ഓണം എക്കാലത്തും ആസ്വദിക്കാനും ആഘോഷിക്കാനുമുള്ള ഉത്സവം തന്നെ. പക്ഷെ എനിക്ക് കുട്ടികാലത്തെ ഓണാഘോഷങ്ങളാണ് എന്നെന്നും പ്രിയപ്പെട്ടത്. ഈ ലോകം കണ്ടുതുടങ്ങുന്നതിന് മുൻപ് വീടും വീട്ടുകാരും ലോകമായിരുന്ന ആ കുട്ടിക്കാലം, ഓടാനും ചാടാനും പൂപറിക്കാനും ഫുൾ എനെർജിയുള്ള ആ കാലം ഇന്ന് ഓർമകളിൽ മാത്രം. അങ്ങനെ ഒരു ഓണക്കാലത്ത് ഇടവഴിയും പറമ്പും ഓടിച്ചാടി സ്‌കൂളിൽ പോയൊരു അനുഭവമാണിത്.
കുന്നിനു മുകളിലെ വീട്ടിൽ നിന്നും സ്‌കൂളിലേക്ക് നടന്നു പോകാൻ മാത്രം ദൂരംമാത്രമാണുള്ളത്. സ്‌കൂളിൽ ബെല്ലടിച്ചാലും പ്രാർഥന തുടങ്ങിയാലും വീട്ടിൽ ഇരുന്നാൽ കേൾക്കാം. ഈ ദൂരക്കുറവുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടായിരുന്നെങ്കിലും ചില ദോഷങ്ങളും ഉണ്ടായിരുന്നു. ഒരു മലയാളി ആയതുകൊണ്ട് ദോഷം ആദ്യം പറഞ്ഞു തുടങ്ങാം. സ്‌കൂൾ വിട്ടാൽ നേരെ വീട്ടിൽ എത്തണം അതിനു വീട്ടുകാര് ഞങ്ങളോട് പറയുന്ന ഭാഷയിൽ പറഞ്ഞാൽ 'കണ്ട അപ്പയോടും കുറുന്തോട്ടിയോടും മിണ്ടിപ്പറഞ്ഞു നേരം വൈകാതെ വീട്ടിൽ കേറണം'. അങ്ങനെ പറഞ്ഞത്തിനു കാരണം സ്‌കൂളിലേക്ക് പോകുന്ന വഴിയിലെ എല്ലാ ജീവികളെയും ഞങ്ങൾക്ക് സുപരിചിതമായിരുന്നു. കാണുന്ന എല്ലാ തൊട്ടാവാടി ചെടിയെയും ഒന്ന് തൊട്ട് ഉറക്കിയാൽ മാത്രം മുന്നോട്ടുള്ള നടത്തം, കുയിലിനോട് കൂവിയും ഒറ്റ മൈനക്ക് പാസ് പറഞ്ഞും ചുവപുകണ്ണൻ ചെമ്പോത്തിനെ നോക്കി പേടിപ്പിച്ചും തത്തമ്മചുണ്ടനിലെ തേൻ കുടിച്ചും, പോകുന്ന വഴിയിലെ വീട്ടിലെ റോസ്പ്പൂ പറിച്ചും ആടികുഴഞ്ഞു നടക്കുന്നത് ഞങ്ങളുടെ കൂടെവരുന്ന മുതിർന്നവർ പലവട്ടം കണ്ടിട്ടുണ്ട്. ഇനി ഗുണമായിട്ട് പറഞ്ഞാൽ ബസ് യാത്ര വേണ്ട. പിന്നെ ഉച്ചക്ക് ചോറുണ്ണാൻ വീട്ടിൽ പോകാം.
വഴിയിൽ കാണുന്ന പാമ്പിൻ തൊലിയും ഹോൺ മുഴക്കി അതിവേഗത്തിൽ പോകുന്ന വാഹനങ്ങളും മാത്രമായിരുന്നു ആ കാലങ്ങളിൽ സ്‌കൂളിൽ പോകുന്നവഴിയിൽ പേടിക്കാനായിട്ടുണ്ടായിരുന്നത്. അന്ന് മുതിർന്നവർ ആരെങ്കിലും കൂടെ വരുന്നത് പതിവായിരുന്നു. അതുകൊണ്ട് തന്നെ അതൊന്നും ഒരു കൂസലില്ലാതെ നടന്നുപോകും. അങ്ങനെ പോകുന്ന വഴിയെല്ലാം ഞങ്ങൾക്ക് മനഃപാഠമായെന്ന് വീട്ടുകാർക്ക് മനസ്സിലായപ്പോൾ വീടിനടുത്തുള്ള കൂട്ടുകാർ
എല്ലാവരും കൂടി ഒരുമിച്ചായി പോകുന്നതും വരുന്നതും.
അതിനുശേഷമാണ് പോകുന്ന വഴിയിൽ പുതിയ താമസക്കാർക്ക് രണ്ടു പട്ടികളുള്ളത് കണ്ടത്. ആ പട്ടികളെ മിക്കപ്പോഴും വീടിനുള്ളിൽ തന്നെയാണ് ഇടാറുള്ളത്. പോകപോകെ ആ വീടിനെ കൂടി പേടിയുടെ ലിസ്റ്റിൽ ചേർത്ത് തുടങ്ങി. അതിനുള്ള കാരണം ആ വീട്ടിലെ പട്ടികൾ തന്നെ, വീടിന്റെ ജനലിലൂടെ കൈ കയറ്റിവെച്ച് വഴിയിൽ പോകുന്ന ഓരോരുത്തരെയും കാണുമ്പോൾ രണ്ടു പട്ടികളും കുരക്കും. ഈ ശബ്ദം കേട്ടാൽ തന്നെ അന്ന് പേടിയാകും. സ്‌കൂൾ യൂണിഫോമിൽ ബാഗും തോളിലേറ്റി കാലിലിട്ട കൊലുസുപോലും ഇളക്കാതെ ആ വീടെത്തുമ്പോൾ തല അങ്ങോട്ടേക്ക് മാത്രം തിരിച്ച് പട്ടികൾ വീട്ടിനുള്ളിൽ തന്നെയാണെന്ന് ഉറപ്പുവരുത്തി അതിവേഗത്തിൽ ഒരു നടപ്പുണ്ട്.
ചില ദിവസങ്ങളിൽ അവയ്ക്ക് ഞങ്ങളോടുള്ള ഇഷ്ട്ടം കാരണം ഞങ്ങൾ പോകുന്ന സമയത്ത് തന്നെ വീടിനു പുറത്തു ചാടുകയും ചെയ്യും. പട്ടികളുടെ ശല്യത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞാൽ 'ചലപില ശബ്ദമുണ്ടാക്കി പോകുന്ന കുട്ടികളെയും കളർ നിറമുള്ള ഡ്രെസ്സും ആ പട്ടികൾക്ക് ഇഷ്ടമാണെന്നും കൂടാതെ അവരൊന്നും ചെയ്യില്ല, ഞങ്ങൾക്ക് മക്കളെ പോലെയാ, അവര് നിങ്ങളോട് കളിക്കുകയാണെന്നും' പറഞ്ഞ് പരാതിക്കാരെ തിരിച്ചുവിടും. ഈ പട്ടികളെ പേടിച്ച് പല പുതിയ ഇടവഴികളും കൂടെയുള്ളവർ കണ്ടെത്തി തുടങ്ങി. അങ്ങനെ ചിലപ്പോഴൊക്കെ ഞങ്ങളുടെ ടീം പവർ കുറഞ്ഞുവന്നു.
അങ്ങനെ ഒരു ഓണാഘോഷപരിപാടിക്കായി നല്ല കളർഫുൾ കുപ്പായവുമിട്ട് വീട്ടിൽനിന്നും ഇറങ്ങിയ ഞങ്ങൾ ഒരുപാട് നേരം വൈകിയാണ് സ്‌കൂളിലെത്തിയത്. അതിനുകാരണം അണിഞ്ഞൊരുങ്ങി നേരം വൈകിയതായിരുന്നില്ല. അന്നത്തെ ഓണപരിപാടികളും മാവേലിയും ഓണപൂക്കളവും കയ്യിൽ കരുതിയ തുമ്പപ്പൂവും മാത്രമായിരുന്നു ഞങ്ങളുടെ വർത്തമാന വിഷയങ്ങൾ, വഴിയിലെ മറ്റൊന്നും ഓർത്തുമില്ല പേടിച്ചുമില്ല. ഞങ്ങൾ മറന്നെങ്കിലും ഞങ്ങളുടെ കലപില ശബ്ദം കേട്ട് പട്ടികൾ ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടപ്പോൾ തന്നെ സർവ്വതും ഓർമ്മയിലേക്ക് തിരിച്ചുവന്നു, ഓടി അടുത്ത വീട്ടിലെ ചായ്പ്പിൽ കയറി വാതിലടച്ചു. അന്നത്തെ സ്‌കൂളിലെ ലോങ്ങ് ബെല്ലും പ്രാർത്ഥനയും ചായ്പ്പിനുള്ളിൽ നിന്നുകൊണ്ട് കേൾക്കാമായിരുന്നു. ചായ്പിനു പുറത്തു പട്ടികളുടെ കുരക്കലും. കുറച്ച് കഴിഞ്ഞു അത് കേൾക്കാതെ ആയി.
ആ വീട്ടിലെ ചേച്ചിയെ ഞങ്ങൾ ഓരോരുത്തരും വിളിച്ചെങ്കിലും അവരൊന്നും അവിടില്ലെന്നു മനസിലായപ്പോൾ കൂടെയുണ്ടായിരുന്ന ഹൈസ്‌കൂളിലെ ചേച്ചി പുറത്തൊന്ന് നോക്കിയിട്ട് വരാമെന്നും പറഞ്ഞു വാതിൽ തുറന്നു. പേടിക്കേണ്ട ഞാൻ വന്നു വിളിക്കാമെന്ന അവരുടെ ഉറപ്പിൻമേൽ ഞങ്ങൾ മിണ്ടാതെ നിന്നു. പിന്നെയും സമയം പോകുന്നെന്നും പട്ടിയുടെ കുര അടുത്തൊന്നും കേൾക്കുന്നില്ലെന്ന ധൈര്യം കൊണ്ട്, ആ ചേച്ചി ഞങ്ങളെ കൂട്ടാതെ മുങ്ങിയെന്നും മനസ്സിലായപ്പോൾ വാതിൽ തുറന്നു പുറത്തു വന്നുനോക്കി. കളർ ഫുൾ ഡ്രെസ്സെല്ലാം പേടിച്ചതുകൊണ്ടാണോ ചായ്പ്പിനുള്ളിലെ ചൂടുകൊണ്ടാണോ എന്നറിയില്ല വിയർത്തു മുങ്ങിയിരുന്നു.
ഓണപ്പൂക്കള മത്സരം തുടങ്ങിയതിന്റെ ബഹളം സ്റ്റേജിനു പിന്നിലെ ഹാളിൽ കേൾക്കുന്നുണ്ട്. കൈയിലുണ്ടായിരുന്ന തുമ്പപ്പൂ വാടി കേടായിരിക്കുമെന്ന സങ്കടത്തോടെ ബാഗ് തുറന്നു നോക്കിയപ്പോൾ ഞങ്ങളെ പോലെ ക്ഷീണിച്ചിരുന്നില്ല. ആ പൂവും കൊടുത്ത് കൂട്ടുകാരോട് കളിച്ചും ചിരിച്ചും പൂക്കൾ അരിയാൻ കൂടിയും ഓണപ്പാട്ടുപാടിയും ഞങ്ങളുടെ ക്ഷീണവും മാറിപ്പോയി. എല്ലാം മറന്ന് ഓണപരിപാടിക്കളിൽ പങ്കെടുത്ത് ആഘോഷിച്ചു.
Content Highlights: onam memories and onam celebartaio
Published: 11 Aug 2026, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented