യാത്രകള്‍
ഒറ്റയ്ക്ക് യാത്ര ചെയ്തു തുടങ്ങിയപ്പോഴാണ് കൂടുതല്‍ യാത്ര ചെയ്യണമെന്ന് തോന്നി തുടങ്ങുന്നത്. ചെറുപ്പത്തിലെ വായിച്ച പുസ്തകങ്ങളും മനസില്‍ യാത്രയുടെ വിത്ത് പാകിയെന്ന് വേണമെങ്കില്‍ പറയാം. ട്രാവലോഗുകള്‍ വായിക്കുകയെന്നത് എന്നും ഹരം പകരുന്ന ഒരു കാര്യമായിരുന്നു. ഒറ്റയ്ക്കുള്ള യാത്രകള്‍ കുറച്ചുകൂടി ആസ്വാദ്യകരമായി തോന്നിയപ്പോള്‍ കൂടുതല്‍ സമയം യാത്രയ്ക്കായി മാറ്റിവെക്കുകയായിരുന്നു. ഒറ്റയ്ക്കുള്ള യാത്രകള്‍ ആരംഭിച്ചിട്ട് അഞ്ചു വര്‍ഷത്തിനു മേലെയായി.

കൂടുതലും ബാഗ്പാക്ക് യാത്രകള്‍
ബാഗ്പാക്ക് യാത്രകളാണ് കൂടുതലും നടത്തിയത്. ചുരുങ്ങിയ ചെലവില്‍ സ്വതന്ത്ര്യമായി നടത്തുന്ന യാത്രകളെയാണ് ബാഗ്പാക്കിങ് എന്നറിയപ്പെടുന്നത്. ഒരു ബാഗിനുള്ളില്‍ തന്നെ അവശ്യം വേണ്ട സാധനങ്ങളും മറ്റും സൂക്ഷിക്കാന്‍ ഇത്തരം ട്രിപ്പുകള്‍ സഹായകരമാകും. ആദ്യമൊക്കെ ഒറ്റയ്ക്ക് യാത്ര ചെയ്തത് ചെറിയ സ്ഥലങ്ങളിലേക്കാണ്. സേഫായി തോന്നിയ ഇടങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. അടുത്തുള്ള സ്ഥലങ്ങളായിരുന്നു ആദ്യയാത്രയുടെ ഏറിയ പങ്കും. അതിന് ശേഷമാണ് ദീര്‍ഘദൂര യാത്രകളിലേക്ക് കടക്കുന്നത്. ചെറിയ ചെറിയ യാത്രകളില്‍നിന്ന് ലഭിച്ച ആത്മവിശ്വാസം ദീര്‍ഘദൂര യാത്രകള്‍ക്ക് ഗുണം ചെയ്തു.
മുന്നൊരുക്കം മസ്റ്റാണ്
മുന്നൊരുക്കങ്ങളില്ലെങ്കില്‍ യാത്രകള്‍ ചിലപ്പോള്‍ അപൂര്‍ണമാകും. ഒരു പ്രത്യേക സ്ഥലം മനസില്‍ കണ്ടാണല്ലോ യാത്രകള്‍ക്ക് നാം തുടക്കമിടുക. ഗൂഗിള്‍ ചെയ്തു പ്രധാനപ്പെട്ട ഇടങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കാറുണ്ട്. സ്ഥലത്തെ കുറിച്ച് വിശദമായ പഠനങ്ങള്‍ക്കും സമയം കണ്ടെത്താറുണ്ട്. യാത്ര ചെയ്യുന്ന മേഖലയില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന വ്യവസായം, ആദിവാസിവിഭാഗം ഉണ്ടായിരുന്ന മേഖലയാണോ എന്നിവയ്ക്ക് മുന്‍ഗണന കല്‍പ്പിക്കാറുണ്ട്.
റിപ്പീറ്റ് അടിച്ച ട്രിപ്പുകള്‍
ഹിമാലയന്‍ മേഖലകളിലേക്ക് വീണ്ടും വീണ്ടും പോകണമെന്ന തോന്നിയിട്ടുണ്ട്. പലപ്പോഴും വിരസത അനുഭവിക്കുന്ന സമയങ്ങളില്‍ നാം യാത്രകള്‍ പ്ലാന്‍ ചെയ്യാറുണ്ടല്ലോ. ഹിമാലയന്‍ മേഖലകളിലേക്കുള്ള യാത്രകള്‍ മനസിന് ശാന്തത നല്‍കിയതായി അനുഭവപ്പെട്ടിട്ടുണ്ട്. കശ്മീര്‍ പോലുളള ഇടങ്ങളിലേക്ക് പല തവണ യാത്ര പോയിട്ടുണ്ട്. മഞ്ഞ് മൂടിയ സ്ഥലങ്ങള്‍ ആയതുകൊണ്ടല്ല, തണുപ്പുള്ള സ്ഥലങ്ങളാണ് കുറച്ചു കൂടി താത്പര്യം. മഞ്ഞ് മൂടുമ്പോള്‍ സ്ഥലങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗിയുള്ളതായി തോന്നിയിട്ടില്ല. മഞ്ഞ് മൂടിയിട്ടുണ്ടെന്ന് മാത്രം. മഞ്ഞ് മൂടി കിടക്കുന്നത് കാണാന്‍ ഇഷ്ടമാണ്, അതിനായി മാത്രം ആ സ്ഥലങ്ങളിലേക്ക് ഇതുവരെ പോയിട്ടില്ല.
പ്ലാനിങ്ങില്ലാത്ത യാത്ര പെരുത്തിഷ്ടം
മുന്‍കൂട്ടി തയ്യാറാക്കുന്ന യാത്ര എന്നൊന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. അവിചാരിതമായി കിട്ടുന്ന ലീവുകളും സമയങ്ങളുമാണ് യാത്രയുടെ ആധാരം. ഓടിപ്പിടിച്ചു പോകുന്ന യാത്രകളാണ് കൂടുതലും ചെയ്തിട്ടുള്ളത്. യാത്രകള്‍ നിനച്ചിരിക്കാത്ത വേളകളില്‍ സംഭവിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതും അതാണ് ഇഷ്ടവും.

100 ദിവസം, ക്വിഡ് കാര്‍, ഓള്‍ ഇന്ത്യ ട്രിപ്പ്
ഒറ്റയ്ക്ക് കാറിലൊരു ഓള്‍ ഇന്ത്യ ട്രിപ്പ് ഏറെ കാലമായുള്ള സ്വപ്‌നമായിരുന്നു. 2021-ലാണ് ഇത് സാധ്യമാകുന്നത്. 100 ദിവസമെടുത്താണ് ഈ യാത്ര പൂര്‍ത്തിയാക്കിയത്. ക്വിഡ് കാറാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. സ്‌പോണ്‍സറില്ലാതെ സ്വന്തം പോക്കറ്റില്‍നിന്ന് പണമെടുത്താണ് യാത്രയ്ക്കുള്ള ചെലവ് കണ്ടെത്തിയത്. കേരളത്തില്‍നിന്ന് തുടങ്ങി കന്യാകുമാരിയിലാണ് യാത്ര അവസാനിപ്പിച്ചത്.
ടൂറിസം എന്ന അനന്തസാധ്യത
ടൂറിസത്തിന് ധാരാളം സാധ്യതകളുണ്ട്. അത് അനന്തവുമാണ്. പക്ഷേ, ഇന്ത്യ ആ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നത് സംശയകരമാണ്. ഓരോ സ്ഥലങ്ങളിലെയും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനങ്ങള്‍ പോലും പരിതാപകരമാണ്. സന്ദര്‍ശകര്‍ക്ക് വേണ്ട ഒരു കംഫര്‍ട്ട് കൊടുക്കാനാകണം. കേരളം പോലൊരു സംസ്ഥാനത്ത് ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പരമാവധി ശ്രമങ്ങള്‍ നടത്താറുണ്ട്. ഉത്തരവാദിത്വ ടൂറിസം മിഷന്‍ പോലുള്ളവ ഇതിന് ഉദാഹരണങ്ങളാണ്. കേരളത്തിലേക്ക് പരമാവധി വിനോദസഞ്ചാരികളെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതില്‍ പോരായ്മകളുണ്ടെന്ന് തോന്നിയിട്ടുണ്ട്.

കിട്ടുന്നതെല്ലം മറക്കാനാവാത്ത അനുഭവം
അവിചാരിതമായിട്ടുള്ള യാത്രയില്‍ കിട്ടുന്നതെല്ലാം ബോണസ്സായി കാണുന്നു. ചില അപകടങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഹിമാലയത്തില്‍ പോയപ്പോള്‍ രണ്ടുവട്ടം ലാന്‍ഡ്‌സ്ലൈഡില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. ഒറ്റയ്ക്കുളള യാത്രകളിലും അപകടങ്ങള്‍ തുടര്‍ക്കഥയായി. റോഡില്‍ അപകടങ്ങളുണ്ടായാല്‍ പെട്ടെന്ന് പ്രതികരിക്കാന്‍ ആളുകളുണ്ടാവും. എന്നാല്‍, മലമുകളിലൊക്കെ പലപ്പോഴും ഇത് സാധ്യമാവണമെന്നില്ല. സ്ഥലത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കിയുള്ള യാത്രകളായതിനാല്‍ ഇതുവരെ ദുരനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.
യാത്രാരീതികള്‍ മാറിമറിഞ്ഞു
പണ്ടത്തെ പോലയല്ല ഇന്നത്തെ യാത്രകള്‍. ഇന്ന് യാത്രകള്‍ക്കിടയില്‍ നമുക്ക് സഹായം ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വ്യാപകമാണ്. ഒരു സ്ഥലം വേണമെങ്കിലോ മറ്റ് സൗകര്യങ്ങള്‍ വേണമെങ്കിലോ ഒരു ക്ലിക്കിന്റെയോ സെര്‍ച്ചിന്റെയോ കാര്യം മാത്രമേയുള്ളൂ. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ മടിയുള്ളവര്‍ക്കോ അതിന് സൗകര്യമില്ലാത്തവര്‍ക്കോ ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഉപകരാപ്രദമാകും. എല്ലാവര്‍ക്കും ചിലപ്പോള്‍ ഇതിന്റെ പ്രയോജനം ലഭിച്ചെന്നു വരില്ല. ഗ്രൂപ്പില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത ആളുകളുമുണ്ടല്ലോ. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഗുണം ചെയ്യുമെന്ന പക്ഷക്കാരിയാണ് ഞാന്‍. യാത്രാപ്രേമികള്‍ പോലെ പ്രശസ്തമായ നിരവധി ഗ്രൂപ്പുകള്‍ ഇന്നുണ്ട്.

വിസ്മയിപ്പിച്ച ദുബായ്, ആകര്‍ഷിച്ച ജോര്‍ദാന്‍
പന്ത്രണ്ട് വിദേശരാജ്യങ്ങള്‍ ഇതുവരെ സന്ദര്‍ശിച്ചു. സന്ദര്‍ശിച്ച രാജ്യങ്ങളില്‍ വിനോദ സഞ്ചാരികളെ എന്നും പുഞ്ചിരിയോടെ എതിരേല്‍ക്കുന്ന ഒരു ഇടമായി തോന്നിയിട്ടുള്ളത് ദുബായിയാണ്. ഭംഗി പോലുള്ള ഘടകങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ ജോര്‍ദാനാണ് ആദ്യം മനസിലേക്കെത്തുന്നത്.
കോവിഡ് കാലത്തെ യാത്ര
കോവിഡ് കാലത്ത് യാത്രകള്‍ക്ക് നിയന്ത്രണം വന്നതോടെ ട്രിപ്പുകള്‍ താളം തെറ്റിയിരുന്നു. അതില്‍ തെല്ലും വിഷമം തോന്നിയിട്ടില്ല. നമ്മുടെ സുരക്ഷ കൂടി പരിഗണിച്ചാണല്ലോ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതില്‍ നല്ലത് മാത്രമേയുള്ളൂവെന്നാണ് തോന്നുന്നത്. സുരക്ഷിതത്വം ഉറപ്പാക്കി ചില യാത്രകള്‍ ആ സമയവും നടത്തിയിരുന്നു. പൂര്‍ണമായി ഒഴിവാക്കിയെന്ന് പറയാനാകില്ല. ഗ്യാപ് കിട്ടിയപ്പോഴും യാത്രകള്‍ ചെയ്തിരുന്നു.
കാരവന്‍ ടൂറിസവും ഭാവിയും
കാരവന്‍ ടൂറിസം പോലുള്ള ബൃഹത്ത് പദ്ധതികളിലേക്ക് കേരളം ചുവട് വെച്ചുകഴിഞ്ഞു. നല്ലൊരു പരീക്ഷണം കൂടിയാണ് കാരവന്‍ ടൂറിസം. വിജയകരമാകാനുള്ള സാധ്യത കൂടി പരിഗണിച്ചാണല്ലോ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പുതുമ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ലല്ലോ. യാത്ര ചെയ്യുന്ന വാഹനത്തില്‍ തന്നെ ഒരു താമസസൗകര്യം, പാചകത്തിനൊരിടം തുടങ്ങിയ സാധ്യതകള്‍ ടൂറിസത്തിന് എന്നും മുതല്‍ക്കൂട്ടാണ്. ഇത് എല്ലായ്‌പ്പോഴും സംഭവിക്കുന്ന കാര്യങ്ങള്‍ അല്ലല്ലോ. കാരവന്‍ ടൂറിസം പോലുള്ള സുവർണജാലകങ്ങള്‍ കേരളത്തിലുള്ളപ്പോള്‍, പോരായ്മകളും തൊട്ടുപിന്നിലുണ്ട്. മറ്റുളളവരുടെ സ്വകാര്യതയെ മാനിച്ചു കൊണ്ടുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് സംജാതമാകണം. പ്ലാന്‍ ചെയ്യാത്ത യാത്രകളായതിനാല്‍ അടുത്ത സ്ഥലം തീരുമാനിച്ചിട്ടില്ല.
Content Highlights: about travel vlogger nidhi sosa kurian, tourism day 2023 latest
Published: 28 Sept 2023, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented