
തൃശ്ശൂരിൽ ദേശീയപാത വഴി പോകുന്ന യാത്രക്കാർ പുഴയ്ക്കലില്‍ എത്തുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ റോഡരികിൽ ഒരുകുഞ്ഞ് ഉന്തുവണ്ടിയും അതിൽ പ്രവർത്തിക്കുന്ന ചായക്കടയും കാണാം. വെറും ചായക്കടയെന്നുകരുതി തള്ളിക്കളയേണ്ട. നിധിൻ മാളിയേക്കൽ എന്ന ചെറുപ്പക്കാരന്റെ സ്വപ്നങ്ങളിലേക്കുള്ള ഒരു പടിയാണത്. നിധിന് ഒരു ആഗ്രഹമുണ്ട്. പ്ലസ് ടു കാലം മുതൽ ഉള്ളിലൊളിപ്പിച്ച്, ഊതിയൂതി കനൽ പോലെയാക്കിയെടുത്ത ആ സ്വപ്നത്തിന് പേര് എവറസ്റ്റ് കൊടുമുടിയെന്നാണ്. മൗണ്ടനീയറിംഗ് പഠിക്കണം, ശേഷം എവറസ്റ്റ് കൊടുമുടി കീഴടക്കണം. അതിനുള്ള പണം കണ്ടെത്താനാണ് ഈ ആമ്പല്ലൂരുകാരൻ ദേശീയപാതയോരത്ത് ചായക്കച്ചവടം തുടങ്ങിയത്. 2021-ജനുവരിയിൽ ലോക്ക്ഡൗൺ കാലത്ത് പഴയ ഹെർക്കുലീസ് സൈക്കിളിൽ കശ്മീരിലേക്കും കഴിഞ്ഞവർഷം ലോകത്തെ ഏറ്റവും ഉയർന്ന സഞ്ചാരയോഗ്യമായ പാതയായ ഉംലിങ് ലായിലേക്കും യാത്രചെയ്ത അനുഭവമുണ്ട് നിധിന്. ഇതിൽ ചായ വിറ്റുകൊണ്ട് നടത്തിയ കശ്മീർ യാത്ര ശ്രദ്ധയിൽപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര രണ്ടുവേദികളിൽ നിധിന്റെ പേരെടുത്ത് പറഞ്ഞു. സംവിധായകൻ ജീത്തു ജോസഫ് കൂമൻ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാക്കി. അങ്ങനെ പല കഥകളും പറയാനുണ്ട് നിധിന്. ആ കഥ ഈ ചെറുപ്പക്കാരൻ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.
ചായ വിറ്റുകൊണ്ടുള്ള കശ്മീർ യാത്രയ്ക്ക് ശേഷം...
കൂമൻ എന്ന ചിത്രത്തിൽ ജീത്തു ജോസഫ് സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കാൻ കഴിഞ്ഞു. ആ ചിത്രത്തിൽ ആസിഫ് അലിയോടൊത്ത് ഒരു ചെറിയ സീനിൽ മുഖം കാണിക്കാനുംപറ്റി. കൂമൻ എന്ന ചിത്രത്തിൽ എത്താൻ കാരണം എന്റെ യാത്രയെക്കുറിച്ചുള്ള ചില വീഡിയോകൾ ജീത്തു ജോസഫ് സാർ കാണുകയും എന്നെക്കുറിച്ചന്വേഷിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിടുകയുമൊക്കെ ചെയ്തിരുന്നു. ആ സമയത്ത് എനിക്ക് ഒരുപാട് ഫോൺകോളുകൾ വരുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ ജീത്തു ജോസഫ് സാറിന്റെ വിളിയും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ ഉള്ള ആഗ്രഹമായിരുന്നു സിനിമ. സംവിധാനം ഇഷ്ടമുള്ള കാര്യമാണ്. യാത്രകൾ ചെയ്യാൻതന്നെ കാരണം സിനിമയോടുള്ള ഇഷ്ടമാണ്. യാത്രകൾ ചെയ്യുമ്പോൾ നമുക്ക് ഒരുപാട് അനുഭവങ്ങളുണ്ടാകും. പുതിയ ആളുകളെ പരിചയപ്പെടാം. എന്റെ ആഗ്രഹത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പായിരുന്നു ആ കശ്മീർ യാത്ര. അതിനുശേഷം ഡാൻസ് പാർട്ടി എന്ന ചിത്രത്തിലും അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു. ആ സിനിമ ഉടൻ ഇറങ്ങും. പിന്നെ സഫാരി ചാനലിലെ ഒരു പ്രോഗ്രാമിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവെയ്ക്കാൻ സാധിച്ചു.

പ്ലസ് ടുവിന് പഠിക്കുമ്പോഴേ എവറസ്റ്റ് മനസ്സിലുണ്ട്
സാഹസിക വിനോദങ്ങളോട് പണ്ടേ താത്പര്യമുണ്ട്. പ്ലസ് ടുവിന് പഠിക്കുമ്പോൾത്തന്നെ മനസിലുണ്ടായിരുന്ന ചിത്രമാണ് എവറസ്റ്റിന്റേത്. പക്ഷേ എങ്ങനെ പോവും? എവിടെ നിന്ന് പോവും? എത്ര രൂപ വേണ്ടിവരും എന്നൊന്നും അറിയില്ലായിരുന്നു. എങ്കിലും ജീവിതത്തിൽ എപ്പോഴെങ്കിലും എവറസ്റ്റ് കീഴടക്കണമെന്നുണ്ടായിരുന്നു. കശ്മീർ യാത്ര കഴിഞ്ഞുവന്നപ്പോഴാണ് എവറസ്റ്റ് കീഴടക്കാൻ പറ്റും എന്നുള്ള ആത്മവിശ്വാസം വരുന്നത്. ആ യാത്രയ്ക്ക് ശേഷമാണ് എവറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതലായി അന്വേഷിക്കാൻ തുടങ്ങിയത്. 2022-ൽ കൂമൻ ചിത്രീകരണം കഴിഞ്ഞ ശേഷം ഉംലിങ് ലാ പാസ് യാത്ര നടത്തിയിരുന്നു. നിലവിൽ ലോകത്തിൽ സഞ്ചാരയോഗ്യമായ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റോഡാണത്. ആ പഴയ സൈക്കിളിൽത്തന്നെയായിരുന്നു യാത്ര. 2022 ഓഗസ്റ്റ് 15-ന് ഞാൻ ഉംലിങ്ങിന് മുകളിലായിരുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിനേക്കാളും ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. എവറസ്റ്റ് എന്നെക്കൊണ്ട് പറ്റുമോ എന്ന് ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ആ യാത്ര. അത്രയും പഴയ സൈക്കിളിൽ അവിടെയെത്തുന്ന ആദ്യത്തെയാൾ ചിലപ്പോൾ ഞാനായിരിക്കും.
ഉംലിങ് ലായിലെ സൈനിക ക്യാമ്പിൽ
ഇന്ത്യ-ചൈന അതിർത്തിയിലുള്ള ഒരു ഭാഗമാണവിടം. ഇന്ത്യൻ ആര്‍മിക്കുമാത്രം പ്രവേശനമുള്ള ഒരിടമായിരുന്നു അത്. സാധാരണക്കാർക്ക് അങ്ങനെ അവിടേക്ക് പോവാനാവില്ല. ചൈന അതിർത്തിയിലേക്ക് ഇന്ത്യൻ സൈന്യത്തിന് പോവാനായി അവിടത്തെ ബോർഡർ റോഡ് ഓർഗനൈസേഷൻ (ബി.ആർ.ഒ) നിർമിച്ച റോഡാണത്. അത്രയും ഉയരത്തിലുള്ള റോഡായതുകൊണ്ടുതന്നെ ഗിന്നസ് ബുക്കിലും ഈ റോഡ് ഇടംപിടിച്ചു. ഒരുപാട് സ്ഥലങ്ങൾ വിജനമായിരുന്നു. വിനോദസഞ്ചാരികൾക്കൊന്നും അവിടേക്ക് പ്രവേശനമില്ല. ബൈക്കർമാരാണ് പിന്നെയും അവിടേക്ക് വരുന്നവർ. പക്ഷേ ഷെഡ്യൂൾ അനുസരിച്ചായിരിക്കും അവരും പോകുന്നത്. എനിക്ക് പല സ്ഥലങ്ങളിലും ഒറ്റയ്ക്ക് ക്യാമ്പ് ചെയ്യേണ്ടിവന്നിട്ടുണ്ട്. ഒരിക്കൽ കുറച്ച് സൈനികരുമായി കണ്ടുമുട്ടി. ആ സമയത്താണെങ്കിൽ ഞാൻ ഭക്ഷണമൊന്നും കഴിക്കാതിരിക്കുകയായിരുന്നു. കാരണം ആ ഭാഗത്ത് കടകളോ വൈദ്യുതിയോ ഉണ്ടായിരുന്നില്ല. എനിക്ക് അവർ ഭക്ഷണം തന്നു. അക്കൂട്ടത്തിൽ തമിഴ്‌നാട്ടുകാരനായ ഒരു സൈനികനുമായി ഇപ്പോഴും ബന്ധമുണ്ട്. നാട്ടിൽനിന്ന് പുറപ്പെട്ട് 20 ദിവസത്തോളമായി വീടുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. ആ സൈനികർ എന്നെ അവരുടെ ക്യാമ്പിലേക്ക് കൊണ്ടുപോയി വീട്ടിലേക്ക് വിളിച്ച് സംസാരിക്കാനുള്ള സംവിധാനം ഒരുക്കിത്തന്നു. യാത്രയ്ക്കിടെ ഭക്ഷണമുണ്ടാക്കാനുള്ള പച്ചക്കറികളും ബിസ്‌ക്കറ്റുകളും പഞ്ചസാരയുമെല്ലാം അവരാണ് തന്നുവിട്ടത്. ആ പ്രദേശത്ത് ഏകദേശം 45 ദിവസം ഉണ്ടായിരുന്നു.
ഹൈ ആൾട്ടിറ്റിയൂഡ് ഏരിയയിൽ സൈക്കിളുമായി...
ഹൈ ആൾട്ടിറ്റിയൂഡ് ഏരിയ ആയതിനാൽ സൈക്കിൾ ചവിട്ടുന്നതൊക്കെ അപ്രാപ്യമായിരുന്നു. പിന്നെ ചെയ്യാനാവുന്നത് സൈക്കിൾ ഉന്തിക്കയറ്റുക എന്നതാണ്. ഒരുദിവസം രാവിലെ എട്ടുമണിക്ക് യാത്ര തുടങ്ങിയാൽ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് യാത്ര നിർത്തും. കാരണം അവിടെ കാലാവസ്ഥ അപ്രവചനീയമാണ്. വിചാരിക്കാത്ത സമയത്തായിരിക്കും ആലിപ്പഴം പെയ്യുക. ഇവിടത്തേപ്പോലെയല്ല, കുറച്ചുകൂടി കട്ടിയുണ്ടാവും. അതുകൊണ്ട് രാവിലെ കുറച്ചുനേരത്തെ ഇറങ്ങണം. ഉച്ച മുതലേ കാലാവസ്ഥ മോശമാവും. മുകളിലേക്കുള്ള യാത്രയിൽ റോഡരികിൽ എവിടെയെങ്കിലും സൈക്കിൾ വെച്ചിട്ട് മുകളിലേക്ക് നടക്കും. എന്നിട്ട് കുറച്ചുദൂരം പോയി ഏതെങ്കിലും സൈനിക വണ്ടിയൊക്കെ കൈകാണിച്ച് നിർത്തി വീണ്ടും താഴേക്ക് വരും. ആർമി ഉദ്യോഗസ്ഥർ മാത്രം പോകുന്ന വഴിയായതിനാൽ കള്ളന്മാരെ പേടിക്കേണ്ടായിരുന്നു. താഴെ ഒരു നദിക്കരയിലാണ് ടെന്റ് അടിച്ചത്. രാത്രി കിടന്നുറങ്ങി നേരം വെളുക്കുമ്പോൾ നേരത്തെ എഴുന്നേൽക്കും. അന്നത്തേക്കുള്ള ഭക്ഷണമുണ്ടാക്കി പുറത്തിറങ്ങും. സൈനിക വാഹനം ഏതെങ്കിലും വരുമ്പോൾ കൈകാണിച്ച് അതിൽക്കയറി തലേന്ന് സൈക്കിൾ വെച്ച സ്ഥലത്തേക്ക് പോകും. എന്നിട്ട് സൈക്കിളും ഉന്തി അടുത്ത സ്ഥലത്തേക്ക് പോകും. ഓക്‌സിജൻ കുറവായതിനാൽ ഒറ്റയടിക്ക് മുകളിലേക്ക് പോകാൻ പറ്റില്ല. മുകളിലേക്ക് വേണമെങ്കിൽ ടെന്റ്കൊണ്ടുപോകാം. പക്ഷേ ഭക്ഷണം പാകംചെയ്യാനും മറ്റും വെള്ളം ഉള്ള സ്ഥലം വേണമായിരുന്നു. അതുകൊണ്ട് പതിനഞ്ച് കിലോമീറ്ററോളം താഴെ നദിക്കരയിലായിരുന്നു ടെന്റ് കെട്ടിയിരുന്നത്.
മൗണ്ടനീയറിംഗ് കോഴ്‌സ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്
ഈ യാത്ര കഴിഞ്ഞ് കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് തിരിച്ചുവന്നത്. നാട്ടിലെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും അടുത്ത യാത്രയെക്കുറിച്ചുള്ള ചിന്തകൾ വന്നു. കുറച്ച് ഫണ്ടുണ്ടാക്കണമായിരുന്നു. എന്തെങ്കിലും തുടങ്ങണമെന്നുണ്ടായിരുന്നു. ചായക്കട എന്ന ചിന്തയൊന്നും അപ്പോഴുണ്ടായിരുന്നില്ല. കൂമനിൽ പ്രവർത്തിച്ചതിന്റെ പ്രതിഫലമായി 25,000 രൂപയാണ് കിട്ടിയത്. കുറച്ച് വീട്ടിൽക്കൊടുത്തു. അങ്ങനെ ആലോചിച്ച് ചായക്കട എന്ന ആശയത്തിലെത്തി. വീട്ടിൽക്കൊടുത്തതിന്റെ ബാക്കി കാശുവെച്ചാണ് ഉന്തുവണ്ടിയും ചായക്കടയിലേക്ക് വേണ്ട അവശ്യസാധനങ്ങളും വാങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷോപ്പ് തുടങ്ങിയത്. അന്നൊന്നും എന്തിനാണ് ശരിക്കും ചായക്കട തുടങ്ങിയതെന്ന് ആരോടും പറഞ്ഞില്ലായിരുന്നു. കാഞ്ചൻജംഗ കീഴടക്കണമെന്നാണ് ആദ്യം വിചാരിച്ചത്. അവിടേക്ക് പോകാൻതന്നെ മൂന്ന് നാലു ലക്ഷം രൂപ ചെലവാകും. എവറസ്റ്റിന് തന്നെ 35 ലക്ഷം രൂപയോളം വരും. അങ്ങനെ എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഷേഖ് ഹസൻ എന്നയാളെ ബന്ധപ്പെടുന്നത്. നിലവിൽ എവറസ്റ്റ് കീഴടക്കിയ പ്രായം കുറഞ്ഞ മലയാളിയാണ് അദ്ദേഹം. അദ്ദേഹം കുറച്ച് മാർഗനിർദേശങ്ങൾ തന്നു. ഡാർജിലിംഗിലെ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിൽ കൊടുമുടി കയറ്റവുമായി ബന്ധപ്പെട്ട കോഴ്‌സുകളുണ്ടെന്ന് അദ്ദേഹമാണ് പറഞ്ഞുതന്നത്. ഉത്തരകാശിയിലൊക്കെ ഇത്തരം കാര്യങ്ങളുടെ അടിസ്ഥാനം പഠിപ്പിക്കുന്ന കോഴ്‌സുകളുണ്ട്. പക്ഷേ ഡാർജിലിംഗിലേത് സർക്കാർ സ്ഥാപനമാണ്, അവിടെ അനുഭവസമ്പത്തുള്ള ആളുകളുണ്ട്. അത് പഠിച്ചാലാണ് നമ്മളെക്കൊണ്ട് പറ്റുന്ന പണിയാണോ ഇതെന്ന് മനസിലാവൂ. നെഹ്രു ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിച്ചാൽ രണ്ടോ മൂന്നോ വർഷം കഴിഞ്ഞാലോ അഡ്മിഷൻ കിട്ടൂ. 24,000 രൂപയാണ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് കൊടുക്കേണ്ടത്. 28 ദിവസത്തെ കോഴ്‌സാണ്. അത് നടക്കുമോ എന്ന് നോക്കിയപ്പോഴാണ് ബേസിക്ക് മൗണ്ടനീയറിംഗ് കോഴ്‌സ് പഹൽഗാമിലുണ്ടെന്ന് അറിഞ്ഞത്. 2024 മേയ് മാസത്തിൽ അവിടെ ക്ലാസ് തുടങ്ങും. അവിടെ ജോയിൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.
ചായക്കടയിൽ വരുന്ന പലരും തിരിച്ചറിയുന്നുണ്ട്
പുഴയ്ക്കലിൽ ഹൈവേയുടെ അരികിൽത്തന്നെയാണ് കട ഇട്ടിരിക്കുന്നത്. പലഹാരങ്ങളൊക്കെ വീട്ടിൽത്തന്നെയാണ് ഉണ്ടാക്കുന്നത്. അമ്മ തന്നെയാണ് ഉണ്ടാക്കാറ്. മൂന്നുമണിയാവുമ്പോൾ വീട്ടിൽ നിന്നിറങ്ങും. നാലുമണിയാവുമ്പോൾ കട തുറക്കും. രാത്രി പത്തരയൊക്കെയാവുമ്പോൾ അടയ്ക്കും. ശുചീകരണമൊക്കെ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി കിടക്കുമ്പോഴേക്കും പന്ത്രണ്ടുമണിയൊക്കെ കഴിയും. ഒരുപാടുപേർ വരാറുണ്ട്. പലരും അന്വേഷിച്ചാണ് വരാറ്. വരുന്നവർ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ട്.
സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ തന്ന ഊർജം
ഒരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വെച്ചാണ് സന്തോഷ് ജോര്‍ജ് കുളങ്ങര സാര്‍ എന്നെക്കുറിച്ച് സംസാരിക്കുന്നത്. ആ വീഡിയോ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. ആരോ ഒരാൾ ആ വീഡിയോയുടെ ലിങ്ക് അയച്ചുതരികയായിരുന്നു. ഭയങ്കര സന്തോഷമായി. സഫാരി ചാനലിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. പക്ഷേ സന്തോഷ് സാറിനെ കാണാൻ പറ്റിയിരുന്നില്ല. കാരണം ആ സമയത്താണ് അദ്ദേഹം ആശുപത്രിയിലായത്. എന്നെങ്കിലും അദ്ദേഹത്തെ കാണാൻ പറ്റുമെന്ന് വിചാരിച്ചിരുന്നു. രണ്ട് സ്ഥലത്താണ് അദ്ദേഹം എന്നെക്കുറിച്ച് സംസാരിച്ചത്. എന്നെപ്പോലൊരാൾ ഇവിടെയുണ്ടെന്ന് അദ്ദേഹത്തേപ്പോലൊരാൾ മനസിലാക്കിയത് ഏറ്റവുംവലിയ സന്തോഷമാണ്. അദ്ദഹത്തെപ്പോലെ ലോകംകണ്ട വേറൊരാളില്ല. പിന്നെ ജീത്തു സാർ അടുത്തയാത്രയേക്കുറിച്ച് മുമ്പ് ചോദിച്ചിട്ടുണ്ട്. നടൻ ആസിഫ് അലിയും കൂമന്റെ സെറ്റിൽവെച്ച് യാത്രകളെക്കുറിച്ച്ചോദിക്കുമായിരുന്നു. കൂമനിൽ ജാഫർ ഇടുക്കി സാർ ഒരു വേഷത്തിലുണ്ട്. പുള്ളി അമ്പിളി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 'നീ അമ്പിളി കണ്ടിട്ടല്ലേ പോയത്' എന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട്. അന്നൊന്നും പക്ഷേ ഈ എവറസ്റ്റിന്റെ കാര്യം അത്രയ്ക്കങ്ങോട്ട് ചിന്തയിലില്ല. ഷോപ്പ് തുടങ്ങിയ ശേഷമാണ് അത് ഒന്ന് ശക്തമായത്.
ആഗ്രഹിച്ചുവാങ്ങിയ ക്യാമറ വിറ്റിട്ടായിരുന്നു ആദ്യ സൈക്കിൾ യാത്ര
2019-ൽ തൃശ്ശൂർ ഒല്ലൂരിൽ ഒരു റെസ്‌റ്റോറന്റിൽ ജോലി ചെയ്തിരുന്നു. അവിടെ ചായയും ജ്യൂസും ഉണ്ടാക്കുന്നതായിരുന്നു ജോലി. അതിൽ നിന്ന് കിട്ടിയ പണം മിച്ചംപിടിച്ചാണ് സോണിയുടെ ഒരു സൈബർഷോട്ട് ക്യാമറ വാങ്ങിയത്. അതുവാങ്ങി രണ്ടാഴ്ചയൊക്കെ കഴിഞ്ഞപ്പോഴാണ് ആദ്യത്തെ ലോക്ക്ഡൗൺ വരുന്നത്. പതിനഞ്ച് ദിവസം എന്നുപറഞ്ഞാണ് റെസ്റ്റോറന്റുകളൊക്കെ അടച്ചത്. പിന്നെ എല്ലാ സ്ഥാപനങ്ങളും അടിച്ചിടുന്ന അവസ്ഥ വന്നല്ലോ. അതോടെ ജോലിയും പോയി. വേറൊരു ജോലിയും കിട്ടാതെയായി. ആറേഴുമാസം വീട്ടിൽ വെറുതെയിരുന്നപ്പോഴാണ് യാത്ര പോവുന്നതിനെക്കുറിച്ച് ആലോചിച്ചത്. പരിസ്ഥിതി സൗഹൃദമാണെന്നതും വളരെ പതുക്കെ ആസ്വദിച്ച് യാത്ര ചെയ്യാമെന്നതുമായിരുന്നു സൈക്കിൾ തിരഞ്ഞെടുക്കാൻ കാരണം. പുതിയ ഗിയർ സൈക്കിൾ വാങ്ങാൻ പൈസയുണ്ടായിരുന്നില്ല. അങ്ങനെ ആലോചിച്ചപ്പോഴാണ് അനിയന്റെ പഴയ മോഡൽ ഹെർക്കുലീസ് സൈക്കിളിന്റെ കാര്യം ഓർമവന്നത്. മോശം അവസ്ഥയിൽക്കിടന്ന ആ സൈക്കിൾ നന്നാക്കാനും യാത്രയ്ക്കിടയിൽ ചായയുണ്ടാക്കി വിൽക്കാനുമുള്ള സാധന സാമഗ്രികൾ വാങ്ങാനും ഒരേയൊരു വഴി ക്യാമറ വിൽക്കുക എന്നതായിരുന്നു. അങ്ങനെ 2021 ജനുവരി ഒന്നിന് സൈക്കിളുമെടുത്ത് വീട്ടിൽ നിന്നിറങ്ങി.

ഹരിയാണയിലെ കർഷകസമരം കണ്ടു
ഹരിയാണ അതിർത്തിയിലെത്തിയപ്പോഴാണ് കർഷകസമരം കണ്ടത്. റോഡിൽത്തന്നെയാണ് കർഷകർ കുടിൽകെട്ടി താമസിച്ചിരുന്നത്. അവർക്കിടയിലൂടെ സൈക്കിൾ ചവിട്ടി പോവുമ്പോഴുണ്ട് എവിടെ നിന്നോ മൈക്കിലൂടെ ആരോ മലയാളത്തിൽ കവിത ചൊല്ലുന്നത് കേൾക്കുന്നു. അന്വേഷിച്ച് പോയി അവരെ കണ്ടുപിടിച്ചു. കണ്ണൂരിൽ നിന്നുള്ള സംഘമായിരുന്നു അത്. അന്നുരാത്രി അവർക്കൊപ്പമായിരുന്നു താമസിച്ചത്. രണ്ടുദിവസങ്ങൾക്കുള്ളിൽ പഞ്ചാബ് ഹരിയാണ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കണ്ടു. പല സ്ഥലങ്ങളിൽ നിന്ന് വന്ന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമരത്തിനൊപ്പംചേർന്ന കർഷകരെ കണ്ടു. ഒരു മലയാളിതന്നെയാണ് സമരത്തെക്കുറിച്ച് പറഞ്ഞുതന്നത്.
എല്ലാ നെഗറ്റീവിനുമപ്പുറം ഒരു പോസിറ്റീവ് ഉണ്ടാവും
പോസിറ്റീവ് ചിന്ത എപ്പോഴുമുണ്ട്. എല്ലാവർക്കും എല്ലായ്‌പ്പോഴും ഒരേപോലെ ആവണമെന്നില്ലല്ലോ. എന്റെ ഭൂതകാലം കുറച്ച് ഡാർക്കായിരുന്നു. എന്നാൽപ്പിന്നെ ഭാവി കുറച്ച് തെളിച്ചമുള്ളതാക്കാമെന്നുവെച്ചു. വെറുതെ നെഗറ്റീവ് മാത്രം ചിന്തിച്ചിരിക്കരുത്. യാത്രയ്ക്കിടയിൽ അന്ന് ആരോഗ്യപരമായും സൈക്കിളുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നിട്ടും ലക്ഷ്യസ്ഥാനത്തെത്തും എന്ന ഉറച്ച തീരുമാനത്തിലാണ് യാത്ര മുന്നോട്ടുകൊണ്ടുപോയത്. നമ്മുടെ ജീവിതം എന്താവണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മവിശ്വാസം യാത്രകൾ വഴി ലഭിച്ചു.
Content Highlights: nidhin maliyekkal's cycle travels, interview with chai selling traveller, nidhin everest summit
Published: 27 Sept 2023, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented