രണ്ടുകുപ്പി അന്തിക്കള്ളടിച്ച്, സന്ധ്യക്കുള്ള കുരിശുവര തീരുന്ന കറക്റ്റ് സമയത്ത് കയറി വരുന്ന ചാച്ചനാണ് ഞാന്‍ കണ്ട ആദ്യ വായനക്കാരന്‍. കറുപ്പും ചുവപ്പും കലര്‍ന്ന ചാന്തിട്ട തണുത്ത നിലത്ത് കിടന്ന് ചാച്ചന്‍ പാടും;
'മറിയാമേ, ഭൂമിയിലെ മെഴുതിരികളൊക്കെയും മനമുരുകിയെരിയുന്നു
കരുണയുടെ നീലിച്ച
കഴലിണകള്‍ ചുംബിച്ചു
വചനങ്ങള്‍ തേങ്ങുന്നു'
വായിച്ച കഥയും കവിതവും പാടിയും പറഞ്ഞും അമ്മച്ചിയുടെ കഞ്ഞി കുടിക്കാനുള്ള വിളി വരെ അവിടെ കിടക്കും. പിള്ളേരൊക്കെ വലുതായി, തുണി വെക്കാന്‍ ഒരു സ്ഥലം പോലുമില്ല എന്ന് പരാതി പറയുന്ന അമ്മച്ചിക്ക് ഇന്നേവരെ ഒരു ട്രങ്ക് പെട്ടി പോലും വാങ്ങിക്കാത്ത ചാച്ചന്‍, പറമ്പില്‍ നില്‍ക്കുന്ന കൊള്ളാവുന്ന ഒരു മരം വെട്ടി പുസ്തകം വെക്കാന്‍ ഒരു അലമാര പണിയിച്ചത് ഇന്നും അതിശയത്തോടെ ഓര്‍ക്കും. ചില മനുഷ്യരുടെ പ്രയോരിറ്റികള്‍ എത്ര വ്യത്യസ്തമാണ്!
അക്ഷരങ്ങള്‍ തിരിച്ചറിയാനാവുന്നതിന് മുന്‍പ്, ചാച്ചന്റെ വായനകള്‍ കേട്ടിരിക്കലായിരുന്നു എന്റെ വായന. ഒരുപക്ഷേ അതില്ലായിരുന്നെങ്കില്‍ വായിക്കാനുള്ള ഒരു കൗതുകം ഇത്രമാത്രം ഉള്ളിലുണ്ടാവുമോ എന്ന് സംശയമുണ്ട്. തിന്നുമ്പോഴും, ഉറങ്ങാന്‍ കിടക്കുമ്പോഴും, വെറുതെയിരിക്കുമ്പോഴുമെല്ലാം എന്തെങ്കിലുമൊക്കെ വായിച്ചു കൊണ്ടിരുന്നതില്‍ നിന്നും, പതിയെ മുന്നില്‍ ഇരിക്കുന്ന ഭക്ഷണത്തിന്റെ ഒരു ഫോട്ടോയെടുത്ത് സ്റ്റോറി ഇടാനും ഷെയര്‍ ചെയ്യാനും തുടങ്ങിയതില്‍ പിന്നെ കയ്യിലെ പുസ്തകം എങ്ങോ കാണാതെ പോയി. അപ്പോഴും ശരാശരി എല്ലാ വായനക്കാരെയും പോലെ വായിക്കാനൊക്കെ ഇഷ്ടമുണ്ടായിരുന്നു. പക്ഷേ പുസ്തകം ''മുന്നോട്ട് നീങ്ങാതായി''.
പിന്നെ ഏറെ കഴിഞ്ഞാണ് പോഡ്കാസ്റ്റുകള്‍ കേട്ട് തുടങ്ങിയത്. ഫോണിലും കാറിലും പാട്ട് കേള്‍ക്കുന്നതിനപ്പുറം കേള്‍വിയുടെ മറ്റ് സാധ്യതകള്‍ അന്വേഷിച്ചിട്ടേയില്ലായിരുന്നു. വളരെ യാദൃശ്ചികമായി ഒരു യാത്രയിലാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശശികുമാറിന്റെ കൂടത്തായി കേസുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റ് കേള്‍ക്കുന്നത്. ഒരു ക്രൈം ത്രില്ലര്‍ സിനിമ കാണുന്ന അത്ര താല്‍പര്യത്തോടെയാണ് ആ പോഡ്കാസ്റ്റ് കേട്ടവസാനിപ്പിച്ചത്.
പിന്നീട് പലതും തിരഞ്ഞു, ഒരു ലൈബ്രറിയുടെ ബുക്ക് റാക്കറ്റ് ചികയുമ്പോലെ. ഒടുവില്‍ എത്തിച്ചേര്‍ന്നത് ഓഡിയോ ബുക്കുകളുടെ മഹാപ്രബഞ്ചത്തിലാണ്. പ്രശസ്തരായ ഒട്ടുമിക്ക പബ്ലിഷേഴ്‌സിന്റേയും പുസ്തകങ്ങള്‍ ഓഡിയോ രൂപത്തില്‍ കിട്ടിയത് വായനയുടെ ഒരു പുതിയ ലൈബ്രറിയില്‍ എത്തിയ പോലെയായിരുന്നു. വായിക്കാന്‍ ആഗ്രഹിച്ച, പരതി കിട്ടാതിരുന്ന, കിട്ടിയിട്ടും വാങ്ങാന്‍ സാമ്പത്തികം ചിലപ്പോഴെങ്കിലും അനുവദിക്കാതിരുന്ന നിരവധി പുസ്തകങ്ങള്‍.
യാത്ര ചെയ്യുമ്പോഴും ഉറക്കം വരാത്ത രാത്രികളിലും തൊട്ടരികില്‍ ഒരാള്‍ കഥ പറയുംപോലെ ഓഡിയോ പുസ്തകങ്ങള്‍ വായനാജീവിതത്തിന്റെ രണ്ടാം വാതില്‍ തുറന്നിട്ടു. ആരാണ് തൊട്ടരികില്‍ ഇരുന്നു കഥ പറയുന്നത്? നാലാം ക്ലാസിലെ അവസാന പിരീഡിലും മുടങ്ങാതെ വന്നു കഥ പറഞ്ഞു തന്നിരുന്ന ബിജു സാറോ? കഷ്ടപ്പാടിന്റെ കാട്ടു ചുരം കയറി വന്ന കഥ പറയുന്ന വല്ല്യമ്മച്ചിയോ, അതോ കവിതയുടെ ലഹരിയില്‍ പാടിത്തുടങ്ങി, ഇടക്ക് കള്ളിന്റെ ലഹരിയില്‍ ഉറങ്ങിപ്പോകുന്ന ചാച്ചനോ?
വായനയുടെ ഭൂരിഭാഗവും ഇപ്പോള്‍ 'ഓഡിയോ റീഡിങ്' ആണ്. കേള്‍വിയുടെ വായനാപ്രപഞ്ചം. അക്ഷരങ്ങളെ ചികഞ്ഞ് കണ്ണുകള്‍ കൊണ്ട് വായിച്ചെടുക്കുന്ന രുചിയുണ്ടാവില്ല, ഭാഷയുടെയും ഭാവനയുടെയും ഗുണമുണ്ടാവില്ല, മണമുണ്ടാവില്ല എന്നൊക്കെ വലിയ വായനക്കാര്‍ പലരും പറഞ്ഞുകേട്ടു. ആര്‍ക്കറിയാം...?
ഓഡിയോ പുസ്തകങ്ങള്‍ വെറുമൊരു പൊട്ടക്കിണറ്റിലെ തവള വായന ആയിരിക്കാം. പക്ഷേ ആ കിണറ്റില്‍ നിന്നും മുകളിലേക്ക് നോക്കുമ്പോള്‍, ആകാശവും നിറയെ നക്ഷത്രങ്ങളും മനോഹരമായി കാണാം. ഒറ്റയ്ക്കാവാന്‍ തീരെ ഇഷ്ടമില്ലാതിരുന്നിട്ടും ഒറ്റയ്ക്ക് ഉണരുകയും, ഉറങ്ങുകയും ജോലിക്ക് പോയി വരികയും വെറുതെയിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അടുത്തിരുന്ന് കഥ പറയാന്‍ ഒരാള്‍ ഉണ്ടാവുക എന്നതില്‍പരം എന്ത് സന്തോഷമാണ് വേറെ ഉള്ളത്? പറഞ്ഞാലും തീരാത്ത കഥകള്‍... പല ശബ്ദത്തില്‍, പല രീതിയില്‍ തീരാത്ത വായന!
Content Highlights: Reading day 2023, Adheena Daisy, Memories on reading habit, Life experiences
Published: 22 Jun 2023, 06:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented