കോഴിക്കോട്: ‘‘എന്റെ വീടിന്റെ മുൻപിലും പിന്നിലും വലിയൊരു മലയുണ്ട്. ഓണക്കാലത്ത് പൂക്കൾതേടിയുള്ള യാത്രകളുടെ പ്രധാന ഇടമായിരുന്നു അത്. ഒന്നാംക്ലാസിൽ പഠിക്കുമ്പോൾ കൂട്ടുകാരുമായി മലകയറി കാക്കപ്പൂവ് പറിക്കലായിരുന്നു പ്രധാനപരിപാടി. ഓലക്കൊടി കൊണ്ടുണ്ടാക്കിയ കണ്ണടയും വാച്ചും പീപ്പിയുമൊക്കെയായിട്ടാണ് ഈ പൂപറിക്കാനുള്ള യാത്ര. അന്ന് ഒരു കൊട്ട പൂവുമായിട്ടായിരിക്കും മലയിറങ്ങുക’’ -നടൻ കെ.ആർ. ഗോകുൽ തന്റെ ഓർമ്മപ്പുസ്തകത്തിന്റെ താളുകൾ തുറന്നു.
തിരുവോണത്തെക്കാൾ ഉത്രാടത്തിനാണ് വീട്ടിൽ കൂടുതൽ ആഘോഷം. അന്നാണ് വലിയപൂക്കളമിടുക. ഉത്രാടത്തിന്റെ അന്ന് എന്റെ വീട്ടിലായിരിക്കും എല്ലാവരും ഒരുമിച്ചുകൂടുക. അച്ഛനമ്മമാരും കസിൻസും മുത്തച്ഛനും മുത്തശ്ശിയും അമ്മാവനും അമ്മായിയും എല്ലാവരുംകൂടി ഒരുമിച്ചുചേർന്ന് വീട്ടിൽ ഗംഭീരസദ്യയൊരുക്കും. തിരുവോണത്തിന്റെ അന്ന് ഞങ്ങൾ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീട്ടിൽപോകും.
ഒരു തിരുവോണത്തിന്റെ അന്ന് സദ്യകഴിഞ്ഞ് എല്ലാവരും വിശ്രമിക്കുമ്പോൾ മുത്തച്ഛനെക്കൊണ്ട് ‘ഭീഷ്മപർവം’ സിനിമയിലെ മമ്മൂക്കയുടെ ‘ചാമ്പിക്കോ’ ഡയലോഗ് പറയിപ്പിച്ച് വീഡിയോ എടുത്തിരുന്നു. എല്ലാകാലത്തും ഇഷ്ടപ്പെടുന്ന ഓർമ്മകളാണവ.
സ്കൂളിലെ ഓണാഘോഷങ്ങളിൽ പൂക്കളമൊരുക്കാൻ കൂടാറുണ്ടായിരുന്നു. പൂക്കളമൊന്നും ഒരുക്കാനറിയില്ലെങ്കിലും കൂട്ടുകാരുടെ മികച്ചപ്രകടനംകൊണ്ട് ഗ്രൂപ്പുമത്സരങ്ങളിൽ സമ്മാനം നേടിയതും ഗോകുൽ ഓർത്തെടുത്തു. ഓണം റിലീസ് സിനിമകൾ കാണാൻ കുടുംബത്തോടൊപ്പം രാത്രി തിയേറ്ററിലേക്ക് പോകുന്നതും പതിവായിരുന്നു.
ചെറുപ്പത്തിൽ ‘ബാലഭൂമി’യുടെ ഓണം സ്പെഷ്യൽ എഡിഷനുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കും. ‘മാജിക് മാലു’വും ‘മീശമാർജാരനും’ വായിച്ച് ആവേശംകൊള്ളുമായിരുന്നു. ഈ വർഷവും കുടുംബത്തോടൊപ്പം ഒത്തുകൂടി ഓർമ്മച്ചെപ്പ് നിറയ്ക്കണമെന്ന് ഗോകുൽ പറഞ്ഞു.
Content Highlights: Gokul das Onam memmory
Published: 29 Aug 2025, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented