“ദുഃഖം ജീവിതത്തിന്റെ സത്യങ്ങളിലൊന്നാണ്,
പക്ഷേ അതിനെ ഉപാസിക്കേണ്ടതുണ്ടോ.” സ്വന്തം മകനെപ്പോലെ എം.ടിയെ കുരുതുന്ന വിഖ്യാത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനം എഴുതിയ കത്തിലെ വരികളാണിത്. “പ്രിയപ്പെട്ട മകനേ”, എന്നാണ് ആ കത്തിലെ അഭിസംബോധന. സ്നേഹത്തിന്റെയും ദുഃഖത്തിന്റെയും ഉപാസകനായിരുന്നു എം.ടിയെന്ന് അദ്ദേഹത്തിന്റെ കൃതികളിലൂടേയും സിനിമകളിലൂടെയും കടന്നുപോകുന്ന ഏതൊരാൾക്കും അനുഭവപ്പെടാം.
തെറ്റിത്തെറിച്ച മേഘക്കീറ്, ഊർന്നുവീണ ഒരു കഷ്ണം നിലാവ്, തുമ്പപ്പൂവിടർന്ന കുന്നിൻചെരിവ്, ഓടിക്കളിച്ച മണൽത്തിട്ട്, പുഴയുടെ കൈവഴി നനച്ച താഴ്വാരം, താന്നിക്കുന്നിൽ വിരിഞ്ഞുപൊട്ടിയ കണ്ണാന്തളികൾ, നിള, താലപ്പൊലിപ്പാല, കരവീരകപ്പൊന്തകൾ.... തുടങ്ങി മനസ്സിന്റെ തീരാക്കയങ്ങളിൽ ആഴ്ത്തിവെച്ച ദുഃഖത്തിന്റെ എത്രയെത്ര ചിമിഴുകളാണ് ആ മഹാസാഹിത്യകാരൻ ഒളിപ്പിച്ചുവെച്ചത്. ജീവിതത്തിന്റെ സമസ്ത സന്ധികളേയും ചേർത്തുകെട്ടിയ വരികളും ദൃശ്യങ്ങളും വാക്കുകൾക്കിടയിലെ ഘനസാന്ദ്രമായ മൗനങ്ങളും ജീവിതമെന്ന പിടിതരാത്ത സമസ്യയെ വാക്കുകളിലും വാക്കുകളിൽ കാത്തുവെച്ച മൗനത്തിലും വായനയുടേയും ആസ്വാദനത്തിന്റെയും കൈവഴികൾ നനയിക്കാൻ അവ ഇനിയും ഒഴുകിക്കൊണ്ടേയിരിക്കും.
“താളക്കേടുകളുടെ തിരകളും ചുഴികളുംകൊണ്ട് അസ്വസ്ഥമാണ് ജീവിതം. താളക്കേടുകളിലൂടെ താളാത്മകതയിലെത്തിച്ചേരാനുള്ള ഒരു സാഹസികയാത്രയാണ് സാഹിത്യകാരൻ നടത്തുന്നത്. പൂർണതയാണ് ലക്ഷ്യം. പക്ഷേ ലക്ഷ്യത്തിലെത്തിച്ചേരുക എന്ന ഒരവസ്ഥയില്ല. ചക്രവാളമെന്നു കരുതിയ അകലത്തിലെത്തുമ്പോൾ അതു പിന്നെയും അകലെയാണ്.” എന്ന് പറയുന്നുണ്ട് എം.ടി.
“ഡോക്ടർ രാജ ഏറ്റെടുത്ത ഒരു സ്ഥാപനം മാത്രമേ തകരാറായിട്ടുള്ളു - കുടുംബം” എന്ന് ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയെന്ന കഥയിൽ പറയുന്നുണ്ട്. ഇത് ഏതാണ്ട് എല്ലാ സൃഷ്ടികൾക്കും ബാധകമാണ്. സന്തോഷകരമായിപ്പോകുന്ന ഒരു കുടുംബജീവിതവും നമുക്കവിടെ കാണാൻ കഴിയില്ല. ഇല്ലായ്മകളാലും താളപ്പിഴകളാലും ആടിയുലയുന്ന ബന്ധങ്ങളുടെ ഇതിഹാസം കൂടിയാണാ സർഗസൃഷ്ടികളത്രയും. ആധുനിക കുടുംബമെന്ന യൂണിറ്റിലെ വ്യക്തികൾ നേരിടുന്ന ആത്മവിലാപങ്ങളാണ് എം.ടി. കൃതികളിലെ നിശബ്ദമായ പ്രവാഹം. “ഏകാകിളുടെ തുരുത്തുകളാണ് ഇന്ന് കുടുംബമായി അറിയപ്പെടുന്നത്” എന്ന് എം.ടി. തന്നെ പറയുന്നത്, അതിന്റെ ആധുനികവും യാഥാസ്ഥിതികവുമായി കൊടുക്കപ്പെടുന്ന എല്ലാ അർഥങ്ങൾക്കുമെതിരായ പ്രസ്തവനയാണ്.
സ്വപ്നമാണ് ജീവിതത്തേക്കാൾ സുന്ദരമായ സത്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വപ്നത്തിനും സത്യത്തിനുമിടയ്ക്കുള്ള ധർമ്മസങ്കടത്തിന്റെ അവസ്ഥയാണ് ജീവിതം എന്ന ഫ്ളോബറിന്റെ വാക്കുകൾ പറഞ്ഞതിനുശേഷം, പരിതസ്ഥിതികൾ സ്വപ്നങ്ങളോടു പ്രതികൂലമായിട്ടേ പ്രതികരിക്കാറുള്ളുവെന്നതാണ് ജീവിതത്തിന്റെ ക്രൂരത എന്നും എം.ടി. അവതരിപ്പിക്കുന്നുണ്ട്.
താൻ കണ്ട കഥാപാത്രങ്ങൾ, താൻ കേട്ടറിഞ്ഞവർ ഇവരെല്ലാം ആ സാഹിത്യത്തിലൂടെ നമ്മുടെ കാലത്തിലൂടെ കടന്നുപോകുന്നുണ്ട്. എം.ടിയുടേതായിട്ടൊരു ആത്മകഥയോ പൂർണ്ണജീവിതമോ എവിടേയും എഴുതിവെക്കപ്പെട്ടിട്ടില്ല. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്, “സ്നേഹിതാ, എന്‍റെ ആത്മകഥ എഴുതാൻ വേണ്ടിയല്ല (എന്‍റെ ആത്മകഥ എന്‍റെ എല്ലാ കഥകളും കൂട്ടിവെച്ചാൽ പൂർത്തിയാവുന്നു. അതുകൊണ്ട് ആ പ്രശ്നം ഇവിടെ ഉത്ഭവിക്കുന്നില്ല). ആദ്യകാലത്തെ വേദനകളും നിസ്സഹായതയും നിങ്ങളുടെ മാത്രമല്ല, എന്‍റേതുകൂടിയാണ്. ” (കാഥികന്റെ പണിപ്പുര).
മനുഷ്യാവസ്ഥയെക്കുറിച്ച് പറഞ്ഞ് മാറിനിൽക്കുകയാണ് എക്കാലവും കഥാകൃത്ത് ചെയ്യുന്നത്. വ്യാസമൗനങ്ങൾപോലെ പലയിടത്തും അദ്ദേഹം വാക്കുകൾക്കിടയിൽ ഒഴിഞ്ഞ ഇടങ്ങൾ ഇട്ടേച്ചുപോകുന്നുണ്ട്.
"ദുഃഖത്തിന്‍റെ സംഗീതം അന്തർധാരയായി അവരുടെ കൃതികളിൽ ഒഴുകുന്നു. ജീവിതം എന്ന ചൈതന്യത്തെ തന്‍റെ കൃതികളിലാവിഷ്ക്കരിക്കാൻ എല്ലാ കാലഘട്ടങ്ങളിലേയും എല്ലാ ഭാഷകളിലേയും ലോലഹൃദയമുള്ള കലാകാരന്മാർ അനുഭവിച്ച ദുഃഖത്തിന്‍റെ ഒരു ഭാഗമായിരുന്നു അത്” എന്ന് രാജലക്ഷ്മിയുടെ കഥകളെക്കുറിച്ചുപറയുന്ന വേളയിൽ എം.ടി. തന്നെ പറയുന്നത് അദ്ദേഹത്തിന്റെ കൃതികൾക്കും ബാധകമാണെന്നു കാണാം.
മരണകാരണം ദുഃഖമെന്നാണ് അവസാന നോവലായ 'വാരാണസി'യിൽപ്പോലും പറയുന്നത്. ദുഃഖത്തിന്റെ തടവുകാരിയായി താന്നിക്കുന്നിന്റെ താഴ്വരയിൽ ഒടുങ്ങിപ്പോയ സുമിത്ര, കാലടിയിൽ അമർന്ന തുമ്പപ്പൂവ്… നിളയുടെ കൈവഴികൾ നനച്ച താഴ്വാരത്തിലൂടെ ഒരുമിച്ചു കൈപിടിച്ചു നടന്നവരാണ് സേതുവും സുമിത്രയും. ആധുനിക ലോകത്തിന്റെ വ്യവഹാരങ്ങളിലേക്ക് പറിച്ചെറിയപ്പെടുന്ന സേതു, ജീവിതത്തിന്റേതായ ആഘോഷങ്ങളിൽ അതിന്റെതന്നെ ആരവങ്ങളിലും വെട്ടിപ്പിടിക്കുന്ന പുതിയ ലോകങ്ങളിലും മുഴുകവേ, ഉപേക്ഷിക്കപ്പെട്ട സുമിത്ര തനിച്ചായിരുന്നു…
അവസാനം മനസ്സിന്റെ സമനിലതെറ്റി വയൽവരമ്പിലൂടെ ഓടി ബോധമറ്റുവീണ സുമിത്രയിൽത്തുടങ്ങി വാരാണസിയിൽ ആത്മപിണ്ഡംവെച്ച് മടങ്ങുന്ന സുധാകരനിൽവരെ നീണ്ടുനിൽക്കുന്ന കഥാപാത്രങ്ങളത്രയും സ്നേഹത്തിന്റെയും ദുഃഖത്തിന്റെയും ജീവിതപ്പാതകൾ താണ്ടുന്നവരാണ്. ഉപേക്ഷിച്ചവരോ ഉപേക്ഷിക്കപ്പെട്ടവരോ ആണ് അവരിൽപ്പലരും. ചരിത്രപരമായ അനിവാര്യതയെന്നോ കാലത്തിന്റെ നീതിയെന്നോ വേണമെങ്കിൽ അതിനെ വിളിക്കാം. വ്യക്തികളുടെ ദുഃഖങ്ങൾ കാലത്തെയോ പ്രപഞ്ചത്തെയോ ബാധിക്കുന്നതുമല്ല. എല്ലാറ്റിനും എല്ലാവർക്കും മുന്നോട്ടുപോയേ പറ്റൂ… അല്ലെങ്കിൽ അവർക്ക് കുട്ടിയേടത്തിയെപ്പോലെയോ രവിശങ്കറെപ്പോലെയോ ചന്തുവിനെയോ കുട്ടിമാണിയെയോ അപ്പുവിനെപ്പോലെയോ സുന്ദരിയെപ്പോലെയോ ജീവനൊടുക്കാമെന്നുമാത്രം…… അതുമല്ലെങ്കിൽ ഗ്ലോറിയയെപ്പോലെ കൽച്ചുമരുകൾക്കുള്ളിൽ സ്വയം അടക്കംചെയ്യാം…
ഉപേക്ഷിക്കപ്പെട്ടതിന്റെ ദുഃഖമനുഭവിക്കുന്നത് കാലത്തിൽ സുമിത്ര മാത്രമല്ല, തങ്കമണിയും ഉപേക്ഷിക്കപ്പെട്ടവളാണ്. ഞാനെന്ത് തെറ്റു ചെയ്തുവെന്നാണവൾ അവസാനം ചോദിക്കുന്നത്. 'അക്ഷരങ്ങളി'ലെ ഗീതയും ഭാരതിയും 'വാരാണസി'യിലെ ഗീതയും 'ആൾക്കൂട്ടത്തിൽ തനിയേ'യിലെ അമ്മുക്കുട്ടിയുമെല്ലാം ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവർ തന്നെയാണ്. അവസാനത്തെ നോവലിലെ സുധാകരനാകട്ടെ പലരാലും ഉപേക്ഷിക്കപ്പെട്ട വ്യക്തിയാണ്. സുമിത്രയെ ഉപേക്ഷിക്കാനും തങ്കമണിയെ സ്വീകരിക്കാനും പിന്നീടവളെ വിട്ട് ലളിതയുടെ കൈപിടിക്കാനും സേതുവെടുക്കുന്നത് ചെറുമാത്രകൾ മാത്രം.
Content Highlights: mt vasudevan nair memory
Published: 27 Dec 2024, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented