തിരുവനന്തപുരം: അറുപതുവർഷംമുൻപുള്ള ഒരു സെൻസസ് രേഖയിൽ തെളിയുന്നുണ്ട്, ഒളിമങ്ങാത്ത ഓണത്തിന്റെ രസതന്ത്രം. ഒരുപക്ഷേ, ഓണത്തെപ്പറ്റി ഐക്യകേരളപ്പിറവിക്കുശേഷമുള്ള ഒരേയൊരു ഔദ്യോഗികരേഖ. ഓണത്തെ ചുറ്റിപ്പറ്റിയുള്ള മിത്ത്, ആചാരം, ഉത്സവവട്ടം, സദ്യയുടെ രുചിക്കൂട്ട് എല്ലാം അതിലുണ്ട്.

To advertise here,

1961-ലെ ഇന്ത്യാ സെൻസസിന്റെ ഭാഗമായാണ് ഓണം എങ്ങനെ ആഘോഷിക്കുന്നുവെന്നറിയാൻ സർവേ നടത്തിയത്. 1966-ൽ കേന്ദ്ര രജിസ്ട്രാർ ജനറൽ പ്രസിദ്ധീകരിച്ച സർവേ വ്യക്തമാക്കുന്നത് അന്നുതന്നെ ഓണഘോഷത്തിന് മതേതരത്വത്തിന്റെ മാറ്റുണ്ടായിരുന്നുവെന്നാണ്. സാംസ്കാരിക ഉത്സവമെന്ന നിലയിൽ ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളും ഓണം ആഘോഷിച്ചിരുന്നു.

ഓണക്കോടി, സദ്യ: ചെലവിൽ ഒപ്പത്തിനൊപ്പം

കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ജാതിമതങ്ങളിൽപ്പെട്ട കുടുംബങ്ങളിൽനിന്നാണ് സർവേ ഓണവിവരം ശേഖരിച്ചത്. ഓണക്കാലത്തെ ചെലവിനെക്കുറിച്ച് ലഭിച്ച വിവരം ഇങ്ങനെ: കാർഷിക, ഇടത്തരം വരുമാനമുള്ള ഹിന്ദു കുടുംബങ്ങളുടെ ഓണക്കാലച്ചെലവിന്റെ 44.2 ശതമാനം ഓണക്കോടിക്കായിരുന്നു. ഭക്ഷണത്തിന് 41.2 ശതമാനം. മറ്റുചെലവുകൾ 14.6 ശതമാനം. എന്നാൽ, കർഷകത്തൊഴിലാളികളുടെ കുടുംബങ്ങളിൽ 44 ശതമാനവും ഭക്ഷണത്തിനായിരുന്നു. ഓണക്കോടിക്ക് 36.5 ശതമാനം. ഓണം ആഘോഷിച്ച ക്രിസ്ത്യൻ, മുസ്‌ലിം കുടുംബങ്ങളിൽ ഈ ചെലവനുപാതം ഇങ്ങനെയായിരുന്നു-45 ശതമാനം ഭക്ഷണത്തിന്, 21 ശതമാനം പുതുവസ്ത്രങ്ങൾക്ക്.

ഓണപ്പതാകയേന്തി, ഒരുലക്ഷം രൂപയുടെ ഉത്സവം

1962-ൽ കേരളത്തിൽ ആദ്യമായി സർക്കാർ ഓണം ആഘോഷിച്ചതിന്റെ വിശദവിവരം റിപ്പോർട്ടിലുണ്ട്. അന്നും ടൂറിസം വകുപ്പിനായിരുന്നു നേതൃത്വം. കോഴിക്കോട്ടും എറണാകുളത്തും തിരുവനന്തപുരത്തുമായിരുന്നു ആഘോഷം. ഇന്ന് കോടികൾ കിലുങ്ങുന്ന ഓണാഘോഷത്തിന് അന്ന് നീക്കിവെച്ചത് ഒരുലക്ഷം രൂപ. നാട്ടിൻപുറങ്ങളിൽ ആഘോഷവും മത്സരങ്ങളുമൊക്കെ നടത്താൻ ബ്ലോക്കുകൾക്ക് 250 രൂപയും പഞ്ചായത്തുകൾക്ക് 50 രൂപയും അനുവദിച്ചിരുന്നു.

തൃപ്പൂണിത്തുറയിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. ഗവർണറായിരുന്ന വി.വി. ഗിരി ഉത്സവക്കമ്മിറ്റിക്ക് ഓണപ്പതാക കൈമാറിക്കൊണ്ടായിരുന്നു തുടക്കം. മഞ്ഞത്തുണിയിൽ നെൽക്കതിരുകൾക്കുള്ളിലെ നിലവിളക്കായിരുന്നു ഓണപ്പതാകയിലെ ചിഹ്നം.

ആഘോഷനേതൃത്വം സ്ത്രീകൾക്ക്

സ്ത്രീകളെയും കുട്ടികളെയുമാണ് ഓണം കൂടുതൽ ആവേശം കൊള്ളിച്ചത്. 40 കുടുംബങ്ങളിൽ നിന്നുള്ള വിവരം ശേഖരിച്ചതിൽ 34-ലും ആഘോഷത്തിന്റെ നേതൃത്വം കുടുംബത്തിലെ മുതിർന്ന സ്ത്രീക്കോ മുതിർന്ന പുരുഷന്റെ ഭാര്യക്കോ ആയിരുന്നു. 44 കുടുംബങ്ങളിലെ ആവേശം ‘അളന്നപ്പോൾ’ 16 ഇടത്ത് കുട്ടികളായിരുന്നു മുന്നിൽ. 10 കുടുംബങ്ങളിൽ സ്ത്രീകളും. ആണുങ്ങൾ കൂട്ടുകാരെയും ബന്ധുക്കളെയും സന്ദർശിച്ചും ഓണവിനോദങ്ങളിലും കലാപരിപാടികളിലും പങ്കെടുത്തും ചീട്ടുകളിച്ചും ഓണം കൊണ്ടാടിയിരുന്നു.