“ഉത്രാടപ്പൂനിലാവേ വാ
ഉത്രാടപ്പൂനിലാവേ വാ,
മുറ്റത്തെ പൂക്കളത്തിൽ
വാടിയ പൂവണിയിൽ
ഇത്തിരിപ്പാൽ ചുരത്താൻ
വാ... വാ... വാ...”

To advertise here,

അങ്ങനെ ഓണമിങ്ങെത്തി. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഓണപ്പാട്ടാണിത്. ഒത്തുകൂടലിന്റെ, കളികളുടെ, തമാശകളുടെ, സദ്യയുടെ എല്ലാം മിക്സാണ് ഓണം. തിരുവോണത്തിന് രാവിലെയോ ഉത്രാടത്തിന്റെ രാത്രിയോ പാളയം മാർക്കറ്റിൽ പോയി പൂക്കൾ വാങ്ങിവരും. രാവിലെ കസിൻസ് എല്ലാവരും എത്തും. പൂക്കളത്തിന്റെ ഡിസൈനെല്ലാം നേരത്തേത്തന്നെ നോക്കിവെച്ചിട്ടുണ്ടാവും. എല്ലാരും ഒന്നിച്ച് പൂക്കളമൊരുക്കും. പുത്തനുടുപ്പിട്ട് ഫോട്ടോഷൂട്ടാണ് പിന്നെ. വീട്ടിലൊരുക്കിയ സദ്യ വയറുനിറയെ കഴിച്ച് നല്ലൊരു ഉറക്കവും പാസാക്കി ബന്ധുക്കളെ കാണാൻ പോവും. വീട്ടിലുള്ളപ്പോഴുള്ള ഓണം ഇങ്ങനെയൊക്കെയാണ്. അശോകപുരത്താണ് വീട്. അതുകൊണ്ടുതന്നെ പൂപറിക്കാൻ പോവലും ഊഞ്ഞാലാടലുമൊന്നുമില്ല. കോഴിക്കോട്ടിന്റെ ഓരോ ഭാഗത്തെയും ഓണാഘോഷം വ്യത്യസ്തമാണല്ലോ. ഗ്രാമങ്ങളിലെ ആഘോഷങ്ങളൊന്നും എനിക്കില്ല.

ഓണക്കാലം ആഘോഷങ്ങളുടേതുകൂടിയാണല്ലോ. പലപ്പോഴും സംഗീതപരിപാടികളുണ്ടാവും. 2017-ൽ യുഎസിൽ ഷോ ചെയ്യാൻ പോയത് ഒരു ഓണക്കാലത്തായിരുന്നു. നമ്മൾ ഇവിടെ നാട്ടിൽ ആഘോഷിക്കുന്നതുപോലെത്തന്നെ, അല്ലെങ്കിൽ അതിനെക്കാളുപരിയായി അവിടെ ആഘോഷിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. അന്ന് പത്തുപന്ത്രണ്ട് ഷോ ഞങ്ങൾ ചെയ്തു. ഓണപ്പാട്ടുകളെല്ലാം പാടി. എല്ലായിടത്തുനിന്നും സദ്യയെല്ലാം കഴിച്ച് നല്ല വൈബായിരുന്നു.

ഇത്തവണ എന്റെ ഓണം കുറച്ചൂടെ കളർഫുള്ളാണ്. തേവര സേക്രട്ട് ഹാർട്ട് കോളേജിെല കാംപസ് ഓണമാണ്. കഴിഞ്ഞതവണ വലിയ ആഘോഷമൊന്നും ഇല്ലായിരുന്നു. ഇത്തവണ എല്ലാംചേർത്ത് അടിച്ചുപൊളിക്കണം. ഓണത്തിന് എന്റെ ഒരു പാട്ടും റിലീസ് ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം ത്രില്ലിലാണ് -ശ്രേയാ ജയദീപിന്റെ വാക്കുകളിൽ അടിമുടി ഓണാവേശം.