സന്ധ്യയ്ക്ക് ചെറുതായി മഴചാറിയതിന്റെ നനവ് മണ്ണിലുണ്ടായിരുന്നു. മുറ്റത്ത് വേലിയോടു ചേർന്ന് വലിയ ചെമ്പരത്തി നിറയെ പൂക്കൾ, തൊട്ടപ്പുറത്ത് വലിയ കിരീടം പോലെ പൂക്കുലചൂടിയ കൃഷ്ണകിരീടം. കിണറ്റിന്റെ വക്കിൽ നിറയെ മുക്കുറ്റി. അമ്പതുകൊല്ലമെങ്കിലും മുമ്പുള്ള ഓർമ്മയാണ്. 'മോവ്' വലിക്കട്ടെ... പടിപ്പുറത്ത് നാലഞ്ച് പെൺകുട്ടികൾ. ഇവരെന്താണ് ഈ ചോദിക്കുന്നത്... എന്തുപറയണം... അകത്തേക്ക് നോക്കി ഉറക്കെവിളിച്ചു, മുത്തച്ഛാ... തോളിലെ തോർത്തെടുത്ത് കുടഞ്ഞുകൊണ്ട് മുത്തച്ഛൻ ഒതുക്കുകളിറങ്ങി മുറ്റത്തെത്തി. ആ വലിച്ചോ... കുറച്ച് ഞങ്ങക്കും വേണം ട്ടോ... അപ്പോഴും അവർ ചോദിച്ചതെന്താണെന്ന ആശ്ചര്യം എന്റെ മുഖത്തുണ്ടായിരുന്നു. വള്ളിട്രൗസറിന്റെ കിഴിഞ്ഞുതുടങ്ങിയ വള്ളി തോളിലേക്ക് തിരികെക്കയറ്റി ഞാൻ നോക്കിനിന്നു.
''നാളെ അത്തമാണ്. വലിയ പൂക്കളമിടണം''- മുറ്റത്തെ മഞ്ഞരളിയും ചെമ്പരത്തിയും തീർത്ത ചെറിയ പൂക്കളത്തിലേക്ക് നോക്കി മുത്തച്ഛൻ പറഞ്ഞു. അത്തപ്പൂക്കളത്തിലേക്ക് പൂമൊട്ട് ശേഖരിക്കാനാണ് കുട്ടികളെത്തിയത്. വിരിയാനിരിക്കുന്ന പൂമൊട്ടാണ് 'മോവ്' എന്ന ഒരു വാക്കും അർഥവും എന്റെ മനസ്സിലേക്ക് കുടിയേറുകയായിരുന്നു. ''കരിമൊട്ട് വലിക്കല്ലേട്ടോ... പാപം കിട്ടും''. നന്നെ ചെറിയ മൊട്ട് വലിക്കരുതെന്ന് കുട്ടികളോട് പറയുകയായിരുന്നു മുത്തച്ഛൻ.
അന്നൊക്കെ കർക്കടക സംക്രമത്തിന് ശീപോതിവെച്ചാൽ മുറ്റത്ത് ചാണകം മെഴുകി ചെറിയ പൂക്കളമിടും. കർക്കടകം പിന്നിട്ടാൽ ഓണം വരുന്നുവെന്ന മുന്നറിയിപ്പാണത്. ചെമ്പരത്തി, വേലികളിൽ സമൃദ്ധമായ മഞ്ഞരളി, പിച്ചകം, വേലിക്കിടയിൽനിന്ന് നാണത്തോടെ ഞാനിവിടുണ്ടേ എന്ന ഭാവത്തിൽ തലനീട്ടിനോക്കുന്ന ശംഖുപുഷ്പം. തൊടിയിൽ മത്തൻ പൂവുണ്ടാവും. അത് പക്ഷേ വലിച്ചുതരണമെങ്കിൽ ഇളയമ്മ നോക്കിയെടുക്കണം. കായ് പിടിക്കാൻ സാധ്യതയുള്ള പൂ വലിക്കാൻ അനുമതിയില്ല. പടർന്നുകിടക്കുന്ന മത്തൻവള്ളികൾക്കിടയിലേക്ക് കൂടെ കയറിയാൽ പറയും, ''വള്ളി ചവിട്ടി നശിപ്പിക്കരുത്.''
സന്ധ്യക്ക് വേലിയ്ക്കടുത്തുള്ള വിരിയാറായ മൊട്ടുകൾ ശേഖരിച്ചുവക്കും. ഇല്ലെങ്കിൽ പൂക്കള്ളിമാരുണ്ടാവും. വേലിയുടെ പുറത്തേക്ക് വിരിയാറായി നില്കുന്ന പൂമൊട്ടുകൾ നടന്നുപോവുന്നതിനിടെ കൈക്കുടന്നയിലാക്കുന്ന മായാവിദ്യ പലരുടേയും കൈയിലുണ്ടായിരുന്നു. പുറംവളപ്പുകളിലെ പൂക്കൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്. ആദ്യമെത്തുന്നവർക്ക് കൂടുതൽ കിട്ടും. കുട്ടിപ്പനച്ചോട്ടിലെ അരളിയും നാട്ടുവഴിയോരത്തെ മഞ്ഞ കോളാമ്പിപ്പൂവും പൂവിടുന്നതും കിട്ടുന്നതും അപൂർവമായിരുന്നു.
ഓണമെത്തിയാൽ രാവിലെ ഉണർന്നെണീക്കാൻ തിടുക്കമാണ്. പല്ലുതേച്ച് കാലും മുഖവും കഴുകിവന്നാലേ കാപ്പികിട്ടൂ. ചെറിയ ഓടിന്റെ 'ലോട്ട'യിൽ കാപ്പിയുമെടുത്ത് ഉമ്മറത്തിണ്ണയിലെത്തുമ്പോൾ മുറ്റമടിച്ചുകഴിഞ്ഞ് മേമ തയ്യാറായിട്ടുണ്ടാവും. അടുത്തവീട്ടിലെ തൊഴുത്തിൽനിന്ന് ശേഖരിച്ച ചാണകം മുറ്റത്തിന്റെ നടുവിൽ ചെറുതായി വട്ടത്തിൽ മെഴുകും. പിന്നെ പതുക്കെ പൂക്കളം വിടരുകയായി.
വിശാഖവും അനിഴവും തൃക്കേട്ടയും മൂലവും കഴിയുമ്പോഴേക്കും മുറ്റത്തിന്റെ അരികും മുക്കും വൃത്തിയാക്കിയിരിക്കും. പലപ്പോഴും ഓണം കഴിഞ്ഞിട്ടാവും കൊയ്ത്ത്. കൊയ്ത്തായി എന്ന ഓർമ്മപ്പെടുത്തൽകൂടിയാണിത്. പൂരാടത്തിൻ നാളിൽ മുറ്റത്ത് അരിമാവുകൊണ്ട് അണിയും. അതിന്റെ ചുമതല മുത്തച്ഛനാണ്. അമ്മിയിൽ നനുക്കനെ അരച്ചെടുക്കുന്ന മാവ് വെള്ളംചേർത്ത് ഇളക്കി കൈയിലെടുത്ത് പാകം നോക്കും. പിന്നെ മാതേവരെ വെക്കാൻ 'അണിയലാ'ണ്. കൈക്കുമ്പിളിൽ മാവെടുത്ത് ചെറുവിരലിലൂടെ അത് നിലത്ത് എഴുതിയാണ് അണിയൽ. നാലുകെട്ട്, എട്ടുകെട്ട്, പതിനാറുകെട്ട് തുടങ്ങി പലതരത്തിൽ അണിയാം. പതിനാറുകെട്ട് അണിഞ്ഞാൽ മുറ്റം നിറയും, കേമമായി. അതിന്റെ ഒരു വശത്ത് എഴുതും- 'ഉണ്ണിപ്പൂരാടം...' പിന്നെ പേരക്കുട്ടികളുടെയെല്ലാം പേരും നാളും. അതിൽ സ്വന്തം പേരു കാണുമ്പോഴുള്ള അഭിമാനം. അതുപോലൊരു സന്തോഷം വേറെ കിട്ടാനില്ല. സ്വന്തം പേര് ആദ്യമായി വീട്ടുമുറ്റത്ത് തെളിയുന്ന അഭിമാന നിമിഷങ്ങൾ...
ഓണത്തിന്റെ നിറങ്ങൾ മുതൽ എല്ലാം പ്രകൃതിയാണ്. പ്രകൃതിയിലലിയാത്ത ഒന്നുമില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഹരിതോത്സവമാണ് ഓണം. അങ്ങനെത്തന്നേവേണം ആഘോഷിക്കാനും. കർക്കടകം പിറക്കുംമുമ്പേ തുടങ്ങും പാലക്കാട്ടെ വീടുകളിൽ ഓണമെന്ന നല്ലകാലത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ. കർക്കടകത്തലേന്ന് വീടും മച്ചും മാറാല കളഞ്ഞ് അടിച്ചുതുടച്ച് 'ചേട്ട' കളയും. വീട്ടിനകത്തെ പൊടിയും ചെളിയുമെല്ലാം നീക്കാനുള്ള യജ്ഞമാണത്. പുത്തൻ വാസസ്ഥാനങ്ങളിൽ 'ചേട്ട കളയൽ' എന്ന ഓർമ്മ പോലുമില്ലാത്തതിനാൽ മേശകൾക്കടിയിലും അലമാരയ്ക്കിടയിലുമെല്ലാം കിലോക്കണക്കിന് പൊടിയും മാലിന്യവും അടിഞ്ഞുകിടക്കും. അവിശ്വാസികൾക്ക് വേണമെങ്കിൽ സ്വയം പരിശോധിച്ചറിയാവുന്നതേയുള്ളൂ.
കർക്കടകപ്പിറവിക്കു തലേന്ന് ചേട്ടകളഞ്ഞാൽ പിന്നെ ശീപോതിവെക്കലായി. ശ്രീഭഗവതിയെ കുടിയിരുത്തലാണത്. ശ്രീ വീട്ടിലെത്തിയാൽ നിലവിളക്ക് തെളിയിച്ചുവേണം സ്വീകരിക്കാൻ. കർക്കടക വാവുകഴിഞ്ഞാൽ ഇല്ലംനിറയുടെ കാലമായി. ''വാവു കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച നിറയ്ക്കാനും മാമന്റെ മകളെ കെട്ടാനും ആരോടും ചോദിക്കേണ്ടെന്നാണ് പഴമൊഴി. ഇന്നത്തെ കാലത്ത് അതിന്റെ ഉത്തരാർദ്ധം പൊളിറ്റിക്കലി കറക്ടല്ലെന്ന് പുതിയ തലമുറ പറയും. ഇതേ വിശ്വാസം കൊയ്ത്തുകാലത്തുമുണ്ട്. കൊയ്‌തെടുത്ത കറ്റ വീട്ടിലേക്കോ കളപ്പുരയിലേക്കോ എത്തിക്കുമ്പോൾ 'നിറവള്ളി' എന്ന് വിളിക്കുന്ന ഉഴിഞ്ഞവള്ളി. അതിൽ ചുറ്റിക്കെട്ടും. (മുമ്പത് വേലിപ്പടർപ്പുകളിൽ സമൃദ്ധമായുണ്ടായിരുന്നു. മുള്ളുവേലികൾ വയ്യാവേലികളാവുകയും കേസിനും കൂട്ടത്തിനും വഴിവെക്കുകയും ചെയ്ത ആ പഴയകാലത്ത് വേലിപ്പടർപ്പുകൾ മികച്ച പാരിസ്ഥിതിക ആവാസവ്യവസ്ഥയായിരുന്നു. ചെറിയ പ്രാണികളും പുഴുക്കളും പൂമ്പാറ്റകളും തുമ്പികളും പച്ചിലക്കൊത്തി പാമ്പുകളും സമൃദ്ധമായി ഉണ്ടാവും വേലിപ്പടർപ്പിനുള്ളിൽ)
കൊയ്‌തെടുത്ത കറ്റ വീട്ടിലെത്തുമ്പോൾ നിലവിളക്ക് തെളിയിക്കും. വീട്ടുമുറ്റത്തും കളപ്പുരയിലുമായി കറ്റ മെതിക്കുമ്പോൾ ഉയരുന്ന സമൃദ്ധിയുടെ ഒരു ഗന്ധമുണ്ട്. പുന്നെല്ലിന്റെ മണമാണത്. കുറച്ചുകാലം വീട്ടിനകത്താകെ നെല്ല് കൂട്ടിയിട്ടതിന്റെ ഈറൻ മണക്കും. കൊയ്‌തെടുത്ത നെല്ല് പത്തായത്തിലെത്തിക്കുമ്പോഴുമുണ്ടായിരുന്നു ആചാരങ്ങൾ.
ഓണത്തലേന്ന് മണിക്കൂറുകൾ അവിലിടിക്കാൻ മില്ലിൽ കാത്തുനിൽക്കേണ്ടിവന്ന അനുഭവവും പഴയതലമുറക്കാർക്കുണ്ടാവും. നെല്ല് പുഴുങ്ങി അരിയാക്കി മാറ്റാൻ പറ്റിയില്ലെങ്കിൽ നെല്ല് അവിലാക്കി മാറ്റിയാവും പുത്തരിയൂണ്. കാർഷിക ഗൃഹങ്ങളുടെ ഈ ആചാരങ്ങൾ ഇന്ന് ക്ഷേത്രങ്ങളിലെ നിറപുത്തരിച്ചടങ്ങുകളായി മാറി. പുത്തരിപ്പായസം മേടിച്ച് പുത്തരിയുണ്ണുന്ന രീതിയായി. പഴമയുടെ ആചാരങ്ങളിലാകെ ആദരിച്ചിരുന്നത് തൊഴിലാളിയേയും അവന്റെ അധ്വാനശേഷിയേയുമായിരുന്നുവെന്ന ഒരു പാഠഭേദം കൂടി നമ്മൾ ഇതോട് ചേർത്തുവായിക്കണം. ''പുത്തരിയുണ്ണും നാടേത്, പുഞ്ചകൾ വിളയും മലയാളം'', എന്ന കവിത കുഞ്ഞുക്ലാസുകളിലേ മുതൽ മലയാളിയുടെ മനസ്സിലുണ്ട്
Content Highlights: Unnipooradam, Niraputhari Onam memmories
Published: 08 Aug 2026, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented