ലോകത്തിലെ കാഴ്ചകളുടെ പറുദീസകളിലേക്ക് ദേശാടനക്കിളികളെ പോലെ സഞ്ചരിക്കുന്നവരാണ് മലയാളികള്‍, ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയുള്ള കേരളം ലോക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടവുമാണ്. എന്നാല്‍ ഖ്യാതി നേടിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷകളല്ലാതെ ആരോരും അറിയാതെ ഗ്രാമങ്ങളില്‍ ഒളിച്ചിരിക്കുന്ന ഒരുപാട് ടൂറിസം കേന്ദ്രങ്ങള്‍ കേരളത്തില്‍ പലഭാഗത്തും ഉണ്ട്. ഇവയെ 'ലോക്കല്‍ വണ്ടേഴ്സ്' എന്ന്‌ നമുക്ക് പേരിട്ട് വിളിക്കാം. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്ത് കാനായി, ചൂരല്‍ എന്നീ ഗ്രാമങ്ങളില്‍ ഒളിച്ചിരിക്കുന്ന രണ്ട് വെള്ളച്ചാട്ടങ്ങളെയാണ് വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നത്. പ്രകൃതി അതിന്റെ എല്ലാ മനോഹാരിതയും തുറന്നുകാട്ടുന്ന ഈ ജലപ്രവാഹങ്ങള്‍ ഇടനാടന്‍ ചെങ്കല്‍ കുന്നുകളുടെ എല്ലാ
സൗന്ദര്യവും തുറന്നിടുന്നവയാണ്.

To advertise here,

കുന്നോളം കുളിരുന്ന കാനം

രാവിലെ അനിയന്റെ ബൈക്കിന്റെ പിന്‍സീറ്റില്‍ കങ്കാരുകുട്ടിയെ പോലെ ഒട്ടിപ്പിടിച്ച് യാത്ര തുടങ്ങുമ്പോള്‍ മഴ ചാറുന്നുണ്ടായിരുന്നു. പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ വരാന്തയില്‍ എന്നെയും ഉപേക്ഷിച്ച് അനിയനും ബൈക്കും അവരുടെ ദൂരങ്ങളിലേക്ക് പാഞ്ഞു. അല്‍പനേരം കാത്തിരിപ്പാണ്, സഹയാത്രികന് വേണ്ടി. അപ്പോഴേക്കും ചിണുങ്ങല്‍ മതിയാക്കി മഴ പെയ്ത്ത് തുടങ്ങി. ചുറ്റും മഴ പെയ്യുന്നു. മഴ മാത്രമേയുള്ളു. സഹയാത്രികനായ പുഷ്പേട്ടന്റെ കാര്‍ മഴയില്‍ കുളിച്ച്  മുന്നില്‍ വന്ന് മാടി വിളിച്ചു. ദേശീയപാത 66 ല്‍ നിന്ന് കോറോം- കാനായി റോഡിലേക്ക് കാര്‍ തിരിഞ്ഞു.

ആദ്യ യാത്ര കാനത്തിന്റെ കുളിരിലേക്കാണ്. ചെങ്കല്‍ കുന്നുകളില്‍ നിന്ന് ഉറപൊട്ടി ഒഴുകി പാറക്കല്ലുകളില്‍ തട്ടിതടഞ്ഞ് പൊട്ടിച്ചിതറുന്ന കാനായി കാനത്തിലേക്ക്. ഉത്തരകേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ കാനായി കാനം മുളപൊട്ടി തുടങ്ങിയിട്ടേയുള്ളൂ. കാരണം പ്രാദേശിക സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ കാനത്തിന്റെ ഖ്യാതി നവമാധ്യമങ്ങളിലൂടെ ഈയിടെ ലോകം അറിഞ്ഞുതുടങ്ങിയിട്ടേയുള്ളൂ. കണ്ടതും കേട്ടതുമായ അറിവുവച്ചാണ് കാനായി കാനത്തിലേക്കുള്ള ഈ യാത്ര. ദിശാസൂചികകള്‍ വഴികാട്ടാത്ത ഈ കാണാകാഴ്ചയിലേക്കുള്ള സഹായം വഴിയിലെ വാമൊഴികള്‍ തന്നെയായിരുന്നു. ഓരോ ചെറിയദൂരത്തിലും ഓടുന്ന വഴിയിലെ കൃത്യത അളന്നു. വഴിയില്‍ നീളെ അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. കോറോത്തിന്റെ ഗ്രാമകാഴ്ചകള്‍ പിന്നിട്ട് വണ്ടി മെല്ലെ കാനായി തൊട്ടു. ശ്രീനാരായണ എഞ്ചിനീയറിങ് കോളജിനപ്പുറമുള്ള ഒരു കലുങ്കാണ് വഴിയോരകാഴ്ചക്കാര്‍ അടയാളം പറഞ്ഞത്. ചെങ്കല്‍ പാറകളുടെ നടുവിലൂടെ നീളുന്ന റോഡ്. വഴിയില്‍ കലുങ്ക് കണ്ടതും വണ്ടി ബ്രേക്കിട്ടു.  പക്ഷേ കാനത്തിലേക്കുള്ള വഴി ഏതാണെന്ന സൂചന എവിടെയുമില്ല. അല്‍പ ദൂരം നടക്കാനുണ്ടെന്ന കേട്ടറിവ് മാത്രം മുന്നില്‍ നിന്നു. പണി പാളിയോ എന്ന ശങ്കയില്‍ നിന്നപ്പോള്‍ പ്രകൃതി തന്നെ നമുക്ക് വഴികാട്ടിയായി.

ഒറ്റപ്പെട്ട പ്രദേശമായതിനാല്‍ ചോദിക്കാന്‍ അരികെ വീടുകളോ കടകളോ ഇല്ല. കലുങ്കിന് അടിയിലൂടെ ഒഴുകിപോകുന്ന തെളിനീര് നിറഞ്ഞ നീര്‍ച്ചാലിനരികിലൂടെ മുന്നോട്ട് നടന്നു. അല്‍പം ദൂരത്തായി പടര്‍ന്നുകിടക്കുന്ന വള്ളിപ്പടര്‍പ്പുകളും കുറ്റിച്ചെടികളും തീര്‍ക്കുന്നൊരു കൂടാരം. അതിനുനടുവിലൂടെ നീര്‍ച്ചാല്‍ മുന്നോട്ട് കുതിക്കുന്നു. മഴക്കാലമായതിനാല്‍ പാറക്കെട്ടുകളിലൂടെ നീര്‍ച്ചാല്‍ ഒഴുകുന്ന വഴിയെ മുന്നോട്ട് നടക്കുന്നത് പന്തിയല്ല. കൈകൊണ്ട് വകഞ്ഞുമാറ്റാനാവാത്ത വിധം പരസ്പരം വാരിപ്പുണര്‍ന്നിരിക്കുന്ന വള്ളിച്ചെടികളും പ്രതിസന്ധിയാണ്.

അല്‍പം ദൂരം മാറി ഒരു റബ്ബര്‍ തോട്ടം അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.  അതുവഴി മുന്നോട്ട് നടന്ന് നോക്കാം എന്ന് തീരുമാനിച്ചു. മഴക്കാലമായതിനാല്‍ കാനത്തിലേക്കുള്ള നീരുറവകള്‍ കുന്നിന്റെ പലഭാഗത്തുനിന്നും പൊട്ടിവരുന്നുണ്ട്. അതിനാല്‍ റബ്ബര്‍ തോട്ടത്തിലേക്കുള്ള ചെറിയദൂരത്തില്‍ തന്നെ കൈവഴി തോടുകള്‍ മുറിച്ചുകടക്കേണ്ടിവന്നു. തോട്ടത്തിലൂടെ കാനത്തിന്റെ കാഹളം കേള്‍ക്കുന്ന ഭാഗത്തേക്ക് നടന്നു. റബ്ബര്‍ തോട്ടത്തിന്റെ അരമതില്‍ തുള്ളി കടന്ന് കവുങ്ങിന്‍ തോട്ടത്തിലേക്ക്. അവിടെ നിന്നുതന്നെ പാറക്കൂട്ടങ്ങളുടെ മേല്‍ തെന്നിപായുന്ന ഓളങ്ങള്‍ കണ്ടു തുടങ്ങി. ഒരാള്‍ക്ക് മാത്രം നടന്നുനീങ്ങാവുന്ന ഒറ്റയടിപാത അരുവിയുടെ ഭിത്തിയുടെ അരികിലൂടെയാണ്. വളഞ്ഞും പുളഞ്ഞു കിടക്കുന്ന ആ വഴിയില്‍ വഴുക്കലിന്റെ രൂപത്തില്‍ അപകടം പതിയിരിക്കുന്നുണ്ട്. മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ ഓരോ കാലടിയിലും ശ്രദ്ധയോടെയാണ് നീങ്ങിയത്.  പാറക്കൂട്ടങ്ങളില്‍ വെള്ളം തുള്ളിതെറിക്കുന്നതിന്റെ ശബ്ദം അരികെ അരികെയെത്തി.

മഴക്കാലമായതിനാല്‍ വഴിയാകെ കാടുമൂടിയിട്ടുണ്ട്. വഴിയ്ക്ക്  മരങ്ങള്‍ കുറുകെ പൊട്ടിവീണിരിക്കുന്നു. എന്നാല്‍ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ അതൊന്നും തടസമായിരുന്നില്ല. കാനത്തിലേക്കിറങ്ങാനുള്ള ഇടവഴി തെളിഞ്ഞു. കാട്ടുപടര്‍പ്പുകളെ വകഞ്ഞുമാറ്റി താഴേക്കിറങ്ങി, ദാ പാലരുവി കണ്‍മുന്നില്‍. ഒരു കന്യാവനത്തിന് നടുവിലെ അരുവി എന്ന് ഒറ്റവാക്കില്‍ കാനത്തെ വിശേഷിപ്പിക്കാം. ചുറ്റും ഇരുട്ടാണ്. പാറക്കൂട്ടങ്ങളിലൂടെ ഒഴുകി വന്ന അരുവി തട്ടിതടഞ്ഞ് താഴേക്ക് ചാടുന്ന ഭാഗത്ത് മാത്രം സൂര്യപ്രകാശം പതിക്കുന്നു. അവിടെ മാത്രം ഏതോ പ്രകാശവലയം. വെള്ളം അതിന്റെ നാഥനെ കണ്ടപ്പോലെ, കണ്ണാടിചില്ലുതോല്‍ക്കുന്ന തെളിച്ചം. മേല്‍ത്തലപ്പോളം പടര്‍ന്നുകിടക്കുന്ന വള്ളിച്ചെടികള്‍ വേരുകള്‍ നീര്‍ച്ചാലിലേക്ക് നീട്ടിവച്ചിരിക്കുന്നു. കാനത്തിന്റെ ആഴംകൂടിയതിനാല്‍ ഇറങ്ങരുതെന്ന നിര്‍ദ്ദേശം എഴുതിവച്ചിട്ടുണ്ട്.

അപൂര്‍വമായ സസ്യങ്ങളുടെയും ശുദ്ധജല മത്സ്യങ്ങളുടെയും കലവറയാണ് കാനായി കാനം. ഹൈഡ്രില്ലാ, റൊറ്റാലല, വാലിസ്നേരിയ, ഐസേറ്റസ് കോറമാന്‍ഡാലിയ തുടങ്ങിയ അപൂര്‍വ സസ്യങ്ങളെ കാനത്തിന്റെ സമീപപ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.  ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് സഞ്ചാരികള്‍ക്ക് ഏറ്റവും അനുയോജ്യമായ സീസണ്‍. കണ്ണടച്ച് കാനത്തിന്റെ മടിത്തട്ടിലെ ഉരുളന്‍ കല്ലുകളിലൊന്നില്‍ ഇരുന്നു. വെള്ളച്ചാട്ടത്തിന്റെയും മുന്നോട്ടുള്ള അരുവിയുടെ കുതിപ്പിന്റെയും ശബ്ദം ഉയര്‍ന്നുകേള്‍ക്കാം. മരങ്ങളിലും മണ്ണിലും നീര്‍ച്ചാലിലും പെയ്യുന്ന മഴ, പക്ഷികളുടെയും ഒരുപാട് ചെറുജീവികളുടെയും നാദം.. അങ്ങനെ ചുറ്റും കേട്ടതെല്ലാം പ്രകൃതിയുടെ താളമായിരുന്നു. കാതുകൊണ്ടല്ല ഹൃദയം കൊണ്ട് തന്നെ കാനത്തെ തൊട്ടു .

കൈയെത്തും ദൂരെ ഹരിതീര്‍ത്ഥക്കര...........

കാനായി കാനത്തില്‍ നിന്ന് ഏച്ചിലാംവയലിലേക്ക് ദൂരം അഞ്ച് കിലോമീറ്ററാണ്. മഴയോട് കിന്നാരം പറഞ്ഞ് കാര്‍ കുതിച്ചപ്പോള്‍ ആ ദൂരം ചെറുതായി. ചെന്ന് മുട്ടുക പയ്യന്നൂര്‍-ചെറുപുഴ റോഡില്‍, അതുവഴി പത്ത് കിലോമീറ്റര്‍ ചൂരലിലേക്ക്. ചൂരല്‍ ടൗണ്‍ കഴിഞ്ഞാല്‍ ഇടത്തേക്കുള്ള പോക്കറ്റ് റോഡിലൂടെ രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരികിലെത്താം. ചെങ്കല്‍ പ്രദേശമാണ്. ടാറിട്ട റോഡില്‍ നിന്ന് കാര്‍ മെല്ലെ ചെമ്മണ്‍ പാതയിലേക്ക് ഇറങ്ങി. ചെറിയ സമയത്തേക്ക് ഓഫ്റോഡ് അനുഭവം. മഴക്കാലം ചെങ്കല്‍പ്പാറകളില്‍ സമ്മാനിക്കുന്ന നീര്‍ച്ചാലുകള്‍ റോഡിന് കുറുകെ തന്നെ ഒഴുകുന്നുണ്ട്. ചെമണ്‍പാതയില്‍ നിന്ന് കാര്‍ വീണ്ടും ടാറിട്ട റോഡിലേക്ക് കയറി. ഇനി കുത്തനെയുള്ള ഇറക്കമാണ്.  ഒരുവശം റബ്ബര്‍ തോട്ടവും മറുവശത്ത് വീടുകളും കാണാം. ഇറക്കത്തിന്റെ അവസാനമാണ് കാഴ്ചയുടെ സ്വര്‍ഗം. അരിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് കൊലുസിട്ട സുന്ദരിയാണ്. പേര് ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടം.

ഉത്തരകേരളത്തിലെ പ്രാദേശിക ടൂറിസം ഭൂപടത്തിലെ പ്രധാന ഡെസ്റ്റിനേഷനായി ഇതിനോടകം ഇവിടം മാറികഴിഞ്ഞു. കാര്‍ നിര്‍ത്തി അഞ്ച് മിനുട്ട് ദൂരം കാല്‍നടയാത്ര. കല്‍പടവുകള്‍ കാണുന്നിടമാണ് കാഴ്ചകളുടെ കവാടം. കല്‍പടവുകളിറങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്നെ വെള്ളച്ചാട്ടം കണ്‍മുന്നിലെത്തി തുടങ്ങി. മഴക്കാലമായതിനാല്‍ എല്ലാ രൗദ്രഭാവത്തോടും കൂടി കുതിച്ചുചാടുകയാണ് നമ്മുടെ സൂപ്പര്‍ ഹീറോ. മറ്റുള്ള വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കുറവാണ് എന്നതാണ് സഞ്ചാരികളെ ഹരിതീര്‍ത്ഥക്കരയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകം. വെള്ളച്ചാട്ടത്തെ അതിന്റെ എല്ലാ ഭാഗത്തുനിന്ന് സഞ്ചാരികള്‍ക്ക് ഒപ്പിയെടുക്കാനുമാകാം. മുകള്‍ ഭാഗത്തേക്ക് കയറാനും അരുവിയുടെ പിന്‍വഴിയിലൂടെ നടക്കാനും സൗകര്യമുണ്ട്. എല്ലാ വഴികളിലൂടെയും ഹരിതീര്‍ത്ഥക്കരയെ നുകര്‍ന്നു.

ശുദ്ധജലമത്സ്യങ്ങളുടെ കേന്ദ്രമാണ് അരുവി. വെള്ളച്ചാട്ടത്തിനടിഭാഗത്തേക്ക് സുരക്ഷിതമായി ഇറങ്ങി നില്‍ക്കാം. എന്നാല്‍ പെരുമഴക്കാലത്ത് ഈയൊരു സാഹസത്തിന് മുതിരാതിരിക്കുന്നതാണ് നല്ലതെന്ന് മനസ്സ് പറഞ്ഞു. വെളിച്ചംതോട്, വെള്ളരിക്കാപ്പെട്ടി എന്നിവിടങ്ങളിലെ ചെങ്കല്‍കുന്നുകളില്‍ നിന്നാണ് ഹരിതീര്‍ത്ഥക്കര വെള്ളച്ചാട്ടത്തിലേക്കുള്ള അരുവി ഉത്ഭവിക്കുന്നത്. വഴിനീളെ പതിഞ്ഞ താളത്തില്‍ ഒഴുകി നീങ്ങുന്ന അരുവി ഇവിടെയെത്തുമ്പോള്‍ അതിന്റെ ഏഴഴകും വിടര്‍ത്തുന്നു. പിന്നെ വയലേലകള്‍ക്കും കവുങ്ങിന്‍ തോപ്പുകള്‍ക്കും ഇടയിലൂടെ ഒഴുകി ഒഴുകി പെരുമ്പ പുഴയുടെ മടിത്തട്ടിലേക്ക് പതിക്കും. ജൂണ്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളാണ് ഹരിതീര്‍ത്ഥക്കരയിലേക്കെത്താന്‍ സഞ്ചാരികള്‍ക്ക് ഏറ്റവും അനുയോജ്യമായ സീസണ്‍. വേനല്‍ക്കാലമായാല്‍ കുന്നുകളിലെ ഉറവ വറ്റുന്നതിനാല്‍ വെള്ളച്ചാട്ടവും മെലിഞ്ഞുണങ്ങും. മഴക്കാലത്തെ കാഴ്ചയേക്കാള്‍ സുന്ദരമായ ഹരിതതീര്‍ത്ഥക്കര വേറെയില്ലെന്നുറപ്പിക്കാം. ഇളംമഴ പെയ്തിറങ്ങുന്നുണ്ട്, കുട ചൂടി അല്‍പനേരം തീരത്തിരുന്നു. അരുവി പാലരുവിയായി പാറക്കെട്ടുകളിലൂടെ മുന്നിലേക്ക് തുള്ളി തുള്ളി പായുകയാണ്. ഗ്രാമപ്രദേശമായതിനാല്‍ നിശബ്ദമാണ് അന്തരീക്ഷം. പറ്റാവുന്ന എല്ലാ ആംഗിളുകളിലും ഹരിതീര്‍ത്ഥക്കരയെ ക്യാമറയിലാക്കാന്‍ ഫോട്ടോഗ്രാഫര്‍ ശ്രമിച്ചു, ഒപ്പം എന്റെ മനസ്സും.

അടുത്ത വരവുവരെ ഓര്‍മിക്കാനുള്ളതെല്ലാം ഹൃദയത്തില്‍ ഫ്രെയിം ചെയ്തു വച്ചു, കല്‍പടവുകള്‍ തിരിച്ചുകയറി. പിറകില്‍ മാടിവിളിച്ചുകൊണ്ടേയിരിക്കുന്നുണ്ട് ഹരിതീര്‍ത്ഥക്കരയുടെ സംഗീതം. ഗ്രാമത്തിന്റെ വിശുദ്ധിയില്‍ മയങ്ങുന്ന കൊലുസിട്ട സുന്ദരി വീണ്ടും, വരാം, കാണാം.