
മമ്മൂട്ടിക്ക് ആ നിമിഷം എങ്ങനെയാകും അനുഭവപ്പെട്ടിട്ടുണ്ടാകുക എന്നറിയില്ല. ഇനി എം.ടിയില്ല എന്ന അവിശ്വസനീയതയിൽ വല്ലാത്തൊരു വിവശത ചുറ്റിനും വന്നുനിറഞ്ഞിട്ടുണ്ടാകും. വാക്ക് വിറച്ചിട്ടുണ്ടാകണം, കണ്ണുനിറഞ്ഞിട്ടുമുണ്ടാകും. മമ്മൂട്ടി ഇപ്പോൾ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അസർബെയ്ജാനിലാണ്. അവസാന കാഴ്ചയ്ക്കായി ഒറ്റരാത്രികൊണ്ടൊരു യാത്ര അസാധ്യം. അതിന്റെകൂടി വേദനയിൽ മഞ്ഞുപുതച്ച ബാക്കു നഗരത്തിലിരുന്ന് ക്രിസ്മസ് രാത്രിയിൽ നക്ഷത്രം തന്റെ സൂര്യനെക്കുറിച്ച് എഴുതി:'എന്റെ മനസ്സ് ശൂന്യമാകുന്നപോലെ തോന്നുന്നു. ഞാനെന്റെ ഇരുകൈകളും മലർത്തിവയ്ക്കുന്നു...'
മമ്മൂട്ടിയിലെ മനുഷ്യനെ പ്രചോദിപ്പിച്ച എഴുത്തുകാരനും നടനെ കൊത്തിയെടുത്ത തച്ചനുമായിരുന്നു എം.ടി. കൗമാരകാലത്ത് പരിചയിച്ച ആ രണ്ടക്ഷരങ്ങളിലേക്ക് മമ്മൂട്ടിയെ ആദ്യം ഒഴുക്കിക്കൊണ്ടുപോയ, പിന്നീട് അതിന്റെ കുളിർമ പകർന്നേകിയ, അദ്ഭുതത്തിനും എം.ടിയുടെ ഒരു നോവലിനും ഒരേ പേരാണ്-കാലം ! അവരുടെ കൂടിച്ചേരലിന്റെ പരിണാമമാകട്ട, രമണീയമായ ഒരു അഭ്രകാലവും. എം.ടിയെന്ന നാവികൻ തിരയിലെഴുതിയ കഥകളിലൂടെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത ഏറ്റവും മനോഹരമായ ദേശമാണ് മമ്മൂട്ടി.
വായന ആവേശമാകുകയും എഴുത്തുകാരനാകാനുള്ള മോഹം ഉള്ളിൽ നിറയുകയും ചെയ്ത കൗമാരനാളുകളിലാണ് എം.ടിയെ ആദ്യമായി വായിച്ചതെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്; മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് കഥകളയച്ചിരുന്ന കാലത്ത് കുട്ടേട്ടൻ എന്നുപേരുള്ള ഒരാൾക്കരികെ വല്യേട്ടനായി ഇരിക്കുന്ന എം.ടിയുടെ രൂപം സങ്കല്പിച്ചിട്ടുണ്ടെന്നും. വായന, വാരികകളിൽ നിന്ന് പുസ്തകങ്ങളിലേക്കെത്തിയപ്പോൾ എം.ടി മമ്മൂട്ടിയുടെ ആത്മാവിന്റെ അയൽക്കാരനായി. അദ്ദേഹമെഴുതിയ ഓരോ വാക്കും ഓരോ മുഴക്കമായി ആ ചെറുപ്പക്കാരന് തോന്നി. ചെമ്പിലെ കായലരികത്തിരുന്നുകൊണ്ട് മമ്മൂട്ടിയതിൽ കടലിരമ്പുന്നത് കേട്ടു.
നടനാകുക എന്ന നിശ്ചയം അതോടൊപ്പം വളർന്നപ്പോൾ മമ്മൂട്ടി എം.ടിയുടെ കഥാപാത്രങ്ങളെ അഭിനയിച്ച് പഠിക്കാൻ ശ്രമിച്ചു. അപ്പുണ്ണിയുടെയും സേതുവിന്റെയും സംഭാഷണങ്ങൾ അവർ തിരശ്ശീലയിലെത്തിയാൽ എങ്ങനെയാകും പറയുക എന്ന് സ്വയം ഉരുവിട്ടുകൊണ്ടുള്ള ഒരുതരം സാധകം. എം.ടിയൻ കഥാപാത്രങ്ങളുടെ വിഷ്വൽ ആണ് മമ്മൂട്ടി അന്ന് കണ്ണാടിയിൽ കാണാൻ ശ്രമിച്ചത്. അപ്പോഴൊന്നും അദ്ദേഹം ഒരിക്കൽപ്പോലുമോർത്തില്ല എം.ടിയുടെ പേനയിൽ ജനിച്ച കഥാപാത്രങ്ങൾക്ക് ജീവൻപകരാൻ സാധിക്കുമെന്ന്.
മമ്മൂട്ടി ഒരിക്കൽ ഇങ്ങനെ ഓർമിച്ചു:'എം.ടി എന്ന എഴുത്തുകാരനോടുള്ള അഭിനിവേശം നടനാകും മുമ്പേ എന്നിൽ രൂപപ്പെട്ടിരുന്നു. അത് കൃത്യമായ അർഥത്തിൽ ഞങ്ങളുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ കൂടിക്കാഴ്ചയിൽ എം.ടിക്ക് മനസ്സിലാകുകയും ചെയ്തു. 'വില്കാനുണ്ട് സ്വപ്നങ്ങൾ' എന്ന സിനിമയുടെ സെറ്റിൽ വച്ച് ഏതോ ഒരു ആലോചനാനിമിഷത്തിൽ എം.ടി. അദ്ദേഹത്തിന്റെ ബീഡി പാക്കറ്റ് എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി പോക്കറ്റിലിട്ടു. കുറച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ പോക്കറ്റിൽ നിന്ന് ബീഡി പാക്കറ്റ് കൈയിട്ടെടുത്ത് ഒരെണ്ണത്തിന് തീകൊളുത്തി. മറ്റൊരെണ്ണം എനിക്കും തന്നു. ഞങ്ങൾ ഒരുമിച്ച് നിന്ന് പുകയൂതി.'
ആ അടുപ്പത്തിന്റെ ചൂട് പിന്നീട് അനുജനെപ്പോലെയുള്ള ചേർത്തുനിർത്തലിലേക്കാണ് പരിണമിച്ചത്. പത്രാധിപരും എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാം കായികപ്രേമിയുമെല്ലാം സമന്വയിച്ച ഒരാളുമായുള്ള സഹവാസം മമ്മൂട്ടിക്ക് അറിവിന്റെ കൊടുമുടികളിലേക്കുള്ള തീർഥാടനമായി. ഏറ്റവും പുതിയ പുസ്തകം വായിച്ച, ഏറ്റവും ഒടുവിൽ വിദേശത്തിറങ്ങിയ സിനിമ കണ്ട എം.ടി ഓരോ കാഴ്ചയിലും മമ്മൂട്ടിയെ കൊതിപ്പിച്ചു.
അവർ ഒരുമിച്ച സിനിമകൾ വീരഗാഥകൾക്കപ്പുറം ഇതിഹാസങ്ങൾ തന്നെയായി. എം.ടി. ഓരോ വേഷവും സമ്മാനിക്കുമ്പോൾ തൃപ്തനാകാതെ മമ്മൂട്ടി വീണ്ടും വീണ്ടും പുതിയൊരെണ്ണത്തിനായി കാത്തിരുന്നു. അദ്ദേഹത്തിന്റെ നോവലുകളിലെ, തനിക്ക് അഭിനയിക്കാനാകാതെ നായകരെക്കുറിച്ചോർത്ത് നിരാശപ്പെട്ടു. എന്നോ വരാനിരിക്കുന്ന ഒരു എം.ടി കഥാപാത്രത്തിനായുള്ള കാത്തിരിപ്പാണ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിന് എന്നും ഊർജം പകർന്നതെന്ന് വേണമെങ്കിൽ പറയാം. ഒരിക്കലും വറ്റിപ്പോകാത്ത ഭാരതപ്പുഴയുമാണ് മമ്മൂട്ടിക്ക് എം.ടി.
തിരക്കഥാരചനയ്ക്കിടെ പല കഥാപാത്രങ്ങളുടെയും സംഭാഷണങ്ങൾ തന്റെ ശബ്ദത്തിൽ മനസ്സിൽ കേട്ടുകൊണ്ടാണ് എഴുതാറ് എന്ന് എം.ടി പറഞ്ഞപ്പോൾ തെല്ലൊന്നുമല്ല സന്തോഷിച്ചതെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്; അതായിരുന്നു തന്നിലെ നടന് കിട്ടിയ ഏറ്റവും ഉന്നതമായ പുരസ്‌കാരമെന്നും.
കോഴിക്കോട്ടെ വീട്ടിൽ അതിഥിയായി ചെല്ലണമെന്ന് എം.ടി. കാണുമ്പോഴൊക്കെ മമ്മൂട്ടിയോട് പറയുമായിരുന്നു. കുടുംബത്തോടൊപ്പം ചെന്ന് പ്രഭാതഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ എം.ടി മമ്മൂട്ടിയെ ചേർത്തുപിടിച്ചു. മമ്മൂട്ടി പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ കാണണമെന്നമായിരുന്നു മറ്റൊരു ആഗ്രഹം. അങ്ങനെ മാസങ്ങൾക്ക് മുമ്പ് അദ്ദേഹം കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി. അപ്പോൾ മുഖത്തുണ്ടായിരുന്നതും സ്നേഹത്തിളക്കം തന്നെ.
എൺപതാം പിറന്നാളിന് ആശംസയറിയിക്കാൻ മമ്മൂട്ടി വിളിച്ചപ്പോൾ എം.ടി. ചോദിച്ചത് 'പ്രായപൂർത്തിയായോ' എന്നാണ്. ഏറ്റവുമൊടുവിൽ അവർ തമ്മിൽ കണ്ടത് എം.ടിയുടെ തൊണ്ണൂറ്റിയൊന്നാം പിറന്നാളിനാണ്. അന്ന് കേക്ക് മുറിച്ചശേഷം എം.ടി. മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞു. ഒരുകാലത്ത് തന്റെ നായകനാകാൻ കൊതിച്ച ചെറുപ്പക്കാരന്റെ നിത്യാരാധനയുടെ മിടിപ്പ് അപ്പോൾ എം.ടി. കേട്ടുകാണണം. മമ്മൂട്ടിയാകട്ടെ ഒരായുസ്സിന്റെ സ്നേഹമത്രയും മതിവരാതെ ഹൃദയത്തിലേക്ക് സ്വീകരിക്കുകയായിരുന്നു.
ചേർന്നിരിക്കാനും മനസ്സിൽതോന്നുന്നത് ചോദിക്കാനുമുള്ള സ്വാതന്ത്ര്യം എം.ടിയിൽ നിന്ന് അനുവദിച്ച് കിട്ടിയ അപൂർവം പേരിലൊരാളുമായിരുന്നു മമ്മൂട്ടി. അങ്ങനെയൊരു കൂടിക്കാഴ്ചയ്ക്കിടെ എം.ടിയോട് മമ്മൂട്ടി ചോദിച്ചു: 'മലയാള ഭാഷ എന്നെങ്കിലും മരിച്ചുപോകുമോ?'. ഒരിക്കലുമില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അതിന് ദീർഘമായി മറുപടി നല്കി. ഇപ്പോൾ എം.ടി മരിച്ചു. പക്ഷേ എല്ലാ മലയാളികളുടേതുമെന്നപോലെ മമ്മൂട്ടിയുടെ മനസ്സിലും എം.ടിയെന്ന ഭാഷയ്ക്ക് മരണമുണ്ടാകില്ല.
Content Highlights: mt vasudevan nair relation with mammootty
Published: 27 Dec 2024, 02:23 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented