പേരാമ്പ്ര: കാലപ്രവാഹത്തിനിടെ ഇല്ലാതായിപ്പോയ വായനശാലയെ കൂട്ടായ്മയിലൂടെ ഉയിർത്തെഴുന്നേൽപ്പിക്കുകയാണ് മുതുവണ്ണാച്ചയിലെ ഒരുകൂട്ടം ചെറുപ്പക്കാർ. നാട്ടിൽനിന്നും പുസ്തകങ്ങൾ സ്വരൂപിച്ച് സൃഷ്ടിഗ്രന്ഥാലയം പുനർജനിയായി. അവരുടെയെല്ലാം കുട്ടിക്കാലങ്ങളിൽ നല്ലനിലയിൽ പ്രവർത്തിച്ചു പോന്നിരുന്നതായിരുന്നു ഈ ഗ്രന്ഥശാല. വായനശാലയ്ക്ക് നേതൃത്വംനൽകിയിരുന്ന നിർവാഹക സമിതി അംഗങ്ങളിൽ പലർക്കും ജോലിലഭിച്ചതിനാലും താമസസ്ഥലം മാറിപ്പോയതിനാലും പതിയെ ഗ്രന്ഥാലയത്തിന്റെ പ്രവർത്തനം നിലച്ചുപോവുകയായിരുന്നു.

To advertise here,

പുസ്‌തകങ്ങളെല്ലാം പിന്നീട് നഷ്ടമായി. അടുത്തിടെ ഒരു കൂട്ടം പ്രവർത്തകർ ഒത്തുചേർന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഗ്രന്ഥശാലയിൽ വീണ്ടും അംഗത്വംചേർക്കാൻ ശ്രമംതുടങ്ങി. വാടകക്കെട്ടിടത്തിൽ മുറി ഒരുക്കി. കുറച്ചു പുസ്തകങ്ങളായതോടെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരം നേടാൻ വിപുലീകരിക്കാനുള്ള പ്രവർത്തനമായി. വീണ്ടുംപുസ്തകങ്ങൾ സ്വരൂപിച്ചു. സമ്മാന ക്കൂപ്പണിലൂടെയടക്കം പണംസമാഹരിച്ചു.

ഇതെല്ലാമായതോടെ ആയിരത്തിലധികം പുസ്തകങ്ങളുമായി ലക്ഷ്യത്തിലെത്തി. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തിനായി കാര്യങ്ങൾ പൂർത്തീകരിച്ച് കാത്തിരിക്കുകയാണ്.

വീട്ടിയോട്ട് ഇല്ലത്ത് പ്രൊഫ. വി.ഐ. ശങ്കരൻ നമ്പൂതിരി ഗ്രന്ഥാലയത്തിന് കെട്ടിടം നിർമിക്കാൻ ആവശ്യമായഭൂമി സൗജന്യമായി നൽകിയിട്ടുണ്ട്. കടിയങ്ങാട് പാലം തെക്കേടത്ത് കടവ് റോഡരികിൽ സ്ഥിതിചെയ്യുന്ന ഭൂമിയിൽ കെട്ടിടംനിർമിക്കണമെന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണിവർ.