'വായനശാലയിലൂടെ ശക്തരാകുവിന്‍, സംഘടിച്ച് ശക്തരാകുവിന്‍ എന്ന മുദ്രാവാക്യവും ഒടിയ പാടത്ത് പ്രതിധ്വനിച്ചു കൊണ്ടിരുന്നു.' സംസ്‌കാര സമ്പന്നമായ തലമുറകള്‍ വാര്‍ത്തെടുക്കപ്പെടുന്നത് വായനയിലൂടെയാണെന്നുള്ളത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. വായനയുടെ വളര്‍ച്ചയില്‍ വായനശാലകള്‍ വഹിക്കുന്ന മഹത്വപൂര്‍ണ്ണമായ പങ്കിനെ പറ്റിയും നാം ബോധവാന്മാരാണ്. മൂല്യബോധമുള്ള ജനസമൂഹത്തെ സൃഷ്ടിക്കുന്ന വായനശാലകള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് എഴുതപ്പെട്ട കൃതിയാണ് ഡോ.രാജേഷ്. എം. ആറിന്റെ  'ജ്ഞാനദീപം വായനശാല' എന്ന നോവല്‍.

To advertise here,

നാടിനെക്കുറിച്ച് പ്രാദേശികചരിത്രം എഴുതണമെന്ന മോഹം ഒരു നോവലായി എഴുതിത്തുടങ്ങിയെങ്കിലും പല കാരണം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നു. പിന്നീട് കോവിഡ് മൂലം നിശ്ചലമായ ലോക്ക്ഡൗണില്‍ പുതിയ പ്രമേയത്തില്‍ എഴുതി പൂര്‍ത്തീകരിച്ച നോവലാണ് 'ജ്ഞാനദീപം വായനശാല' എന്ന് അദ്ദേഹം ആമുഖത്തില്‍ പറയുന്നുണ്ട്. പേരുപോലെതന്നെ ഒരു നാടിനു മുഴുവന്‍ അറിവിന്റെ വെളിച്ചം പകരുന്ന 'ജ്ഞാനദീപം' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വായനശാലയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവങ്ങളാണ് നോവലിലെ പ്രമേയം. കുറുമശ്ശേരി, ആലപ്പടി ദേശത്തുള്ള ജ്ഞാനദീപം വായനശാല പശ്ചാത്തലമാക്കി സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തോടുള്ള സംവാദമായി നടത്തുന്ന ഈ കൃതി ഒരു പൊളിറ്റിക്കല്‍ ഫാന്റസി നോവലാണ്. സ്വാതന്ത്ര്യദിനത്തോടൊപ്പം വായനശാല വാര്‍ഷികവും ആഘോഷിക്കാന്‍ നാട് ഒരുങ്ങുന്നു. ഗ്രാമപഞ്ചായത്തിലെ മെമ്പറും കൂടിയായ വായനശാലയുടെ സെക്രട്ടറി ശിവന്റെ നേതൃത്വത്തില്‍ അവര്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. എന്നാല്‍ പല അസ്വാഭാവിക കാര്യങ്ങളും പിന്നീട് സംഭവിക്കുന്നു. വായനശാലയുടെ മുന്‍കാല പ്രവര്‍ത്തകനായിരുന്ന നാരായണന്റെ മകന്‍ അമലിനെ കാണാതാകുന്നതില്‍ തുടങ്ങുന്നതാണ് ഈ അസ്വാഭാവികത.

വായനശാലയിലെ കാര്യങ്ങള്‍ തീരുമാനിച്ച് വീട്ടിലെത്തുന്ന ശിവനോട് ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കാത്തതിന് തുടര്‍ന്ന് ഭാര്യ മീനാക്ഷി കലഹിക്കുന്നിടത്താണ് രണ്ടാം അദ്ധ്യായം ആരംഭിക്കുന്നത്. ഭക്ഷണശേഷം, ക്ഷീണം കാരണം ഉറങ്ങാന്‍ കിടന്ന ശിവന്‍ കാണുന്ന സ്വപ്നമാണ് തുടര്‍ന്നുവരുന്ന അദ്ധ്യായങ്ങളില്‍. ശിവന്‍ കാണുന്ന സ്വപ്നമാണെങ്കിലും നോവലില്‍ കഥ മുന്നോട്ടു പോകുന്നത് പിന്നീട് നടക്കുന്ന സംഭവവികാസങ്ങളായാണ്. പിറ്റേന്ന് സ്വാതന്ത്ര്യദിനം പുലര്‍ന്നത് അന്ധകാരം തിങ്ങിനിറഞ്ഞ അന്തരീക്ഷവുമായിട്ടായിരുന്നു. ഭാരതം മുഴുവന്‍ വന്നുമൂടുന്ന ഈ അന്ധകാരം പല മതസ്ഥരും പലരീതിയില്‍ എടുക്കുന്നു. അന്തിക്രിസ്തുവിന്റെ വരവായി ക്രൈസ്തവര്‍ കാണുന്നു. അവര്‍ പള്ളികളില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തുന്നു. ചിലര്‍ കലികാലത്ത് നടക്കുന്ന അനിഷ്ടസംഭവങ്ങളായി കണ്ട് അമ്പലങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്തുന്നു. ആധുനിക സമൂഹം എന്ന് പറയുമ്പോഴും പ്രപഞ്ചത്തിലെ പരിണാമങ്ങളെ മതവിശ്വാസങ്ങളില്‍ നിന്ന് വേറിട്ട് കാണാന്‍ കഴിയാത്തതിനെപ്പറ്റി ഇവിടെ വിമര്‍ശിക്കുന്നുണ്ട്.

കഥ മുന്നോട്ടു പോകുമ്പോള്‍ സ്നോപിയെര്‍സര്‍, നയന്‍, കൊഹെറന്‍സ്, സണ്‍ഷൈന്‍ തുടങ്ങിയ സിനിമകളുടെ ഇതിവൃത്തങ്ങളും ആനന്ദിന്റെ ദ്വീപുകളും തീരങ്ങളും എന്ന നോവലും ചര്‍ച്ച ചെയ്യുന്നു. അബൂബക്കറിന്റെ കഥ പറഞ്ഞുതുടങ്ങി പിന്നീട് അസംഘടിത തൊഴിലാളികളെ യോജിപ്പിച്ചുകൊണ്ട് തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഉണ്ടായതും പിന്നീട് വായനശാല രൂപം കൊണ്ടതും പറയുന്നു. അമലിന് ശേഷം അലിയുടെയും ഫാത്തിമയുടെയും മകളായ ഷബ്നയെയും കാണാതാകുന്നു. ബോംബെയില്‍ ജേണലിസ്റ്റായിരുന്ന അവളുടെ തിരോധാനം നാട്ടിലുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുന്നു.
നാട്ടില്‍ അസ്വാഭാവിക സംഭവങ്ങള്‍ നടക്കുന്നതിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്ന സാമൂഹ്യവിരുദ്ധരും നോവലില്‍ കടന്നുവരുന്നുണ്ട്. ഗുജറാത്തിലും ബീഹാറിലും നാഗാലാന്‍ഡിലും നടക്കുന്ന ആക്രമണങ്ങളും നാട്ടില്‍ ബ്ലാക്ക് മാന്‍ എന്ന പേരില്‍ ചിലര്‍ പരിഭ്രാന്തി പരത്തുന്നതും അതിനു ഉദാഹരണങ്ങളാണ്.

യുക്തിചിന്തയും സഹോദരന്‍ അയ്യപ്പന്റെ യുക്തിവാദ പ്രസ്ഥാനത്തിന്റെ സമകാലിക പ്രസക്തിയെ കുറിച്ചും പറഞ്ഞുതുടങ്ങി സ്വത്വപ്രതിസന്ധി നേരിടുന്ന വിനയന്‍ എന്ന കഥാപാത്രത്തിലൂടെ സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ നേരിടുന്ന അവഗണനങ്ങളും നോവലില്‍ വരച്ചു കാണിക്കുന്നു. അസാധാരണമായ അവസ്ഥയെക്കുറിച്ച് ലോക്കല്‍ കമ്മിറ്റി കൂടുമ്പോള്‍ ഫാസിസവും, ജനാധിപത്യവും, മതസ്ഥാപനങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനവും, നവോത്ഥാനവുമെല്ലാം ചര്‍ച്ച ചെയ്യുന്നു. നോവലില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട അദ്ധ്യായമാണ് പിന്നീട് കടന്നുവരുന്നത്. പണ്ടത്തെ വായനശാലയുടെ പേരുകള്‍ അറിവും വെളിച്ചവും തമ്മിലുള്ള ബന്ധത്തെ വരച്ചുകാണിക്കുന്നതായിരുന്നു. ജ്ഞാനഭാരതി വായനശാല, വിജ്ഞാനവര്‍ദ്ധിനി വായനശാല, വിജ്ഞാനപോഷിണി വായനശാല, സന്മാര്‍ഗദര്‍ശിനി വായനശാല, ഗ്രാമബന്ധു ഗ്രന്ഥശാല, സുഗുണപോഷിണി വായനശാല, സനാതന ധര്‍മ്മ വായനശാല എന്നിങ്ങനെയായിരുന്നു പേരുകള്‍. പിന്നീട് സാമുദായിക, സാംസ്‌ക്കാരിക നേതാക്കന്മാരുടെയും രാഷ്ട്രീയക്കാരുടെയും പേരോട് ചേര്‍ത്തിടുന്നത് പതിവായി. പി. എന്‍. പണിക്കര്‍ സ്മാരക വായനശാല, നാരായണ ഗ്രന്ഥശാല, പണ്ഡിറ്റ് കെ. പി. കറുപ്പന്‍ വായനശാല എന്നെല്ലാമായി.
'വായനശാലകളുടെ പേരുകളുടെ ചരിത്രം പരിശോധിച്ചാലും കേരള ചരിത്രത്തിന്റെ ചില വഴികള്‍ തെളിഞ്ഞു കിട്ടും' എന്ന വാചകം വായനശാലകള്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു എന്നു വരച്ചുകാട്ടുന്നു.

അമ്പലത്തിലെ പശുവിനെ കാണാതാവുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ചര്‍ച്ചയില്‍ ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ ദളിതരെ ആക്രമിക്കുന്ന കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത് ചില സാമൂഹ്യ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മുഹമ്മദ് നസീറിനു നേരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണവും ഭീതിപ്പെടുത്തുന്നതാണ്.വായനശാലയുടെ ചരിത്രത്തെ കുറിച്ച് പറയുന്ന അദ്ധ്യായത്തില്‍ വായനശാല തീവെച്ച് പണ്ട് നശിപ്പിച്ച കഥ പറയുന്നുണ്ട്.' വായനശാലകളുടെ ചരിത്രം പരിശോധിച്ചാല്‍ എല്ലാ രാഷ്ട്രങ്ങളിലും അവിടങ്ങളിലെ വായനശാലകള്‍ക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു കാണാം. അറിവ് സമൂഹത്തെ ഉയര്‍ത്തുമെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും എല്ലാ മതങ്ങളും ഭരണകൂടങ്ങളും വിചാരിച്ചിരുന്നു. അറിവ് അഗ്നിയാണെന്നു പറയുന്നതിന്റെ പിന്നിലുള്ളത് അതിന്റെ വിപ്ലവ മൂല്യമാണെന്നു നമുക്കെല്ലാം അറിയാമല്ലോ. ഈജിപ്റ്റിലെ അലക്സാണ്ട്രിയയിലെ ഗ്രന്ഥശാല മുതല്‍ ഇന്ത്യയിലെ നളന്ദ ഗ്രന്ഥശാല വരെ നശിപ്പിക്കപ്പെട്ടതിന്റെ കണക്കുകളില്‍ പെടും. നമ്മുടെ ജ്ഞാനദീപം വായനശാല നശിപ്പിക്കപ്പെട്ടത് അടിയന്തിരാവസ്ഥ കാലത്താണ്. വാസുവേട്ടന് കുറച്ചൊക്കെ ഓര്‍മ്മയുണ്ടാവും അല്ലേ'. സവര്‍ണ്ണരോട് കൂലി വര്‍ദ്ധന ചോദിച്ചതിന്റെ ഭാഗമായിട്ടാണ് അടിയന്തിരാവസ്ഥ കാലത്ത് വായനശാല അവര്‍ കത്തിച്ചത്. സവര്‍ണര്‍ക്കു നേരെ നടന്ന പണിമുടക്കിന്റെ ഭാഗമായി നടന്ന ആ സംഭവം അന്നത്തെ കാലത്തെ അസമത്വത്തിലെക്കു വെളിച്ചം വീശുന്നു.

പിന്നീടുള്ള അധ്യായങ്ങള്‍ സംഘര്‍ഷത്തിന്റേതാകുന്നു. മാധ്യമ നിയന്ത്രണം വരുന്നതും ഇന്റര്‍നെറ്റ് കട്ടാകുന്നതും വിനയന്റെ മരണവും ദലിതുകള്‍ക്കും മുസ്ലിംകള്‍ക്കും നേരെയുള്ള ആക്രമണങ്ങളും പ്രതിഷേധിക്കുന്നവരെ പട്ടാളം തടവിലാക്കുന്നതും കണ്ട് ശിവന്‍ തരിച്ചു നില്‍ക്കുമ്പോള്‍ വായനക്കാരും ആ മാനസിക അവസ്ഥയില്‍ എത്തിച്ചേരുന്നു. വളരെ പ്രസക്തമായ ഒരാശയം നോവലിസ്റ്റ് ഇവിടെ പങ്കുവെക്കുന്നുണ്ട്. 'മോഷണം ഒരു കലയല്ലേ? ബ്ലാക്ക്മാന്‍ ആളുകളുടെ ധൈര്യത്തെയും മാനസിക നിലയെയും മോഷ്ടിക്കുന്നു. മതം അന്ധവിശ്വാസങ്ങളിലൂടെയും  ആചാരങ്ങളിലൂടെയും ഭക്തരുടെ യുക്തിയെ മോഷ്ടിക്കുന്നു. ഭരണകൂടം വിശ്വാസങ്ങളിലൂടെ ജനതയുടെ ജനാധിപത്യത്തെയും. മോഷണം ഭരണകൂടത്തിന്റെ ഒരു തന്ത്രമാണ്. അധികാരം നിലനിര്‍ത്തുവാനുള്ള, ജനങ്ങളെ മെരുക്കുവാനുള്ള ഒരു തന്ത്രം. അങ്ങനെ വരുമ്പോള്‍ നമ്മുടെ സ്വപ്നങ്ങളെ പോലും മോഷ്ടിക്കുവാന്‍ ഭരണകൂടത്തിന് കഴിയുമോ?' നോവലില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഈ ചോദ്യം സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തോടുള്ള സംവാദമാണ്.

32 അദ്ധ്യായമുള്ള ഈ നോവലില്‍ ഓരോ അധ്യായവും ആരംഭിക്കുന്നത് ഓരോ കവിതകളിലെ വരികളുമായാണ്. തിരുവള്ളൂവര്‍, വൈലോപ്പിള്ളി, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, വി ടി ഭട്ടതിരിപ്പാട്, കെ പി കറുപ്പന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, എഴുത്തച്ഛന്‍, സഹോദരന്‍ അയ്യപ്പന്‍, മുല്ലനേഴി  എന്നിവരാണ് അവരില്‍ ചിലര്‍. സാങ്കേതികയുടെ പുതിയ ലോകത്ത് മാത്രം ഒതുങ്ങി പോകുന്ന പുതുതലമുറയ്ക്ക് വായനയുടെയും വായനശാലകളുടെയും മഹത്വത്തെ പറ്റിയുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് രാജേഷ് എം. ആര്‍ രചിച്ച 'ജ്ഞാനദീപം വായനശാല' എന്ന നോവല്‍.