സംവിധായകൻ അരവിന്ദന്റെ കൂടി ഓർമ്മയായിരുന്നു ഒഎൻവിക്ക് 'പൂവേണം പൂപ്പട വേണം.' മൗനോപാസകനായ അരവിന്ദന്റെയല്ല, മൗനത്തെ അതിന്റെ പാട്ടിന് വിട്ടുകൊണ്ട് ഇഷ്ടഗാനത്തിന്റെ ലഹരിയിൽ മതിമറന്നൊഴുകിയ അരവിന്ദന്റെ.

To advertise here,

ചെന്നൈ വുഡ് ലാൻഡ്‌സ് ഹോട്ടലിലെ മുറിയിൽ ഭരതനും ജോൺസണും ഒഎൻവിക്കുമൊപ്പം ആ പാട്ടിന്റെ പിറവിക്ക് സാക്ഷിയായി അരവിന്ദനുമുണ്ടായിരുന്നു. "ജോൺസൺ ഹാർമോണിയം വായിച്ച് പാടുന്നതുകേട്ട് അടുത്ത മുറിയിൽ നിന്ന് ഇറങ്ങിവന്നതായിരുന്നു അരവിന്ദൻ. സിനിമയിലെ രണ്ടുപാട്ടുകളും ജോൺസൺ ചിട്ടപ്പെടുത്തി പാടിക്കേട്ടശേഷമേ പിന്നീടദ്ദേഹം മടങ്ങിപ്പോയുള്ളു. ജോൺസന്റെ ഹാർമോണിയത്തിന് മുന്നിൽ സ്വപ്‌നാടകനെ പോലെ സ്വയം മറന്നിരിക്കുന്ന അരവിന്ദന്റെ ചിത്രം മറക്കാനാവില്ല..."-- ഒ എൻ വിയുടെ ഓർമ്മ.

ട്യൂണിട്ട് എഴുതിയതാണ് "പൂവേണം പൂപ്പട വേണം." ഇഷ്ടരാഗമായ ശ്രീരാഗത്തിൽ വേണം ആ പാട്ടെന്നത് ഭരതന്റെ നിർബന്ധമായിരുന്നു. ഭരതന്റെ ഒത്താശയോടെ ജോൺസൺ ചെയ്ത തത്സമയ സൃഷ്ടിയാണതിന്റെ ഈണമെന്ന് ഒഎൻവി. പാട്ടിന്റെ വരികൾ വായിച്ചു കേട്ടപ്പോൾ സ്വാഭാവികമായും ജോൺസണിലെ സാഹിത്യസ്‌നേഹി ഉണർന്നു. നാഴിപ്പൂവെള്ളും പുന്നെല്ലും ചോഴിക്കും മക്കൾക്കും തായോ എന്ന വരിയുടെ അർത്ഥം കൗതുകത്തോടെ ചോദിച്ചു മനസ്സിലാക്കി അദ്ദേഹം. അർത്ഥമറിഞ്ഞു കൊണ്ട് ഈണമിടുക എന്നതാണല്ലോ ജോൺസന്റെ രീതി.

മറ്റൊരു കൗതുകം കൂടിയുണ്ട്: 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന സിനിമക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവയല്ല പൂവേണം പൂപ്പട വേണം, മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി എന്നീ പാട്ടുകൾ. അതിനു മുൻപ് ജോൺപോളിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്യാനിരുന്ന മറ്റൊരു പടത്തിനു വേണ്ടിയാണ്. ആ പടം പല കാരണങ്ങളാലും ഉപേക്ഷിക്കപ്പെട്ടപ്പോൾ വിസ്മൃതിയിലൊതുങ്ങേണ്ടതായിരുന്നു പാട്ടുകളും. പക്ഷേ ഭരതന് ഗാനങ്ങൾ ഉപേക്ഷിക്കാൻ വയ്യ. അങ്ങനെ പുതിയ സിനിമയിലെ സന്ദർഭത്തിനിണങ്ങും വിധം വരികളിൽ ചില്ലറ മാറ്റങ്ങളോടെ രണ്ടു ഗാനവും "മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ട"ത്തിൽ ഇടം നേടുന്നു.

ഓണത്തിന്റെ ആശയം ഉൾക്കൊണ്ട വേറെയും പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട് ജോൺസൺ. "ഇത് ഞങ്ങളുടെ കഥ"യിലെ (1982) "മാവേലിക്കും പൂക്കളം മാതേവനും പൂക്കളം" ആണ് ഈ നിരയിലെ ആദ്യ സൃഷ്ടി. ഭാസ്കരൻ മാസ്റ്ററുടെ വരികളിൽ നിന്ന് മണ്ണിന്റെ മണമുള്ള ഈണം മിനഞ്ഞെടുക്കുകയായിരുന്നു ജോൺസൺ. കൈതപ്രവുമായി ആദ്യമൊന്നിച്ച "വരവേൽപ്പി"ൽ (1989) തന്നെയുണ്ട് ഓണത്തിന്റെ ഇമേജറികൾ ഉൾക്കൊണ്ട നല്ലൊരു പാട്ട്: "വെള്ളാരപ്പൂമല മേലെ പൊൻകിണ്ണം നീട്ടി നീട്ടി."

ആ പാട്ടിന്റെ പല്ലവിയിൽ ആകാശപ്പൂമൂടി ചൂടി മുകിലാരപ്പട്ട് ചുറ്റി ഓണത്താറാടി വരുന്നേ എന്നെഴുതുമ്പോൾ ബാല്യത്തിൽ വിസ്മയിപ്പിച്ച ഓണക്കാഴ്ചകളായിരുന്നു ഓർമ്മയിൽ എന്ന് പറഞ്ഞിട്ടുണ്ട് കൈതപ്രം. കുറച്ചുകാലം മുൻപൊരു ഓണക്കാലത്ത് ഇതേ ഗാനം ഉണ്ണിമേനോന്റെ ശബ്ദത്തിൽ വീണ്ടും മലയാളിയെ തേടിയെത്തി എന്നത് യാദൃച്ഛികമാകാം. "നദികളിൽ സുന്ദരി യമുന" എന്ന ചിത്രത്തിന് വേണ്ടി ഗാനം പുനഃസൃഷ്ടിച്ചത് അരുൺ മുരളീധരൻ.

എന്നാൽ കൈതപ്രം -- ജോൺസൺ ടീമിന്റെ ഏറ്റവും മികച്ച ഓണപ്പാട്ട് വെള്ളിത്തിരയിൽ കാണാൻ ഭാഗ്യമുണ്ടായില്ല മലയാളികൾക്ക്. എ.ടി. അബു സംവിധാനം ചെയ്യാനിരുന്ന, പുറത്തിറങ്ങാതെ പോയ "അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്'' എന്ന ചിത്രത്തിലെ "തുമ്പപ്പൂവിൽ ഉണർന്നൂ വാസരം ഹരിവാസരം ." ആ പാട്ടിന്റെ റെക്കോർഡിംഗ് നടക്കുമ്പോൾ കമലിന്റെ "പാവം പാവം രാജകുമാരൻ‍'' എന്ന ചിത്രത്തിനു വേണ്ടി "പാതി മെയ് മറഞ്ഞതെന്തേ '' എന്ന പാട്ട് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു കൈതപ്രം. "റെക്കോർഡിംഗ് കഴിഞ്ഞു വൈകീട്ട് തമ്മിൽ‍ കണ്ടപ്പോൾ‍ ജോൺസൺ എന്നോട് പറഞ്ഞു: തുമ്പപ്പൂവിൽ എന്ന പാട്ട് പാടിക്കഴിഞ്ഞ് ദാസേട്ടൻ മനസ്സ് നിറഞ്ഞു പുകഴ്ത്തി തിരുമേനിയെ. സന്തോഷമായില്ലേ?''

സന്തോഷം മാത്രമല്ല അഭിമാനവും തോന്നിയ നിമിഷമായിരുന്നു അതെന്നു പറയും കൈതപ്രം. "എ.ടി. അബുവിനും വളരെ ഇഷ്ടപ്പെട്ട പാട്ടായിരുന്നു അത്. നിളയും ഓണവും തൃത്താലക്കാവുമൊക്കെ കടന്നുവരുന്നുണ്ടതിൽ. എന്ത് ചെയ്യാം. പ്രൊഡക്ഷനിലെ പ്രശ്നങ്ങൾ കാരണം പടം റിലീസ് ആയില്ല. എന്നിട്ടും ജനം അതിലെ പാട്ടുകൾ, പ്രത്യേകിച്ച് തുമ്പപ്പൂവിൽ ഏറ്റെടുത്തു ഹിറ്റാക്കി എന്നത് ആഹ്ളാദമുള്ള കാര്യം.''

ജോൺസണും ഏറെ പ്രിയപ്പെട്ട പാട്ടായിരുന്നു തുമ്പപ്പൂവിൽ. കൈതപ്രത്തിന്റെ വരികളിൽ നിറഞ്ഞുതുളുമ്പിയ ഗൃഹാതുരതയെ മലയമാരുതരാഗ സ്പർശത്തിലൂടെ ഹൃദയസ്പർശിയാക്കി മാറ്റി അദ്ദേഹം. "നമ്മൾ മനസ്സ് മുഴുവൻ സമർപ്പിച്ച് ഏറെ സമയമെടുത്ത് സൃഷ്ടിക്കുന്ന പാട്ടുകൾ ജനങ്ങളുടെ കാതിലെത്താതെ പോകുക എന്നത് വലിയ കഷ്ടമാണ്. എന്റെ പല പാട്ടുകൾക്കും ഉണ്ടായിട്ടുണ്ട് ആ ദുര്യോഗം. ഭാഗ്യവശാൽ പടം മരിച്ചിട്ടും തുമ്പപ്പൂവിൽ ജീവിച്ചു. ഇന്നും എന്റെ ഗാനമേളകളിൽ ആ പാട്ടിന് ധാരാളം ആവശ്യക്കാരുണ്ട്.'' -- ജോൺസന്റെ വാക്കുകൾ.

ഓരോ ഓണവും ജോൺസൺ മാസ്റ്ററുടെ കൂടി ഓർമ്മയാണെനിക്ക്. "നാവോറു പാടണ കന്നിമൺകുടവും വീണയുമായി നീയെന്തേ വന്നില്ല പൊന്നോണം പോയല്ലോ" എന്ന വരിക്കൊപ്പം മനസ്സിൽ തെളിയുന്ന ദീപ്തമായ ഓർമ്മ.