1917-ല്‍ ബംഗാളില്‍ ഇറങ്ങിയ ഒരു നോവല്‍, അതിനുണ്ടായത് ഇരുപത്തിയഞ്ചിലേറെ ചലച്ചിത്രഭാഷ്യങ്ങളും ഒട്ടേറെ സീരിയലുകളും. ബംഗാളിയില്‍ മാത്രമല്ല, മലയാളമടക്കം ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ആ നോവല്‍ സിനിമയാക്കപ്പെട്ടു. നോവലിന്റെ പേര്: 'ദേവദാസ്'. എഴുതിയത്: ശരത്ചന്ദ്ര ചതോപാധ്യായ.

1917-ൽ ബംഗാളിൽ ഇറങ്ങിയ ഒരു നോവൽ, അതിനുണ്ടായത് ഇരുപത്തിയഞ്ചിലേറെ ചലച്ചിത്രഭാഷ്യങ്ങളും ഒട്ടേറെ സീരിയലുകളും. ബംഗാളിയിൽ മാത്രമല്ല, മലയാളമടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിൽ ആ നോവൽ സിനിമയാക്കപ്പെട്ടു. അതിൽ നിന്ന് സീരിയലുകളുമുണ്ടായി. നോവലിന്റെ പേര്: 'ദേവദാസ്'. എഴുതിയത്: ശരത്ചന്ദ്ര ചതോപാധ്യായ.
'നഷ്ടപ്രണയത്തിന്റെ നിത്യഹരിതകാവ്യം' എന്നു വിശേഷിപ്പിക്കാവുന്ന ദേവദാസ് പുറത്തിറങ്ങിയത് 1917 ജൂൺ 30-ന്. 109 വർഷം കഴിഞ്ഞിട്ടും ദേവദാസ് ഇപ്പോഴും സിനിമാക്കാരുടെ പ്രിയപ്പെട്ട നോവലായി തുടരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ലോകേഷ് കനകരാജും വാമിഖ ഗബ്ബിയും അഭിനയിച്ച തമിഴ് സിനിമ 'ഡിസി'യും അവലംബിച്ചിരിക്കുന്നത് ദേവദാസിനെത്തന്നെ.
സമ്പന്നനായ ദേവദാസിന്റെ പ്രണയവും പ്രണയനൈരാശ്യവും ആഖ്യാനിക്കുന്ന നോവലാണ് 'ദേവദാസ്'. ദരിദ്രകുടുംബത്തിൽ നിന്നുള്ള പാർവതി നായികയും. ദേവദാസിന്റെ ബാല്യകാലസഖിയായിരുന്നു പാർവ്വതി. കൗമാരം കടക്കവെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നു. ജാതിയുടെയും സമ്പത്തിന്റെയും വേലിക്കെട്ടുകൾ അവരുടെ അനുരാഗത്തിന് തടസ്സമാവുന്നു. ഭാര്യ മരിച്ചുപോയ വൃദ്ധനായ ഒരാൾക്ക് പാർവതിയെ വീട്ടുകാർ കല്യാണം കഴിപ്പിച്ചുകൊടുക്കുന്നു. പ്രണയപരാജയത്തിൽ തകർന്നുപോവുന്ന ദേവദാസ് നഗരത്തിലെത്തുകയും മദ്യത്തിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. അനന്തരം കൊട്ടാരനർത്തകിയായ ചന്ദ്രമുഖിയിൽ അയാൾ സ്‌നേഹം കണ്ടെത്തുന്നു. ദേവദാസിന്റെ അമിതമദ്യപാനം കാരണം ചന്ദ്രമുഖി അയാളെ ഉപേക്ഷിക്കുന്നു. പാർവ്വതിയെ തേടി അയാൾ നാട്ടിലേക്ക് തിരിച്ചെത്തുന്നു. പാർവ്വതിയുടെ വീട്ടുവാതിൽക്കൽ ദേവദാസ് മരിച്ചുവീഴുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.
ഇന്ത്യൻസിനിമയിൽ ഇത്രയും സ്വാധീനം ചെലുത്തിയ വേറൊരു ഇന്ത്യൻ നോവലില്ല. 1928-ലാണ് 'ദേവദാസി'ൽ നിന്ന് ആദ്യത്തെ സിനിമ വരുന്നത്. നരേഷ് മിത്ര സംവിധാനം ചെയ്ത ആ ബംഗാളി നിശ്ശബ്ദ ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതിയതും നോവലിസ്റ്റായ ശരത്ചന്ദ്ര ചതോപാധ്യായ തന്നെ.

1935-ൽ ബംഗാളിയിലും ഹിന്ദിയിലും അസ്സാമീസിലും ന്യൂ തിയെറ്റേഴ്‌സ് നിർമിച്ച 'ദേവദാസ്' നോവലിന്റെ ഹൃദയമറിഞ്ഞ സിനിമയായിരുന്നു. പി.സി. ബറുവയായിരുന്നു സംവിധായകൻ. ബംഗാളിയിൽ പി.സി. ബറുവയും യമുനയുമായിരുന്നു നായകനും നായികയും. ഹിന്ദിയിൽ അനശ്വരഗായകൻ സൈഗാൾ ദേവദാസായി വന്ന ചിത്രം ഇന്നും പ്രേക്ഷകരെ കണ്ണീരണയിക്കുന്നു, നടി രാജ്കുമാരി പാർവതിയായി. സൈഗാളിന്റെ അതുല്യമായ അഭിനയപാടവത്താലും ഹൃദയസ്പർശിയായ ആലാപനമികവിനാലും ഹിന്ദിയിൽ 'ദേവദാസ്' വൻവിജയമായി. ഒട്ടനവധി ചിത്രങ്ങൾ പിന്നീട് ദേവദാസിൽ നിന്നുണ്ടായെങ്കിലും ഇന്നും ജനഹൃദയങ്ങളിൽ സൈഗാൾ തന്നെയാണ് ദേവദാസ്. സൈഗാളിന്റെ 'ദുഃഖ് കേ അബ് ദിൻ...' എന്ന സങ്കടം കലർന്ന ഗാനം ഈ സിനിമയിലേതാണ്. ബിമൽ റോയിയുടെ ഛായാഗ്രഹണമായിരുന്നു ഈ സിനിമയുടെ വേറൊരു പ്രധാനആകർഷണം. ഛായാഗ്രഹണത്തെ കുറിച്ചുള്ള സംഭാഷണരങ്ങളിൽ പ്രശസ്ത സംവിധായകൻ ഋത്വിക് ഘട്ടക്ക് ഈ സിനിമയെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
1953-ൽ ദേവദാസിന് തമിഴ്, തെലുങ്ക് പതിപ്പുകൾ സംഭവിച്ചു. വേദാന്തം രാഘവയ്യ ആയിരുന്നു സംവിധാനം. പിന്നീട് ഒട്ടേറെ ഭാഷകളിൽ ദേവദാസ് സിനിമയായി. മലയാളത്തിലും 'ദേവദാസ്' സിനിമയായി പുറത്തിറങ്ങിയിട്ടുണ്ട് 1989-ൽ. ക്രോസ്‌ബെൽറ്റ് മണിയാണ് ദേവദാസിന് മലയാളത്തിൽ ദൃശ്യഭാഷ്യമൊരുക്കിയത്. വേണു നാഗവള്ളിയും പാർവ്വതിയും രമ്യ കൃഷ്ണനും മുഖ്യവേഷങ്ങളിൽ അഭിനയിച്ചു.
2002-ൽ ഷാരൂഖ് ഖാനും ഐശ്വര്യ റായിയും മാധുരി ദീക്ഷിതും അഭിനയിച്ച സഞ്ജയ് ലീല ഭൻസാലിയുടെ 'ദേവദാസ്' കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരേതരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്നു. അന്നുവരെയുള്ള ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവുമധികം മുടക്കുമുതലിൽ നിർമിച്ച സിനിമയായിരുന്നു അത്, 50 കോടിയായിരുന്നു നിർമ്മാണച്ചെലവ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ദേവ് ഡി'യ്ക്കും ആധാരം ദേവദാസായിരുന്നു. അഭയ് ഡിയോൾ, മഹി ഗിൽ, കൽക്കി കൊച്ചിലിൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി.
ആഗസ്റ്റിൽ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം 'ഡിസി'യും ദേവദാസിൽ നിന്നുണ്ടായ സിനിമയാണ്. ലേകേഷ് കനകരാജും വാമിഖ ഗബ്ബിയും പ്രധാനവേഷങ്ങളിൽ വരുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അരുൺ മഹേശ്വരനാണ്.
ദേവദാസിന്റെ കർത്തവായ ശരത്ചന്ദ്ര ചതോപാധ്യായ ബംഗാളിലെ ഏറെ പ്രശസ്തനായ എഴുത്തുകാരനാണ്. 1876-ൽ ബംഗാളിലെ ഭഗൽപൂരിൽ ജനിച്ച അദ്ദേഹം 1938-ൽ ഓർമയായി. ഹിന്ദുസന്യാസിയായും ബുദ്ധഭിക്ഷുവായും ബർമ്മയിലും ഇന്ത്യയിലെമ്പാടും സഞ്ചരിച്ച അദ്ദേഹം യാത്രയിൽ കണ്ട വ്യക്തികളെ തന്റെ കൃതികളിൽ കഥാപാത്രങ്ങളാക്കിയെന്ന് പറയപ്പെടുന്നു. അങ്ങനെ അടുത്തറിഞ്ഞ ഒരു കഥാപാത്രമായിരിക്കുമോ ദേവദാസും. അറിയില്ല, ഒന്ന് മാത്രം അറിയാം. ദേവദാസ് പതിപ്പുകൾ തിരശ്ശീലയിൽ ഇനിയും ഉണ്ടാവുമെന്ന്. കാരണം പ്രണയവും പ്രണയത്തിൽ നിന്നുള്ള വിഷാദങ്ങളും ഒരിക്കലും അരങ്ങൊഴിയുന്നില്ലല്ലോ..!
Content Highlights: Chronicles the 109-year journey of the novel Devdas since its 1917 publication., Details the evolution of Devdas from 1928 silent films to modern adaptations., Highlights the influence of the novel on Indian cinema across multiple languages including Malayalam., Profiles the legacy of Sarat Chandra Chattopadhyay and his character-building process., Provides a preview of the 2026 Tamil film 'DC' inspired by the novel.
Published: 30 Jul 2026, 12:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented