
കേരളത്തിന്റെ തനത് കന്നുകാലി ഇനമായ വെച്ചൂര്‍ പശുക്കള്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങിയപ്പോള്‍ വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവര്‍ത്തനമികവാണ് ഡോ. ശോശാമ്മ ഐപ്പിനെ പത്മശ്രീ ബഹുമതിക്ക് അര്‍ഹയാക്കിയത്. വെച്ചൂര്‍ പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള മിഷന്‍ ഏറ്റെടുത്ത ശോശാമ്മ ടീച്ചര്‍ തരണം ചെയ്ത പ്രതിസന്ധികളറിഞ്ഞാല്‍ സാംസ്‌കാരിക മലയാളം തലതാഴ്ത്തിയിരിക്കും. മലയാളത്തിലെ മികച്ച പരിസ്ഥിതിപക്ഷ പുസ്തകമാണ് ടീച്ചര്‍ എഴുതിയ 'വെച്ചൂര്‍ പശു പുനര്‍ജന്മം.' ആത്മകഥാംശം നിറഞ്ഞ സൃഷ്ടിയെക്കുറിച്ച് വായനദിനത്തില്‍ ഡോ. എം. മുഹമ്മദ് ആസിഫ് എഴുതുന്നു.
'1989 -ല്‍ വെച്ചൂര്‍പശു കാര്‍ഷിക സര്‍വകലാശാലയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ജനുസ്സ് ഇന്നുണ്ടാകുമായിരുന്നില്ല. പലയിടങ്ങളില്‍നിന്ന് തേടിപ്പിടിച്ചുകൊണ്ടുവന്ന എട്ട് ഉരുക്കളെ കൊച്ചിരാജാവിന്റെ മണ്ണുത്തിയിലെ വിശാലമായ പുരാതന ഗോശാലയില്‍ 1989 ജൂലൈ ഇരുപത്തിയാറിന് കുടിവയ്ക്കുമ്പോള്‍ എന്റെ പ്രാര്‍ത്ഥന ഈ തൊഴുത്ത് ഒന്നു നിറഞ്ഞുകാണണമേ എന്നായിരുന്നു. എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു, ഇന്ന് തൊഴുത്തില്‍ നിറയെ ലക്ഷണമൊത്ത വെച്ചൂര്‍ സുന്ദരിക്കുട്ടികളും സുന്ദരക്കുട്ടന്മാരും. പച്ചപ്പരവതാനി വിരിച്ച മുറ്റത്തെ മാന്തണലില്‍ ഇളമാന്‍കുട്ടികളെപ്പോലെ തുള്ളിച്ചാടിക്കളിക്കുന്ന പശുക്കുട്ടികള്‍. സ്വപ്നസദൃശ്യമായ ഈ രംഗം കണ്ടുനില്‍ക്കുമ്പോള്‍ അനുഭവിച്ച വേദനകളെല്ലാം മറന്ന് മനസ്സ് ആനന്ദതുന്ദിലമാവുന്നു '....
മലയാളത്തില്‍ എഴുതപ്പെട്ട മികച്ച പരിസ്ഥിതിപക്ഷ വായനാനുഭവങ്ങളില്‍ ഒന്നായ 'വെച്ചൂര്‍പശു പുനര്‍ജന്മം' എന്ന പുസ്തകത്തില്‍ നിന്നുള്ള വരികളാണിത്. വംശനാശം സംഭവിച്ച് വിസ്മൃതിയില്‍ വീണുപോവുമായിരുന്ന കേരളത്തിന്റെ തനത് കന്നുകാലി ജനുസായ വെച്ചൂര്‍ പശുക്കളുടെ വീണ്ടെടുപ്പിന്റെ സഹനവും സമരവും നിറഞ്ഞ ചരിത്രമെഴുതുന്ന ഗ്രന്ഥമാണ് ഡോ. ശോശാമ്മ ഐപ്പിന്റെ 'വെച്ചൂര്‍പശു പുനര്‍ജന്മം' എന്ന ആത്മകഥാസ്പര്‍ശിയായ സൃഷ്ടി. 2022- ല്‍ ഡോ. ശോശാമ്മ ഐപ്പിനെ തേടിയെത്തിയ പത്മശ്രീ പുരസ്‌കാരം വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിനായി അവര്‍ നടത്തിയ പതിറ്റാണ്ടുകള്‍ ദൈര്‍ഘ്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു.
ഒരു മിണ്ടാപ്രാണി ജനുസ്സിനെ സംരക്ഷിക്കാനുള്ള പോരാട്ടം; ഉള്ളുലയ്ക്കുന്ന ജീവിതാനുഭവങ്ങളുടെ വായന
മണ്ണുത്തി വെറ്ററിനറി കോളേജിലെ ജനിതക വിഭാഗം അദ്ധ്യാപികയായിരുന്ന ശോശാമ്മ ഐപ്പ് ടീച്ചറുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ മണ്ണുത്തി വെറ്ററിനറി കലാലയത്തില്‍ 1988-89 കാലഘട്ടത്തിലാണ് വെച്ചൂര്‍ പശു സംരക്ഷണത്തിനായി വെച്ചൂര്‍ പരിരക്ഷണ ക്യാംപെയിന്‍ ആരംഭിച്ചത്. അക്കാലത്ത് വംശനാശം വന്നതായി കരുതപ്പെട്ടിരുന്ന വെച്ചൂര്‍ പശുക്കളെ കണ്ടെത്തുന്നതിനായി പശുവിനെ വളര്‍ത്തുന്നവരെ തേടി ശോശാമ്മ ടീച്ചറും വിദ്യാര്‍ത്ഥി സംഘവും വെച്ചൂരിലെ കര്‍ഷകരുടെ വീടുകളില്‍ മാത്രമല്ല വായനശാലയിലും കള്ളുഷാപ്പുകളിലുംവരെ കയറിയിറങ്ങി. അന്ന് കാര്‍ഷിക സര്‍വ്വകലാശാല വൈസ്ചാന്‍സിലറായിരുന്ന ഡോ. ശൈലാസ് അനുവദിച്ച ഇരുപതിനായിരം രൂപകൊണ്ട് എട്ട് പശുക്കളെ വെച്ചൂരില്‍നിന്ന് വിലകൊടുത്ത് വാങ്ങിക്കൊണ്ടുവന്നാണ് 1989- ല്‍ പദ്ധതിയ്ക്ക് ആരംഭം കുറിച്ചത്.
വെച്ചൂര്‍ പശു പരിരക്ഷണ പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളും പ്രയാസങ്ങളും തിക്താനുഭവങ്ങളും ഒന്നൊന്നായി പുസ്തകത്തില്‍ വരച്ചിടുന്നുണ്ട്. അതിലേറെയും മിണ്ടാപ്രാണികളെ സ്‌നേഹിക്കുന്ന ഏതൊരു വായനക്കാരന്റെയും ഉള്ളുപിടിച്ചുലയ്ക്കുന്ന പച്ചയായ ജീവിതാനുഭവങ്ങളാണ്.

സംസ്ഥാനത്ത് അന്ന് നിലവിലുണ്ടായിരുന്നസങ്കരയിനം വിദേശ ജനുസ്സ് പശുക്കളെ പ്രോത്സാഹിപ്പിക്കുന്ന ബ്രീഡിങ് നയത്തിന് വിരുദ്ധമായി പരിരക്ഷണം വഴി വെച്ചൂര്‍പശുക്കള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതിനെതിരെ ശാസ്ത്രസമൂഹത്തില്‍നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വസ്തുതാരഹിതമായ ആരോപണങ്ങളുടെ മൂര്‍ച്ചയുള്ള മുനകള്‍ പലവുരു ശോശാമ്മ ടീച്ചര്‍ക്കും വെച്ചൂര്‍ പരിരക്ഷണ പദ്ധതിയ്ക്കും നേരെ നീണ്ടു. മണ്ണുത്തിയിലെത്തിച്ച പശുക്കള്‍ വെച്ചൂര്‍ പശു അല്ലെന്നായിരുന്നു ആദ്യ ആരോപണം. 'വെച്ചൂര്‍ പശു ഇപ്പോഴില്ല, ഇവിടെ കൊണ്ടുവന്നു കെട്ടിയിരിക്കുന്നത് വെച്ചൂര്‍ പശുവേയല്ല, പട്ടിണി കിടന്ന് വളര്‍ച്ച മുരടിച്ചുപോയ പശുക്കളെയാണ് 'എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ ഉപേക്ഷിച്ച ഈ ചാവാലി പശുക്കളെ തെരഞ്ഞുപിടിച്ചു കൊണ്ടുവന്നു വളര്‍ത്തിയിട്ട് എന്ത് പുണ്യം കിട്ടാനാണ് എന്നായിരുന്നു മറ്റൊരു കൂട്ടരുടെ ചോദ്യം.
വെച്ചൂര്‍ പരിരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ടീച്ചര്‍ക്കൊപ്പം സഹകരിക്കുന്നതു തടയാന്‍ വരെ നീക്കം ഉണ്ടായി. ശോശാമ്മ ടീച്ചറെ സഹായിച്ച വിദ്യാര്‍ത്ഥികളെ വഴിയില്‍ തടയുകയും അവര്‍ ടീച്ചറുടെ വീട്ടില്‍ വരുന്നത് വിലക്കാനും ശ്രമമുണ്ടായി. അതൊന്നും ഫലിക്കാതെ വന്നപ്പോള്‍ വെച്ചൂര്‍ പരിരക്ഷണ പരിപാടിക്ക് ടീച്ചര്‍ സഹകരിപ്പിക്കുന്നത് ഇടതുപക്ഷ അനുഭാവമുള്ള വിദ്യാര്‍ത്ഥികളെ മാത്രമാണെന്ന് ദുരാരോപണം വന്നു. അത് പരാതിയായി വൈസ് ചാന്‍സിലറുടെ മുന്നിലെത്തി.രാഷ്ട്രീയവും മതവും ജാതിയുമൊന്നും നോക്കിയല്ല വിദ്യാര്‍ത്ഥികളെ സഹകരിപ്പിച്ചതെന്ന കുറിയ്ക്കു കൊള്ളുന്ന മറുപടിയാണ് ആ ദുരാരോപണത്തിന് അന്ന് നല്‍കിയതെന്ന് ശോശാമ്മ ടീച്ചര്‍ എഴുതുന്നു.
ചെകുത്താന്‍ പോലും ചെയ്യാന്‍ ധൈര്യപ്പെടാത്ത കൊടുംക്രൂരതകളാണ് അന്ന് മിണ്ടാപ്രാണികളോട് കാണിച്ചതെന്ന് പുസ്തകത്തില്‍ ശോശാമ്മ ടീച്ചര്‍ തുറന്നെഴുതുന്നുണ്ട്. വെച്ചൂര്‍ പശുക്കളെ സംരക്ഷിക്കുന്നത് തടയാന്‍ ഗോഹത്യയും ഗോദഹനവും മുതല്‍ ഓഫീസ് രേഖകളുടെ മോഷണവും വ്യാജവാര്‍ത്തകളുടെ പ്രചാരണവും നടന്നു.
1993 സെപ്റ്റംബര്‍ മുതല്‍ സംശയകരമായ സാഹചര്യത്തില്‍ വെച്ചൂര്‍ ഫാമില്‍ പശുക്കള്‍ പൊടുന്നനെ ചത്തുപോവാന്‍ തുടങ്ങി. 1993 സെപ്തംബര്‍ മുതല്‍ 1996 മെയ് വരെയുള്ള കാലയളവില്‍ പത്തൊന്‍പത് വെച്ചൂര്‍ പശുക്കളാണ് ഫാമില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ആദ്യം മരണകാരണം പാമ്പുകടിയാണെന്നാണ് സംശയിച്ചത്. ചത്തുവീണ പതിനഞ്ചിലധികം പശുക്കളുടെ ജഡം അറുത്തുകീറി പരിശോധിച്ചിട്ടും സര്‍വകലാശാലയിലെ രോഗനിദാന ശാസ്ത്രജ്ഞന്‍മാര്‍ക്ക് മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് വിചിത്രമായിരുന്നു. ഒടുവില്‍ കാക്കനാട്ടെ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് പരിശോധനാഫലം പുറത്തുന്നപ്പോഴാണ് മരണകാരണം ഫോറേറ്റ് വിഷമാണെന്നും അത് പുല്ലിലൂടെ അകത്ത് ചെന്നാണ് പശുക്കള്‍ മരണപ്പെട്ടതെന്നും തെളിഞ്ഞത്. വെച്ചൂര്‍ ഫാമില്‍ വിതരണം ചെയ്യുന്ന തീറ്റപുല്ല് വഴിയുള്ള വിഷബാധയാണ് പശുക്കളുടെ മരണകാരണം എന്നറിഞ്ഞതോടെ തുടര്‍ന്നും വിഷബാധയുണ്ടാവാം എന്ന ഭയത്തെ തുടര്‍ന്ന് വെച്ചൂര്‍ ഫാമില്‍ പശുക്കള്‍ക്ക് തീറ്റപുല്ല് നല്‍കുന്നത് അവസാനിപ്പിക്കുക വരെയുണ്ടായി, പിന്നീട് കുറെകാലം വൈക്കോലും വെള്ളവും മാത്രമായിരുന്നു ആ മിണ്ടാപ്രാണികളുടെ തീറ്റ.
വെച്ചൂര്‍ പശുക്കള്‍ വിഷബാധയേറ്റ് മരണപ്പെട്ടപ്പോള്‍ അതിന് പിന്നില്‍ ശോശാമ്മ ടീച്ചര്‍ ആണെന്ന് ദുരാരോപണം ഉന്നയിക്കാന്‍ വരെ ആളുകള്‍ ഉണ്ടായിരുന്നു. വെച്ചൂര്‍ പരിരക്ഷണ പദ്ധതി പരാജയം ആണെന്നും പദ്ധതിയുടെ പരാജയം മൂടിവെക്കാനും കാലാവധി പൂര്‍ത്തിയാക്കിയ വെച്ചൂര്‍ പ്രൊജക്ട് വീണ്ടും നിലനിര്‍ത്തുന്നതിന് വേണ്ടിയും പദ്ധതി വകുപ്പ് മേധാവി ആസൂത്രണം ചെയ്ത കുറുക്കുവിദ്യയാണ് വെച്ചൂര്‍ പശുക്കളുടെ കൊലപാതകമെന്ന് അരോപണമുണ്ടായെന്ന് ടീച്ചര്‍ എഴുതുന്നു. അന്ന് തൃശ്ശൂര്‍ എസ്.പി. ആയിരുന്ന ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെച്ചൂര്‍ പശുക്കളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചെങ്കിലും അന്വേഷണം പാതിവഴിയില്‍ നിലച്ചു. വെച്ചൂര്‍ പശു പരിരക്ഷണപദ്ധതിയെ മുളയിലേ നുള്ളാനും ശോശാമ്മ ടീച്ചറെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനും അവഹേളിക്കാനും ചില ഗൂഢശക്തികള്‍ ആസൂത്രണം ചെയ്ത കണ്ണില്ലാത്ത ക്രൂരതയായിരുന്നു വിഷം നല്‍കിയുള്ള ഗോഹത്യ.
പശുക്കളിലെ മാരക പകര്‍ച്ചവ്യാധിയായ കുളമ്പുരോഗം ബാധിച്ച സങ്കരയിനം പശുവിനെ ആരുമറിയാതെ വെച്ചൂര്‍ പശുക്കളുടെ തൊഴുത്തില്‍ കൊണ്ടുകെട്ടി വെച്ചൂര്‍ പശുക്കള്‍ക്ക് കുളമ്പ് രോഗം പടര്‍ത്താന്‍ വരെയുള്ള കുത്സിതശ്രമങ്ങള്‍ അക്കാലത്ത് നടന്നു. 1996- ല്‍ ശോശാമ്മ ഐപ്പ് ടീച്ചര്‍ ലൈവ്‌സ്റ്റോക്ക് ഫാം മേധാവി ആയിരിക്കെ ഫാമില്‍ ഉണ്ടായ ഏറെ ദുരൂഹമായ തീപിടുത്തത്തെ തുടര്‍ന്ന് ഇരുപത്തിയെട്ട് പശുക്കളാണ് വെന്തൊടുങ്ങിയത്. ശോശാമ്മ ടീച്ചറെ കരിവാരിതേയ്ക്കാന്‍ വേണ്ടി ശ്രമിച്ച ഗൂഢശക്തികളുടെ കറുത്ത കൈകള്‍ തീപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നത് വ്യക്തമായിരുന്നു. പതിവുപോലെ പോലീസ് അന്വേഷണം നടന്നെങ്കിലും കേസ് എങ്ങുമെത്തിയില്ല. മിണ്ടാപ്രാണികളോട് കാണിച്ച മനസ്സ് മരവിക്കുന്ന ഈ ക്രൂരതകള്‍ വെച്ചൂര്‍പശു പുനര്‍ജ്ജന്മം എന്ന പുസ്തകത്തില്‍ ശോശാമ്മ ടീച്ചര്‍ തുറന്നെഴുതുമ്പോള്‍ വായനക്കാരുടെ മനസ്സ് പിടയും.
വെച്ചൂര്‍ പശുക്കളെ ഇല്ലാതാക്കാന്‍ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍; കള്ളക്കടത്ത് കുറ്റം മുതല്‍ രാജ്യദ്രോഹം വരെ ആരോപണങ്ങള്‍
വെച്ചൂര്‍ പരിരക്ഷണപദ്ധതിയെ തകര്‍ക്കാനായി പ്രവര്‍ത്തിച്ച ഗൂഢശക്തികള്‍ പദ്ധതിക്കെതിരെയും ശോശാമ്മ ടീച്ചര്‍ക്കെതിരെയും പെരുംനുണകള്‍ പടച്ചുവിടാന്‍ വേണ്ടിയും നിരന്തരം ശ്രമിച്ചു. 'ഒരേ നുണ നൂറുവട്ടം ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് സത്യമായി മാറും' എന്ന ഗീബല്‍സിയന്‍ തന്ത്രമാണ് അവര്‍ പയറ്റിയത്. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെയും ചാനലുകളെയും ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളെയും ഇതിന് വെച്ചൂര്‍ പദ്ധതി വിരുദ്ധര്‍ കരുവാക്കി. വെച്ചൂര്‍ പരിരക്ഷണപദ്ധതിയ്ക്കും ശോശാമ്മ ടീച്ചര്‍ക്കും നേരെ ഗുരുതരമായ ആരോപണങ്ങളും വ്യക്തിഹത്യ നടത്തുന്ന വാര്‍ത്തകളും മാധ്യമവിചാരണകളും ഇതേ തുടര്‍ന്നുണ്ടായി.
ഇല്ലാക്കഥകള്‍ ഊതിപെരുപ്പിച്ച് ശോശാമ്മ ടീച്ചറെ വ്യക്തിപരമായി താറടിയ്ക്കാനും മാനസികമായി തളര്‍ത്താനും പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവാളിയായും രാജ്യദ്രോഹിയും ചിത്രീകരിക്കാനും വരെ ശ്രമങ്ങള്‍ പലതവണ നടന്നു. 1998- ആഗസ്ത് 2-ന് 'വെച്ചൂര്‍ പശുക്കള്‍ക്ക് ബ്രിട്ടണ്‍ പേറ്റന്റ് സമ്പാദിച്ചു എന്ന തലക്കെട്ടില്‍ ചില പത്രങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി. ലോകത്ത് ക്ലോണിംഗിലൂടെ ആദ്യത്തെ ചെമ്മരിയാട്ടിന്‍ കുട്ടിക്ക് ജന്മം നല്‍കിയ സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ ഭാഗമായ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വെച്ചൂര്‍ പശുവിന് പേറ്റന്റ് സമ്പാദിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ വന്ദനശിവയെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത നല്‍കിയത്.
1994-ആഗസ്റ്റില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് വെച്ചൂര്‍ പശുക്കളുടെ ഭ്രൂണം വിദേശത്തേക്ക് കടത്താന്‍ നീക്കം എന്നായിരുന്നു. രാജ്യത്തിന്റെ ജൈവപൈതൃകമായ ഒരു ജീവിജനുസ്സിന്റെ ജീന്‍ ഒരു വിദേശസ്ഥാപനത്തിന് ചോര്‍ത്തിനല്‍കിയെന്ന ആരോപണം രാജ്യദ്രോഹകുറ്റമായി ടീച്ചര്‍ക്ക് നേരെ നീണ്ടു.
മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് കൗണ്‍സില്‍ തൃശൂരില്‍ യോഗം ചേര്‍ന്ന് ജീന്‍കള്ളക്കടത്തിനെ പറ്റി അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി രാജ്യദ്രോഹത്തിന് ശിക്ഷിക്കണമെന്ന് പ്രമേയം പാസ്സാക്കി. ശോശാമ്മ ടീച്ചറെ ഉന്നംവെച്ച് നടത്തിയ പരോക്ഷമായ ഒരു നീക്കമായിരുന്നു ഇത്. രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന പ്രമേയം പിറ്റേദിവസം ചില പത്രങ്ങളില്‍ മുഖ്യവാര്‍ത്തയായി. എന്തിനേറെ അന്ന് ഇടതുമുന്നണി കണ്‍വീനര്‍ ആയിരുന്ന വി.എസ്. അച്യുതാനന്ദന്‍ പോലും ഈ ആരോപണങ്ങള്‍ വിശ്വസിച്ച് ടീച്ചര്‍ക്ക് എതിരെ രംഗത്ത് വരികയും പാര്‍ട്ടി ദിനപത്രത്തില്‍ അദ്ദേഹത്തിന്റെ നീണ്ട പ്രസ്ഥാവന പ്രസിദ്ധീകരിക്കുകയും ചെയ്തു. 1998 സെപ്തംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വെച്ചൂര്‍ പരിരക്ഷണ പദ്ധതി മേധാവിയായ ശോശാമ്മ ടീച്ചറെ മാറ്റി നിര്‍ത്തി പദ്ധതിയെപ്പറ്റി സമഗ്ര അന്വേഷണം നടത്താന്‍ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
ഇടതുമുന്നണി സംസ്ഥാനം ഭരിക്കുന്ന അന്ന് വി.എസ്. ഇടതുമുന്നണിയുടെ കണ്‍വീനര്‍ മാത്രമല്ല സി.പി.ഐ. (എം)- ന്റെ പോളിറ്റ് ബ്യൂറോ മെമ്പറും കൂടിയാണ്. വെച്ചൂര്‍ പശു പരിരക്ഷണ പദ്ധതിയെയും ടീച്ചറെയും അവഹേളിക്കാനും നുണകള്‍ പടച്ചുവിടാനും മുന്‍പന്തിയില്‍ നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗീകാരവും അവാര്‍ഡുകളും നല്‍കാന്‍ വരെ വെറ്ററിനറി ഡോക്ടര്‍മാരുടെ സമൂഹത്തില്‍ നിന്ന് സംഘടകള്‍ മുന്നോട്ടുവന്നു എന്നതായിരുന്നു മറ്റൊരു വിരോധാഭാസം. വെച്ചൂര്‍ പശുക്കള്‍ക്ക് വിദേശ സര്‍വ്വകലാശാല പേറ്റന്റ് നേടിയെന്ന വാര്‍ത്തയും ജീന്‍കള്ളക്കടത്ത് നടത്തിയെന്ന ആരോപണവുമെല്ലാം കാമ്പില്ലാത്ത കള്ളവാദങ്ങളാണെന്ന് ക്രമേണ തെളിഞ്ഞു.
1997-ല്‍ അമേരിക്കയിലുള്ള മകളുടെ പ്രസവസമയത്ത് ശോശാമ്മ ടീച്ചര്‍ അവധിയെടുത്ത് അമേരിക്കയില്‍ പോയത് വരെ വാര്‍ത്തയും വിവാദവിഷയവുമാക്കി. വെച്ചൂര്‍ പശുവില്‍ നിന്ന് സംഭരിച്ച ഭ്രൂണം തവളയുടെയും എലിയുടെയും ഗര്‍ഭപാത്രത്തിലാക്കി കടത്തി എന്നുവരെ പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നു. മുട്ടയിടുന്ന തവളയക്ക് ഗര്‍ഭപാത്രമില്ലാത്ത അടിസ്ഥാനവസ്തുത വരെ വ്യാജവാര്‍ത്ത ചമച്ചവര്‍ മറന്നു. വെച്ചൂര്‍ പശുക്കളുടെ ലക്ഷണങ്ങള്‍ പ്രകടമാവുന്ന പശുക്കളെ നാടന്‍പശുക്കളുടെ ഫീല്‍ഡ് യൂണിറ്റ് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ വളര്‍ത്താന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് കൈമാറിയത് അനധികൃത വില്‍പ്പനയാണെന്ന് വാര്‍ത്തകള്‍ വന്നു. പശുക്കള്‍ കര്‍ഷകരുടെ കൈകളില്‍ എത്തിയില്ലെങ്കില്‍ പിന്നെങ്ങനെ സംരക്ഷിക്കപ്പെടും? ഈ ആലോചനകള്‍ ഒന്നും വ്യാജവാര്‍ത്തകള്‍ ചമച്ച ലോബിക്കുണ്ടായിരുന്നില്ല.
വെച്ചൂര്‍പശു സംരക്ഷണ ട്രസ്റ്റ് സ്ഥാപിച്ച് ശോശാമ്മ ടീച്ചര്‍ അതില്‍ അംഗമായത് വരെ വിവാദമായി പടര്‍ന്നുപിടിച്ചു. വെച്ചൂര്‍പശു പരിരക്ഷണ പദ്ധതി മേധാവിയുടെ നേതൃത്വത്തില്‍ സ്വകാര്യ ട്രസ്റ്റ് എന്നായിരുന്നു ആരോപണം. ഇങ്ങനെ അനവധി അധിക്ഷേപങ്ങളുടെയും അവഹേളനങ്ങളുടെയും അസത്യപ്രചാരണങ്ങളിലുടെയും നിരതന്നെ പലരൂപത്തില്‍ പലതവണകളായി പലയിടങ്ങളില്‍ നിന്നായി വെച്ചൂര്‍ പരിരക്ഷണ പദ്ധതിയ്ക്ക് നേരെയുണ്ടായെന്ന് ടീച്ചര്‍ പുസ്തകത്തില്‍ തുറന്നെഴുതുന്നു. എന്നാല്‍ ആര്‍ജവത്തോടെ അവയോരോന്നും നേരിടുകയും അതിജിവിക്കുകയും ശോശാമ്മ ടീച്ചറുടെ അത്മബലം വായനക്കാരനെ അത്ഭുതപ്പെടുത്തും.

വെച്ചൂര്‍ പശു പരിരക്ഷണം- ഒഴുക്കിനെതിരെ നടത്തിയ തുഴച്ചില്‍
വെച്ചൂര്‍പശു സംരക്ഷണം ഒഴുക്കിനെതിരെ നടത്തിയ തുഴച്ചിലായിരുന്നു. എന്നാല്‍, വെല്ലുവിളികള്‍ക്കൊന്നും വെച്ചൂര്‍ പശുക്കളുടെ വംശവളര്‍ച്ചയെ തളര്‍ത്താനായില്ല.അതിജീവനജിഹ്വ മുഴക്കി സ്ഥിരോത്സാഹത്തോടെ മുന്നേറിയ ഈ വംശരക്ഷാ പ്രവര്‍ത്തനത്തിന്റെ ഫലമായി നിരവധി തലമുറ വെച്ചൂര്‍ പശുക്കളെ ഉല്‍പ്പാദിപ്പിക്കാനും അതുവഴി കേരളത്തിന്റെ തനത് കന്നുകാലി ജനിതക സമ്പത്തിനെ വംശനാശത്തിന് വിട്ടുനല്‍കാതെ കാത്തുസൂക്ഷിക്കാനും സാധ്യമായി.
ജനിതകമേന്മയുള്ള വെച്ചൂര്‍പശുക്കള്‍ പരിരക്ഷണ കേന്ദ്രത്തില്‍ നിന്നും ക്രമേണ പശുക്കളെ സംരക്ഷിക്കാന്‍ തയ്യാറുള്ള കര്‍ഷകരിലേയ്ക്കും എത്തി. വെറും എട്ട് പശുക്കളില്‍ നിന്നാണ് വെച്ചൂര്‍ പരിരക്ഷണത്തിന്റെ തുടക്കമെങ്കില്‍ വംശനാശത്തെ ചെറുത്തുതോല്‍പ്പിച്ച് ഇന്ന് കേരളത്തില്‍ വെച്ചൂര്‍ പശുക്കളുടെ എണ്ണം പതിനായിരം പിന്നിട്ടിരിക്കുന്നു. തൃശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജില്‍ ഇന്ന് വിപുലമായ രീതിയില്‍ വെച്ചൂര്‍ പശുക്കള്‍ക്ക് വേണ്ടിയുള്ള പരിരക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്തെ വംശനാശം നേരിടുന്ന കാലിജനുസ്സിനെ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് നടപ്പിലാക്കുന്ന പദ്ധതികള്‍ക്കെല്ലാം ദിശാബോധം നല്‍കിയ പദ്ധതിയാണ് വെച്ചൂര്‍ പരിരക്ഷണ പദ്ധതി. വെച്ചൂര്‍ പദ്ധതിയുടെ മാതൃക പിന്തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളും നാടന്‍ കന്നുകാലി ഗവേഷണ പരിപാടികളും സംരക്ഷണ പദ്ധതികളും ആരംഭിച്ചു.
തുടക്കകാലത്ത് സര്‍വകലാശാലയില്‍നിന്ന് ടീച്ചറും കുട്ടികളുടെ സംഘവും വെച്ചൂര്‍പശുക്കളെ തേടി വെച്ചൂരിലെ വീടുകളില്‍ ചെന്നപ്പോള്‍ എല്ലാറ്റിനേയും നശിപ്പിച്ചിട്ട് നിങ്ങളിപ്പോള്‍ വെച്ചൂര്‍ പശുക്കളെ തേടിയിറങ്ങിയിരിക്കുകയാണോ എന്ന് ചോദിച്ചുകൊണ്ട് രോഷത്തോടെയാണ് നാട്ടുകാര്‍ അവരെ നേരിട്ടതെന്ന് ടീച്ചര്‍ ഓര്‍ക്കുന്നു. എന്നാല്‍, വെച്ചൂര്‍ പരിരക്ഷണ പദ്ധതി വിജയകരമായി പുരോഗമിക്കുന്നതിനിടെ ഒരിക്കല്‍ വെച്ചൂരിലെത്തിയ ശോശാമ്മ ടീച്ചറെ വെച്ചൂരിന്റെ അമ്മ എന്ന് വിളിച്ച് സ്‌നേഹാദരവുകളോടെയാണ് ജനങ്ങള്‍ വരവേറ്റതെന്ന ഹൃദ്യമായ ഓര്‍മയെ ടീച്ചര്‍ സംതൃപ്തിയോടെ പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നു.
ഡോ. ശോശാമ്മ ഐപ്പ് എന്നത് വെറ്ററിനറി കോളേജിലെ ഒരധ്യാപികയുടെ പേര് മാത്രമല്ല കനല്‍വഴിയും കല്ലേറും താണ്ടി ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ സധൈര്യം മുന്നേറിയ പെണ്‍കരുത്തിന്റെ പര്യായമാണെന്ന് പുസ്തകം വായിച്ചു തീരുമ്പോള്‍ വായനക്കാരോരുത്തരും തിരിച്ചറിയും. പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറി ലക്ഷ്യങ്ങളില്‍ നിന്ന് പിന്നാക്കം പോവുന്ന മനുഷ്യരെ പ്രചോദിപ്പിക്കാന്‍പോന്ന തീപ്പൊരി വരികള്‍ക്കിടയില്‍ ഒളിപ്പിച്ച രചനയാണിതെന്നത് തീര്‍ച്ച.
വെച്ചൂര്‍ പശു സംരക്ഷണ പരിശ്രമത്തിന്റെ സമാനതകളില്ലാത്ത പോരാട്ടത്തില്‍ ശോശാമ്മ ഐപ്പ് ടീച്ചര്‍ക്ക് താങ്ങായി നിന്ന ജീവിതപങ്കാളി പരേതനായ ഡോ. എബ്രഹാം വര്‍ക്കിക്ക് സമര്‍പ്പിച്ചു കൊണ്ടാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റാണ് ഈ മഹദ് ഗ്രന്ഥത്തിന്റെ പ്രസാധകര്‍.
Content Highlights: Reading Day 2023, Dr. Sosamma Iype, Dr. M.Muhammed Asif, Indian Animal Conservationist, Mathrubhumi
Published: 19 Jun 2023, 05:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented