
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു 'ഒരു ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചാല്‍ ഒരു രോഗി മരിച്ചേക്കാം, ഒരു എന്‍ജിനീയര്‍ക്ക് വീഴ്ച്ചവന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്നേക്കാം, എന്നാല്‍ ഒരധ്യാപകന് വീഴ്ചസംഭവിച്ചാല്‍ നശിക്കുന്നതൊരു തലമുറതന്നെയാണ്. തലമുറകളുടെ ഭാവിനിര്‍ണയത്തില്‍ അധ്യാപനത്തിന്റെ സ്ഥാനം പ്രഥമ പ്രധാനമാണ്. അധ്യാപനമെന്നത് കാലാനുസൃതമായി പരിവര്‍ത്തനവിധേയമാകേണ്ട പ്രൊഫഷനുകളിലൊന്നാണ്. മാറുന്ന ചിന്തകള്‍ക്കും ശാസ്ത്ര-സാങ്കേതിക മികവിനും ഉചിതമായ രീതിയിലുള്ള സ്ഥാനം നല്‍കികൊണ്ടുള്ള അധ്യാപന ശൈലിയാണ് പുതിയ തലമുറക്കാവശ്യം.

പരമ്പരാഗത അധ്യാപനരീതികളില്‍ നിന്നും വിദ്യാഭ്യാസ മേഖലയ്ക്ക് ശാപമോക്ഷം ലഭിച്ചിട്ട് കാലമേറെയായെങ്കിലും ഉള്‍വശീശാപം ഉപകാരമായെന്നോണം സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെക്കുറിച്ചു ബൃഹത്തായൊരു പരിജ്ഞാനം ലഭിച്ചത് ഇക്കഴിഞ്ഞുപോയ കോറോണക്കാലത്തു തന്നെയായിരുന്നു എന്നതില്‍ സംശയമില്ല. ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്‌ഫോമുകളും വെര്‍ച്വല്‍ ലേണിങ്ങുമെല്ലാം അരങ്ങുവാണ കാലത്ത് വിദ്യാഭ്യാസവും അധ്യാപനവും ആഗോളവത്ക്കരിക്കപ്പെട്ടു. ചാര്‍ട്ടുകളിലും ഫ്‌ളാഷ്‌കാര്‍ഡുകളിലും ആശയ സംവേദനം നടത്തിയ അധ്യാപകര്‍ അധ്യാപനത്തിനായി നൂതന ആശയങ്ങളുടെ സാങ്കേതികതയെ കൂട്ടുപിടിച്ചു. വിദൂര വിദ്യാഭ്യാസം, ഹോം സ്‌കൂളിംഗ് മുതലായ ആശയങ്ങള്‍ക്കുമിന്ന് പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്‍ വിദ്യാര്‍ഥികളില്‍ സാങ്കേതികതയും മാനവികതയും ഒരേപോലെ ഇന്‍ജെക്ട് ചെയ്യുന്ന പ്രതിഭാസമായി മാറുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവ് അധ്യാപനത്തിന്റെ ദൗത്യം ഏറ്റെടുക്കുമോയെന്നുള്ള ആശങ്കകള്‍ക്കിടയിലും മുന്നിലിരിക്കുന്ന കുഞ്ഞിന്റെ മുഖം നോക്കി മനസ്സുവായിക്കാനുള്ള കഴിവ് നല്ലൊരധ്യാപകന് മാത്രം വശമായിട്ടുള്ള മാജിക്കാണെന്നതാണ് യാഥാര്‍ഥ്യം.
പൂഴിമണലില്‍ ഹരിശ്രീ പകര്‍ത്തിയെഴുതിപ്പഠിച്ച പൂര്‍വികരില്‍ നിന്നും ടച്ച് സ്‌ക്രീനില്‍ ഹരിശ്രീ കുറിക്കുന്ന ന്യൂജന്‍ പിള്ളേരിലേക്കുള്ള കാലത്തിന്റെ ഒഴുക്കിനൊപ്പം അധ്യാപനവും കോലം മാറ്റിത്തന്നെ മുന്നേറുന്നു. പീസ് എഡ്യൂക്കേഷന്‍, സെക്‌സ് എഡ്യൂക്കേഷന്‍, ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം തുടങ്ങിയ മാറ്റങ്ങളുടെ അലയൊലികള്‍ വിദ്യാഭ്യാസമേഖലയില്‍ ചര്‍ച്ചാവിഷയമാകവേ അധ്യാപനവും പെഡഗോഗിയും കരിക്കുലവുമെല്ലാം കൂടുതല്‍ വിദ്യാര്‍ഥീകേന്ദ്രീകൃതമായിമാറി. പഠനമെന്നത് പാഠപുസ്തകങ്ങളിലുള്ളവയെ അപ്പാടെ മനഃപാഠമാക്കുക എന്നരീതിയില്‍ നിന്നും അറിവിന്റെ തേടലും പുനര്‍നിര്‍മ്മാണവുമായി മാറ്റിയെഴുതപ്പെട്ടതോടെ അധ്യാപനത്തില്‍ വിദ്യാര്‍ഥിയുടെ റോള്‍ വര്‍ധിച്ചു. 'ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു' പഠിപ്പിച്ച ചാക്കോ മാഷിനെപ്പോലെ വടിയെടുത്തു തല്ലുന്ന അധ്യാപകനെ ശരിക്കുള്ള അധ്യാപകനാകുന്നുള്ളൂവെന്ന പഴയ പ്രമാണത്തില്‍ നിന്നും വടിയെടുക്കുന്ന അധ്യാപനം അഴിയെണ്ണാനുള്ള അവസരമായി മാറിയ പുതിയ പ്രമാണത്തിലേക്കുള്ള കടന്നുവരവിന്റെ കൂടെകാലഘട്ടമാണിത്. അധ്യാപനം എന്ന സങ്കല്‍പത്തിന്റെ അര്‍ഥവും വ്യാപ്തിയും പലകുറി തിരുത്തിയെഴുതപ്പെട്ടു.
'ഗുരുവും ദൈവവും ഒരുമിച്ചുവന്നാല്‍ ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല,ഗുരുവിനെത്തന്നെ! കാരണം ദൈവത്തെ കുറിച്ച് നമ്മെ പഠിപ്പിച്ചത് ഗുരുവാണല്ലോ.' പതിനഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന കവിയും പണ്ഡിതനുമായിരുന്ന കബീര്‍ദാസ് അധ്യാപകരുടെ പദവിയുടെ മഹത്വത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള വാക്കുകളാണിവ. എന്നാല്‍ ഇന്ന് അധ്യാപകരോടുള്ള വിദ്യാര്‍ഥികളുടെ സമീപനത്തിലും കാതലായ മാറ്റങ്ങള്‍ വന്നു എന്നതിനുദാഹരണമാണ് കാഴ്ചപരിമിതിയുള്ള ഒരധ്യാപകന്‍ ക്ലാസ്മുറിയില്‍ സ്വന്തം വിദ്യാര്‍ഥികളാല്‍ അപമാനിതനായ സംഭവം. 'മാതാ പിതാ ഗുരു ദൈവമെന്നു' പറഞ്ഞു പഠിപ്പിച്ച ആര്‍ഷഭാരത സംസ്‌കാരം തന്നെയാണ് വേറെന്തൊക്കെ നല്‍കിയാലും ശൂദ്രന് വിദ്യാഭ്യാസം മാത്രം നല്‍കരുതെന്ന് പറഞ്ഞതും വേദം ശ്രവിച്ച നീചജാതിക്കാരന്റെ കാതുകളില്‍ ഈയമുരുക്കിയൊഴിച്ചതും ഏകലവ്യന്റെ പെരുവിരല്‍ ദക്ഷിണയാക്കിയതുമെല്ലാം. ഇപ്രകാരമൊരു പുനര്‍ചിന്തനം നടത്തുകയാണെങ്കില്‍ വിദ്യാഭ്യാസ മേഖലയില്‍ തുല്യനീതിയും സമത്വവുമെല്ലാം കടന്നുവന്നത് കൊളോണിയല്‍ കാലഘട്ടത്തിനിപ്പുറമുള്ള കാലയളവിലാണ്. കാലവും ശാസ്ത്രവും എത്രമേല്‍ പുരോഗതി കൈവരിച്ചാലും അധ്യാപനമെന്ന ദൈവികതയുടെ പേരുകെടുത്തുന്ന പ്രവൃത്തികളും നമ്മുടെ ദേശത്തുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതും ആശങ്കാവഹമാണ്.
'ഗുഡ് ടച്ചും ബാഡ് ടച്ചും' പറഞ്ഞുപഠിപ്പിക്കേണ്ട അധ്യാപകര്‍ തന്നെ പലപ്പോഴും കുരുന്നുകളുടെ ഭാവിനുള്ളിയെടുക്കുന്നു. സ്ഥാപിത താല്പര്യങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമെന്നോണം ജനാധിപത്യവും അസമത്വവും ദളിത് പോരാട്ടങ്ങളും പരിണാമ സിദ്ധാന്തവുമുള്‍പ്പെടെ പാഠപുസ്തകങ്ങളില്‍ നിന്നും പുറംതള്ളപ്പെടുമ്പോഴും മിത്തും ശാസ്ത്രവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോഴും ചരിത്രം പലകുറി തിരുത്തിയെഴുതപ്പെടുമ്പോഴുമെല്ലാം ഭരണഘടന അനുശാസിച്ചിട്ടുള്ള ശാസ്ത്രവബോധം പകര്‍ന്നുനല്‍കി പുതിയ തലമുറയെ നേര്‍വഴിക്ക് നയിക്കേണ്ട കടമ ശരിയായ അധ്യാപനത്തിനും അധ്യാപകര്‍ക്കും തന്നെയെന്നത് മറ്റൊരു വസ്തുത. ഇവിടെയെല്ലാം ചിന്തിക്കേണ്ട വസ്തുതയിതാണ് 'മാറേണ്ടത് അധ്യാപനമാണോ അതോ അധ്യാപകന്‍ നിലകൊള്ളുന്ന സാമൂഹിക പരിതഃസ്ഥിതികളാണോ?'
(കേരള സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷനില്‍ എം.എഡ് വിദ്യാര്‍ഥിയാണ് ലേഖകന്‍)
Content Highlights: Teachers'day 2023, teaching, how to teach, teacher and student, Teaching and Learning
Published: 04 Sept 2023, 02:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented