കൊണ്ടോട്ടി: സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിലെ ലൈബ്രറികളുടെ പ്രവർത്തനങ്ങൾ കംപ്യൂട്ടർവത്കരിച്ച് ഓൺലൈനിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടുള്ള ‘പബ്ലിക്’ പ്ലാറ്റ്‌ഫോം യാഥാർഥ്യമാകുന്നു. ഗ്രന്ഥശാലാദിനമായ തിങ്കളാഴ്ച 3,286 ലൈബ്രറികൾക്ക് ‘പബ്ലിക്’ തുറന്നുകൊടുക്കും. പുസ്തകങ്ങളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ഡേറ്റാ എൻട്രി ചെയ്ത ലൈബ്രറികൾക്ക് അക്കൗണ്ട് അനുവദിച്ച് യൂസർ ഐ.ഡി.യും പാസ്‍വേർഡും കൈമാറുകയാണ് ചെയ്യുന്നത്.ഡേറ്റാ എൻട്രി നടത്തിയ വിവരങ്ങൾ‘പബ്ലിക്കി’ലേക്ക് എത്തുന്നതോടെ ലൈബ്രറികൾക്ക് പുസ്തകവിതരണം ഓൺലൈനിലേക്ക് മാറ്റാനാകും.
ലൈബ്രറികളുടെ വിവിധ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ പബ്ലിക്കിന്റെ (പബ്ലിക് അപ് ലിഫ്റ്റ്‌മെന്റ് ത്രൂ ബുക്‌സ്, ലൈബ്രറീസ്, ഇൻഫർമേഷൻ ആൻഡ് കൾച്ചർ) പ്രാരംഭപ്രവർത്തനങ്ങൾ 2024-ൽ ലൈബ്രറി കൗൺസിൽ തുടങ്ങിയതാണ്. ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും പരിശീലനം നൽകിയാണ് പുസ്തകങ്ങളുടെയും അംഗങ്ങളുടെയും ഡാറ്റാ എൻട്രി നടത്തിയത്. പുസ്തകശേഖരത്തിന്റെ 50 ശതമാനമെങ്കിലും ഡേറ്റാ എൻട്രി പൂർത്തിയായ ലൈബ്രറികൾക്കാണ് ഇപ്പോൾ ‘പബ്ലിക്കി’ലേക്ക് പ്രവേശനം നൽകുന്നത്. മറ്റു ലൈബ്രറികൾക്ക് ഘട്ടംഘട്ടമായി പ്രവേശനം നൽകും. എണ്ണായിരത്തിൽപ്പരം ലൈബ്രറികൾ കൗൺസിലിന് കീഴിലുണ്ട്.
കംപ്യൂട്ടറിലും മൊബൈൽഫോണിലും പ്രവർത്തിക്കുന്ന രീതിയിലാണ്‘പബ്ലിക്’ രൂപകല്പന ചെയ്തിരിക്കുന്നത്. 3,900 ലൈബ്രറികളിലാണ് നിലവിൽ കംപ്യൂട്ടർ ഉള്ളത്. പുസ്തകങ്ങളുടെ കാറ്റലോഗ്, പുസ്തകവിതരണം, മടക്കം, അംഗത്വവിതരണം എന്നിവ ആദ്യഘട്ടത്തിൽ പബ്ലിക്കിലൂടെ നടത്താനാകും. ഭാവിയിൽ ലൈബ്രറിയുടെ അക്കൗണ്ട്‌സും പരിപാടികളുമടക്കം മുഴുവൻ പ്രവർത്തനങ്ങളും ‘പബ്ലിക്’ വഴി നിയന്ത്രിക്കാനാകും. സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിലെ ലൈബ്രറികളിലെ മൊത്തം പുസ്തകശേഖരവും ഒറ്റ കാറ്റലോഗിലേക്ക് കൊണ്ടുവരാനാകും. ആവശ്യമുള്ള പുസ്തകം സ്വന്തം ലൈബ്രറിയില്ലെങ്കിൽ ഏത് ലൈബ്രറിയിൽനിന്ന് ലഭിക്കുമെന്ന അറിവ് വായനക്കാരെ സംബന്ധിച്ച് വലിയ നേട്ടമാകും. സമയവും അധ്വാനവും കുറച്ച് ചിട്ടയോടെ, മികച്ച രീതിയിൽ ലൈബ്രറി പ്രവർത്തനം ഉറപ്പുവരുത്താൻ പബ്ലിക് ലൈബ്രേറിയൻമാരെ ഇത് സഹായിക്കും. ലൈബ്രറികളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും ലൈബ്രറി കൗൺസിലിനും കഴിയും.
Content Highlights: State Library Council launches the 'Public' digital platform for 3,286 libraries., Enables online book distribution, cataloging, membership, and returns., Designed to work on both computers and mobile phones., Aims to integrate book collections across thousands of libraries in Kerala into a single catalog.
Published: 14 Sept 2026, 04:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented