
അന്നൊരിക്കല്‍ കണ്ടപ്പോള്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു: ''എം.ടി. രണ്ടുദിവസം വീട്ടിലുണ്ടാവും. വൈകീട്ട് വന്നാല്‍ മൂപ്പരെ പരിചയപ്പെടാം!''
ആവേശത്തോടെയാണ് ഞാനത് കേട്ടത്. നെടുനാളത്തെ മോഹം സഫലമാകുന്നതിന്റെ ആഹ്ളാദം നിറഞ്ഞ ആവേശം. എന്റെ പ്രീഡിഗ്രി (ഇന്നത്തെ പ്ലസ് ടു) കാലമാണ്.
'ഇരുട്ടിന്റെ ആത്മാവ്', 'കുട്ട്യേടത്തി', 'ഓപ്പോള്‍', 'മഞ്ഞ്', 'അസുരവിത്ത്'... വായനയിലൂടെ, എം.ടി. വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരനെ ആരാധനാവിഗ്രഹമായി ഹൃദയത്തില്‍ പ്രതിഷ്ഠിച്ച കാലം. എം.ടി. തിരക്കഥയൊരുക്കിയ 'നഖക്ഷതങ്ങ'ളും 'വൈശാലി'യും 'പഞ്ചാഗ്നി'യുമൊക്കെ കണ്ട് ത്രില്ലടിച്ച കാലം കൂടിയാണ്. വടകരയിലെ സേവാസമിതി, കൈരളി, പബ്ലിക് ലൈബ്രറികളില്‍നിന്ന് പുസ്തകമെടുത്ത് വായന ജോറായി നടക്കുന്നു. ഒരുമാതിരിപ്പെട്ട എഴുത്തുകാരോടെല്ലാം കൗമാരസഹജമായ ആരാധനയുമുണ്ട്. കൂട്ടത്തില്‍ ഉഗ്രമൂര്‍ത്തി എം.ടി. തന്നെ!
ഒമ്പതില്‍ പഠിക്കുമ്പോഴാണ് 'രണ്ടാമൂഴം' ആഘോഷപൂര്‍വം 'കലാകൗമുദി'യില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചുവന്നത് -ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രീകരണത്തോടെ. അമ്മയുടെ ഉദാരതയില്‍ വാങ്ങിച്ച വാരികയുടെ കവര്‍പേജിലെ മധ്യവയസ്‌കനും ഗൗരവക്കാരനുമായ എം.ടിയുടെ ഫോട്ടോ നിര്‍ന്നിമേഷം നോക്കിയിരുന്ന കൗമാരക്കാരനെ എങ്ങനെ മറക്കും?
അന്തമറ്റ വായനയുടെ പിന്‍ബലത്തില്‍ അവന്‍ ചില കഥകള്‍ കുത്തിക്കുറിക്കുന്നു. അവയില്‍ ചിലത് മാതൃഭൂമി 'ബാലപംക്തി'യിലും മറ്റുമായി അടിച്ചുവരുന്നു.
ഇന്റര്‍നെറ്റ്പൂര്‍വ കാലഘട്ടമാണ്. മൊബൈല്‍ ഫോണ്‍, ജി-മെയില്‍, വാട്‌സ് ആപ്, ഫെയ്‌സ് ബുക്ക് തുടങ്ങിയവ കേട്ടുകേള്‍വി പോലുമില്ല. ലാന്‍ഡ് ഫോണ്‍ അന്യഗ്രഹ ജീവിയാണ്. ഭാരതീയ തപാല്‍വകുപ്പ് മാത്രമായിരുന്നു ഏക ആശ്രയം.
ആരാധനാമൂര്‍ത്തികളായ എഴുത്തുകാരെല്ലാം അകലെ, അകലെ. എം.ടി. കോഴിക്കോട്ട് പാര്‍പ്പുണ്ടെന്ന് അറിയാം. എങ്കിലും അന്നെനിക്ക് വിദൂരദേശമായിരുന്നു കോഴിക്കോട്.
'ബാലപംക്തി'യിലെ എഴുത്ത് പകര്‍ന്ന ആത്മവിശ്വാസത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ പരിചയപ്പെടുന്നത് അക്കാലത്താണ്, എന്റെ വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ പരിധിയിലാണ് അദ്ദേഹം താമസിച്ചിരുന്നതെങ്കിലും. ശ്രദ്ധേയമായ രചനകളിലൂടെയും കൊടുങ്കാറ്റ് വിതയ്ക്കുന്ന വിവാദങ്ങളിലൂടെയും പുനത്തില്‍ കത്തിനില്‍ക്കുകയാണന്ന്. വടകര എടോടിയില്‍ ഡോ. പുനത്തില്‍ നടത്തിയിരുന്ന 'ശാന്തിനികേതന്‍' ആശുപത്രിയില്‍ വല്ലപ്പോഴും സന്ദര്‍ശനം നടത്തുന്നത് പിന്നീടൊരു പതിവായി. ഊഷ്മളമായ സൗഹൃദവും സമത്വഭാവവും നിറഞ്ഞ അദ്ദേഹത്തിന്റെ സമീപനം പെരുത്ത് വിസ്മയം തന്നു.
എം.ടി.യുടെ ശിഷ്യനും സുഹൃത്തുമായ പുനത്തില്‍ അദ്ദേഹത്തെക്കുറിച്ച് നടത്തുന്ന സാന്ദര്‍ഭികമായ പരാമര്‍ശങ്ങള്‍ കേള്‍ക്കുന്നതേ എനിക്ക് ഹരം. ഒരിക്കല്‍ പുനത്തില്‍ പറഞ്ഞു:
''എം.ടി. ഭയങ്കര വായനക്കാരനാണ്. വിദേശസാഹിത്യം മുതല്‍ ബാലപംക്തിവരെ പഹയന്‍ വായിക്കും!''
(ഭേഷ്, അപ്പോള്‍ എന്നെ അറിയാനിടയുണ്ട്!)
എം.ടി.യ്ക്ക് വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ച വാര്‍ത്ത ആയിടെ ഒരുനാള്‍ 'മാതൃഭൂമി' പത്രത്തില്‍ വായിച്ചു. ആഴ്ചപ്പതിപ്പിന്റെ തുടര്‍ലക്കങ്ങളിലൊന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി 'എം.ടി. സ്‌പെഷ്യല്‍' ആയിരുന്നു. എന്‍.പി. മുഹമ്മദും പുനത്തിലുമായിരുന്നു ആ ലക്കത്തിലെ പ്രധാന ലേഖകര്‍.
വിദ്യാര്‍ഥിക്കാലം മുതല്‍ തുടങ്ങിയ എം.ടി.യുമായുള്ള സൗഹൃദം പച്ചവെള്ളം പോലെ തെളിമയാര്‍ന്ന ഭാഷയില്‍ ഹൃദ്യമായി ആവിഷ്‌കരിച്ച പുനത്തിലിന്റെ 'പ്രിയപ്പെട്ട എം.ടി.' എന്ന ലേഖനം എത്രയാവര്‍ത്തി വായിച്ചുവെന്ന് നിശ്ചയമില്ല!
അക്കാലത്തുതന്നെയാണ് ഹൃദയാഘാതത്തിന്റെ കുപ്പായമണിഞ്ഞെത്തിയ മരണം, 53-ാം വയസ്സില്‍ എന്റെ പ്രിയപ്പെട്ട അച്ഛനെ തട്ടിക്കൊണ്ടുപോയത്. അച്ഛന്റെ ആകസ്മിക വേര്‍പാട് നല്‍കിയ സങ്കടവും അനാഥത്വവും ഇഴചേര്‍ന്ന കൗമാരത്തിന്റെ വിഹ്വലമായ ഏകാന്തതയില്‍ അക്ഷരങ്ങള്‍ മാത്രമായിരുന്നു അഭയം.
പടിഞ്ഞാറ്റ മുറിയിലിരുന്ന് ആഴ്ചപ്പതിപ്പില്‍ 'പ്രിയപ്പെട്ട എം.ടി.' വായിച്ചുവായിച്ച് എനിക്കത് ഏതാണ്ട് മനഃപാഠമായി എന്നുതന്നെ പറയാം!
പുനത്തിലിന്റെ സഹജമായ കുസൃതിയും കൂസലില്ലായ്മയും പദാനുപദം നിറഞ്ഞുതുളുമ്പിയ ആ ലേഖനത്തിലെ പല ഭാഗങ്ങളും നീണ്ട നാല്പത് വര്‍ഷത്തിനുശേഷം, ശിലാലിഖിതംപോലെ ഇപ്പോഴും ഓര്‍മയിലുണ്ട്...
എഴുത്തിലാകട്ടെ, വേദിയിലാകട്ടെ പടച്ചതമ്പുരാനെപ്പോലും നിഷേധിക്കാനും വിമര്‍ശിക്കാനും യാതൊരു മടിയുമില്ലാത്ത പുനത്തില്‍ കുഞ്ഞബ്ദുള്ള, ഒരിക്കല്‍പോലും എം.ടി.ക്കെതിരെ ഒരു വാചകം എഴുതിയതോ, ഒരു വാക്ക് ഉരിയാടിയതോ കണ്ടിട്ടില്ല; കേട്ടിട്ടുമില്ല!
കണ്‍മുന്നില്‍ എം.ടി.
പുനത്തില്‍ നിര്‍ദേശിച്ച പ്രകാരം വൈകീട്ട് നാലിന് തൊട്ടുമുമ്പ് മുനിസിപ്പല്‍ പാര്‍ക്കിനടുത്ത വീട്ടില്‍ ഞാന്‍ ഹാജരായി.
എം.ടി.യെ 'ഒരുനോക്ക്' കാണുക എന്നതിനപ്പുറം അദ്ദേഹവുമായി ചെറുസംവാദവുമാകാം എന്ന മട്ടിലാണ് എന്റെ വരവ്.
സ്വീകരണമുറിയിലെ സോഫയില്‍ ചതുരക്കള്ളി ഷര്‍ട്ടും കൈലിയുമുടുത്ത് സാക്ഷാല്‍ എം.ടി.!
കൈയില്‍ ഒരു തടിയന്‍ ഇംഗ്ലീഷ് പുസ്തകം, മുഖം നിറയെ ഗൗരവം.
ഒറ്റനോട്ടത്തില്‍ തന്നെ ഞാനൊന്നു പകച്ചു.
''കരിപ്പള്ളി ദിനേശന്‍... എഴുതാറുണ്ട്!'' -മൈക്രോ കഥ പോലെ പുനത്തില്‍ പരിചയപ്പെടുത്തുന്നു.
എം.ടി.യുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല. പുസ്തകത്തില്‍ നിന്ന് കണ്ണെടുത്ത്, സ്‌കാന്‍ ചെയ്യുംപോലെ ഒരു നോട്ടം മാത്രം.
''നിങ്ങളിരുന്ന് സംസാരിക്ക്'' എന്നു പറഞ്ഞ്, സന്തതസഹചാരിയായ സ്യൂട്ട്‌കേസും തൂക്കി പുനത്തില്‍ ഇറങ്ങിയപ്പോള്‍, പുലിമടയിലകപ്പെട്ട കുഞ്ഞാടിന്റെ നിസ്സഹായത ഞാനറിഞ്ഞു. ആയിരം നാവുള്ള മൗനത്തിന്റെ മുഴക്കത്തില്‍, ഉള്ളില്‍ സ്വരൂപിച്ച ചോദ്യങ്ങളൊക്കെ ചിറകടിച്ചെങ്ങോ പറന്നുപോയി.
ധൈര്യം നടിച്ച് എന്തോ ചിലത് ചോദിച്ചു. പ്രതികരണമുണ്ടായില്ല. മറ്റേതോ ലോകത്തിലെന്നപോലെ അദ്ദേഹം കൈയിലെ പുസ്തകത്തില്‍ സ്വയം നഷ്ടപ്പെട്ടിരുന്നു. ഇച്ഛാഭംഗത്തോടെ ഞാന്‍ ഇറങ്ങിപ്പോന്നു.
ഗേറ്റ് കടക്കവെ -പുനത്തില്‍ മുമ്പെഴുതിയ ലേഖനത്തിലെ പരാമര്‍ശം ഓര്‍മയില്‍ തികട്ടി:
''അപരിചിതരുമായി ഏറ്റുമുട്ടിയാല്‍ എം.ടി. ഒരു മൂങ്ങയെപ്പോലെ ഇരുന്നുകളയും. സ്വഭാവത്തിലെ ഈ മുരടത്തമാണ് അദ്ദേഹത്തിന് ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കിക്കൊടുത്തത്...''
നിരാശ കല്ലിച്ച കൗമാരമനസ്സ് സ്വയം പറഞ്ഞു: ''ശത്രുക്കളുടെ പട്ടികയിലേക്ക് ഇതാ, ഒരാള്‍കൂടി!...''
കഥയെഴുതിത്തുടങ്ങിയ കാലത്ത് ഡല്‍ഹിയില്‍നിന്ന് നാട്ടിലെത്തിയപ്പോള്‍ മാതൃഭൂമിയില്‍ പോയി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എം.ടി.യെ സന്ദര്‍ശിച്ചതിനെക്കുറിച്ചും അദ്ദേഹത്തിന്റെ മൗനത്തിനു മുന്നില്‍ നിസ്സഹായനായി ഇരുന്നതിനെക്കുറിച്ചും എം. മുകുന്ദന്‍ എഴുതിയത് പിന്നീട് എപ്പോഴോ വായിച്ചു.
മുകുന്ദന്‍ മാത്രമല്ല, എം.ടി.യുടെ 'വിശ്വവിഖ്യാത'മായ മൗനത്തെക്കുറിച്ച് എഴുതിയവരും പറഞ്ഞവരും എത്രയോ...
പുരസ്കാരം പോലെ ആ വാക്കുകള്‍
വര്‍ഷങ്ങള്‍ പിന്നിടുന്നു. 2017 ഒക്ടോബര്‍ 27.
മലയാളത്തിന്റെ പ്രിയങ്കരനായ പുനത്തില്‍ കുഞ്ഞബ്ദുള്ള (കുഞ്ഞിക്ക) ഭൂമിയില്‍നിന്ന് വിടവാങ്ങിയ ദിവസം. പിറ്റേന്നിറങ്ങുന്ന 'മാതൃഭൂമി' പത്രത്തിന്റെ 'പുനത്തില്‍ സ്‌പെഷ്യല്‍' പേജിലേക്ക് എം.ടി.യുടെ അനുസ്മരണക്കുറിപ്പ് തയ്യാറാക്കാനുള്ള ചുമതല എനിക്കായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ എഴുതാന്‍ എം.ടി.ക്ക് ബുദ്ധിമുട്ടുണ്ട്. പറയുന്നത് കേട്ടെഴുതി, അുസ്മരണക്കുറിപ്പ് തയ്യാറാക്കുകയാണ് ദൗത്യം.
ഫോണില്‍ കാര്യം അറിയിക്കവെ എം.ടി. പറഞ്ഞു:
''വൈകീട്ട് അഞ്ചുമണിക്ക് വരൂ!''
കൃത്യം 4.55 ന് കൊട്ടാരം റോഡിലെ (പി. ശേഖരന്‍ റോഡ്) 'സിതാര'യിലെത്തുമ്പോള്‍ സ്വീകരണമുറിയിലെ കസേരയില്‍ ചുണ്ടില്‍ ബീഡിയുമായി എം.ടി. റെഡി.
സാഹിത്യത്തില്‍ ശിഷ്യനും ജീവിതത്തില്‍ സുഹൃത്തും സഹോദരതുല്യനുമായ കുഞ്ഞബ്ദുള്ളയുടെ വേര്‍പാടിന്റെ വേദന ഉള്ളിലടക്കി, പഴയകാല ഓര്‍കളുടെ ഏടുകള്‍ അദ്ദേഹം ഒന്നൊന്നായി നിവര്‍ത്തി.
എഴുത്തില്‍ പുനത്തില്‍ സൂക്ഷിച്ച ലാളിത്യം, വായനക്കാരെ ആകര്‍ഷിക്കാനുള്ള സ്വതസിദ്ധമായ കഴിവ്, 'സ്മാരകശിലകള്‍' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അനുഭവം... പ്രതിഭാശാലിയായ ഒരു എഴുത്തുകാരനെ കണ്ടെത്തിയ ദീര്‍ഘദര്‍ശിയായ സാഹിത്യപത്രാധിപരുടെ സഫലമായ ഓര്‍മകള്‍.
പുനത്തിലിന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ച ചില ഇടര്‍ച്ചകളില്‍ സൗഹൃദത്തിന്റെ പിന്‍ബലത്തോടെ ഇടപെടേണ്ടിവന്നത് പരാമര്‍ശിക്കവെ മലയാളത്തിന്റെ എക്കാലത്തെയും മികച്ച എഡിറ്റര്‍ പറഞ്ഞു:
''ഇക്കാര്യം പത്രത്തില്‍ എഴുതണമെന്നില്ല!...''
ബീഡി ആഞ്ഞുവലിച്ച് ഇടയ്ക്കിടെ അദ്ദേഹം നിശ്ശബ്ദനായി, ഏതൊക്കെയോ ഓര്‍മകളില്‍ പുതഞ്ഞ്...
ഞങ്ങളുടെ സംഭാഷണം ഒരുമണിക്കൂറിലധികം പിന്നിട്ടിരുന്നു.
എം.ടി.യുടെ മുഖത്ത് മടുപ്പിന്റെ ലക്ഷണമൊന്നും കണ്ടില്ല. വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ലുബ്ധനായ അദ്ദേഹം ചോദ്യങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്ന കാഴ്ച അവിശ്വസനീയമായി തോന്നി. 'സിതാര'യിലെ തുറന്നിട്ട ജാലകത്തിനപ്പുറം സാന്ധ്യവെളിച്ചം പതിയെ മങ്ങിത്തുടങ്ങിയിരുന്നു.
പത്രപ്രവര്‍ത്തകരുടെ നെഞ്ചകത്ത് സദാ അദൃശ്യമായി മിടിക്കുന്ന 'ഡെഡ്‌ലൈന്‍' എന്ന ഘടികാരം ചിലച്ചപ്പോള്‍ സ്‌ക്രിബ്ലിംഗ് പാഡ് മടക്കി ഞാന്‍ എഴുന്നേറ്റു.
മലയാളികള്‍ എക്കാലവും വെമ്പലോടെ കാത്തിരിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍ എന്ന പേരിനു കീഴെ പിറ്റേന്ന് അടിച്ചുവരേണ്ട കുറിപ്പാണെന്ന ഉത്തരവാദിത്വബോധത്തോടെ പറഞ്ഞു:
''ഓഫീസിലെത്തി എഴുതിക്കഴിഞ്ഞശേഷം ഫോണില്‍ വായിച്ചുകേള്‍പ്പിക്കാം!''
''വേണ്ട,'' കസേരയില്‍ നിന്നെഴുന്നേറ്റ എം.ടി. ഗൗരവത്തോടെ എന്റെ ചുമലില്‍ മെല്ലെ തൊട്ടു:
''താനാവുമ്പോ എനിക്കു പേടിയില്ല!..''
ആചാരോപചാരങ്ങളില്‍ വിശ്വസിക്കാത്ത ആ വലിയ മനുഷ്യന്റെ ഹൃദയത്തില്‍ നിന്നുതിര്‍ന്ന വാക്കുകള്‍ അനുഗ്രഹത്തിന്റെ, അംഗീകാരത്തിന്റെ പൂക്കളായി എന്റെ നെറുകയില്‍ ചിതറിവീണു.
അടരുന്ന പുറന്തോട്
എം.ടി.യുടെ ലേഖനങ്ങളുടെ സമ്പൂര്‍ണസമാഹാരം അടുത്തിടെ പുറത്തിറങ്ങിയപ്പോള്‍, ജനറല്‍ എഡിറ്റര്‍ കൂടിയായ നിരൂപകന്‍ ഡോ. എം.എം. ബഷീര്‍ ആമുഖത്തില്‍ എഴുതി:
''... ചുരുക്കം ആള്‍ക്കാര്‍ മാത്രമേ അദ്ദേഹത്തോട് അടുക്കാറുള്ളൂ. സുഹൃത്ത് ചോദിച്ചു: -മുഖംമൂടി എന്തിനാണ് എടുത്തണിയുന്നത്? -അല്ല, മുഖംമൂടിയല്ല, പുറന്തോടാണ്... ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍!''
കാലത്തില്‍ മൗനത്തിന്റെ പുറന്തോട് പതിയെ അടര്‍ന്ന്, അകമേ ഗൂഢമായി സൂക്ഷിക്കുന്ന സ്നേഹത്തിന്റെ കാമ്പ് തെളിഞ്ഞ രമണീയാനുഭവങ്ങള്‍ ചൈതന്യഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളായി ഓര്‍മയില്‍ മുദ്രിതമാണ്.
'സിതാര,' കൊട്ടാരം റോഡ്, കോഴിക്കോട്' എന്ന പ്രശസ്തമായ വിലാസത്തിലേക്ക് അയച്ച കത്തുകള്‍ക്ക് വൈകിയാലും മുടങ്ങാതെ മറുമൊഴികള്‍ തന്നത് എം.എ. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എന്റെ ക്ഷണം സ്വീകരിച്ച് കോളേജില്‍ വന്ന് സുദീര്‍ഘമായ പ്രഭാഷണം നടത്തിയത്, പത്രപ്രവര്‍ത്തകനായി മാതൃഭൂമിയില്‍ ചേരുംമുമ്പ് വീട്ടില്‍ചെന്ന് അനുഗ്രഹം വാങ്ങിച്ചത്, 'സിതാര'യിലെ സ്വീകരണമുറിയില്‍ പുതുതായി വായിച്ച വിദേശകൃതികളെക്കുറിച്ചുള്ള ഹൃദ്യമായ വിവരണങ്ങള്‍ കേട്ടിരുന്നത്... ഉപചാരങ്ങളില്ലാതെ, സ്നേഹവും കരുതലും തൂവിയ മുന്തിയ കുറെ നിമിഷങ്ങള്‍.
നിറപ്പകിട്ടില്ലാത്ത ദിനരാത്രങ്ങളുടെ തനിയാവർത്തനമായി ഒടുങ്ങിപ്പോകുന്ന ശരാശരി മലയാളിയുടെ ജീവിതത്തിൽ അനശ്വരമായ അനുഭൂതികളുടെ വർണ്ണരാജികൾ വിരിയിച്ച പ്രിയപ്പെട്ട എഴുത്തുകാരാ... നന്ദി!
മരണത്തെക്കുറിച്ച് ഒരിക്കല്‍ എം.ടി. എഴുതി:
''മരണം, പിറവി പോലെത്തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്, ആഘോഷമാണ്!''
ഏഴ് പതിറ്റാണ്ടുകാലം മലയാളിയുടെ വായനയെ ജ്വലിയ്ക്കുന്ന സൗന്ദര്യാനുഭവമാക്കിയ രചനകള്‍ പോലെ, സര്‍ഗാത്മകമായ ജീവിതംപോലെ, അങ്ങയുടെ മരണവും ഞങ്ങള്‍ ആഘോഷിക്കട്ടെ. വിട!
Content Highlights: Dr. Dineshan Karipalli writes memories about MT Vasudevan Nair
Published: 27 Dec 2024, 10:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented