മണ്ണാർക്കാട് : കാടും മലകളും പുൽമേടുകളും ചേർന്ന് മനോഹരമായ ശിരുവാണിയുടെ കാഴ്ചകൾകാണാൻ തത്കാലം നിർവാഹമില്ല. ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ ശിരുവാണിയിലേക്കുള്ള റോഡ് നവീകരണം തുടങ്ങിയതോടെയാണ് സന്ദർശകർക്കുള്ള പ്രവേശനം വിലക്കിയത്. റോഡിന്റെ അപകടാവസ്ഥയും ട്രക്കിങ്ങിനിടെ ഇടിയും മിന്നലുമേൽക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് വനംവകുപ്പ് ഫെബ്രുവരി മുതൽ വിനോദസഞ്ചാരം നിർത്തിവെച്ചത്. റോഡുപണി തീരുംവരെ സന്ദർശകർക്കുള്ള വിലക്ക് തുടരാനാണ് സാധ്യത.

To advertise here,

വർഷങ്ങളായി നിർത്തിവെച്ച ശിരുവാണി ഇക്കോടൂറിസം 2024 നവംബർ ഒന്നിനാണ് പുനരാരംഭിച്ചിരുന്നത്. തുടർന്ന്, ശിരുവാണിയിലെ നിബിഡവനവും അണക്കെട്ടും കേരളമേടും ഇംഗ്ലീഷ് നിർമിതമായ പട്യാർബംഗ്ലാവുമെല്ലാം കാണാൻ സന്ദർശകരുടെ തിരക്കായിരുന്നു.

ഇക്കഴിഞ്ഞ ഒന്നരവർഷത്തിനിടെ 9,000ത്തിലധികം പേരാണ് ശിരുവാണി സന്ദർശിച്ചത്. വനംവകുപ്പിന് 40 ലക്ഷത്തിലധികംരൂപ വരുമാനമായും ലഭിച്ചു. ടൂറിസം ഗൈഡിന്റെ സഹായത്തോടെ 21 കിലോമീറ്റർ മുത്തികുളം റിസർവ് വനത്തിലൂടെയുള്ള യാത്രയാണ് ആകർഷണം. വന്യജീവികളെയും അടുത്തുകാണാം. പുൽമേടായ കേരളമേട്ടിലേക്ക് ഒരുകിലോമീറ്റർ ട്രക്കിങ്ങും അണക്കെട്ടിന്റെ കാഴ്ചയും ആകർഷകമാണ്. മുൻകൂട്ടി ബുക്ക് ചെയ്തുവേണം ഇവിടേക്കെത്താൻ. 2018-19 വർഷങ്ങളിലെ പ്രളയസമയത്ത് റോഡിൽ വ്യാപകമായി മണ്ണിടിച്ചിലും തകർച്ചയുമുണ്ടായതോടെയാണ് വിനോദസഞ്ചാരം നിർത്തിവെച്ചത്. പിന്നീട്, നാലുകിലോമീറ്റർറോഡ് നവീകരിച്ചതിനെത്തുടർന്ന് ഒന്നരവർഷംമുൻപ് വിനോദസഞ്ചാരം പുനരാരംഭിച്ചു. ശേഷിക്കുന്ന ഭാഗങ്ങളിലെ തകർച്ച പരിഹരിക്കാതെ കിടന്നത് വിനോദസഞ്ചാരികളെയും ശിങ്കംപാറ ആദിവാസി ഉന്നതി നിവാസികളെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. റോഡുതകർച്ച പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതിയിലുള്ളവർ പ്രതിഷേധസമരങ്ങൾവരെ നടത്തിയിരുന്നു.

നവീകരണം 16 കോടിരൂപ ചെലവിൽ

കേരള-തമിഴ്നാട് അന്തർസംസ്ഥാന കരാറിലുൾപ്പെട്ട ശിരുവാണിയിലേക്ക് റോഡ് നവീകരിക്കുന്നതിന് 16 കോടിരൂപയുടെ പദ്ധതിക്കാണ് ഇറിഗേഷൻഷൻ വകുപ്പിൽനിന്ന് അനുമതി ലഭിച്ചത്. മൂന്നുമാസം മുൻപ് പ്രവൃത്തികൾ ആരംഭിച്ചു. ഇഞ്ചിക്കുന്ന് ചെക്‌പോസ്റ്റ് മുതൽ കേരളമേടുവരെയുള്ള 17 കിലോമീറ്ററിലെ 13 കിലോമീറ്റർറോഡാണ് ഇപ്രകാരം നവീകരിക്കുക. ഇഞ്ചിക്കുന്ന് ചെക്പോസ്റ്റിനുസമീപം, എസ്. വളവ്, ഡാംസൈറ്റ് കേരളമേട് ഉൾപ്പടെ റോഡിന്റെ വിവിധ ഭാഗങ്ങളിലായാണ് സംരക്ഷണഭിത്തികളുടെ നിർമാണം പുരോഗമിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടംതട്ടാതെയും വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസ്സംവരാത്ത രീതിയിലുമാണ് പ്രവൃത്തി. നവീകരണംകഴിഞ്ഞാൽ ശിരുവാണിയിലേക്കുള്ള സന്ദർശകർക്കും ആദിവാസിസങ്കേതമായ ശിങ്കപ്പാറ ഉന്നതിയിലുള്ളവർക്കും ജലസേചന-വനംവകുപ്പ് ഉദ്യോഗസ്ഥർക്കുള്ള യാത്രാബുദ്ധിമുട്ടും പരിഹരിക്കപ്പെടും.