
നീണ്ട രണ്ട് പതിറ്റാണ്ടിനുശേഷം ഇറാഖിൽനിന്ന് യുഎസ് സേന പൂർണമായും പിന്മാറുകയാണ്. ആഗോളതലത്തിൽ വലിയ മാറ്റമുണ്ടാക്കിയ ഒരു ദീർഘകാല യുദ്ധത്തിനുശേഷം ഒട്ടേറെ സൈനികരെയും ശതകോടി ഡോളറുകളും ചെലവഴിച്ചതിനുശേഷം ഇറാഖിൽനിന്ന് അമേരിക്ക പിന്മാറുമ്പോൾ പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ വീണ്ടും സങ്കീർണമാവുകയാണ്. ഇറാഖ് അധിനിവേശത്തിലൂടെ തുടങ്ങി, പിന്നീട് ഐഎസ്‌ഐഎസിനെ തകർക്കുന്നതിലേക്ക് വരെയെത്തിയ നീണ്ടകാലത്തെ സൈനിക ദൗത്യങ്ങൾക്കുശേഷം പശ്ചിമേഷ്യ എത്രത്തോളം മാറി എന്നതും യുഎസിന്റെ പിന്മാറ്റമുയർത്താൻ പോകുന്ന പ്രത്യാഘാതങ്ങളും എന്തൊക്കെയെന്ന് നോക്കാം.
2003 മാർച്ച് 20-നാണ് 'ഓപ്പറേഷൻ ഇറാഖി ഫ്രീഡം' (Operation ഇറാഖ്i Freedom) എന്ന പേരിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖിൽ അധിനിവേശം ആരംഭിച്ചത്. ഇറാഖിന്റെ പക്കൽ കൂട്ടനാശീകരണ ആയുധങ്ങൾ ഉണ്ടെന്നും അൽ ഖ്വയ്ദ പോലുള്ള ആഗോള ഭീകരസംഘടനകളുമായി അന്നത്തെ ഇറാഖി ഭരണാധികാരി സദ്ദാം ഹുസൈന് ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖ് അധിനിവേശം ആരംഭിച്ചത്. 2003 ഏപ്രിലിൽ ബാഗ്ദാദ് സഖ്യസേന കീഴടക്കുകയും സദ്ദാം ഹുസൈന്റെ ഭരണം തകരുകയും ചെയ്‌തെങ്കിലും, കൃത്യമായ ഭരണ-സുരക്ഷാ പുനർനിർമ്മാണ പ്ലാനിംഗിന്റെ അഭാവം ഇറാഖിനെ അതിരൂക്ഷമായ ആഭ്യന്തരരയുദ്ധത്തിലേക്കും വിവിധ ഭീകരവാദ പ്രസ്ഥാനങ്ങളുടെ ഉദയത്തിലേക്കും നയിച്ചു.
വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ യുഎസ് സൈനിക ദൗത്യത്തിന്റെ സ്വഭാവത്തിലും തന്ത്രപരമായ ലക്ഷ്യങ്ങളിലും ഘടനാപരമായ മാറ്റങ്ങളുണ്ടായി. 2010 സെപ്റ്റംബറിൽ യുഎസ് സേന നേരിട്ടുള്ള പോരാട്ടദൗത്യങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കുകയും 'ഓപ്പറേഷൻ ന്യൂ ഡോൺ' (Operation New Dawn) എന്ന പേരിലേക്ക് ദൗത്യം മാറ്റുകയും ചെയ്തു. ഇറാഖി സുരക്ഷാ സേനയ്ക്ക് പരിശീലനവും ഉപദേശവും നൽകുന്നതിലേക്ക് ഈ ഘട്ടത്തിൽ യുഎസ് ശ്രദ്ധ കേന്ദ്രീകരിക്കുകയും 2011 ഡിസംബറിൽ താൽക്കാലികമായി സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുകയും ചെയ്തു.
എന്നാൽ, 2014-ൽ 'ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ദി ലെവന്റ്' (ISIS) ശക്തി പ്രാപിക്കുകയും ഇറാഖിലെയും സിറിയയിലെയും വലിയ പ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തതോടെ അമേരിക്കയ്ക്ക് പശ്ചിമേഷ്യയിൽ വീണ്ടും ഇടപെടേണ്ടി വന്നു. ഇതിനായി 'ഓപ്പറേഷൻ ഇൻഹെറന്റ് റിസോൾവ്' (Operation Inherent Resolve) എന്ന പേരിൽ സഖ്യസേന രൂപീകരിച്ച് പ്രതിരോധം ആരംഭിച്ചു. 2024 സെപ്റ്റംബറിൽ അമേരിക്കയും ഇറാഖ് സർക്കാരും തമ്മിൽ ചരിത്രപരമായ ഒരു സുരക്ഷാ കരാറിലെത്തി. ഇത് പ്രകാരം രണ്ടു ഘട്ടങ്ങളിലായി സഖ്യസേനാ ദൗത്യം അവസാനിപ്പിക്കാൻ ധാരണയായി. 2024ലെ സംയുക്ത ധാരണയനുസരിച്ച്, 2025 സെപ്റ്റംബർ 30-ഓടെ ഇറാഖിലെ സഖ്യസേനാ ദൗത്യം അവസാനിപ്പിക്കും.
സിറിയയിലെ ഐഎസ്‌ഐഎസ് വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള തന്ത്രപ്രധാന പിന്തുണയ്ക്കായി ഇറാഖി കുർദിസ്ഥാൻ മേഖലയിലെ താവളങ്ങൾ 2026 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാൻ ധാരണയായി. ഈ ധാരണ അനുസരിച്ച് യുഎസ് സൈന്യം ഇറാഖിൽ തുടരുന്ന അവസാന ദിവസമാണ് സെപ്റ്റംബർ 30.
കൊല്ലപ്പെട്ടത് 4600-ലധികം സൈനികർ, ചെലവഴിച്ചത് ശതകോടികൾ, എന്തു നേടി?
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇറാഖിലെ സൈനിക ഇടപെടലുകളിൽ യുഎസ് സേനയ്ക്ക് വലിയ തോതിൽ സൈനികരെ കുരുതി കൊടുക്കേണ്ടിവന്നു. യുഎസ് പ്രതിരോധ വകുപ്പിന്റെ ഡിഫൻസ് കാഷ്വാലിറ്റി അനാലിസിസ് സിസ്റ്റം (DCAS), കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) എന്നിവയുടെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം അയ്യായിരത്തിനടുത്ത് യുഎസ് സൈനികർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓപ്പറേഷൻ ഇറാഖി ഫ്രീഡം ഘട്ടത്തിലാണ് യുഎസ് സേനയ്ക്ക് ഏറ്റവും കൂടുതൽ നഷ്ടങ്ങൾ നേരിട്ടത്. ഇതിൽ നേരിട്ടുള്ള ആക്രമണങ്ങളിൽ 3,481ലധികം സൈനികർ കൊല്ലപ്പെട്ടു.
തുടർന്നുവന്ന ദൗത്യങ്ങളിലും ഒട്ടേറെ അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമായി. അങ്ങനെ ആകെ പുറത്തുവിട്ടിട്ടുള്ള കണക്കുകൾ പ്രകാരം 4,610-ലധികം സൈനികർ ഇറാഖിൽ വിവിധ ദൗത്യങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനം ഇറാനുമായുള്ള സംഘർഷത്തിനിടയിലും ഇറാഖിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.
വിവിധ ദൗത്യങ്ങൾക്കിടയിൽ പരിക്കേറ്റ 32,000-ത്തിലധികം സൈനികർക്ക് പുറമേ, കാൽ ലക്ഷത്തിലധികം യുഎസ് സൈനികർക്ക് തലച്ചോറിന് ക്ഷതമേൽക്കുകയും (Traumatic Brain Injury- TBI) അതിലേറെ പേർക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾ(PTSD) ഉണ്ടാകുകയും ചെയ്തു. ഇറാഖി ജനതയുടെ നഷ്ടം ഇതിലും അങ്ങേയറ്റം ഭയാനകമാണ്. അധിനിവേശവും തുടർന്നുണ്ടായ സംഘർഷങ്ങളും കാരണം 2,00,000-ത്തിലധികം ഇറാഖി പൗരന്മാർ നേരിട്ടുള്ള അക്രമങ്ങളിൽ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളാക്കപ്പെടുകയും ചെയ്തു.
യുദ്ധത്തിൽ ആളുകൾ കൊല്ലപ്പെട്ടതിനേക്കാൾ അത് അമേരിക്കയ്ക്ക് വരുത്തിവെച്ച സാമ്പത്തിക ബാധ്യത തലമുറകളോളം നീണ്ടുനിൽക്കാൻ പോകുന്നതാണ്. യുഎസ് പ്രതിരോധ വകുപ്പ് ബജറ്റിൽനിന്ന് നേരിട്ട് ചെലവഴിച്ച തുകയ്ക്ക് പുറമേ, യുദ്ധാവശ്യങ്ങൾക്കായി എടുത്ത വായ്പകളുടെ പലിശയും വിമുക്തഭടന്മാരുടെ ഭാവി ചികിത്സ-പെൻഷൻ ചെലവുകളും ഉൾപ്പെടുത്തുമ്പോൾ യുദ്ധച്ചെലവ് ഭീമമായ സംഖ്യയിലെത്തുന്നു. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠനങ്ങൾ അനുസരിച്ച്, 2003 മുതൽ 2023 വരെയുള്ള കാലയളവിൽ ഇറാഖിലെയും സിറിയയിലെയും സൈനിക പ്രവർത്തനങ്ങൾക്കായി അമേരിക്കൻ ബജറ്റിൽനിന്ന് നേരിട്ട് ചെലവഴിച്ചത് 1.79 ട്രില്യൺ ഡോളറാണ്.
യുദ്ധത്തിൽ പങ്കെടുത്ത സേനാംഗങ്ങളുടെ ദീർഘകാല വൈകല്യ പെൻഷനുകളും മെഡിക്കൽ ആവശ്യങ്ങളും കണക്കിലെടുക്കുമ്പോൾ, 2050 ആകുമ്പോഴേക്കും ഇറാഖ് യുദ്ധത്തിന്റെ ആകെ സാമ്പത്തിക ബാധ്യത 2.89 ട്രില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധിനിവേശത്തിലൂടെ മുന്നോട്ടുവെച്ച പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർണ്ണമായി കൈവരിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടു എന്നാണ് പ്രതിരോധ- ഭൗമരാഷ്ട്രീയ നിരീക്ഷകരുടെ പൊതു വിലയിരുത്തൽ. അധിനിവേശത്തിന് പ്രധാന ന്യായം പറഞ്ഞ കൂട്ടനാശ ആയുധങ്ങളോ അവ നിർമ്മിക്കാനുള്ള സൗകര്യങ്ങളോ ഇറാഖിൽ ഉണ്ടായിരുന്നില്ല എന്നത് പിന്നീട് തെളിഞ്ഞു. ഇത് അന്താരാഷ്ട്രതലത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെയും നയതന്ത്ര ഇടപെടലുകളുടെയും വിശ്വസനീയതയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചു.
സദ്ദാം ഹുസൈന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ പുറത്താക്കാൻ സാധിച്ചെങ്കിലും, പകരം സമാധാനപരവും സുസ്ഥിരവുമായ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിൽ യുഎസ് പരാജയപ്പെട്ടു. സദ്ദാമിന് പകരം അമേരിക്കൻ പിന്തുണയോടെ വന്ന സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ അതിരൂക്ഷമായ അഴിമതിയും വിഭാഗീയതയും രാഷ്ട്രീയ സ്തംഭനാവസ്ഥയും നിരന്തരം പ്രകടമായി. കൂടാതെ, അൽ ഖ്വയ്ദയെ നശിപ്പിക്കാൻ തുടങ്ങിയ സൈനിക നടപടി, പിന്നീട് ലോകത്തിലെ ഏറ്റവും കടുത്ത ഭീകര പ്രസ്ഥാനമായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ISIS) രൂപീകരണത്തിലേക്ക് നയിക്കുകയും ചെയ്തു.
ഏറ്റവും വലിയ തന്ത്രപരമായ വൈരുദ്ധ്യം സംഭവിച്ചത് ഭൗമരാഷ്ട്രീയ പ്രാദേശിക സന്തുലിതാവസ്ഥയിലാണ്. ഇറാഖിലെ അധിനിവേശത്തിലൂടെ അമേരിക്കയുടെ പ്രധാന പ്രാദേശിക എതിരാളിയായ ഇറാന് അപ്രതീക്ഷിത തന്ത്രപ്രധാന നേട്ടമാണ് ലഭിച്ചത്. സദ്ദാം ഹുസൈന്റെ സുന്നി ഭരണകൂടത്തിന്റെ വീഴ്ചയോടെ, ഇറാഖിലെ ഭൂരിപക്ഷ ഷിയ രാഷ്ട്രീയ വിഭാഗങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുകയും അത് ഇറാന്റെ രാഷ്ട്രീയ-സൈനിക-സാമ്പത്തിക സ്വാധീനം ആഴത്തിൽ വേരൂന്നുന്ന സ്ഥിതിയിലേക്ക് കൊണ്ടുവരികയും ചെയ്തു.
അന്താരാഷ്ട്ര തലത്തിൽ അമേരിക്കയെ ഏറെ നാണംകെടുത്തിയ ഗ്വാണ്ടനാമോ തടവറയും ഇറാഖ് യുദ്ധത്തിന്റെ ബാക്കിപത്രമാണ്. ക്യൂബയുടെ തെക്കുകിഴക്കൻ തീരത്തുള്ള യു.എസ്. നാവികസേനാ താവളവുമാണ് ഗ്വാണ്ടനാമോ. ഇറാഖ് യുദ്ധത്തിലും അഫ്ഗാനിസ്ഥാൻ യുദ്ധത്തിലും കൂടാതെ പാകിസ്താൻ, യെമൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നു പിടികൂടിയ അൽ-ഖ്വയ്ദ, താലിബാൻ അനുകൂലികൾ എന്ന് സംശയിക്കപ്പെടുന്നവരെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. ഇറാഖിൽനിന്നും ഒട്ടേറെ തടവുകാരെ ഇവിടേക്ക് മാറ്റിയിരുന്നു. യു.എസ്. ഭരണഘടനയുടെയോ അന്താരാഷ്ട്ര നിയമങ്ങളുടെയോ (ജനീവ കൺവെൻഷൻ) പരിധിയിൽ വരാതിരിക്കാൻ വേണ്ടിയാണ് അമേരിക്കൻ മണ്ണിൽ അല്ലാതെ, ഈ സൈനിക താവളത്തിൽ തടവുകാരെ പാർപ്പിച്ചത്. അവരെ ശത്രു പോരാളികൾ എന്ന് വിശേഷിപ്പിക്കുകയും വിചാരണ കൂടാതെ അനിശ്ചിതകാലത്തേക്ക് തടവിൽ വെക്കുകയും ചെയ്തു.
തടവുകാരെ കഠിനമായ ശാരീരിക-മാനസിക പീഡനങ്ങൾക്കും വിചാരണയില്ലാത്ത തടവിൽ വെക്കുന്നതിനും വിധേയരാക്കിയ സംഭവം വലിയ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. അമേരിക്കൻ സുപ്രീം കോടതിയുടെ ഇടപെടലുകളെ തുടർന്ന്, തടവുകാർക്ക് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കപ്പെട്ടു. 2002 മുതൽ ഏകദേശം 780 തടവുകാർ ഈ കേന്ദ്രത്തിലൂടെ കടന്നുപോയിട്ടുണ്ട്. അന്വേഷണങ്ങൾക്കും വിചാരണകൾക്കും ശേഷം ഭൂരിഭാഗം പേരെയും കുറ്റവിമുക്തരാക്കിയോ സ്വന്തം രാജ്യങ്ങളിലേക്കോ മറ്റ് മൂന്നാം ലോക രാജ്യങ്ങളിലേക്കോ പുനരധിവസിപ്പിച്ചു.
2009-ൽ അധികാരത്തിലെത്തിയ പ്രസിഡന്റ് ബരാക് ഒബാമ ഗ്വാണ്ടനാമോ തടവുകേന്ദ്രം പൂർണ്ണമായും അടച്ചുപൂട്ടാൻ ഉത്തരവിട്ടെങ്കിലും അമേരിക്കൻ കോൺഗ്രസിന്റെ രാഷ്ട്രീയ എതിർപ്പുകൾ കാരണം അത് സാധ്യമായില്ല. നിലവിൽ 30-ൽ താഴെ ആളുകൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.
പിൻമാറിയാൽ ഇനിയെന്ത് ?
ഇറാഖിലെ ദീർഘകാല സൈനിക സാന്നിധ്യം അവസാനിപ്പിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത് ഒന്നിലധികം ആഭ്യന്തര-അന്താരാഷ്ട്ര തന്ത്രപ്രധാന ഘടകങ്ങളാണ്. ഒന്നാമതായി, അമേരിക്കൻ വിദേശനയത്തിന്റെ മുൻഗണനകളിൽ വന്ന മാറ്റമാണ് പ്രധാന കാരണം. പശ്ചിമേഷ്യയിലെ ദീർഘകാല യുദ്ധങ്ങളിൽനിന്ന് ശ്രദ്ധതിരിച്ച്, ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന സാമ്പത്തിക-സൈനിക വെല്ലുവിളികളെയും യൂറോപ്പിൽ റഷ്യൻ അധിനിവേശത്തെയും നേരിടാൻ പെന്റഗൺ തങ്ങളുടെ ബജറ്റും യുദ്ധവിഭവങ്ങളും പുനക്രമീകരിക്കാൻ തീരുമാനിച്ചു.
രണ്ടാമതായി, ഇറാഖി രാഷ്ട്രീയത്തിൽനിന്നും പൊതുസമൂഹത്തിൽനിന്നും ഉയർന്നുവന്ന ശക്തമായ പരമാധികാര ആവശ്യങ്ങളാണ്. വിദേശ സേനയുടെ സാന്നിധ്യം ഇറാഖിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായി വിലയിരുത്തപ്പെടുകയും, ഇറാഖി പാർലമെന്റും പ്രധാനമന്ത്രിയും സഖ്യസേന പിന്മാറണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു.
മൂന്നാമതായി, ഇറാഖി സുരക്ഷാ സേന ആഭ്യന്തര ഭീഷണികളെ ചെറുക്കാൻ സ്വയം പ്രാപ്തരായി എന്ന സംയുക്ത സൈനിക വിലയിരുത്തലാണ്.
നാലാമതായി, ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പിന്തുണയുള്ള പ്രാദേശിക മിലിഷ്യകൾ നിരന്തരമായി നടത്തുന്ന ഡ്രോൺ-റോക്കറ്റ് ആക്രമണങ്ങൾ യുഎസ് സേനയ്ക്ക് വലിയ ഭീഷണിയായതും പിന്മാറ്റം വേഗത്തിലാക്കാൻ കാരണമായി.
യുഎസ് സേനയുടെ പൂർണ്ണമായ പിന്മാറ്റം ഇറാഖിലെ രാഷ്ട്രീയ-സുരക്ഷാ അന്തരീക്ഷത്തിലും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സന്തുലിതാവസ്ഥയിലും വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. യുഎസ് പിന്മാറുന്നതോടെ ഉണ്ടാകുന്ന സുരക്ഷാ വിടവ് മുതലെടുക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിച്ചേക്കും. ഇറാഖി സേന പോരാട്ടവീര്യത്തിൽ മുന്നിലാണെങ്കിലും, അത്യാധുനിക ഇന്റലിജൻസ്, സർവൈലൻസ്, റെക്കനൈസൻസ് (ISR) സാങ്കേതികവിദ്യകൾക്കായും, വ്യോമ നിരീക്ഷണ സഹായങ്ങൾക്കായും ഇപ്പോഴും യുഎസ് സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്.
കൂടാതെ, സിറിയയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും, അതിർത്തിയിലെ കുർദിഷ് സേനകളുടെ (SDF) പുനഃസംഘടനയും അൽ-ഹോൾ പോലുള്ള ക്യാമ്പുകളിൽനിന്നും ജയിലുകളിൽനിന്നും ആയിരക്കണക്കിന് ഭീകരർ രക്ഷപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. അമേരിക്കൻ വ്യോമാക്രമണങ്ങളുടെ ഭീഷണി കുറയുന്നതോടെ നഗരങ്ങളിലേക്ക് ഗറില്ല ആക്രമണങ്ങൾ വ്യാപിപ്പിക്കാൻ ഐഎസ്‌ഐഎസ് സ്ലീപ്പർ സെല്ലുകൾക്ക് സാധിച്ചേക്കും എന്നതാണ് പ്രധാന ഭീഷണി.
യുഎസ് സൈനിക പിന്മാറ്റത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ-സൈനിക നേട്ടം ഇറാൻ പിന്തുണയുള്ള ഷിയാ അർദ്ധസൈനിക കൂട്ടായ്മയായ 'ഹഷ്ദ് അൽ-ഷാബി' അല്ലെങ്കിൽ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിനാണ് (PMF) ലഭിക്കുന്നത്. ഇറാഖിന്റെ ഔദ്യോഗിക സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി മാറി സർക്കാരിൽനിന്ന് ഫണ്ട് കൈപ്പറ്റുന്നുണ്ടെങ്കിലും, 60-ലധികം വകഭേദങ്ങളിലായി 2,20,000-ത്തിലധികം സായുധ അംഗങ്ങളുള്ള പിഎംഎഫ് പലപ്പോഴും ഇറാന്റെ പ്രത്യയശാസ്ത്ര നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
യുഎസ് വിരട്ടൽ തടസ്സമില്ലാതാകുന്നതോടെ ഇറാഖിന്റെ സുരക്ഷാ നയങ്ങളിലും രാഷ്ട്രീയ തീരുമാനങ്ങളിലും ആധിപത്യം സ്ഥാപിക്കാൻ ഈ ഗ്രൂപ്പുകൾക്ക് സാധിക്കും. സർക്കാരിന് മുന്നിൽ തങ്ങളുടെ ആയുധങ്ങൾവെച്ചു കീഴടങ്ങാൻ തയ്യാറാകാത്ത ഈ സായുധ സംഘങ്ങൾ ഇറാഖിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും രാജ്യത്തെ ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഒരു മേഖലയാക്കി മാറ്റാൻ വഴിയൊരുക്കുകയും ചെയ്യും.
ഇതുമാത്രമല്ല, ഇറാഖിലെ അർദ്ധ-സ്വയംഭരണ കുർദിസ്ഥാൻ മേഖല (IKR) പതിറ്റാണ്ടുകളായി യുഎസ് സംരക്ഷണയിലാണ് നിലനിന്നിരുന്നത്. അമേരിക്കൻ സേന പൂർണ്ണമായി മടങ്ങുന്നതോടെ, ബാഗ്ദാദിലെ കേന്ദ്ര സർക്കാരിൽനിന്നും ഇറാൻ അനുകൂല മിലിഷ്യകളിൽനിന്നും കുർദിഷ് മേഖല നേരിടുന്ന രാഷ്ട്രീയ-സാമ്പത്തിക സമ്മർദ്ദം വർദ്ധിക്കും. ഇത് ഇറാഖി കുർദിസ്ഥാന്റെ സ്വയംഭരണാധികാരത്തെയും എണ്ണ ഉൽപാദന ശേഷിയെയും നിഷ്പ്രഭമാക്കാൻ ഇടയാക്കും.
അമേരിക്ക പിന്മാറുന്നതോടെ രാജ്യം വീണ്ടും ആഭ്യന്ത സംഘർഷങ്ങളിലേക്കും അസ്ഥിരതകളിലേക്കും വീഴുമെന്ന ഭയവും ശക്തമാണ്. ഇറാഖിലൂടെ സിറിയയിലെയും അവിടെനിന്ന് ലെബനനിലെയും തങ്ങളുടെ പ്രോക്‌സികളെ ഇറാന് നിയന്ത്രിക്കാനുള്ള സുപ്രധാന സാഹചര്യമൊരുങ്ങും. അത് ഭീഷണിയായി മാറാൻ പോകുന്നത് ഇസ്രയേലിനാണ്. അതിനാൽ അതിനെ ചെറുക്കാനുള്ള തന്ത്രങ്ങൾ അവരും നടപ്പിലാക്കാൻ നിർബന്ധിതരാകും. മേഖലയിൽ ഇറാന് സ്വാധീനം വർധിക്കുന്നത് സുന്നി ഭൂരിപക്ഷ രാജ്യങ്ങൾക്കും പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
ഇറാന്റെ സ്വാധീനം വർധിച്ചാൽ സ്വതന്ത്രമായ വിദേശനയം രൂപീകരിക്കുക എന്നത് ഇറാഖിന് അസാധ്യമായി മാറും. ചുരുക്കത്തിൽ ഒരു പ്രതിസന്ധി ഒഴിയുമ്പോൾ മറ്റ് ഒട്ടേറെ പ്രതിസന്ധികൾക്കുള്ള സാധ്യതകൾ ബാക്കിവെച്ചാണ് അമേരിക്ക പിന്മാറുന്നത്. അഫ്ഗാനിസ്താനിൽ താലിബാനെ അധികാരത്തിൽനിന്ന് പുറത്താക്കി വർഷങ്ങളോളം തുടർന്നതിനുശേഷം അമേരിക്ക പിന്മാറിയതിന് പിന്നാലെ താലിബാൻ വീണ്ടും അവിടെ അധികാരം പിടിച്ചു. അത് സാധാരണ ജനങ്ങളെ എത്രത്തോളം ബാധിച്ചുവെന്ന് ലോകം കാണുന്നതാണ്. സമാനമായി ഇറാഖിൽ ഇറാൻ, ഐസ്‌ഐസ്, കുർദ് എന്നിവരുടെ ആഭ്യന്തര യുദ്ധസാധ്യതകൾ ബാക്കിവെച്ചാണ് അമേരിക്ക പോകുന്നത്.
Content Highlights: US withdrawal from Iraq marks the end of a 23-year military presence, reshaping geopolitical dynamics and raising questions about future regional stability.
Published: 30 Sept 2026, 12:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented