സവിന്റെ നിറമാണ് തിരുവോണപ്പുലരിക്ക്. കോടിമുണ്ടിന്റേയും പൂക്കളുടേയും ഗന്ധവും. ഇടനാഴിയിലൂടെ അടുത്തടുത്ത് വരുന്ന നനുത്ത കുപ്പിവളക്കിലുക്കങ്ങള്‍,  തിടുക്കപ്പെട്ട് നടക്കുമ്പോള്‍ ഉലയുന്ന പുത്തന്‍ വസ്ത്രങ്ങളുടെയും അടുക്കളയില്‍ കലപില കൂട്ടുന്ന പാത്രങ്ങളുടെയും ശബ്ദം.... റേഡിയോയില്‍   രാവിലത്തെ വാര്‍ത്തകള്‍ക്കുശേഷം ചലച്ചിത്ര ഗാനങ്ങള്‍... ''തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ചകാണാന്‍.....''

To advertise here,

ചിങ്ങത്തിരുവോണം പുലരുന്നതുതന്നെ തിടുക്കപ്പെട്ടിട്ടാണ്. ഓണമൊരുക്കാനുള്ള ഉത്രാടപ്പാച്ചില്‍ തീര്‍ന്ന് പുലരുമ്പോഴേക്കും അടുക്കളപ്പുറങ്ങള്‍ തിരക്കിലാവും.പതിവുകളെല്ലാം അന്ന് തെറ്റും. പ്രഭാതഭക്ഷണം തന്നെ രൂപം മാറും. പുഴുങ്ങിയ നേന്ത്രപ്പഴവും പപ്പടവും. അതാണ് തിരുവോണത്തെ കൊതിപ്പിച്ച് തുടങ്ങുക.  വെളിച്ചെണ്ണയില്‍ പൊള്ളിവിടര്‍ന്ന പപ്പടം, അപൂര്‍വ്വമായി ഉപ്പുമാവും കാണും. കോടിഷര്‍ട്ടിന്റെയും നേരിയ കരയുള്ള മുണ്ടിലേക്ക് പ്രമോഷന്‍ കിട്ടിയതിന്റെയും ഗമയില്‍ അമ്പലമുറ്റത്തൊക്കെ ഒന്ന് കറങ്ങാനിറങ്ങും. ''വട്ടത്തിരിഞ്ഞു നിക്കണ്ട,  വേഗം വരണം ട്ടോ.'' അകത്തുനിന്ന് അമ്മയോ മേമമാരോ വിളിച്ചുപറയും.  

മനസ്സ് ഓളം തുള്ളുന്ന  ഉത്സാഹത്തിരകളില്‍ ഉലയുകയാവും. എല്ലാവരും എന്നെയല്ലേ നോക്കുന്നത്. കൗമാരത്തിന്റെ പ്രസരിപ്പ് ഇടംകണ്ണിട്ടുനോക്കും. അങ്ങിനെ ഒരു നൂറുകണ്ണുകള്‍ സൗന്ദര്യമാസ്വദിച്ച് ഇടംകണ്ണാല്‍ പരതുന്നുണ്ടാവും.വഴിയോരത്തെ റേഡിയോകളില്‍ ചലച്ചിത്ര ഗാനമാലകള്‍, ചായക്കടകളില്‍ ടേപ് റെക്കോര്‍ഡറില്‍, ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു..... എന്നു തുടങ്ങുന്ന 'രാജാവിന്റെ മകനി'ലേയോ 'ആവനാഴി'യിലേയോ ചലചിത്ര ശബ്ദരേഖ. അക്കാലത്ത് ശബ്ദരേഖകള്‍ കേള്‍ക്കുകയും പഞ്ച് ഡയലോഗുകള്‍ ഉരുവിടുകയും ചെയ്യുന്നത്‌ ഒരു ഹരമായിരുന്നു. അത് പുതിയ കാലത്ത്‌ ഫഹദിന്റെ എട മോനേ..... കടന്നും മുന്നോട്ടു പോവുന്നുവെന്നത്‌ കാലം മാറാതെ നില്കുന്നതിന്റെ സൂചനയല്ലേ.

ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത കാസറ്റുകള്‍ സുഹൃത്തുക്കളില്‍നിന്ന് സുഹൃത്തുക്കളിലേക്ക് കൈമാറി. ടേപ് റെക്കോര്‍ഡറിന്റെ ഹെഡ് ക്ലീനിങ്ങ്  ലിക്വിഡിന്  പണമില്ലാത്തതിനാല്‍ തുപ്പല്‍ തൊട്ട്  ഉടുത്ത മുണ്ടിന്റെ കോന്തലയുപയോഗിച്ച് ഹെഡ് ക്ലീന്‍ ചെയ്തു. അബദ്ധത്തില്‍ ടേപ് പൊട്ടിയാല്‍ ഒട്ടിക്കാന്‍ പശ അന്വേഷിച്ച് പാഞ്ഞു. കേടായ കാസറ്റിന്റെ റിബണുകള്‍ സൈക്കിള്‍ ഹാന്‍ഡിലില്‍ തൊങ്ങലാക്കി. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കായി.

അത് കാസറ്റുകളുടേയും കാലമായിരുന്നു. ഓണപ്പാട്ടുകള്‍ക്ക് സിനിമാഗാനങ്ങളെക്കാള്‍ കൂടുതല്‍ ആരാധകരുണ്ടായി. ''ഉത്രാടരാത്രിയില്‍ ഉണ്ണാതുറങ്ങാതെ, ഉമ്മറപ്പടിയില്‍ ഞാന്‍ കാത്തിരുന്നു..... ഉത്രാടപ്പൂനിലാവേ വാ..... ഒരു സ്വരം മധുരതരം.... തുടങ്ങി ഓണത്തെ പാട്ടില്‍ അലിയിക്കുന്ന കാസറ്റുകള്‍ പുറത്തിറങ്ങുന്നത്  കാത്തിരുന്നു. അവ യുവഹൃദയങ്ങളെ പ്രണയാര്‍ദ്രമാക്കി.

നാല്പതും അമ്പതും രൂപ കൊടുക്കണം കാസറ്റിന്. അത്രയും എടുക്കാനില്ല. പിന്നെ അടുത്ത ലക്ഷ്യം അടുത്ത പട്ടണത്തിലെ നൈറ്റിംഗേല്‍ മ്യൂസിക്കല്‍സോ മ്യൂസിക് വേള്‍ഡോ ആണ്. കാസറ്റ് നല്കിയാല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തുതരും. പത്തോ പതിനഞ്ചോ രൂപമതിയാവും. പക്ഷേ, അതിനുമുണ്ട് കാത്തിരിപ്പ്. കൊടുക്കുമ്പോഴേ മറുപടി കിട്ടും. അടുത്ത ശനിയാഴ്ച തരാം. അത്രയ്ക്ക് തിരക്കായിരുന്നു അവര്‍ക്കും. എന്തുചെയ്യാം കാത്തിരിപ്പു തുടങ്ങിയാല്‍ ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം ഏറുകയും ചെയ്യും.

തിരുവോണനാളില്‍  രാവിലെ വീട്ടുമുറ്റത്ത് അരിമാവുകൊണ്ട് അണിഞ്ഞ് പീഠത്തില്‍ നാക്കിലയിട്ട് തൃക്കാക്കരയപ്പനെ( മാതേവരെ) പ്രതിഷ്ഠിച്ചിട്ടുണ്ടാവും. ചെമ്പരത്തിയും മഞ്ഞയരളിയും കൃഷ്ണ കിരീടവും ചെണ്ടുമല്ലിയും വാടാമല്ലിയും  അലങ്കാരങ്ങളാവും. പട്ടണത്തിലെ പരിഷ്‌കാരികളാണ് ജമന്തിയും ഊട്ടിറോസുമൊക്കെ മാേതേവരെ അലങ്കരിക്കാൻ ഉപയോഗിക്കുകയെന്ന് ഞങ്ങള്‍ വിശ്വസിച്ചു.

മാതേവര്‍ വീട്ടിനകത്തല്ല, പുറത്ത് മുറ്റത്തിന്റെ നടുവിലാണെന്നതുതന്നെ വലിയൊരു സങ്കല്‍പ്പമാണ്. ഓണത്തിന് മഴ പെയ്താല്‍ മാവേലി പട്ടുക്കുട ചൂടും. രാവിലത്തെ നേദ്യം പൂവടയാണ്. അതൊരുക്കാനൊത്തില്ലെങ്കില്‍  അവിലും ശര്‍ക്കരയും പഴവും. എല്ലാം പ്രകൃതി ഒരുക്കുന്ന നൈവേദ്യങ്ങള്‍. ഉച്ചയ്ക്ക്മുമ്പ് സദ്യ ഒരുങ്ങിയാല്‍ നാക്കിലയിട്ട് വിഭവങ്ങള്‍ വിളമ്പും.നേദിച്ചു കഴിഞ്ഞാല്‍ പിന്നെ ഊണിന്റെ നേരമായി.

placeholder
വര: മദനന്‍

തിരുവോണസദ്യക്കുമുണ്ട് ചില ചിട്ടവട്ടങ്ങള്‍. സാദാരണ ദിവസങ്ങളിലേതുപോലെ എവിടെയെങ്കിലുമൊക്കെയിരുന്ന് കിണ്ണം കയ്യിലെടുത്ത് വലിച്ചുവാരി കേറ്റാനാവില്ല. നാക്കിലയിട്ട് എല്ലാവരും ഇരിപ്പുറപ്പിച്ചിട്ടേ വിളമ്പൂ. വിളമ്പും മുമ്പേ അമ്മമ്മ ഓര്‍മ്മിപ്പിക്കും. എല്ലാം വിളമ്പിക്കഴിഞ്ഞിട്ടേ ഊണ് തുടങ്ങാവൂ. ആ കാത്തിരിപ്പ് മറ്റൊരര്‍ത്ഥത്തില്‍ ഭക്ഷണത്തിനുമുമ്പ് തിരക്കുപിടിക്കരുതെന്ന ഓര്‍മ്മപ്പെടുത്തലാണെന്ന തിരിച്ചറിവ് ഉണ്ടാവുന്നത് പിന്നീടാണ്.

ഇലത്തുമ്പില്‍ പുളിയിഞ്ചി, നാരങ്ങ അച്ചാര്‍, (ഓണത്തിന് മാങ്ങാ അച്ചാറല്ല പതിവ്. വടുകപ്പുളി നാരങ്ങ എന്നറിയപ്പെടുന്ന വലിയ നാരങ്ങ മുറിച്ച് ഉണ്ടാക്കിയ പുത്തന്‍ അച്ചാറാണ്. മാങ്ങയുടെ സീസണ്‍ കഴിഞ്ഞാണ് ഓണമെന്നതുകൊണ്ടാണ് ഈ മാറ്റം.), ചേന, പയര്‍, കയ്പയ്ക്ക, മുളക് കൊണ്ടാട്ടങ്ങള്‍, പപ്പടം രണ്ടെണ്ണം( ഓണത്തിനു മാത്രമുള്ള ആര്‍ഭാടമാണ് രണ്ടു പപ്പടം. പിറന്നാളിനുപോലും ഒന്നേ പതിവുള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ ഒരു പപ്പടത്തിനെ പത്തോ പന്ത്രണ്ടോ കഷ്ണങ്ങളാക്കി മുറിച്ച് കാച്ചിയെടുക്കുന്ന പപ്പടപ്പൊട്ടുകളായിരുന്നു വീട്ടില്‍ പതിവ്. ഇതിന് രണ്ട് ഗുണങ്ങളാണുണ്ടായിരുന്നത്. നാലോ അഞ്ചോ ആള്‍ക്ക് ഒരു പപ്പടമുണ്ടെങ്കില്‍ ധാരാളം. പപ്പടം കാച്ചിയെടുക്കാന്‍ എണ്ണ കുറച്ചുമതി). പിന്നെ തോരന്‍ തൊട്ട്പച്ചടിവരെയുള്ള കറികള്‍ ക്രമത്തില്‍.

placeholder
വര: മദനന്‍

താഴെ ചോറും പരിപ്പും. എല്ലാം വിളമ്പിക്കഴിഞ്ഞാല്‍ കയ്യിലുള്ള കുഞ്ഞിക്കിണ്ണത്തില്‍നിന്ന് ചെറിയ സ്പൂണ്‍കൊണ്ട് നെയ്യെടുത്ത്  മുത്തശ്ശി വിളമ്പും.( ഈ നെയ്യിനുമുണ്ട് പ്രത്യേകത. (കറവയുള്ള അയല്‍പക്കത്തുനിന്നാണ് വീട്ടില്‍ പാല്‍ വാങ്ങുന്നതെങ്കിലും പതിവായി രാത്രി പാല്‍ ഉറയൊഴിച്ചുവയ്കും. രാവിലെ എല്ലാവരുടേയും ഭക്ഷണം കഴിഞ്ഞാല്‍ മുത്തശ്ശി അടുക്കളപ്പുറത്ത്  തൈര്‍ക്കലവും കടകോലുമായി ഇരിപ്പുറപ്പിക്കും. ഈ സമയം കൃത്യമായി അറിഞ്ഞ് മുത്തശ്ശിയുടെ അയല്‍പക്ക സുഹൃത്തുക്കളിലാരെങ്കിലും സ്ഥലത്തെത്തിയിരിക്കും. തുടര്‍ന്ന് നാട്ടുവിശേഷങ്ങള്‍ക്കിടയ്ക്ക് തൈര് കലക്കി വെണ്ണയെടുക്കും. ഈരണ്ട് ദിവസം കൂടുമ്പോള്‍ ഈ വെണ്ണ ചീനിച്ചട്ടിയില്‍ ഉരുക്കിയെടുത്ത് നെയ്യാക്കി സൂക്ഷിക്കും. അമ്പലത്തില്‍ നെയ് വിളക്കിന് നല്കാനും അതിഥികളൊക്കെ വരുമ്പോള്‍ ദോശയ്ക്ക് ഇത്തിരി സ്വാദ് കൂട്ടാനുമൊക്കെയാണ് ഈ നെയ്യ്. നെയ്യ് ചീനിച്ചട്ടിയില്‍  ഉരുകി സ്വര്‍ണവര്‍ണമാവുമ്പോള്‍ ഉയരുന്ന ഗന്ധം ഇന്നും കൊതിപ്പിക്കുന്നുണ്ട്). വീട്ടിലുണ്ടാക്കിയ ഹോം മേഡ് ഉത്പന്നമാണ് ഈ നെയ്യ്. ഈ നെയ്യ് ഊണിന് നല്കുന്ന സ്വാദ്. ഹോ.. പിന്നെ ക്രമത്തില്‍ സാമ്പാര്‍, രസം, മോര്, പായസം... അങ്ങിനെ സദ്യ ഫോര്‍ കോഴ്‌സോ ഫൈ കോഴ്‌സോ ആവും. പത്തായത്തിലെ ഭരണിയില്‍ വരട്ടിയെടുത്ത ചക്കശേഷിപ്പുണ്ടാവും. അത് ഉത്രാടത്തിനോ തിരുവോണത്തിനോ ചക്ക പ്രഥമനായി ഇലയിലേക്കെത്തും. ഊണ് കഴിയാന്‍ കാത്തിരിപ്പാണ് ആണും പെണ്ണും. പിന്നെ ഓണക്കളികളുടെ നേരമായി.ഇടയ്ക്ക് ഓണത്തിന് സിനിമയ്ക്ക് പോയതുമൊക്കെ ഇന്നും ഓര്‍മ്മയുണ്ട്. 'മൈ ഡിയര്‍ കുട്ടിച്ചാത്തനൊ'ക്കെ അങ്ങിനെ ഓണക്കാലത്ത് കണ്ട് അന്തംവിട്ട സിനമികളാണ്.

placeholder
വര: മദനന്‍

കിഴക്കന്‍ പാലക്കാട്ട് ഓണത്തിന് ഊഞ്ഞാല്‍ പതിവില്ല. കാരണം മഴ തന്നെ. പുളിയുടെ കരുത്തുള്ള കൊമ്പിലാണ് മുളയോ കയറോ ഉപയോഗിച്ച് ഊഞ്ഞാലിടുക. മഴ പെയ്തുനില്‍ക്കുമ്പോള്‍ വഴുപ്പുണ്ടാകും പുളിമരത്തിന്റെ തടിയില്‍. അതുകൊണ്ടാവാം ഊഞ്ഞാല്‍ തിരുവാതിരക്കാലത്തേക്ക് മാറിയത്. ധനുമാസത്തിലെ തിരുവാതിരക്കാലത്ത് ഊഞ്ഞാലില്‍ ചൂളം കുത്തുന്ന കാറ്റിനൊപ്പം മത്സരിച്ച് ആടിയതൊക്കെ ഇന്നും അനുഭവസ്ഥര്‍ക്ക് ഓര്‍മ്മ കാണുമല്ലോ. കൈകൊട്ടിക്കളി എന്നറിയപ്പെടുന്ന തിരുവാതിരക്കളി ആദ്യം കാണുന്നതും ഒരു ഓണക്കാലത്താണ്. വീരവിരാട കുമാരവിഭോ.... എന്നുതുടങ്ങുന്ന പാട്ടുമുതല്‍ അപ്പപ്പോള്‍ തിരുവാതിര കളിപ്പാട്ട് കെട്ടിപ്പാടുന്നവരുടെ സാമര്‍ത്ഥ്യം നാട്ടിന്‍ പുറങ്ങളിലെ കൗതുകകഥകളായിരുന്നു. ഇന്നിപ്പോള്‍ ഫ്‌ലാറ്റുകളിലും വീടുകളിലും ഓണാഘോഷത്തിന് വീഡിയോ നോക്കി തിരുവാതിരക്കളി പഠിക്കുന്നവര്‍ ഓര്‍മ്മിപ്പിക്കുന്നത് പഴയ കാലത്തെയാണ്. അന്ന് പ്രത്യേകിച്ചാരെങ്കിലും തിരുവാതിരക്കളി പഠിപ്പിക്കാനുണ്ടായിരുന്നുവോ. അറിയില്ല. തുമ്പി തുള്ളല്‍, തിരുപ്പറക്കല്‍ തുടങ്ങി സ്ത്രീകള്‍ക്കു മാത്രമായ വിനോദങ്ങള്‍ ഏറെയുണ്ടായിരുന്നു. ആണ്‍കുട്ടികള്‍  കൊട്ടിയും പുള്ളും ചില്ലേറ് തലപ്പന്ത് തുടങ്ങിയ വിനോദങ്ങള്‍ക്ക് ഒത്തുകൂടി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗ്രാമത്തില്‍ ഓണാഘോഷം വരുന്നത്.  

മന്ദത്ത് ആല്‍ച്ചുവട്ടില്‍ മേശയും നാല് കസേരയുമിട്ടു താല്കാലിക ഓഫീസുണ്ടാക്കി ഗ്രാമങ്ങളിലെ കലാസമിതികള്‍ ഗംഭീരമായ ഓണാഘോഷം നടത്തി ഉത്രാടനാളില്‍ .കഥ. കവിത, ഉപന്യാസ മത്സരങ്ങള്‍, തിരുവോണത്തിന് സദ്യ കഴിഞ്ഞാല്‍ സുന്ദരിക്ക് പൊട്ടുകുത്തല്‍, ബലൂണ്‍ പൊട്ടിക്കല്‍. കസേരകളി. ചാക്കോട്ടം, തവളച്ചാട്ടം  തുടങ്ങിയ നിര്‍ദ്ദോഷങ്ങളായ വിനോദങ്ങള്‍ അരങ്ങ് തകര്‍ത്തു. വൈകീട്ടാണ് ആവേശം തുളുമ്പുന്ന വഴുക്കുമരം കയറ്റവും വടംവലിയും. എണ്ണയില്‍ കുളിച്ചുനില്‍ക്കുന്ന വഴുക്കുമരത്തെ തോല്‍പ്പിക്കാന്‍ ചില്ലറ പാടൊന്നുമല്ല. വടംവലിയിലെ വിജയികള്‍ സമ്മാനം കിട്ടിയ നേന്ത്രക്കുലയുമായി ഗ്രാമത്തില്‍ ആര്‍പ്പുവിളികളോടെ നാലുചാല്‍ നടക്കും. തോറ്റവരാവട്ടെ അടുത്തതവണ കാവിലെ ഉത്സവത്തിനു കാണാം എന്ന വെല്ലുവിളിയോടെ മടങ്ങും.

സന്ധ്യ മയങ്ങുന്നതോടെ ഓണത്തിമര്‍പ്പിന് സമാപനമാവും. പിന്നെ നാളെ പഴയതുപോലെ പഠിക്കാനും പണിക്കും പോണമല്ലോ എന്ന ചിന്തയായി. അപ്പോഴേക്കും റേഡിയോയില്‍ വയലും വീടും പ്രക്ഷേപണം കഴിഞ്ഞ് മാവേലി നാടുവാണീടും കാലം എന്ന പഴയ പാട്ട് വെറുതേ മുഴങ്ങുന്നുണ്ടാവും.