സിനിമാ ജീവിതത്തിൽ തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നയാളാണ് എം.ടി. വാസുദേവൻ നായരെന്ന് നടൻ മോഹൻലാൽ. അവസാനമായി എം.ടിയെ ഒരു നോക്ക് കാണാൻ അതിരാവിലെ അഞ്ച് മണിയോടെ എത്തിയ മോഹന്‍ലാല്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

To advertise here,

കോഴിക്കോട്  സിതാരയിൽ എത്തിയ മോഹൻലാൽ എം ടി വാസുദേവൻ നായർക്ക് അന്തിമോപചാരം അർപ്പിച്ചു. സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ അടക്കമുള്ളവര്‍ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.

'ഒരുപാട് വർഷത്തെ ബന്ധമുണ്ട്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നയാളാണ് എം.ടി. അമൃതംഗമയ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ എനിക്ക് അഭിനയിക്കാൻ സാധിച്ചു. പരസ്പരം വളരെ അധികം സ്നേഹമുള്ള ആൾക്കാരായിരുന്നു. അവസാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ സെറ്റിൽ എം.ടി. വരികയും ഒരുപാട് സംസാരിക്കുകയും ചെയ്തു. എന്റെ സംസ്കൃത നാടകങ്ങൾ കാണാനായി മുംബൈയിൽ വരികയൊക്കെ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തൂലികയിലൂടെ സൃഷ്ടിച്ചെടുത്ത ഒരുപാട് നല്ല കഥാപാത്രങ്ങൾ അഭിനയിക്കാൻ സാധിച്ചു.' - മോഹൻലാൽ പറഞ്ഞു. 

 മോഹൻലാലിന്റെ അഭിനയജീവിതത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ നൽകിയത് എം.ടിയാണ്. സദയത്തിലെ സത്യനെന്ന കഥാപാത്രം മോഹൻലാൽ അനശ്വരമാക്കുകയാണ് ചെയ്തത്. പലപ്പോഴും എം.ടി. തന്നെ മോഹൻലാലിന്റെ കഥാപാത്രങ്ങളെ എടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കൊച്ചിയിലായിരുന്ന മോഹൻലാൽ മരണവിവരമറിഞ്ഞ് രാത്രി തന്നെ കോഴിക്കോട്ടേക്ക് പുറപ്പെടുകയായിരുന്നു.