
ബ്രിട്ടന്‍ നിര്‍മിച്ച പഠന സംവിധാനങ്ങളും സ്‌കൂള്‍ രീതികളും ഇന്നും തുടരുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സ്വയം ചിന്തിക്കാനോ ആശയങ്ങള്‍ ഉത്പാദിപ്പിക്കാനോ സഹായിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായം. പ്രജയെ പൗരന്‍ ആക്കേണ്ട ഉത്തവാദിത്വം നടപ്പിലേക്കണ്ട ഇടങ്ങള്‍ ആണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. എന്നാല്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷവും ബ്രിട്ടന്റെ കാലത്തെ അതേ ശീലങ്ങളും അധ്യാപന രീതികളും തന്നെയാണ് നിര്‍ഭാഗ്യവശാല്‍ നാം ഭൂരിഭാഗവും പിന്തുടരുന്നത്. ആ രീതികള്‍ പൊളിച്ചെഴുതിക്കൊണ്ട് പൗരബോധമുള്ള ജനതയെ നിര്‍മിക്കുവാനുള്ള അദ്ധ്യാപന രീതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട് ആദ്യം.
15-20 വര്‍ഷം വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന ഒരു പൗരന് തനിക്ക് ഭരണഘടന നല്‍കുന്ന അവകാശത്തെ പറ്റിയോ ചെയ്യേണ്ട കടമകളേയോ ഉത്തരവാദിത്തത്തെപ്പറ്റിയോ യാതൊരറിവും ലഭിക്കുന്നില്ല. കേവലം ട്രാഫിക്ക് നിയമങ്ങളെ പറ്റിയോ ട്രാഫിക്ക് സിഗ്‌നലുകളെയോ ഒരു ട്രാഫിക്ക് ബോര്‍ഡിന്റെ അര്‍ത്ഥം എന്താണന്നോ പോലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ചുരുക്കി പറഞ്ഞാല്‍ ജീവിക്കാനുള്ള വിദ്യാഭ്യാസത്തിന് പകരം നമുക്ക് കിട്ടുന്നത് ജോലി എടുക്കാനുള്ള പരിശീലനം മാത്രമാണ്. ബ്രിട്ടീഷ് കാലത്തെ പോലെ തന്നെ മാനസിക അടിമത്തം പേറി ഏതെങ്കിലും ഫാക്ടറികളിലോ മള്‍ട്ടിനാഷണല്‍ കമ്പനികളിലോ ജീവിതം തീര്‍ക്കുകയാണ് ഇന്നും നമ്മുടെ ജനത. എത്ര ശാസ്ത്രകാരന്മാരും നോബേല്‍ ജേതാക്കളും രാജ്യത്തുണ്ടാകുന്നുണ്ട് എന്നൊന്ന് ഓര്‍ത്ത് നോക്കൂ?
ഗുരു, ആശാന്‍, മാഷ്, സാര്‍, ടീച്ചര്‍ ഇങ്ങനെ പോകുന്നു അധ്യാപനം നടത്തുന്നവുടെ വിളിപ്പേരുകള്‍. ഗുരു എന്നാല്‍ എല്ലാ വിഷയങ്ങളും അറിയുന്ന ആളാണ് എന്നും ആ ഗുരുവിന്റെ ദയയോ ഔദാര്യമോ ആണ് ശിഷ്യന് കിട്ടുന്ന വിദ്യാഭ്യാസം എന്നതായിരുന്നു പഴയ രീതി. ഗുരുവിന് ഇഷ്ടം ഉള്ളവര്‍ക്ക് മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളു. അത് കൊണ്ട് തന്നെ ഗുരുവിനെ ദൈവ തുല്യനായി കാണുകയും ചെയ്തിരുന്നു. ഏറ്റവും പ്രിയപെട്ട ശിഷ്യന് ഏറ്റവും അമൂല്യമായ അറിവ് കൈമാറിയിരുന്നതിനാല്‍ ഗുരുവിനെ പ്രീതിപ്പെടുത്താന്‍ ശിഷ്യര്‍ പരസ്പരം മത്സരിച്ചു പോന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവോട് കൂടി ഗുരു എന്നത് ഒരു തൊഴില്‍ ആയി മാറുകയും ജീവിത മാര്‍ഗം ആവുകയും ചെയ്തു എങ്കിലും അധ്യാപനം എന്നത് മറ്റു ജോലികളെ അപേക്ഷിച്ച് എന്തോ പ്രത്യേകതയുള്ള ഒന്നായി ബോധനിര്‍മാണം നടത്തുകയുണ്ടായി.

മാതാപിതാ ഗുരു ദൈവം എന്നത് പോലെയുള്ള വാക്യങ്ങള്‍ വരുന്ന ഓരോ തലമുറയിലും കുത്തിവെച്ചുകൊണ്ടേ ഇരിക്കുന്നു നമ്മള്‍. ആശയപരമായി പണ്ട് കാലത്തെ പോലെയുള്ള ഗുരു ശിഷ്യ ബന്ധം പരോക്ഷമായി ഇന്നും തുടരുന്നു. അധ്യാപകന്‍ എന്നാല്‍ ദൈവ തുല്യരാണ് എന്നും വിദ്യാര്‍ത്ഥികള്‍ എന്നും അവരെ അക്ഷരം പ്രതി അനുസരിച്ച് അടിമകളായി തുടരണം എന്നും നാം ഇന്നും വിശ്വക്കുകയും അത് പാലിക്കുകയും ചെയ്യുന്നു. ഇത്തരം ആശയം തുടര്‍ന്ന് പോകുന്ന ഇടങ്ങളില്‍ വിദ്യാഭ്യാസം നേടുന്ന കുട്ടി എങ്ങിനെയാണ് സമത്വവും തുല്യതയും ശീലിക്കുകയും പൗരന്‍ ആവുകയും ചെയ്യുക?.
ഒരിക്കല്‍ ഒരു രണ്ടാം ക്ലാസുകാരന്‍ തനിക്ക് കിട്ടിയ പൈസ കൂട്ടി വെച്ച് ആശിച്ച് മോഹിച്ച്, കലണ്ടര്‍ പുറത്തേക്ക് വരുന്നതരം ഒരു തരം പേന വാങ്ങി. ക്ലാസില്‍ വെച്ച് തന്റെ സുഹൃത്ത് ആ പേന നശിപ്പിച്ചു. പേന കേട്പാട് വരുത്തിയ കുട്ടിയുടെ വീട്ടില്‍ ചെന്ന് ആ കുട്ടി പരാതി പറയുകയും പുതിയ പേന വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിറ്റേ ദിവസം പേന കേട് വരുത്തിയ കുട്ടിയുടെ മാതാവ് സ്‌കൂളില്‍ വരികയും അവരുടെ നിര്‍ദേശ പ്രകാരം ടീച്ചര്‍ പേനയുടെ ഉടമയായ കുട്ടിയെ മറ്റു കുട്ടികള്‍ കാണ്‍കെ കാലില്‍ ശക്തിയായി പലതവണ അടിക്കുകയും ചെയ്തു. അന്ന് തന്റെ ഭാഗത്താണ് ശരിയെങ്കിലും ശരീരം നോവുന്നതോര്‍ത്ത് പലയിടത്തും അവകാശത്തിനായി അവന്‍ ശബ്ദമുയര്‍ത്തിയില്ല. അങ്ങനെ ചെയ്യുന്നത് തെറ്റാണെന്നും അനീതി കണ്ടാല്‍ എതിര്‍ക്കരുതെന്നും, ആള്‍കൂട്ടത്തില്‍ ശരി തെറ്റുകള്‍ മാറിമറിയുമെന്നുമാണ് കുട്ടി മനസിലാക്കിയത്. യാതൊന്നിനോടും പ്രതികരിക്കാതെ ഏതാണ്ട് 25 വയസ്സ് വരെ അന്നത്തെ അടിയുടെ, അപമാനത്തിന്റെ ട്രോമ പേറി അവന്‍ നടന്നു. പിന്നീട് സ്വയം തിരിച്ചറിഞ്ഞ് ഏറെ പണിപ്പെട്ടാണ് ആ ബോധ്യത്തെ അവന്‍ നാടുകടത്തിയത്.
ഒരു അധ്യാപകന്റെ ആശയവും അത് കുട്ടികളില്‍ അടിച്ചേല്‍പിക്കുന്ന രീതിയും എങ്ങിനെയാണ് കുട്ടിയുടെ ജീവിതത്തെ ബാധിക്കുക എന്നതിന് തെളിവാണ് ഈ സംഭവം. കീഴടങ്ങി ജീവിക്കാന്‍ പഠിപ്പിക്കുന്ന സകല അധ്യാപന രീതികളെയും ആശയങ്ങളേയും പൊളിച്ചെഴുതി സമത്വവും തുല്യതാ ബോധവും ജനാധിപതൃ ബോധവും രാഷ്ട്രീയ ആശയങ്ങളും പഠിപ്പിക്കുന്ന ഇടമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പ്രജാ നിര്‍മാണം എന്നതില്‍ നിന്ന് പൗര നിര്‍മാണം എന്നതിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറുകയുള്ളു.
Content Highlights: Teachers'day 2023, teaching, how to teach, teacher and student, Teaching and Learning
Published: 04 Sept 2023, 06:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented