
തഞ്ചാവൂരിലേക്കുള്ള യാത്ര ഒരു ടൈം ട്രാവല്‍ പോലെയാണ്. ആയിരം വര്‍ഷം പഴക്കമുള്ള ബൃഹദീശ്വര ക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ചോള രാജധാനിയുടെ കഴിഞ്ഞ കാലത്തിലേക്ക് മനസ്സ് താനേ നടന്നുപോകും. തമിഴന്മാര്‍ പെരിയ കോവില്‍ എന്ന് വിളിക്കുന്ന ഈ മഹാ നിര്‍മ്മിതി കാലത്തെ അതിജീവിച്ച് ഒരു അത്ഭുതമായി നിലനില്‍ക്കുന്നു. കാവേരിയുടെ വരദാനമാണ് തഞ്ചാവൂര്‍. സഹ്യാദ്രി മലനിരകളില്‍ നിന്നുത്ഭവിച്ച് സമുദ്രത്തിലേക്കുള്ള സഞ്ചാരത്തിനിടെ, കാവേരി തഞ്ചാവൂരിനെ ഫലഭൂയിഷ്ഠമായി ഭൂപ്രദേശങ്ങളിലൊന്നാക്കി മാറ്റി. ഫലഭൂയിഷ്ഠമായ ഈ നദിക്കരയില്‍, വര്‍ഷത്തില്‍ മൂന്ന് തവണ വിളവ് ലഭിക്കുന്ന പ്രദേശത്ത് ചോള സാമ്രാജ്യം വളര്‍ന്നുവന്നത് ചരിത്രത്തിന്റെ കാവ്യനീതിയാകാം. വിജയാലയ ചോളന്റെ കാലത്താണ് തഞ്ചാവൂരിന്റെ വളര്‍ച്ച തുടങ്ങുന്നത്. പിന്നീട് രാജരാജ ചോളനും രാജേന്ദ്ര ചോളനും ഈ നാടിന്റെ പെരുമ ദേശാന്തരങ്ങളിലേക്ക് പടര്‍ത്തി.
എഡി 1003-ല്‍ നിമ്മാണം തുടങ്ങിയ ബൃഹദീശ്വര ക്ഷേത്രത്തില്‍ ശിവനെ ലിംഗരൂപത്തില്‍ ആരാധിക്കുന്നു. രാജരാജേശ്വരം ഉടയാര്‍ എന്നാണ് ക്ഷേത്രത്തിലെ മൂര്‍ത്തിക്ക് രാജരാജ ചോളന്‍ പേരു നല്‍കിയത് എന്ന് ചരിത്രം പറയുന്നു. കൊത്തുപണികള്‍ കൊണ്ടും നിര്‍മ്മിതിയുടെ ഗാംഭീര്യം കൊണ്ടും തച്ചന്മാര്‍ തീര്‍ത്ത മായാജാലമാണ് ഈ ക്ഷേത്രം എന്ന് പറയാം. കട്ടിയേറിയ ഗ്രാനൈറ്റ് കല്ലുകള്‍ കൊണ്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. തഞ്ചാവൂരിന് അടുത്തൊന്നും ഇത്തരം കല്ലുകള്‍ ലഭ്യമല്ലാത്തതിനാല്‍ ദൂരപ്രദേശത്തു നിന്നാകാം ഇവ എത്തിച്ചതെന്ന് കണക്കാക്കപ്പെടുന്നു. പ്രധാന മതില്‍ക്കെട്ടിനകത്ത് പ്രവേശിച്ച് രണ്ട് ഗോപുരങ്ങള്‍ കടന്നുവേണം ക്ഷേത്രാങ്കണത്തിലെത്താന്‍. ഇതില്‍ ആദ്യത്തേത് വലുതാണെങ്കിലും ദ്വാരപാലകന്മാരുടെ ശില്‍പ്പങ്ങളും മനോഹരമായ അലങ്കാരങ്ങളുമുള്ള രണ്ടാമത്തെ ഗോപുരമാണ് കൂടുതല്‍ മനോഹരം. ഇതില്‍ ശിവപാര്‍വ്വതീ കല്ല്യാണം, ശിവന്‍ മാര്‍ക്കണ്ഡേയനെ രക്ഷിക്കുന്ന രംഗം, അര്‍ജ്ജുനന്‍ പാശുപതാസ്ത്രം നേടുന്ന രംഗം എന്നിവയെല്ലാം കൊത്തിവെച്ചിട്ടുണ്ട്.

ഗോപുരങ്ങള്‍ കടന്നെത്തുന്നത് വലിയ മണ്ഡപത്തിനു മുന്നിലേക്കാണ്. ഈ മണ്ഡപത്തിലാണ് ശിവന്റെ വാഹനമായ നന്ദികേശ്വരന്റെ വലിയ ഒറ്റക്കല്‍ വിഗ്രഹമുള്ളത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട നന്ദീവിഗ്രഹങ്ങളില്‍ ഒന്നാണിത്. കര്‍ണാടകത്തിലെ ഹലേബീഡു ഹൊയ്‌സാലേശ്വര ക്ഷേത്രത്തിലെയും ആന്ധ്രയിലെ ലേപാക്ഷിയിലേയും നന്ദീവിഗ്രഹങ്ങളാണ് മറ്റുള്ളവ. തന്റെ സ്വാമിയായ പരമശിവനെ നോക്കി നില്‍ക്കുന്ന നന്ദികേശ്വരന്റെ വിഗ്രഹം ശൈവഭക്തര്‍ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്ന ഒന്നാണ്. 3.66 മീറ്റര്‍ വലിപ്പമുള്ള വലിയ ശിവലിംഗമാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലേത്. മനോഹരമായി നൃത്തം ചെയ്യുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ആടവല്ലാന്‍ എന്നാണ് ഈ മൂര്‍ത്തിയെ വിളിച്ചിരുന്നതെന്ന് ഇവിടുത്തെ ലിഖിതങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ചിദംബരം തില്ലൈ നടരാജ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട പേരാണ്. ചിദംബരത്തിലെ മൂര്‍ത്തിയെ ചോള രാജാക്കന്മാര്‍ ഏറെ ആരാധിച്ചിരുന്നതിനാലാണ് തഞ്ചാവൂരിലെ വിഗ്രഹത്തിനും ആ പേര് ലഭിച്ചത് എന്ന് കരുതപ്പെടുന്നു.
ചോളസാമ്രാജ്യത്തിന്റെ തലപ്പൊക്കം വിളിച്ചോതുന്ന 60.96 മീറ്റര്‍ ഉയരമുള്ള വിമാനഗോപുരമാണ് ബൃഹദീശ്വര ക്ഷേത്രത്തെ അത്ഭുതകരമായ ഒരു നിര്‍മ്മിതിയാക്കി മാറ്റുന്നത്. 13 തട്ടുകളായി നിര്‍മ്മിച്ച ഈ ഗോപുരം ദ്രാവിഡ വാസ്തുവിദ്യയുടെ ഏറ്റവും മനോഹരമായ ഉദാഹരണമാണ്. വിമാന ഗോപുരത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള, 81.28 ടണ്‍ ഭാരമുള്ള ശില ഇന്നും ക്ഷേത്ര സന്ദര്‍ശകര്‍ക്ക് മുന്നില്‍ അത്ഭുതമായി നിലകൊള്ളുന്നു. ഇന്നത്തെ സാങ്കേതികവിദ്യയൊന്നും ലഭ്യമല്ലാതിരുന്ന കാലത്ത് ഇത്രയും ഭാരമുള്ള കല്ല് ഗേപുരത്തിനു മുകളില്‍ പ്രതിഷ്ഠിച്ചത് എങ്ങനെയെന്ന് ആലോചിക്കുമ്പോള്‍ ആര്‍ക്കും ആശ്ചര്യം തോന്നാം. തഞ്ചാവൂരില്‍ നിന്ന് ഏതാണ്ട് ആറര കിലോമീറ്റര്‍ ദൂരെയുള്ള സരപല്ലം എന്ന സ്ഥലത്തു നിന്ന് നിര്‍മ്മിച്ച ചരിഞ്ഞ പ്രതലത്തിലൂടെയാണ് ഈ ശില ഗോപുരത്തിന് മുകളില്‍ എത്തിച്ചത് എന്നാണ് കരുതപ്പെടുന്നത്.
How to reach:
By Air: The nearest airport is Tiruchirappalli (61 kms).
By Road: Thanjavur is connected with all major cities by road. Regular bus service connects Thanjavur with other Major cities in Tamil Nadu.
By Train: Thanjavur is connected by rail with important cities in Tamil Nadu and other states.
ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രം

രാജരാജ ചോളന്റെ സംഭാവനയാണ് തഞ്ചാവൂരിലെ ക്ഷേത്രമെങ്കില്‍, അദ്ദേഹത്തിന്റെ മകന്‍ രാജേന്ദ്ര ചോളന്റെ ദിഗ്വിജയത്തിന്റെ വാഴ്ത്തുപാട്ടാണ് ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രം. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ തഞ്ചാവൂര്‍ പെരിയ കോവിലിന്റെ വലുപ്പം കുറഞ്ഞ മാതൃകയാണ് ഈ ക്ഷേത്രം. തഞ്ചാവൂരില്‍ നിന്ന് 82 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. ഗംഗാതടം വരെ ചെന്നെത്തി ബംഗാളിലെ പാല രാജാക്കന്മാരെ തോല്‍പ്പിച്ച് തിരികെയെത്തിയ രാജേന്ദ്ര ചോളന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. ആ വിജയത്തിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന് ഗംഗൈകൊണ്ട ചോളന്‍ എന്ന പേര് ലഭിച്ചു. ആ പേരില്‍ ക്ഷേത്രവും അറിയപ്പെടാന്‍ തുടങ്ങി. രാജേന്ദ്ര ചോളന്റെ ഭരണകാലത്ത് രാജ്യതലസ്ഥാനവും ഇതിനടുത്തായിരുന്നു എന്ന് കരുതപ്പെടുന്നു.
പാല രാജാക്കന്മാരെ തോല്‍പ്പിച്ച രാജേന്ദ്രന്‍ ഗംഗാനദിയിലെ ജലവും കൂടെ കൊണ്ടുവന്നു എന്നാണ് ചരിത്രം. ഇവിടെ നിന്ന് ഏതാണ്ട് 3 കിലോമീറ്റര്‍ പടിഞ്ഞാറു മാറി പൊന്നേരി എന്ന വലിയൊരു ജലസംഭരണി കാണാം. രാജേന്ദ്രന്‍ ഗംഗയില്‍ നിന്ന് കൊണ്ടുവന്ന ജലം, ഇന്ന് നാശത്തിന്റെ വക്കിലായ ഈ സംഭരണിയിലോ ക്ഷേത്ര ഗോപുരത്തിനു പുറത്തുള്ള ജലസംഭരണിയിലോ ആകാം ഒഴിച്ചതെന്ന് കരുതപ്പെടുന്നു. ഈ രണ്ടു ജലസംഭരണികളും ഇന്ന് നാശത്തെ നേരിടുകയാണ്. ക്ഷേത്രത്തിലേക്ക് കടക്കുമ്പോള്‍ ഗംഭീരമായ ഒരു ഗോപുരമാണ് ആദ്യം യാത്രികരെ കാത്തിരിക്കുന്നത്. ഗോപുരം കടന്നുവന്നാല്‍ ബലിപീഠത്തിനു ശേഷം ഭീമാകാരമായ നന്ദീവിഗ്രഹം കാണാം. തഞ്ചാവൂരിലെ നന്ദിയില്‍ നിന്നു വ്യത്യസ്തമായി ഇത് ഏകശിലയില്‍ നിര്‍മ്മിച്ചതല്ല.
ചതുരാകൃതിയിലുള്ള ക്ഷേത്രസമുച്ചയത്തിന് 106 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമാണുള്ളത്. പ്രധാനമായി മഹാമണ്ഡപവും ഗര്‍ഭഗൃഹവുമടങ്ങുന്നതാണ് ക്ഷേത്രത്തിന്റെ ഘടന. തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തിലെ ഗോപുരങ്ങളിലെപ്പോലെ ഇവിടെയുള്ള മണ്ഡപങ്ങളിലും ദ്വാരപാലകരുടെ വലിയ ശില്‍പ്പങ്ങള്‍ കാണാം. സമാനമായ ഒരു വിമാനഗോപുരവും ഗംഗൈകൊണ്ട ചോളപുരം ബൃഹദീശ്വര ക്ഷേത്രത്തിലുണ്ട്. എന്നാല്‍ അതിന്റെ വലുപ്പം 54.86 മീറ്റര്‍ മാത്രമേയുള്ളൂ. 9 തട്ടുകളായുള്ള ഈ ഗോപുരത്തിനു മുകളില്‍ ശിഖരവും താമരമൊട്ടിന്റെ രൂപമടങ്ങിയ, സ്വര്‍ണ്ണം പൂശിയ സ്തൂപവുമുണ്ട്.
How to reach:
By Air: The nearest airport is Tiruchirappalli (115 kms).
By Road: Kumbakonam is the nearest city. Buses running between Kumbakonam and Jayakondam pass by the temple. One can also take a taxi from Kumbakonam to reach the destination.
By Train: Kumbakonam is connected by rail with important cities in Tamil Nadu and other states.
ദാരാസുരം ഐരാവതേശ്വര ക്ഷേത്രം

ചോളഭരണകാലത്തെ പ്രധാന ജനപദങ്ങളിലൊന്നായിരുന്നു ദാരാസുരം. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഐരാവതേശ്വരം ശിവക്ഷേത്രത്തിനു ചുറ്റുപാടുമായാണ് ഈ ജനപദം വളര്‍ന്നുവന്നത്. ചോളരാജാക്കന്മാര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനഗോപുരം ഐരാവതേശ്വര ക്ഷേത്രത്തിലേതാണ്. 105 മീറ്റര്‍ നീളവും 67 മീറ്റര്‍ വീതിയുമുള്ള ക്ഷേത്രമതില്‍ക്കെട്ടാണ് ഇവിടെയുള്ളത്. 5 തട്ടുകളിലായി 24 മീറ്റര്‍ ഉയരമാണ് ക്ഷേത്രത്തിലെ വിമാനഗോപുരത്തിനുള്ളത്. ഇതിനു മുകളില്‍ വൃത്താകൃതിയിലുള്ള ഗ്രീവവും താഴികക്കുടവും ശിഖരവും സ്തൂപവും സ്ഥിതി ചെയ്യുന്നു.
ക്ഷേത്രത്തിലേക്ക് കയറുമ്പോള്‍ തന്നെ മനോഹരമായ ഒരു മണ്ഡപം കാണാം. നിരവധി മനോഹരമായ തൂണകളോടു കൂടുയതാണ് ഈ മണ്ഡപം. മണ്ഡപത്തിന്റെ പുറത്തേക്കുള്ള എട്ട് തൂണുകളിലും വ്യാളിയുടെ ശില്‍പ്പങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. പാര്‍വ്വതിയുടെ തപസ്സ്, ശിവനുമായുള്ള വിവാഹം, സുബ്രഹ്‌മണ്യന്റെ ജനനം, ശിവനും അസുരന്മാരുമായുള്ള യുദ്ധം തുടങ്ങിയ നിരവധി ശില്‍പ്പങ്ങളും ഈ മണ്ഡപത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. ആനകളുടേയും കുതിരകളുടേയുമൊക്കെ രൂപങ്ങള്‍ ഇവിടുത്തെ പടിക്കെട്ടുകളില്‍ യാത്രികരെ വരവേല്‍ക്കുന്നുണ്ട്. രാജരാജന്‍ രണ്ടാമന്റെ പേരില്‍ രാജ ഗംഭീരന്‍ തിരുമണ്ഡപം എന്ന് അറിയപ്പെടുന്ന ഈ മണ്ഡപം ചക്രങ്ങളോടെയുള്ള ത്രിപുരാന്തകന്റെ രഥത്തിന്റെ രൂപത്തിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.
ശ്രീകോവിലില്‍ ശൈവസന്യാസിമാരുടെ കഥകള്‍ ശില്‍പ്പങ്ങളുടെ രൂപത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. ഇവയില്‍ ചിലതിനോടൊപ്പം തമിഴിലുള്ള വാചകങ്ങളും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റുമായി വെള്ളം കടന്നുപോകാനുള്ള ഇടങ്ങള്‍ ഇടയ്ക്കിടെ നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ക്ഷേത്രത്തിനു ചുറ്റുപാടും തണുത്ത അന്തരീക്ഷം നിലനിര്‍ത്തുന്നതിനു വേണ്ടിയാണിത് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് അനുമാനം. കല്ലില്‍ കൊത്തിയിട്ടുള്ള നിരവധി വളയങ്ങള്‍ വിളക്കുകളായിരുന്നു എന്നും കരുതപ്പെടുന്നു.
ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഋഷിമാരുടെ ശില്‍പ്പങ്ങളുണ്ട്. തഞ്ചാവൂരിലേയും ഗംഗൈകൊണ്ട ചോളപുരത്തേയും വീരപ്രധാനമായ ശില്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമാധാനത്തിന്റേയും പ്രശാന്തതയുടേയും ഭാവമാണ് ദാരാസുരത്തെ ഈ ശില്‍പ്പങ്ങള്‍ നല്‍കുന്നത്. ശിവപുരാണത്തിലേയും ശിവഭക്തരുടേയും ശിവഭക്തരായ രാജാക്കന്മാരുടേയും നിരവധി ശില്‍പ്പങ്ങള്‍ ഇവിടുത്തെ ചുമരുകളെ അലങ്കരിക്കുന്നു. ഇവ നിര്‍മ്മിക്കപ്പെട്ട കാലഘട്ടത്തിലാകാം തേവാരം കീര്‍ത്തനങ്ങള്‍ ശേഖരിച്ച് ക്രമപ്പെടുത്തിയത് എന്നാണ് അനുമാനം.
How to reach:
By Air: The nearest airport is Tiruchirappalli (103 kms).
By Road: The temple is located within the city limits. One can take local buses or autorickshaw to reach the temple.
By Train: Kumbakonam is connected by rail with important cities in Tamil Nadu and other state-s.
Content Highlights: A heritage trip to Chola temples thanjavur darasuram Gangaikonda Cholapuram
Published: 28 Sept 2023, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented