ആലപ്പുഴ: വൈദ്യുതിവാഹനങ്ങൾ കൂടുന്നതിനാൽ ഭാവിയിൽ കാലാവധി കഴിഞ്ഞ ബാറ്ററിയാൽ കേരളം നേരിടാൻ പോകുന്നത് സങ്കീർണ മാലിന്യപ്രതിസന്ധി. 2024-ൽ 83,000-വും 2025-ൽ 1.06 ലക്ഷവും വൈദ്യുതിവാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർചെയ്തത്. രാജ്യത്തു നാലാം സ്ഥാനത്താണ് സംസ്ഥാനം.

To advertise here,

ഇവയുടെ ബാറ്ററിയുടെ കാലാവധി ശരാശരി 10 വർഷമാണ്. ഏതാനും കൊല്ലത്തിനുള്ളിൽ ടൺ കണക്കിനു ബാറ്ററി ഉപയോഗശൂന്യമാകും. ശാസ്ത്രീയ പുനരുപയോഗത്തിനു സംവിധാനമില്ലെങ്കിൽ ഇതു വലിയ പരിസ്ഥിതി ദുരന്തമാകാം.

പ്രധാന വെല്ലുവിളി

  • പരിസ്ഥിതി മലിനീകരണം- ബാറ്ററിയിൽ അടങ്ങിയിരിക്കുന്ന ലിഥിയം, കൊബാൾട്ട്, നിക്കൽ, മാംഗനീസ് തുടങ്ങിയവ മണ്ണിലിറങ്ങിയാൽ ഭൂഗർഭ ജലസ്രോതസ്സുകൾ മലിനമാകും.
  • ആരോഗ്യത്തിനു ഹാനികരം- ബാറ്ററിയിലെ രാസവസ്തുക്കളുമായുള്ള സമ്പർക്കം മനുഷ്യരിൽ നാഡീവ്യൂഹത്തകരാർ, ശ്വാസകോശരോഗം, മാരകമായ മറ്റ് ആരോഗ്യപ്രശ്‌നം എന്നിവയ്ക്കു കാരണമാകും.

ശേഖരണകേന്ദ്രങ്ങൾ വേണം

ഇത്തരം ബാറ്ററി പുനരുപയോഗത്തിനു സജ്ജമാക്കുന്ന പ്ലാന്റ് കേരളത്തിലില്ല. ബാറ്ററി ശേഖരിക്കാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും നിയമം കർശനമാക്കണം. നിർമാതാക്കൾക്കു തിരികെ കൊടുക്കാനായി സംരണകേന്ദ്രങ്ങളും തുടങ്ങണം.

മാതൃകയാക്കാം

ബാറ്ററിയുടെ പുനരുപയോഗത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തു ചൈനയാണ്. അവിടെ അതിന്റെ ഉത്തരവാദിത്വം വാഹന നിർമാതാക്കൾക്കാണ്. അമേരിക്ക, ജർമനി, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലും നിയമം കർശനമാണ്. ഇന്ത്യയിൽ ഉത്തർപ്രദേശിലും തമിഴ്നാട്ടിലുമാണ് പുനരുപയോഗത്തിനു വലിയ പ്ലാന്റുള്ളത്.

ഭാവിയെ കരുതാം

കേരളത്തിൽ വൈദ്യുതിവാഹനങ്ങൾ പ്രചാരത്തിലായിട്ട് ഏറെക്കാലമാകാത്തതിനാൽ നിലവിൽ ഭായം വേണ്ട. പക്ഷേ, ഭാവിയെ കരുതണം. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ബാറ്ററി പുനരുപയോഗിക്കുന്നതുപോലെ വൈദ്യുതി വാഹനങ്ങളുടേതും ചെയ്യണം.

ഡോ. ആർ. ഹരികുമാർ(ഡയറക്ടർ, എനർജി മാനേജ്‌മെന്റ് സെന്റർ)