മ്മ മരിച്ചു  പോണ കുഞ്ഞുങ്ങളുടെ ഹൃദയത്തില്‍ അരക്ഷിതാവസ്ഥകള്‍ ശബ്ദിക്കുന്നത് അടച്ചിട്ട മുറിയിലകപ്പെട്ട വവ്വാല്‍ ചിറകടി പോലെയാണ് . പിടഞ്ഞു പിടഞ്ഞു പൊടിഞ്ഞങ്ങനെ തുടരുന്ന ഉള്ളൊച്ചകള്‍ നമ്മളില്‍ പശ പോലൊട്ടും . ചേച്ചി പറഞ്ഞു തരുന്ന കഥയിലെന്നും ഒരിടത്തൊരിടത്തിരിടത്തൊരു മുയല്‍ ഒരേ പോലെ കാടിറങ്ങി വന്നതെന്നെ മടുപ്പിച്ചു തുടങ്ങിയിരുന്നു. മുയലിറങ്ങി വന്ന കാട്ടിലേക്ക് ആരെക്കെയോ തിരക്കി ഞാനിറങ്ങിയതോടെ ചേച്ചി നേരെത്തെയുറങ്ങി.  മണ്ണെണ്ണ വിളക്കിന്റെ മഞ്ഞവെളിച്ചത്തില്‍  ഒന്നാം ക്ലാസുകാരി കഥകള്‍ തിരഞ്ഞു . തിരി നീട്ടി നീട്ടി കൈകളില്‍ തീപ്പാട് വന്നു , ബുക്കില്‍ മണ്ണെണ മറിഞ്ഞു , മുയലും കാക്കയും ചത്തു വെണ്ണീറായി. പക്ഷെ, ഒന്നാം പാഠം തെറ്റാതെയുറക്കേ വായിക്കാന്‍  ക്ലാസില്‍ അവളേക്കാള്‍ നന്നായി ആരുമുണ്ടായില്ല. വായനാമുറിയിലെ നാലാം ക്ലാസുകാര്‍ക്കിടയില്‍ ചുരുണ്ട മുടിയുള്ള ചെറിയ പെണ്‍കുട്ടി കഥാപുസ്തകങ്ങള്‍ക്കായി കൈകള്‍ നീട്ടി. കൊഞ്ഞനം കുത്തി കണ്ണുരുട്ടലോടെ ആരോക്കെയോ പറഞ്ഞ്  കുട്ടികള്‍ക്ക് കീറാനിവിടെ ബുക്ക് കൊടുക്കാറില്ല. വായിക്കാനറിഞ്ഞിട്ടും തൊണ്ടയിലൊരു പേടി കുരുങ്ങി,  ഞാന്‍ തിരികേ നടന്നു. തമ്പാട്ടിയമ്മയുടെ കുളക്കരയിലിരുന്ന്  കാട്ടുതെച്ചിയോട് പരിഭവം പറഞ്ഞു.. കുട്ടികള്‍ക്കപ്പോ  ആരാ കഥ പറഞ്ഞു കൊടുക്കാ ?.... അല്ലേ ?

To advertise here,

പിന്നീട്  പലപ്പോഴും വായിച്ചാല്‍ തീര്‍ന്നു പോകുമെന്നോര്‍ത്ത് അവസാന പേജിലേക്ക് കണ്ണുകളിറുക്കിയടച്ചു. തീര്‍ന്നുപോകുന്ന കഥകള്‍ വീട്ടിലെ നാലു മണി ചായയോടൊപ്പം തലയില്‍ പെറ്റുപെരുകി. അമ്മൂമ്മ ചോറ് വിളമ്പുമ്പോള്‍, തെക്കോര്‍ത്തെ തണുത്ത മണ്ണില്‍ തഴപ്പായ വിരിച്ച് ചേച്ചി മാനം നോക്കി കിടക്കാന്‍ വിളിക്കുമ്പോള്‍ എന്റെ കഥകള്‍ എന്നോട് സംസാരിച്ചു നിന്നു.  വെണ്ണീറായ, ചത്ത കാക്കയുടെ ഇന്നലെ കൊഴിഞ്ഞ തൂവലിന്റെ  രഹസ്യം ഞാനാരോടും പറഞ്ഞില്ല. അപ്പോഴേക്കും ഞാന്‍ എനിക്ക് കഥ പറഞ്ഞു കൊടുക്കാന്‍ പഠിച്ചിരുന്നു. ഫ്രില്ല് വെച്ചുള്ള ഉടുപ്പിട്ട വന്ന പെണ്‍കുട്ടികളോ ലോറിയും ബസും കളിക്കണ ആണ്‍കുട്ടികളെ ആരും കൂടെ കൂട്ടിയില്ല. ഇന്റര്‍വെല്ലുകളില്‍ നീല പെയിന്റടിച്ച ജനാലകളിലൂടെ മുറിയാകാശത്തെ നോക്കി ഞാന്‍ മിണ്ടാതിരുന്നു.

ബദാം മരങ്ങളുള്ള തെക്കേ പറമ്പില്‍ മരങ്ങള്‍ മുറിച്ചിടുമ്പോള്‍ ഒറ്റയ്ക്കിരിക്കാന്‍ ഒരു ഇടം കൂടിയില്ലാതാകുന്നതില്‍ എന്റെ മനസിന് കനം വച്ചു.. പരാതി പറയാനായി എനിക്കാരും തന്നെയുള്ളതായി എനിക്കന്നൊന്നും തോന്നിയിരുന്നില്ല. കൂടുതല്‍ മിണ്ടാതിരിക്കുക മാത്രമായിരുന്നു ആകെയെനിക്കറിയാവുന്ന പ്രതിഷേധം.  എന്നാല്‍,  കൃഷ്ണമൂര്‍ത്തി സാറും ബിയാസ് ചേച്ചിയും നാട്ടിലേക്ക് വന്നത് എനിക്ക് വേണ്ടിയാണെന്ന് പലപ്പോഴും തോന്നിയിരുന്നു. എന്റെ വീടിനടുത്തുള്ള കോളേജിലെ മലയാളം അധ്യാപകനായിരുന്നു അദ്ദേഹം. എന്റെ നാട്ടിലെ ഏറ്റവും വലിയ വീടായിരുന്നു അവരുടേത്. പതുക്കേ പതുക്കേ വെട്ടിയിട്ട മരത്തണലുകളെക്കുറിച്ച് ഞാന്‍ മറന്നുപോയി. സാറിന്റെ വീടിനകത്തെല്ലാം ഫര്‍ണീച്ചറുകളേക്കാള്‍ അധികം പുസ്തകങ്ങളായിരുന്നു. ചില്ലിട്ട അലമാരകളില്‍ ഇത്രയധികം പുസ്തകങ്ങളടുക്കിവെച്ചത് ഞാന്‍ ജീവിതത്തില്‍ അതിന് മുമ്പെങ്ങും കണ്ടിട്ടില്ല...മേശപ്പുറത്ത്, ടീപ്പോയില്‍, ജനാലപ്പടിയില്‍ അങ്ങനെ ആ വീടിന്റെ ഓരോയിടങ്ങളിലും ഒരു പുസ്തകത്തിന്റെ ജീവനുണ്ടായിരുന്നു. 

ഇലയടയും കപ്പയും പലഹാരങ്ങളും വേണ്ടെന്ന് പറഞ്ഞിട്ടും ബിയാസ് ചേച്ചിയെന്നെ നിര്‍ബന്ധിപ്പിച്ചു കഴിപ്പിച്ചിച്ചിരുന്നു. ആ വീടിന്റെ ഒരോയിടങ്ങളിലേയും പുസ്തകങ്ങളിരിക്കുന്നത്  കാണാന്‍ വേണ്ടി മാത്രമായി ഞാനവിടേയ്ക്ക് കയറിച്ചെന്നു. എന്റെ കണ്ണുകളിലെ ആശ്ചര്യം കണ്ടാണോ സ്‌നേഹം കൊണ്ടാണോയെന്നറിയില്ല ഒരിക്കല്‍ ഞാന്‍ ചോദിക്കാതെ സാറെനിക്ക്‌ ഒരു പുസ്തകം നീട്ടി. ആ പുസ്തത്തിന്റെ പേരെനിക്കിന്ന് ഓര്‍മ്മയില്ല. ഞാന്‍ ചോദിക്കാതൊരാള്‍ തന്നെ പുസ്തകം അംസംബ്ലിയില്‍ സ്‌കൂളില്‍നിന്ന് കിട്ടിയെ സമ്മാനത്തേക്കാളെനിക്ക് സന്തോഷമുണ്ടാക്കിയിരുന്നു. വേഗം വായിച്ചു തീര്‍ത്ത് തിരികെക്കൊടുക്കുമ്പോള്‍ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചെഴുതി വെയ്ക്കണമെന്നദ്ദേഹം പറഞ്ഞു.അന്നു മുതല്‍ എനിക്ക് വേണ്ടിയും അദ്ദേഹത്തിന് കൊടുത്ത വാക്കിന് മേലിലും ഞാന്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് എനിക്ക് തോന്നിയതൊക്കെ എഴുതിവെച്ചു.

കോളേജില്‍ പഠിപ്പിക്കുന്ന വ്യാകരണ പുസ്തകങ്ങളൊഴിച്ച്‌ എനിക്ക് നേരെ നിരന്തരം ഓരോരോ പുസ്തകങ്ങള്‍ നീണ്ടു. വീട്ടിലേയ്ക്ക് വേഗമെത്താന്‍ എന്നെയോര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന പുസ്തകങ്ങള്‍. എത്രവേഗത്തിലാണ് ആ വീടിന്റെ ചില്ലറമാരയെച്ചുറ്റിപ്പറ്റി ഞാനാ വീടിന്റെ ഭാഗമായതെന്നറിയില്ല. അന്നുമിന്നും എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യരുടെ പേരിനൊപ്പം മൂര്‍ത്തി സാറുണ്ട്. ഏഴാം ക്ലാസില്‍ മലയാളം പാഠപുസ്തത്തിന്റെ കഥകള്‍ എനിക്ക് കുട്ടിക്കഥകളായി തോന്നിത്തുടങ്ങി. ഞാനെത്ര വേഗത്തിലാണ് നോവലുകള്‍ വായിക്കാന്‍ പഠിച്ചത്. ബഷീറും തകഴിയും ടോള്‍സ്‌റ്റോയിയും  പ്രിയപ്പെട്ടവരായി. പതുക്കേ പരിഭാഷ പുസ്തകങ്ങള്‍ വായിക്കുന്നതിലേക്ക് എന്റെയിഷ്ടം മാറിത്തുടങ്ങി. കനം കൂടിയ പുസ്തകങ്ങള്‍ക്ക് നേരെ കൈനീട്ടിയപ്പോള്‍ സാര്‍ ഇത്ര മാത്രമാണ് പറഞ്ഞത് 'വായിച്ചാല്‍ മനസിലാകാത്തത് വീണ്ടും വായിക്കണം ' എന്നു മാത്രമായിരുന്നു.നിറങ്ങളുള്ള തിളങ്ങുന്ന പുറംച്ചട്ടകളായിരുന്ന പരിഭാഷ പുസ്തകങ്ങളെ ആദ്യമെന്നെ ആകര്‍ഷിച്ചത്. ഇംഗ്ലീഷ് നോവല്‍ വായിച്ച് മനസിലാക്കാന്‍ വിധത്തിലൊന്നും എന്റെ ഇംഗ്ലീഷും മെച്ചപ്പെട്ടതായിരുന്നില്ലെന്നതും സത്യമായിരുന്നു.

എന്നെയാരും നല്ല സുഹൃത്തായി കണക്കാക്കിയിരുന്നില്ല. തീരെ മിണ്ടാത്തതുകൊണ്ടായിരിക്കും. മറ്റുള്ളവരെപ്പോലെയല്ല ഞാനെന്ന തോന്നലില്‍ ഞാന്‍ അടുത്തിരുന്നവരില്‍ നിന്നെല്ലാം എന്റേതായ അകലങ്ങള്‍ വരച്ചുതുടങ്ങിട്ട് കാലങ്ങളായിരുന്നു. കഞ്ഞിപാത്രത്തില്‍ സ്പൂണിട്ടിണക്കിയും പ്രാവിന് ചോറെറിഞ്ഞു കൊടുത്തുമുള്ള ഉച്ചസമയങ്ങളെയും ഇന്റര്‍വെല്ലുകളേയും ഞാന്‍ വെറുത്തിരുന്നു. ടീച്ചര്‍ വരാത്ത പീരിയഡുകളില്‍ ഞാന്‍ വീട്ടിലേക്ക് പോകാന്‍ മാത്രമാണ് ആഗ്രഹിച്ചത്.

ഹൈസ്‌കൂളിലെ വേനലവധിക്കാലത്തായിരുന്നുവെന്ന് തോന്നുന്നു ചില്ലലമാരയുടെ മുകളിലത്തെ തട്ടില്‍ ഞാനിത് വരെ കാണാത്തൊരു പുസ്തകം കണ്ടത്. അപ്പോഴേക്കും ഇഷ്ടമുള്ള പുസ്തകമെടുത്ത് 'ഞാനിതെടുക്കുവാണേയെന്ന "പറച്ചിലു മാത്രമായി ഈ വീടെനിക്ക് സ്വന്തമായിരുന്നു.  കസേര വലിച്ചിട്ട് ഏന്തിവലിച്ചെടുക്കുമ്പോള്‍ ആ പുസ്തകം എന്റെ കൈതട്ടി താഴേക്ക് വീണിരുന്നു. താളുകള്‍ വേഗത്തില്‍ മറിച്ചുനോക്കുമ്പോള്‍ അതിന്റെ പുറച്ചട്ടയേക്കാള്‍ അതിലെഴുതിയ ചിലതായിരുന്നു  വായിക്കാന്‍ തോന്നിപ്പിച്ചത്. നിരവധി രാജ്യങ്ങളില്‍ കോളിളക്കം സൃഷ്ടിക്കുകയും നിരോധിക്കപ്പെടുകയും ചെയ്ത പുസ്തകം.

പതിവ് വായനയില്‍നിന്നും ഈ പുസ്തകത്തില്‍ പറയുന്നതൊന്നും എനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. മൂന്നു തവണ വായിച്ചിട്ടും പലതും എനിക്ക് മനസിലായില്ലെന്നാണ് സത്യം. പക്ഷെ ഞാനിതുവരെ കാണാത്തതും അറിയാത്തതുമായ മനുഷ്യരെക്കുറിച്ചാണിതെന്ന് മാത്രം എന്തോ മനസിലായി. ആ ബുക്കിനെക്കുറിച്ചൊന്നും എഴുതാനെനിക്ക് കഴിഞ്ഞില്ല. തികച്ചും അപരിചിതമായ കാര്യങ്ങളില്‍ എന്നെയൊരു പുസ്തകം പേടി തോന്നിപ്പിക്കുകയും ചെയ്തു. 'ഡോലോറസ് പെണ്‍കുട്ടിയെ ഹംബര്‍ട്ട്  ലോലിതയെന്ന ഓമനപ്പേരിട്ടു വിളിച്ചു '. ചോദ്യങ്ങള്‍ കൊണ്ടെന്ന വീര്‍പ്പുമുര്‍ട്ടിച്ചൊരു പുസ്തകം അത്രയും കാലം ഞാന്‍ വായിച്ചിരുന്നില്ല. പീഡോഫീലിയക്കുറിച്ചോ മനുഷ്യരുടെ മാനസികവൈകൃതങ്ങളെക്കുറിച്ചും എനിക്കൊന്നുമറിയില്ലായിരുന്നു. 

തിരികേ പുസ്തകം കൊടുക്കാന്‍ ചെന്നപ്പോള്‍ സാര്‍ പതിവില്ലാതെ ഇങ്ങനെ പറഞ്ഞു. 'നീ ഈ പുസ്തകം വായിക്കാനായില്ലായിരുന്നു, പക്ഷെ, പുസ്തകങ്ങളോട്  പേടിയൊരിക്കലും തോന്നേണ്ടതില്ല'. എന്റെ മുഖത്തെ പരിഭ്രമം കൊണ്ടാണോ ബുക്കിനെക്കുറിച്ചെഴുതാത്ത എന്റെയുള്ളിലെ കുറ്റബോധം കൊണ്ടാണേയെന്നറിയില്ല അദ്ദേഹം എന്നോടിത് പറയുമ്പോള്‍ ഞാന്‍ തലകുനിച്ചു നിന്നു. പക്ഷേ, അദ്ദേഹം പുസ്തകം മുകളിലേ തട്ടിലേയ്ക്ക് എടുത്തുവെക്കാതിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞാന്‍ എടുക്കാതിരിക്കാനായിരുന്നു സാറത് മുകളില്‍ വെച്ചതെന്ന് ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞ് അടുക്കളയിലേക്ക് കയറിപ്പോയി.

പിന്നീട് ഒരോ ബുക്കിന്റെയും പേര് പറഞ്ഞിട്ടാണ് ഞാനെടുത്തുകൊണ്ടു പോന്നിരുന്നത്. പിന്നീട് പ്ലസ്ടു കാലത്തായിരിക്കണം ഞാനത് വീണ്ടും വായിക്കുന്നത്. 'ലോലിത' പല കാരണങ്ങളാല്‍ എന്നെ വല്ലാതെ വേദനിപ്പിച്ചൊരു പുസ്തകമായിരുന്നു. വ്‌ളാഡിമിര്‍ നബോക്കോവിന്റെ 'ലോലിത' എന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ എന്റെയുള്ളില്‍ പതിഞ്ഞൊരു പേരായിരുന്നു. മധ്യവയസ്തനായ പീഡോഫീലിക്കായ ഹംബര്‍ട്ടിന്റെ 12 വയസുള്ള പെണ്‍കുട്ടിയോട് തോന്നുന്ന താത്പര്യവും മാനസികാവ്യാപാരങ്ങളും ആ പുസ്തകത്തില്‍ നിറയെയുണ്ടായിരുന്നു. പക്ഷെ പുസ്തകങ്ങളിലൊക്കെയും ലോകത്തെയും മനുഷ്യരേയും കുറേക്കൂടി വ്യക്തമായറിയാനുള്ള ഊടുവഴികളുണ്ടെന്നെ തിരിച്ചറിവിലേയ്ക്ക് ഞാനന്ന് വളര്‍ന്നിരുന്നു.

സ്‌കൂള്‍ ലൈബ്രറിയിലെ മഞ്ഞളിച്ച പുറംചട്ടയുള്ള പുസ്തകങ്ങള്‍ക്കും പത്രത്തിനൊപ്പം അച്ഛന്‍ വരുത്തുന്ന ബാലമാസികള്‍ക്കും അപ്പുറത്തേയ്ക്ക് എന്റെ വായനയെ, ചിന്തകളെ തുറന്നു വിടുന്നതില്‍ മൂര്‍ത്തിസാറിന്റെ വീടിനോളം വേറോന്നിനും എന്നെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. അത്രയധികം പുസ്തകളെനിക്ക് വാങ്ങിത്തരാന്‍ അച്ഛനൊരിക്കലും കഴിയുമായിരുന്നില്ല.  പേള്‍ എസ് ബക്കും മാര്‍ക്കേസും പൗലോ കൊയ്‌ലോയും അരുന്ധതി റോയിയുമൊക്കെയായി ആ വീടെനിക്കെന്റെ ഒറ്റപ്പെടലുകളിലെ താങ്ങുവടിയായിരുന്നു.

യൂണിവേഴ്‌സിറ്റിയിലെ സാഹിത്യ പഠനകാലത്തും പോലും ഞാനത്രയും പുസ്തകങ്ങള്‍ വായിച്ചിട്ടില്ല. വീട് വീട്ട് ദൂരെയായിപ്പോയപ്പോള്‍ മൂര്‍ത്തി സാറിന്റെ പുസ്തകവീടും എനിക്കന്യമായിപ്പോയി. വല്ലപ്പോഴും വഴിയരികില്‍ വച്ചു കാണുമ്പോളുള്ള രണ്ടുവരി കുശലാന്വേഷണങ്ങളിലേയ്ക്ക് ഞാനും ആ വീടുമായുള്ള ബന്ധം ചുരുങ്ങിപ്പോയി. രാത്രിയിരുട്ടിയും വീട്ടിലേയ്ക്ക് ബാഗ് തൂക്കി കിതച്ചു നടക്കുമ്പോള്‍ ഉമ്മറത്ത് കവിതയുറക്കേ ചൊല്ലിയിരിക്കുന്ന മൂര്‍ത്തി സാറിനെ കണ്ടിരുന്നു. എനിക്കുണ്ടായ അക്ഷരങ്ങളിലൊക്കെയും ആയിരം വട്ടം ഞാനാ മനുഷ്യനോടാണ് കടപ്പെട്ടിരിക്കുന്നത്. വച്ചുനീട്ടിയ പുസ്തകളിലൊക്കെയും ഇതുവരെയാരും  എന്നോട് കാണിക്കാത്തൊരു കരുണയുണ്ടായിരുന്നു.  മാസങ്ങളെടുത്താണ് ഒരു നോവലിന്ന് വായിച്ച് തീര്‍ക്കുന്നത്. ഇന്‍സ്റ്റഗ്രാം നേരങ്ങളില്‍ പുസ്തകങ്ങളെടുക്കാന്‍ മറന്നുപോയിത്തുടങ്ങുന്നു.