മാറിമറിയുന്ന കാലാവസ്ഥയെ നോക്കി പകച്ചിരിക്കുകയാണ് കേരളം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും അതിതീവ്ര മഴയും തരാതരം കേരളത്തെ പരീക്ഷിക്കുമ്പോള്‍ നിസ്സഹായരാവുകയാണ് നമ്മള്‍. പുത്തുമല കഴിഞ്ഞു, കവളപ്പാറ കഴിഞ്ഞു, കൂട്ടിക്കലും മുണ്ടക്കൈ-ചൂരല്‍മഴയും കഴിഞ്ഞു. ഇന്നും മണ്ണിനടിയില്‍ പതഞ്ഞിരിപ്പുണ്ട് മനുഷ്യന്‍. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവര്‍ ചിതറിത്തെറിച്ചുപോയി. പാര്‍പ്പിടവും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ അഭയാര്‍ഥികളെ പോലെയായി. അഞ്ച് മാസത്തിനപ്പുറം വീണ്ടുമെത്തുകയാണ് മഴപ്പേടി. എന്താണ് നമുക്ക് മുന്നിലുള്ള മാര്‍ഗം. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ പ്രശസ്ത ഭൗമശാസ്ത്ര വിദഗ്ധ പ്രൊഫ. കുശലരാജേന്ദ്രന്‍ മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.

To advertise here,

ഭൂമിയെ തൊട്ടറിഞ്ഞ് മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള ദേശീയ പുരസ്‌കാരംവരെ കരസ്ഥമാക്കിയ വിദഗ്ധയാണ് താങ്കള്‍. താങ്കള്‍ക്ക് മുന്നില്‍ ലത്തൂര്‍ ഭൂകമ്പം മുതലുള്ള കേസ്സ്റ്റഡികളുണ്ട്. കേരളത്തിന്റെ നിലവിലെ അവസ്ഥയില്‍ എന്താണ് പരിഹാരം.

കാലാവസ്ഥാമാറ്റമുണ്ടാക്കുന്ന തീവ്ര ദുരന്തത്തിന്റെ മുള്‍മുനയിലാണ് നമ്മളെന്നതിന് സംശയമൊന്നമില്ല. ഇതിന് എന്താണ് പരിഹാരമെന്ന് ചോദിക്കുമ്പോള്‍ ഭൂവിനിയോഗത്തില്‍ കൂടുതല്‍ എഡ്യുക്കേറ്റ് ആവുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. 38863 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചിരിക്കുന്ന കേരളത്തില്‍ കടലും സംരക്ഷിത വനവും കഴിഞ്ഞ് ബാക്കിയുള്ളയിടങ്ങളില്‍  മനുഷ്യന് ഉപയോഗിക്കാന്‍ കഴിയുന്ന ഭൂമിയെന്നത് വളരെ കുറഞ്ഞതാണ്. എന്നാല്‍ ജനസംഖ്യയുടെ കാര്യമെടുത്ത് നോക്കിയാല്‍ വലിയ വര്‍ധനവും. ഇക്കാര്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഭൂവിനിയോഗത്തിന് നമ്മള്‍ ശ്രമിക്കുന്നേയില്ല എന്നത് യഥാര്‍ഥ്യമാണ്.

താമസിക്കുന്നയിടങ്ങളില്‍ പോലും ഭൂമിയില്‍ നമ്മള്‍ മനഃപൂര്‍വമുണ്ടാക്കുന്ന മാറ്റം അത് നമ്മുടെ കാലാവസ്ഥയേയും ബാധിക്കുന്നുണ്ട്. മരങ്ങള്‍ വെട്ടിമാറ്റി, മലകളുടെ ഘടന നശിപ്പിച്ച് ലാഭമെന്ന ഒറ്റക്കാര്യത്തിലേക്ക് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇവിടെയാണ് വിദേശ രാജ്യങ്ങളെ നമ്മള്‍ മാതൃകയാക്കേണ്ടത്. 

ചൈനപോലുള്ള സ്ഥലങ്ങളിലൊക്കെ ഇക്കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയ സംവിധാനങ്ങളുണ്ട്. അതില്‍ ഏറ്റവും നല്ല ഉദാഹരണമാണ് സ്‌പോഞ്ച് സിറ്റി പോലുള്ളവ ഫലപ്രദമായ കാര്യങ്ങള്‍. ഒപ്പം മുളകൃഷി പോലുള്ള നിരവധി കാര്യങ്ങളും മണ്ണൊലിപ്പും സോയില്‍ പൈപ്പിങ്ങും പോലുള്ള  പ്രതിഭാസത്തെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ കഴിയുന്നതാണ്. 

placeholder
മാതൃഭൂമി അക്ഷരോത്സവത്തില്‍ ഉരുള്‍പൊട്ടിയമരുമോ കേരളം എന്ന ചര്‍ച്ചയില്‍ കുശല രാജേന്ദ്രന്‍, മന്ത്രി കെ.രാജന്‍, മുണ്ടക്കൈയില്‍ നിന്നുള്ള ഷൈജ എന്നിവര്‍ സംസാരിക്കുന്നു. മോഡറേറ്റര്‍ കെ.മധു സമീപം:ഫോട്ടോ അരുണ്‍ നിലമ്പൂര്‍

എന്താണ്  സ്‌പോഞ്ച് സിറ്റി.

ചൈനയാണ് സ്‌പോഞ്ച് സിറ്റി കണ്‍സെപ്റ്റ് കൊണ്ടുവന്നത്. വെറും ഡ്രെയ്നേജ് സംവിധാനത്തിനപ്പുറം ഭൂമിക്കടയില്‍ വെള്ളത്തെ അബ്‌സോര്‍ബ് ചെയ്ത് നിര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

ചൈനീസ് ലാന്‍ഡ്‌സ്‌കേപ് ആര്‍ക്കിടെക്റ്റും പ്രൊഫസറുമായ കൊങ് ജിയാന്‍ യു ആണ് സ്‌പോഞ്ച് സിറ്റി എന്ന ആശയത്തിന്റെ സൃഷ്ടാവ്. പത്താം വയസില്‍ നെല്‍പ്പാടത്തിന്റെ നടുക്ക് നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടയാളാണ് യു. ഈ അനുഭവത്തില്‍ നിന്നാണ് പ്രളയം ചെറുക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന ചിന്ത രൂപപ്പെട്ടത്. ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയശേഷം ചൈനയില്‍ തിരിച്ചെത്തിയ യു അതിനുള്ള പരിശ്രമം തുടങ്ങി. അങ്ങനെയാണ് പ്രളയം ചെറുക്കാനും അതിന്റെ ആഘാതം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള സ്‌പോഞ്ച് സിറ്റി എന്ന ആശയം ഉടലെടുത്തത്. യൂവിന്റെ സ്വപ്നം 2015ല്‍ ചൈനീസ് സര്‍ക്കാര്‍ ഏറ്റെടുത്തു. വുഹാന്‍ ഉള്‍പ്പെടെ 16 നഗരങ്ങളിലായിരുന്നു പൈലറ്റ് പദ്ധതി. അങ്ങനെ ഷെന്‍സന്‍ ആദ്യത്തെ സ്പോഞ്ച് നഗരമായി.  

സ്പോഞ്ച് സിറ്റികള്‍ വരുന്നതോടെ നഗര പ്രദേശങ്ങള്‍ക്കുള്ളിലെ നദികളിലും ചെടികളിലും മണ്ണിലും കൂടുതല്‍ ജലം സംഭരിക്കാന്‍ കഴിയും. ഇതോടെ മഴവെള്ളം അതിവേഗത്തില്‍ കുത്തിയൊലിച്ച് ഒരിടത്തേക്ക് എത്തുന്നത് ഒഴിവാക്കാം. അമിതമായ ബാഷ്പീകരണവും തടയാം. വരള്‍ച്ചയെ ഒരു പരിധിവരെ ചെറുക്കാനും ഇത് മികച്ച മാര്‍ഗമായി കാലാവസ്ഥാ ഗവേഷകര്‍ കാണുന്നു. 

അധിക ജലം വലിച്ചെടുത്ത് മെല്ലെ നദികളിലേക്കും മറ്റ് ജലസ്രോതസുകളിലേക്കും വിടാന്‍ സ്പോഞ്ച് നഗരങ്ങള്‍ക്ക് സാധിക്കും. മനുഷ്യനിര്‍മിത മാര്‍ഗങ്ങളെക്കാള്‍ ഫലപ്രദമായി വെള്ളം വലിച്ചെടുക്കാന്‍ പ്രകൃതിദത്തമായ സംവിധാനങ്ങള്‍ക്ക് കഴിയും. തുറസ്സായ സ്ഥലങ്ങള്‍, പുല്‍ത്തകിടികള്‍, ജലാശയങ്ങള്‍, റസിഡന്‍ഷ്യല്‍ പാര്‍ക്കുകള്‍, പബ്ലിക് പാര്‍ക്കുകള്‍, മരങ്ങള്‍, തടാകങ്ങള്‍, നീര്‍ച്ചാലുകള്‍ എന്നിവയ്‌ക്കൊപ്പം വെള്ളം വലിച്ചെടുക്കാനുള്ള മണ്ണിന്റെ ശേഷി കൂടി ചേരുമ്പോഴാണ് സ്‌പോഞ്ച് സിറ്റി ഏറ്റവും ഫലപ്രദമാകുന്നത്.

ഇതിനൊപ്പം പുഴകളുടെയടക്കം വാഹക ശേഷി വര്‍ധിപ്പിക്കണം. വിദേശ രാജ്യങ്ങള്‍ ചെയ്യുന്നപോലെ അധിക ജലത്തെ ഈ പുഴകളിലേക്കും തോടുകളിലേക്കുമൊക്കെയെത്തിക്കണം. അതിന് ആദ്യം വേണ്ടതാണ് വാഹകശേഷി വര്‍ധിപ്പിക്കുകയെന്നത്. മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും ദുരന്തം തന്നെ നമ്മുടെ തൊട്ട് മുന്നിലുണ്ട്. പുഴയോട് തൊട്ട് ചേര്‍ന്നാണ് ഭൂരിഭാഗം വീടുകളുമുണ്ടായിരുന്നത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. 

കേരളത്തില്‍ പുഴയുടേയും തോടിന്റേയുമടുത്തൊക്കെ താമസിക്കുന്നവരെ കൃത്യമായി കണ്ടെത്താന്‍ സര്‍ക്കാരിന് സാധിക്കും. അങ്ങനെ കണ്ടെത്തി പുഴകള്‍ക്കും തോടുകള്‍ക്കും സ്വസ്ഥമായി ഒഴുകാനുള്ള വഴിയൊരുക്കണം. അങ്ങനെ വരുമ്പോള്‍ അതിന് അധിക ജലം ഒഴുകുമെന്ന് മാത്രമല്ല സകല സ്ഥലങ്ങളും റീച്ചാര്‍ജ് ചെയ്യപ്പെടും. ചുറ്റോട് ചുറ്റുമുള്ള ജലലഭ്യത കുറവ് പരിഹരിക്കപ്പെടും. അത് കൃഷിയടക്കമുള്ളവയെ കൂടുതല്‍ പരിപോഷിപ്പിക്കുകയും ചെയ്യും. 

ഇത്തരം സംവിധാനങ്ങള്‍ കേരളത്തെ സംബന്ധിച്ച് നടക്കുന്നതാണോ.

ആധുനിക ഹൈഡ്രോളിക് എന്‍ജിനിയറിംഗ് പോലുള്ള സംവിധാനങ്ങളെ കുറിച്ച് നമ്മള്‍ പഠനം നടത്തിയേ മതിയാവൂ. അല്ലാത്തപക്ഷം സമീപ ഭാവിയില്‍ കേരളം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാന്‍ കഴിയില്ല. ഒറ്റ ഉദാഹരണം പറയാം. കേരളത്തിലെ കുട്ടനാട് പോലുള്ള സ്ഥലമാണ് നെതര്‍ലന്‍ഡ്‌സ്.സമുദ്രനിരപ്പില്‍ നിന്ന്  താഴ്ന്നാണ് രാജ്യം സ്ഥിതി ചെയ്യുന്നത്. പക്ഷെ അവിടെ വളരെ ശാസ്ത്രീയമായ ഹൈഡ്രോളിക് എന്‍ജിനീയറിങ്ങിലൂടെ അവര്‍ പ്രകൃതിക്ഷോഭത്തെ അതിജീവിക്കുന്നു. അത്രമാത്രം നൂതന ഹൈഡ്രോളിക് എന്‍ജിനിയറിംഗ് സംവിധാനമാണ് അവിടെ നടക്കുന്നത്. നമ്മള്‍ എ.ഐക്ക് പുറകെ ഓടാനുള്ള തിരക്കിലാണ്. അതിന് മുന്‍പേ വേണ്ടത് ഹൈഡ്രോളിക് എന്‍ജിനീയറിങ്ങിലെ പഠനവും പ്രവര്‍ത്തനവുമാണ്. അല്ലാത്ത പക്ഷം സമീപ ഭാവിയില്‍ കേരളത്തിലെ അതിജീവനം തന്നെ കടുപ്പമാവും. 

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ശേഷം മുന്നറിയിപ്പ് സംവിധാനത്തെ കുറിച്ചൊക്കെ വലിയ ചര്‍ച്ച നടന്ന സമയം കൂടിയാണ്. ലത്തൂരിലെ ഭൂകമ്പ മേഖലയിലക്കം സഞ്ചരിച്ച് പഠനം നടത്തിയ വ്യക്തിയെന്ന നിലയ്ക്ക് മുന്നറിയിപ്പ് സംവിധാനമെന്നത് നടക്കുന്ന കാര്യമാണോ.

ഭൂകമ്പം പോലും നമുക്ക് വളരെ കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. നൂതന സംവിധാനങ്ങളുള്ള രാജ്യങ്ങളില്‍ പോലും ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തെയാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. മെക്‌സിക്കോയിലടക്കം ഇതുണ്ട്. അവിടെയൊക്കെ അവര്‍ ഇത്ര സമയത്ത് ഇന്നയിടങ്ങളില്‍ ഭൂകമ്പ സാധ്യതയുണ്ടെന്നും ഇത്ര സമയം കഴിഞ്ഞേ നിങ്ങളെ ബാധിക്കൂവെന്നും പറയും. അങ്ങനെ വരുമ്പോള്‍ ആളുകളൊക്കെ പുറത്തിറങ്ങി നില്‍ക്കും ട്രെയിനുകള്‍ നിര്‍ത്തിവെക്കും മുന്നറിയിപ്പ് സൈറണ്‍ കൊടുക്കും അങ്ങനെയൊക്കെ നടക്കുന്നുണ്ട്. ഇത് ഭൂകമ്പത്തിന്റെ കാര്യത്തില്‍ മാത്രമാണ്.

കേരളത്തെ  സംബന്ധിച്ച് പെട്ടെന്നുള്ള മഴയുടെ കാര്യത്തിലോ അല്ലെങ്കില്‍ മണ്ണിടിച്ചിലിന്റെ കാര്യത്തിലോ ഇങ്ങനെ മുന്നറിയിപ്പ് നല്‍കാനൊന്നും  സാധിക്കില്ല. പകരം മഴയുടെ അളവുകളൊക്കെ നോക്കി വേണമെങ്കില്‍ നമുക്ക് ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിലേക്കൊക്കോ പോവാം. ആദ്യം വേണ്ടത് എഫക്ടട് ഏരിയ കണ്ടെത്തുകയും ഇവിടെ മഴമാപിനി പോലുള്ള സംവിധാനങ്ങള്‍ വെച്ച് മഴയുടെ അളവിനെ കണക്കാക്കുകയൊക്കെയാണ് വേണ്ടത്. ഇത് സംബന്ധിച്ച് ജനങ്ങളുടെ ഇടയില്‍ ബോധവത്കരണം നടത്തുകയും വേണം. സ്ഥിരം ഷെല്‍ട്ടര്‍ സംവിധാനം പോലുള്ളവയുണ്ടാക്കി തങ്ങള്‍ക്ക്‌പോകാനൊരു ഇടമുണ്ടെന്ന് ബോധ്യപ്പെടുത്തി അവരെ സ്ഥലത്ത് നിന്നും മാറാന്‍ പ്രേരിപ്പിക്കണം.

ഭൗമശാസത്ര വിദഗ്ധ എന്ന നിലയില്‍ ലത്തൂരായിരുന്നല്ലോ താങ്കളുടെ ഏറ്റവും പ്രധാന ഗവേഷക പാഠം. ലത്തൂര്‍ നല്‍കിയ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു.

എന്റെ പഠനകാലത്ത് ഭൗമശാസ്ത്ര പഠനമെന്നത് സ്ത്രീകള്‍ എത്തിച്ചേരുന്ന അപൂര്‍വ പഠന ശാഖകളിലൊന്നായിരുന്നു. ക്ലാസുകളിലൊക്കെ ഞാന്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുണ്ടായിരുന്നത്. പിന്നീടും അങ്ങനെയൊക്കെ തന്നെയായിരുന്നു. ഒരുപാട് യാത്രകള്‍ നടത്തേണ്ടി വരും. അതൊന്നും അക്കാലത്ത് ഒരു സ്ത്രീയെ കുറിച്ച് സമൂഹത്തിന് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. പുരുഷന്‍മാരോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകളെ വലിയ സംശയത്തോടെ നോക്കിനിന്ന കാലം. അതിനെയെല്ലാം മറികടന്നായിരുന്നു പഠനം. 

എന്റെ ഭര്‍ത്താവും ജിയോളജിസ്റ്റായിരുന്നു. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് ലത്തൂരിലെ ഗവേഷക പ്രബന്ധം തയ്യാറാക്കിയത്. വര്‍ഷങ്ങളായുള്ള എന്റെ ഭൗമശാസ്ത്ര അനുഭവത്തില്‍ എന്നെ ഏറ്റവും വേദനിപ്പിച്ചതും മറക്കാത്ത അനുഭവങ്ങള്‍ സമ്മാനിച്ചതും ലത്തൂരായിരുന്നു. പതിനായിരത്തോളം ആളുകള്‍ മരണപ്പെട്ടു. അതിലേറെയാള്‍ക്ക് പരിക്ക് പറ്റി. പലരേയും നേരിട്ട് കണ്ടും ദിവസങ്ങളോളം താമസിച്ചുമായിരുന്നു ലത്തൂരിലെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിന്നനില്‍പ്പില്‍ നിന്നാണ് ആളുകള്‍ മരണത്തിലേക്ക് വീണത്. ഇതിന് ശേഷം ഗുജറാത്തിലടക്കമെത്തി. മുമ്പ് ഭൂമികുലുക്കമുണ്ടായ നേപ്പാളിലും ഭൂട്ടാനിലുമൊക്കെ സന്ദര്‍ശനം നടത്തുകയും പഠനം നടത്തുകയും പല പല ജേണലുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.  

(ഐ.ഐ.എസ്.സി ബാംഗ്ലൂരിലെ അധ്യാപികയും സീസ്മോളജിസ്റ്റുമാണ് (ഭൂചലനവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞ) കുശല രാജേന്ദ്രൻ. കൃഷ്ണൻ ഗോൾഡ് മെഡൽ (ഇന്ത്യൻ ജിയോഫിസിക്കൽ യൂണിയൻ), ടാബോർ അവാർഡ് (ജിയോളജിക്കൽ സയൻസസ് വകുപ്പ്) തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.)