ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതിയിൽ പാർട്ടി മുൻ അധ്യക്ഷ സോണിയാഗാന്ധിയും മുതിർന്ന നേതാവ്‌ ദിഗ്‌വിജയ് സിങ്ങും തമ്മിൽ വാക്കുതർക്കമുണ്ടായെന്ന് റിപ്പോർട്ട്. 2024-ൽ ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ത്യാസഖ്യംവിട്ടതിനെച്ചൊല്ലിയായിരുന്നു ഇത്. 

To advertise here,

നിതീഷിനെ ഇന്ത്യാസഖ്യത്തിൽനിന്ന് പോകാൻ അനുവദിക്കരുതായിരുന്നെന്നും അദ്ദേഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തേണ്ടിയിരുന്നു എന്നുമായിരുന്നു ദിഗ്‌വിജയിന്റെ വാദം. എന്നാൽ നിതീഷ്, എല്ലായ്‌പ്പോഴും പ്രതിക്ഷസഖ്യത്തിൽനിന്ന് പുറത്തുപോകാനുള്ള വഴികൾ തേടിയിരുന്നെന്ന് സോണിയ പറഞ്ഞു. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘ഇന്ത്യാസഖ്യം വിടാൻ നിതീഷിനെ നാം അനുവദിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം സഖ്യത്തിലുണ്ടായിരുന്നെങ്കിൽ, രാഷ്ട്രീയസാഹചര്യം വ്യത്യസ്തമാകുമായിരുന്നുവെന്നാണ് ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെട്ടത്. എന്നാൽ ഇതിനോട് സോണിയയുടെ മറുപടി ഇങ്ങനെ ആയിരുന്നു- കൃത്യസമയത്തുതന്നെ നിതീഷ് പോയതിന് ദൈവത്തിന് നന്ദി. അദ്ദേഹം എല്ലായ്‌പ്പോഴും അവിടേക്ക് പോകാനുള്ള ആളായിരുന്നു. നിതീഷ് എല്ലായ്‌പ്പോഴും ഇന്ത്യാസഖ്യംവിടാനുള്ള മാർഗങ്ങൾ തിരഞ്ഞുകൊണ്ടിരുന്ന ആളായിരുന്നെന്നും അദ്ദേഹത്തെ നിയന്ത്രിച്ചിരുന്നത് ബിജെപി ആയിരുന്നെന്നും സോണിയ ആരോപിച്ചു.

2024-ൽ ബിഹാറിലെ മഹാഗഢ്ബന്ധൻ സഖ്യത്തിൽനിന്ന് നിതീഷും പാർട്ടിയും പുറത്തുപോവുകയും ബിജെപിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ഒൻപതാംവട്ടം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ഇന്ന് (ബുധനാഴ്ച) ഇന്ത്യാസഖ്യത്തിന്റെ യോഗം ചേരാനിരിക്കവേയായിരുന്നു തിങ്കളാഴ്ച നടന്ന പ്രവർത്തകസമിതിയിൽ സോണിയയും ദിഗ്‌വിജയും തമ്മിൽ ഇത്തരം അഭിപ്രായപ്രകടനമുണ്ടായത്.