എല്ലാവര്‍ക്കും കൃഷി ചെയ്തു ലാഭമുണ്ടാക്കാം എന്നത് തെറ്റായ ധാരണയാണെന്നും കൃഷി ചെയ്യാന്‍ ചില മുന്നൊരുക്കങ്ങളും അറിവും സംരംഭകശേഷിയുമൊക്കെ വേണമെന്നും കേരള കാര്‍ഷിക സര്‍വകലാശാലാ അധ്യാപിക പ്രൊഫ. ഡോ. പി. ഇന്ദിരാദേവി. കൃഷി വളരെ നല്ലൊരു ബിസിനസും കൂടിയാണ്. 15 സെന്റിലേ 20 സെന്റിലോ, എന്തിന് 50 സെന്റില്‍ കൃഷി ചെയ്ത് ഒരാള്‍ക്ക് ലാഭത്തിലെത്തിക്കാന്‍ കഴിയില്ലല്ലോ എന്നും അവര്‍ ചോദിച്ചു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ അവര്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 

To advertise here,

നമ്മുടെ കാലാവസ്ഥയില്‍ വളരെ വലിയ മാറ്റമാണ് ഓരോ വര്‍ഷവും സംഭവിക്കുന്നത്. അത് പ്രവചനാതീതമായി മാറുകയാണ്. ഈ മാറുന്ന കാലാവസ്ഥയില്‍ നമ്മുടെ നാട്ടില്‍ കൃഷിക്ക് എത്രത്തോളം പ്രാധാന്യമുണ്ട്.

അടിസ്ഥാനപരമായി പറഞ്ഞാല്‍ മുമ്പ് എപ്പോഴും നമ്മള്‍ കൃഷിയെ ഭക്ഷ്യസുരക്ഷയുമായി മാത്രം ബന്ധിപ്പിച്ചുകൊണ്ടാണ് സംസാരിച്ചിരുന്നത്. കൃഷി എന്ന് പറഞ്ഞാല്‍ നമ്മളെ സംബന്ധിച്ച് അത് ഭക്ഷ്യസുരക്ഷയാണ്. പക്ഷേ അതോടൊപ്പം അതിനൊരു സമൂഹിക തലകൂടിയുണ്ട്. പ്രത്യേക്ഷമായും പരോക്ഷമായും ഒരുപാടുപേര്‍ കൃഷിയെ ആശ്രയിച്ചു തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്. കൃഷിക്കാര്‍ മാത്രമല്ല, കര്‍ഷകത്തൊഴിലാളികള്‍, കൃഷിക്കാവശ്യമായ ഇന്‍പുട്ട് സപ്ലൈ ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവര്‍. അതുകൂടാതെയാണ് പാരിസ്ഥിതികമായിട്ടുള്ള ഒരു തലം. കാലാവസ്ഥാ  വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക പ്രസക്തിയാണ് കൂടുതല്‍. കൃഷിയുടെ പാരിസ്ഥിതിക പ്രസക്തി രണ്ട് തരത്തിലുണ്ട്. ഒന്ന് കൃഷിയെ കാലാവസ്ഥാമാറ്റം ബാധിക്കുന്നുണ്ട്. തിരിച്ചും കൃഷി കാലാവസ്ഥാമാറ്റത്തിന് കാരണമാകുന്നുണ്ട്. ഈ രണ്ട് തരത്തിലും കാലാവസ്ഥാ  മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ കൃഷിയുടെ കാലാവസ്ഥാ മാറ്റത്തിന്റെ പ്രസക്തി കൂടുതലാണ്. 

ഭക്ഷ്യസുരക്ഷയെക്കുറിച്ച് പറയുമ്പോള്‍ വേണമെങ്കില്‍ നമുക്ക് തകര്‍ക്കിക്കാം അത് രാജ്യത്തിന്റെ മൊത്തം കാര്യമായി കണ്ടാല്‍ പോരെ എന്ന്. എന്തിനാണ് ഓരോ സംസ്ഥാനത്തിന്റെ കാര്യത്തില്‍ കാണുന്നതെന്ന്. ഇന്ത്യയില്‍ ഒരു പക്ഷേ ഇപ്പോഴും ഏറ്റവുമധികം ആളുകള്‍-ഏതാണ്ട് 58 ശതമാനം അല്ലങ്കില്‍ 76 ശതമാനം എന്നൊക്കെ പല കണക്ക് പറയുന്നു- ഇപ്പോഴും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. പക്ഷേ, കേരളത്തില്‍ അത്രയൊന്നും ഇല്ല. ഒരു വാദമായി പറയാമെങ്കിലും പാരിസ്ഥിതിക പ്രസക്തിയെപ്പറ്റി ഒരു അഭിപ്രായവ്യത്യാസമില്ല. വെറെ എവിടെയെങ്കിലും നെല്‍പ്പാടം സംരക്ഷിച്ചുകൊണ്ട് ഇവിടെ ഭൂഗര്‍ഭജലം കൂടുമെന്ന് വാദിക്കാന്‍ സാധിക്കില്ലല്ലോ? കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ-സാമൂഹിക തലത്തേക്കാള്‍ പ്രസക്തി പാരിസ്ഥിതിക വിഷയത്തിനാണെന്നാണ് എനിക്ക് തോന്നുന്നത്. 

കാലാവസ്ഥ മാറുമ്പോള്‍ കര്‍ഷകര്‍ അതിനെ എങ്ങനെയാണ് അതിനെ അതിജീവിക്കുക, എന്താണ് കര്‍ഷകരുടെ ഭാഗത്ത് നിന്ന് മാറ്റം വരേണ്ടത്.

കര്‍ഷകരുടെ ഭാഗത്ത് നിന്ന് മാറ്റം വേണം. അതിനൊപ്പം നയപരമായ മാറ്റവും വേണം. ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പിന്തുണയും ഇതിനൊപ്പം വേണം. ഇത് മൂന്നുംകൂടി ചേരുമ്പോള്‍ മാത്രമേ നമുക്ക് കാലാവസ്ഥാമാറ്റത്തിന്റെ വെല്ലുവിളികളെ നേരിടാനോ അതിജീവിക്കാനോ സാധിക്കുകയുള്ളൂ. മൂന്ന് കാര്യങ്ങളാണ് ഇതിലുള്ളത്. ഒന്ന് നമുക്ക് കാലാവസ്ഥാമാറ്റത്തിന്റെ ആഘാതങ്ങൾ പ്രതിരോധിക്കാന്‍ സാധിക്കണം. അപ്പോള്‍ പിന്നെ പ്രശ്‌നമില്ല. അതല്ലെങ്കില്‍ അതിന്റെ ആഘാതം ലഘൂകരിക്കാന്‍ നോക്കണം. രണ്ടും നടന്നില്ലെങ്കില്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കണം. 

കൃഷിയില്‍ ജലസേചനം വളരെ പ്രധാനമാണ്. അതില്ലെങ്കില്‍, കൃഷി നടത്താന്‍ പറ്റില്ല. നേന്ത്രവാഴ കൃഷി ഒരു ഉദാഹരണമായി എടുക്കാം. പ്രധാനമായും ഭൂഗര്‍ഭജലം ഉപയോഗിച്ചാണ് കൃഷി. വളരെക്കുറിച്ച് മാത്രമാണ് അല്ലാതെ ജലം ഉപയോഗിക്കുന്നത്. കേരളത്തില്‍ ജലസേചനത്തിന് 40 ശതമാനത്തോളം ഭൂഗര്‍ഭജലമാണ് ഉപയോഗിക്കുന്നത്. നമുക്ക് അറിയാം ഭൂഗര്‍ഭജലം താണുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഊര്‍ജം കൂടുതല്‍ ഉപയോഗിക്കേണ്ടിവരും. പക്ഷേ, ഇപ്പോഴും കര്‍ഷകര്‍ പരമ്പരാഗത രീതിയില്‍ ആവശ്യത്തിലധികം വെള്ളം ഉപയോഗിക്കുന്ന പ്രവണതയാണുള്ളത്. അത് കര്‍ഷകര്‍ സ്വയം മനസിലാക്കേണ്ടതും നിയന്ത്രിക്കേണ്ടതുമാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ പുട്ടിന് പൊടി നനയ്ക്കില്ലേ അത്രയും നനവ് മതി. പക്ഷേ, സ്ഥലം നിറച്ച് നനയ്ക്കുന്ന രീതിയാണ് കര്‍ഷകര്‍ക്ക്. അത് നിയന്ത്രിക്കുക എന്നതാണ് ഒരു കാര്യം. 

മറ്റൊന്ന് ഒരേ വിളതന്നെ ഒരേ സ്ഥലത്ത് തുടര്‍ച്ചായി കൃഷി ചെയ്യുന്നത് ശാസ്ത്രീയമായി പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. വിളപരിക്രമണം വഴി മണ്ണിലെ ജൈവാംശം കൂട്ടാനുള്ള പ്രവര്‍ത്തനം നടത്തുക എന്നതാണ് പ്രധാനം. വിളപരിക്രമണം നടത്തി, അതിന്റെ ഭാഗങ്ങള്‍ മണ്ണില്‍ തന്നെ ചേര്‍ക്കുക. അത് കര്‍ഷകര്‍ക്ക് അറിയാത്ത കാര്യമല്ല. പക്ഷേ പല കാരണങ്ങളാല്‍ ചെയ്യുന്നില്ല. പിന്നെ ഉള്ളത് തുള്ളി നന പോലുള്ള മാര്‍ഗങ്ങളാണ്. അത് കുറച്ച് ചിലവേറിയതാണ്. ആദ്യം പറഞ്ഞത് രണ്ടും അത്ര ചിലവുള്ള കാര്യമല്ല. അതുപോലെ  പണ്ട് നാട്ടിന്‍പുറത്ത് ചെയ്തിരുന്ന പുതയിടല്‍ പോലെയുള്ളവയൊന്നും ഇപ്പോള്‍ കാണുന്നില്ല. അത്തരത്തില്‍ ചെലവു കുറഞ്ഞ മാര്‍ഗങ്ങള്‍ പോലും കര്‍ഷകര്‍ പൂര്‍ണമായും അവലംബിക്കുന്നില്ല എന്നൊരു കാര്യം സൂചിപ്പിക്കാനുണ്ട്. 

കാലാവസ്ഥയില്‍ വളരെ വലിയ മാറ്റം സംഭവിക്കുന്നുവെന്ന് നമ്മള്‍ പറയുമ്പോഴും അത് തിരിച്ചറിയാനും പ്രതിരോധിക്കാനും നമ്മള്‍ ഒരുപാട് വൈകിയോ. 

അതൊരു പ്രസക്തമായ ചോദ്യമാണ്. ഞാന്‍ 2004-ലോ മറ്റോ ഒരു അന്താരാഷ്ട്ര പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നു. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് ലോകബാങ്ക് നടത്തിയ പരിപാടിയായിരുന്നു അത്. അതുകഴിഞ്ഞ് നാട്ടിലെത്തി, കാലാവസ്ഥാമാറ്റത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ടെന്നും പല രാജ്യങ്ങളും അതിനെ അതിജീവിക്കാന്‍ പദ്ധതികള്‍ രൂപീകരിക്കുന്നുവെന്നും എന്റെ അക്കാദമിക്ക് സര്‍ക്കിളില്‍ അനൗപചാരികമായി പങ്കുവെച്ചിരുന്നു. അന്ന് പക്ഷേ, കാലാവസ്ഥാമാറ്റമോ അതൊന്നും നമ്മളെ ബാധിക്കില്ല എന്ന നിലയിലായിരുന്നു പ്രതികരണം. 

കാലാവസ്ഥാമാറ്റത്തിന്റെ ഏറ്റവും രൂക്ഷമായ പ്രത്യാഘാതം ജലദൗര്‍ലഭ്യമാണെന്ന് അന്ന് തന്നെ പ്രവചിച്ചിരുന്നു. പക്ഷേ, നമുക്ക് ഇതൊന്നും പേടിക്കാനില്ല, കേരളം ജലസമ്പന്നമായ സംസ്ഥാനമാണ് എന്ന ഒരു പൊതുധാരണ ഉണ്ടായിരുന്നു. ഇന്ന് പക്ഷേ അതല്ല സ്ഥിതി. ഒരുപക്ഷേ കേരളമാണ് ഏറ്റവും രൂക്ഷമായി അതിന്റെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വളരെ ദീര്‍ഘമായ ഒരു തീരദേശം നമുക്കുണ്ട്. പശ്ചിമഘട്ടത്തില്‍ നടത്തിയ ഒരു ഇടപെടലും പരിസ്ഥിതിയെ കാര്യമായി ഗൗനിച്ചുകൊണ്ടായിരുന്നില്ല. അതിന്റെയെല്ലാം ആഘാതങ്ങള്‍ നമുക്ക് ഉണ്ടാകുന്നുണ്ട്. അത് കേവലം അറിവില്ലായ്മകൊണ്ട് മാത്രമാണ് എന്ന അഭിപ്രായം എനിക്കില്ല. 

നമ്മുടെ കര്‍ഷകരെ ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് എന്താണ്?  ജലദൗര്‍ലഭ്യം മാത്രമാണോ അവര്‍ അനുഭവിക്കുന്നത്. 

ജലദൗര്‍ലഭ്യം മാത്രമല്ല, മഴയുടെ സ്വഭാവത്തിലുള്ള വ്യത്യാസം, താപനിലയിലുള്ള മാറ്റം, ചൂട് ഉയരുന്നത് എന്നിവയെല്ലാം ഉണ്ടാകുന്നുണ്ട്. ചൂടും മഴയുമെല്ലാം മാറിയതിനാല്‍ മൂന്ന് സീസണ്‍ കൃഷിയിറക്കിയിരുന്ന പല സ്ഥലത്തും രണ്ട് സീസണായി മാറിയെന്ന് പാലക്കാട്ടെ കര്‍ഷകര്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ രണ്ട് കൃഷി ഇറക്കിയിരുന്ന കോള്‍ നിലങ്ങളില്‍ ചൂട് കൂടിയതുകാരണം വിളവ് കുറഞ്ഞിരുന്നു. അത്തരം പ്രശ്‌നങ്ങളും പലഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

മുതലമടയിലെ മാമ്പഴ കര്‍ഷകരുടെ കാര്യം എടുത്തുനോക്കൂ. 500 കോടിയായിരുന്ന ബിസിനസ് കഴിഞ്ഞവര്‍ഷം 50 കോടിയായെന്നാണ് ചില കര്‍ഷകര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് അതിന് പ്രധാനകാരണം. അത് മാത്രമാണ് കാരണമെന്നും ഞാന്‍ പറയുന്നില്ല. പക്ഷേ അതൊരു പ്രധാനകാരണമാണ്. മാവില്‍ പൂ പിടിക്കുന്നതും കായ പിടിക്കുന്നതുമൊന്നും നടക്കുന്നില്ല. എല്ലാത്തരത്തിലും ഇത് ബാധിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഏലം കര്‍ഷകരുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ഇതെല്ലാം ഒരു പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥയെ തന്നെ ബാധിക്കുന്ന കാര്യമാണെന്നതാണ് മറ്റൊരു വസ്തുത. അതിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളാണ്. അവരെ ഇത് നന്നായി ബാധിച്ചിട്ടുണ്ട്. 

കാലവര്‍ഷവും തുലാവര്‍ഷവും ഞാറ്റുവേലയുമെല്ലാം നോക്കി കൃഷി ഇറക്കി വിളവെടുത്തിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. അത്തരം ഒരു കൃഷിയിലേക്ക് ഇനി നമുക്ക് ഒരു മടക്കം ഉണ്ടാകുമോ. 

അതിന് രണ്ട് വശമുണ്ടെന്ന് ഞാന്‍ പറയും. കാലാവസ്ഥയിലെ മാറ്റം നമ്മുടെ പണ്ടത്തെ ഞാറ്റുവേല സമ്പ്രദായത്തെയും അതിനെ അടിസ്ഥാനമാക്കിയുള്ള കൃഷിയെയും മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവേഷണരംഗത്ത് നിന്നുള്ള ഇടപെടലുകള്‍ കുറേയൊക്കെ മാറ്റം വരുത്താന്‍ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് സാങ്കേതികവിദ്യയെ നമുക്ക് പൂര്‍ണമായും തള്ളിക്കളയാന്‍ പറ്റില്ല. അതിനനുസരിച്ച് സമീപനത്തിലുള്ള മാറ്റം, നയപരമായ മാറ്റം എന്നിവ വേണം. സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കണം. അതൊന്നുമില്ലെങ്കില്‍ കര്‍ഷകരുടെ കാര്യം കഷ്ടത്തിലാകും. അല്ലെങ്കില്‍ തന്നെ കേരളത്തില്‍ കര്‍ഷകരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നതും നമ്മള്‍ ഓര്‍മിക്കണം. 

കേരളത്തില്‍ കര്‍ഷകരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് താങ്കള്‍ പറഞ്ഞുവല്ലോ, നമ്മുടെ നാട്ടില്‍ കൃഷി അപായഘട്ടത്തിലേക്കാണോ പോകുന്നത്? കാലാവസ്ഥാപ്രശ്‌നങ്ങള്‍ അതിന് ആക്കം കൂട്ടുന്നുണ്ടോ.

ഇക്കാര്യത്തില്‍ ഞാന്‍ ഒരു ശുഭാപ്തി വിശ്വാസിയാണ്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും നമുക്ക് ചില നല്ല സൂചനകള്‍ കാണാന്‍ സാധിക്കും. കാലാവസ്ഥാ വ്യതിയാനത്തെപ്പോലും അതിജീവിച്ച് വിജയകരമായി കൃഷി ചെയ്യുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. ഞാന്‍ ഒരു ഉദാഹരണം പറയാം; കഴിഞ്ഞ വര്‍ഷം കര്‍ഷകശ്രീ അവാര്‍ഡ് കിട്ടിയ കര്‍ഷകനാണെന്ന് തോന്നുന്നു, അദ്ദേഹം ഫാമില്‍ കാലാവസ്ഥാ നിരീക്ഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. അതില്‍നിന്ന് മൈക്രോ ലെവലിലുള്ള വിവരങ്ങള്‍ ലഭിക്കും. അതനുസരിച്ചാണ് അദ്ദേഹം കൃഷിയിറക്കലും വളപ്രയോഗം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്. തുച്ഛമായ നിരക്കില്‍ ചുറ്റുമുള്ള കര്‍ഷകര്‍ക്ക് അത് പങ്കുവെയ്ക്കുകയും ചെയ്യും. മൈക്രോ ലെവലിലുള്ള ഒരു ഇടപെടലാണത്. അതുപോലെ തന്നെ മുതലമടയിലുള്ള ഒരു കര്‍ഷകന്‍ സ്മാര്‍ട്ട് ഫോണില്‍ ലഭിക്കുന്ന കാലാവസ്ഥാ വിവരങ്ങളെയാണ് കൃഷിക്കായി ആശ്രയിച്ചിരുന്നത്. അദ്ദേഹമത് ഒപ്പമുള്ളവരുമായി പങ്കുവെച്ചിരുന്നു. അത്തരത്തിലുള്ള അതിജീവനസ്വഭാവം കര്‍ഷകസമൂഹത്തിന്റെ ഇടയില്‍ തന്നെയുണ്ട്.

അതൊരു വശം. മറ്റൊന്ന് കൂടുതല്‍ യുവാക്കള്‍ കൃഷിയിലേക്ക് വരുന്നു എന്നതാണ്. അവര്‍ കുറേക്കൂടി സാങ്കേതികവിദ്യയെക്കുറിച്ച് അറിവുള്ളവരാണ്. സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗിക്കാം എന്ന അറിവ് അവര്‍ക്കുണ്ട്. നമ്മുടെ കൈയ്യിലുള്ള സ്മാര്‍ട്ട് ഫോണിന്റെ 10 ശതമാനം പോലും നമ്മള്‍ ഉപയോഗിക്കുന്നുണ്ടാകില്ല. പക്ഷേ യുവാക്കള്‍ ഉത്പാദത്തിലും മാര്‍ക്കറ്റിങ്ങിലും ഇതിന്റെ സാധ്യതകള്‍ നന്നായി ഉപയോഗിച്ചുകൊണ്ട് ആദായം ഉണ്ടാക്കുന്നു. അതികൊണ്ട് തന്നെ നമുക്ക് ശുഭാപ്തി വിശ്വസമില്ലാതാകേണ്ടതില്ല. പക്ഷേ അത്തരത്തിലുള്ള കൂടുതല്‍ യുവാക്കള്‍ വരണം. ഇപ്പോഴുള്ള കര്‍ഷകര്‍ക്ക് സപ്പോര്‍ട്ട് കൊടുക്കാനും നമ്മള് ശ്രദ്ധിക്കണം. 

ചെറുപ്പക്കാരുടെ കൃഷിയിലേക്കുള്ള ഈ കടന്നുവരവിനെ എങ്ങനെയാണ് കാണുന്നത്. 

ചെറുപ്പക്കാര്‍ അധികവും ജൈവകൃഷി ചെയ്യുന്നതായാണ് ശ്രദ്ധിച്ചിരിക്കുന്നത്. ജൈവകൃഷി ചെയ്ത് ഉത്പന്നങ്ങള്‍ അവര്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നു. അല്ലെങ്കില്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. സുരക്ഷിതമായ ഒരു ഭക്ഷ്യസംസ്‌കാരമാണ് അതുവഴി വരുന്നത്. അത് സ്വാഭാവികമാണ്. കാരണം നമ്മുടെ വിദ്യാഭ്യാസവും വരുമാനവും കൂടുമ്പോള്‍ നമ്മള്‍ സ്വാഭികമായും ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ ശ്രദ്ധിക്കും. ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. അത്തരത്തിലുള്ള ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരും വര്‍ധിച്ചുവരുന്നു. അക്കാര്യത്തില്‍ ഒരു സാധ്യതയുണ്ട്. പണ്ടത്തെപ്പോലെ ഒരുപാട് കീടനാശിനിയിട്ട്, ഒരുപാട് വളമിട്ട്, സ്വാദിന് വലിയ പ്രാധാന്യമില്ലാതെ കൂടുതല്‍ ഉത്പന്നം ഉത്പാദിപ്പിക്കുക എന്ന പരമ്പരാഗത കാഴ്ച്ചപ്പാട് തുടര്‍ന്നുകൊണ്ടുപോകാന്‍ പറ്റുമോ എന്ന് സംശയമാണ്. 

ഒരു കര്‍ഷകനെ സ്വയംപര്യാപ്തമാക്കാന്‍, കൃഷി ചെയ്തു ജീവിക്കാം എന്ന നിലയിലേക്ക് എത്താന്‍ എന്താണ് സമൂഹത്തിനും സര്‍ക്കാരിനും ചെയ്തു നല്‍കാന്‍ സാധിക്കുക. 

കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ മാറ്റിവെച്ചാല്‍, പ്രധാനപ്രശ്‌നം കൃഷി ചെയ്യാന്‍ താല്പര്യമുള്ളയാള്‍ക്ക് ഭൂമി കിട്ടാനില്ല എന്നതാണ്. കൃഷി യോഗ്യമായ ഭൂമി കിട്ടാനില്ല. അത് ലഭ്യമാക്കണം. എന്റെയടക്കം പലരുടേയും കൈയ്യില്‍ കൃഷിയോഗ്യമായ ഭൂമിയുണ്ട്. പക്ഷേ കൃഷി ചെയ്യാനുള്ള സാഹചര്യമോ സമയമോയില്ല. പൊതുവിലുള്ള ഒരു ധാരണ എല്ലാവര്‍ക്കും കൃഷി ചെയ്തു ലാഭമുണ്ടാക്കാം എന്നതാണ്. പക്ഷേ, അതിന് ചില മുന്നൊരുക്കങ്ങളും അറിവും സംരംഭകശേഷിയുമൊക്കെ വേണം. കൃഷി വളരെ നല്ലൊരു ബിസിനസുംകൂടിയാണ്. 

തരിശിട്ടിരിക്കുന്ന ഭൂമി ഒരുപാടാണ് കേരളത്തില്‍. ഇത്തരം ഭൂമിയില്‍ കൃഷി ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നവോദാന്‍ എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭൂമി ലഭ്യമാക്കിയാല്‍ തന്നെ വലിയ മാറ്റം വരും. 15 സെന്റിലേ 20 സെന്റിലോ, എന്തിന് 50 സെന്റില്‍ കൃഷി ചെയ്ത് ഒരാള്‍ക്ക് ലാഭത്തിലെത്തിക്കാന്‍ കഴിയില്ലല്ലോ? രണ്ടാമത്തെ കാര്യം മാര്‍ക്കറ്റിങ്ങാണ്. അതിന് ശക്തമായ സംവിധാനം വേണം. അത് സര്‍ക്കാര്‍ തന്നെ ചെയ്യണം എന്നില്ല. സ്വകാര്യമേഖലയ്ക്കും ചെയ്യാവുന്നതാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് എല്ലാവരും പറയുമല്ലോ, ഈസ് ഓഫ് ഡൂയിങ് അഗ്രിക്കള്‍ച്ചര്‍ കൂടി വരട്ടെ. അത് വേണം, അതാണ് വേണ്ടത്.