റുത്തവര്‍ഗ്ഗക്കാരനായ ആ അടിമപ്പയ്യന്റെ മനസ്സു നിറയെ കവിതയായിരുന്നു. അങ്ങനെ നടക്കുന്നതിനിടയില്‍ അറിയാതെ അവനൊരു ജെറേനിയം ചെടിയുടെ ഇല പൊട്ടിച്ചുപോയി. ഇതറിഞ്ഞ യജമാനത്തി അവന്റെ കൈയും കാലും കൂട്ടിക്കെട്ടി. എന്നിട്ട് അടക്കംചെയ്യുന്നതിനു മുമ്പ് കറുത്തവരുടെ ശവങ്ങള്‍ സൂക്ഷിക്കുന്ന ഒരു മുറിയില്‍ രാത്രി മുഴുവന്‍, പന്ത്രണ്ടോ പതിമ്മൂന്നോ വയസ്സുമാത്രം പ്രായമുള്ള ആ കുട്ടിയെ തുള്ളി വെള്ളം പോലും കൊടുക്കാതെ പൂട്ടിയിട്ടു.

To advertise here,

ഹുവാന്‍ ഫ്രാന്‍സിസ്‌കോ മന്‍സനോ (Juan Fransisco Manzano) എന്നായിരുന്നു ആ കുട്ടിയുടെ പേര്. ക്യൂബയിലെ കരിമ്പ്- കാപ്പിത്തോട്ടങ്ങളിലും സ്പാനിഷ് വംശജരായ പ്രഭുക്കന്മാരുടെ കൊട്ടാരങ്ങളിലും അടിമപ്പണി ചെയ്യുന്നതിനു വേണ്ടി ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവരപ്പെട്ടവരായിരുന്നു അവന്റെ പൂര്‍വികര്‍. യജമാനന്മാരുടെ കണ്ണില്‍പ്പെടാതെ അവന്‍ സ്വയം എഴുത്തും വായനയും പഠിച്ചു. രണ്ടു കവിതാ സമാഹാരങ്ങളും ആത്മകഥയും എഴുതി. ആത്മകഥയുടെ ഒന്നാം ഭാഗം മാത്രമേ ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളൂ. രണ്ടാം ഭാഗം മേലാളന്മാര്‍ നശിപ്പിച്ചു കളഞ്ഞു. അടിമവ്യവസ്ഥയുടെ നേര്‍ച്ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ആ ആത്മകഥയുടെ മിക്ക ഭാഗങ്ങളും രക്തം മരവിപ്പിക്കുന്ന ക്രൂരതയുടെ ചരിത്രമാണ്:

യജമാനന്മാര്‍ കുതിരവണ്ടിയില്‍ പോകുമ്പോള്‍ വിളക്കുപിടിച്ച് പിന്നിലിരിക്കുക എന്നതായിരുന്നു അവന്റെ ജോലികളിലൊന്ന്. ഒരിക്കല്‍ അങ്ങനെയിരിക്കുമ്പോള്‍ ഉറക്കംതൂങ്ങി അവന്റെ കൈയില്‍ നിന്ന് വിളക്ക് നിലത്തുവീണുടഞ്ഞു. പതിവുപോലെ കൈകാലുകള്‍ ബന്ധിച്ച് മുറിയിലിട്ടു പൂട്ടാന്‍ കൊണ്ടുപോകുമ്പോള്‍ അവന്റെ അമ്മ അവന്‍ ചെയ്ത കുറ്റമെന്തെന്നന്വേഷിച്ചു. അതുമതിയായിരുന്നു; തന്നെ ചോദ്യം ചെയ്തതിന് മേയര്‍ അവളുടെ മുഖത്ത് ചാട്ടകൊണ്ടടിച്ചു. മന്‍സോനോക്ക് അത് സഹിക്കാനായില്ല. അവന്‍ മേയറുടെ മേല്‍ ചാടി വീണു. അടിമ ഉടമസ്ഥനെ ആക്രമിച്ചിരിക്കുന്നു! പിന്നെന്തു വേണം? കൊടിയ മര്‍ദ്ദനമായിരുന്നു തുടര്‍ന്ന്. അമ്മയുടെയും മകന്റെയും വസ്ത്രങ്ങള്‍ കീറിയെറിഞ്ഞിട്ട് അവര്‍ ബോധം കെടുന്നതുവരെ രണ്ടുപേരെയും തല്ലിച്ചതച്ചു.

മറ്റൊരിക്കല്‍ കൊട്ടാരത്തില്‍ നിന്ന് ഒരു പൂവന്‍കോഴിയെ കാണാതായി. മന്‍സാനോയായിരുന്നു കോഴികളെ വാങ്ങിക്കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ കാണാതായ കോഴിയെ വിറ്റുവെന്ന കുറ്റം അവന്റെ മേല്‍ ചുമത്തപ്പെട്ടു. മേയറും ആറു കൂട്ടാളികളും അവനെ വളഞ്ഞു. അവനെ നിലത്തെറിഞ്ഞിട്ട് രണ്ടു പേര്‍ കൈകളും രണ്ടു പേര്‍ കാലുകളും കൂട്ടിപ്പിടിച്ചു. മറ്റുള്ളവര്‍ അവന്റെ മുതുകില്‍ കയറിയിരുന്നു. കോഴിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ ചാട്ടയടിയായി. ഒന്നും രണ്ടുമല്ല, ഇരുപത്തിയഞ്ചു തവണ. ഇങ്ങനെ ഒന്‍പതു ദിവസം തുടര്‍ന്നു. പത്താം ദിവസം കോഴിയെ മോഷ്ടിച്ചുതിന്നത് കാര്യസ്ഥന്‍ തന്നെയാണെന്ന കാര്യം വെളിപ്പെട്ടു. അപ്പോഴേക്കും അനുഭവിക്കേണ്ടതെല്ലാം മന്‍സാനോ അനുഭവിച്ചു കഴിഞ്ഞിരുന്നു; അടിമയുടെ ജീവന് കോഴിയുടെ വില പോലുമില്ലല്ലോ.

പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ലാറ്റിനമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരായ അടിമകള്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകളില്‍ ഒന്നുകൂടി: ഒരിക്കല്‍ ഒരു സന്ദേശം തെറ്റായ ആള്‍ക്ക് നല്‍കിയതിന് മന്‍സാനോക്ക് കിട്ടിയ ശിക്ഷ ഇതായിരുന്നു. ഓടുന്ന ഒരു കുതിരയുടെ പിന്നില്‍ അവരവനെ കെട്ടിയിട്ടു. എന്നിട്ട് വേട്ടനായ്ക്കളെ തുറന്നുവിട്ടു. പാഞ്ഞെത്തിയ നായകള്‍ അവനെ കടിച്ചുകീറി. മാസങ്ങള്‍ വേണ്ടിവന്നു അവനൊന്ന് എഴുന്നേറ്റു നടക്കാന്‍.

ഈ നരകത്തിലിരുന്നാണ് മന്‍സാനോ ആരുമറിയാതെ എഴുത്തും വായനയും പഠിച്ചത്. കവിതയെയും, അടിമകളെ നിലക്കുനിര്‍ത്താന്‍ യജമാനന്മാര്‍ പഠിപ്പിച്ച ദൈവവിശ്വാസത്തെയും അവന്‍ ചേര്‍ത്തുപിടിച്ചു. ഒരിക്കല്‍ മന്‍സാനോയെ ഇങ്ങനെ ശിക്ഷിക്കുന്നതെന്തിനാണെന്ന് രൊള്‍ യജമാനത്തിയോടു ചോദിച്ചു. 'ശിക്ഷിച്ചില്ലെങ്കില്‍ ഈ കാപ്പിരിച്ചെറുക്കന്‍ റൂസോയേക്കാളും വോള്‍ട്ടെയറേക്കാളും മോശക്കാരനായിത്തീരു'മെന്നായിരുന്നു പ്രഭ്വിയുടെ മറുപടി. വിപ്ലവകാരികളും തത്വചിന്തകരുമായ ആ ഫ്രഞ്ചുകാര്‍ ദൈവനിഷേധികള്‍ കൂടിയായിരുന്നെന്നറിഞ്ഞപ്പോള്‍ മന്‍സാനോ വല്ലാതെ പേടിച്ചു. അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചില്ലെങ്കിലും തന്നെ അവിശ്വാസിയാക്കരുതേ എന്നായിരുന്നു അവന്റെ പ്രാര്‍ത്ഥന. എന്നിട്ട് അവന്‍ എഴുതി:

ആയിരക്കണക്കിന് രക്തസാക്ഷികളുടെ ചോരനിറം ചേര്‍ത്ത തൊട്ടിലില്‍
വിശ്വാസത്തിന്റെ ശിശു ദിനംതോറും ശക്തനായി വളരുന്നു.
അത് നീയാണ് ദൈവമേ, വിശ്വാസത്തിലൂടെ മാത്രമേ
നിന്റെ അത്ഭുതങ്ങള്‍ ഞങ്ങള്‍ക്ക് വെളിപ്പെടൂ.

ആത്മാവ് വയലകളിലും കാടുകളിലും ഇഷ്ടം പോലെ പറന്നു നടക്കുന്ന മിന്നാമിനുങ്ങിനെപ്പോലെയാണെന്ന് മന്‍സാനോ എഴുതുന്നു. ചിലപ്പോള്‍ അത് പ്രകാശിക്കും, ചിലപ്പോള്‍ അണഞ്ഞുപോകും. ഗ്രാമത്തിലെ ഒരു കുട്ടി അതിനെ പിടിക്കുന്നു. ദൈവം ആ കുഞ്ഞിനെപ്പോലെയാണ്. അതിന്റെ കൈവിരലുകള്‍ കോര്‍ത്തുണ്ടാക്കിയ കൂടിനകത്തിരുന്ന് ആത്മാവ് നിര്‍ഭയം പ്രകാശിക്കുന്നു.

ഒടുവില്‍ അക്ഷരങ്ങള്‍ തന്നെയാണ് മന്‍സാനോയുടെ മോചനത്തിന് കാരണമായത്. ആ കവിതകളുടെ മഹത്വം തിരിച്ചറിഞ്ഞ ദൊമിംഗോ ദെല്‍ മോന്‍തെ എന്ന എഴുത്തുകാരന്‍ മോചനദ്രവ്യം നല്‍കി അദ്ദേഹത്തെ അടിമത്തത്തില്‍ നിന്ന്  വിടുതല്‍ ചെയ്തു. എന്നിട്ടും മന്‍സാനോയുടെ കഷ്ടതകള്‍ അവസാനിച്ചില്ല. കറുത്തവരുടെ ഒരു ലഹളയില്‍ പങ്കുചേര്‍ന്നു എന്ന ചെയ്യാത്ത കുറ്റം ചുമത്തി ഭരണാധികാരികള്‍ അദ്ദേഹത്തെ തടവറയിലടച്ചു. മോചിതനായ അദ്ദേഹം പിന്നീട് ഒന്നുമെഴുതിയില്ല.

മന്‍സോനോയുടെ പ്രസാധകരും പരിഭാഷകരുമെല്ലാം വെളുത്ത വര്‍ഗ്ഗക്കാരായിരുന്നു. അവര്‍ പല മാറ്റങ്ങളും വരുത്തി അദ്ദേഹത്തിന്റെ എഴുത്തിന്റെ തനിമ നഷ്ടപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്. എന്നിട്ടും ആ രചനകളുടെ മഹത്വം ഇന്നും നിലനില്‍ക്കുന്നു. ആഫ്രിക്കന്‍ എഴുത്തുകാരന്‍ ചിനുവ അച്ചേബെ (Chinua Achebe) എഴുതിയതു പോലെ 'അഗാധഗര്‍ത്തത്തിനരികില്‍ നില്‍ക്കുമ്പോള്‍ അനുഭവപ്പെടുന്ന മരണഭീതി' പോലുള്ള ആ എഴുത്തിനു മുന്നില്‍ ഗൃഹാതുരത്വം നിറഞ്ഞ നമ്മുടെ വായനകള്‍ക്ക് എന്തർഥമാണുള്ളത്?