
ലോര്‍ഡ്‌സിലെ മൈതാനം അന്ന് കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്‌നേഹത്തിന്റെ വിലയറിഞ്ഞു. ഓരോ ക്രിക്കറ്റ് സ്‌നേഹിക്കും മറക്കാനാവാത്ത ആ നിമിഷത്തിന് കപിലും സംഘവും കാരണക്കാരായപ്പോള്‍ നമ്മള്‍ ആദ്യ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ രുചിയറിഞ്ഞു. അവിടെ അമരത്തുണ്ടായിരുന്നു മൊഹീന്ദര്‍ അമര്‍നാഥ് എന്ന ക്രിക്കറ്റ് മാന്ത്രികന്‍. ആദ്യ ലോകകപ്പിലെ മാന്‍ ഓഫ് ദ മാച്ച്.
സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ടീമിന്റെ ആദ്യ ക്യാപ്റ്റനും ഐതിഹാസിക താരവുമായ ലാല അമര്‍നാഥിന്റെ മുന്നുമക്കളാണ് ഒരു കാലത്ത് ക്രിക്കറ്റ് മൈതാനത്തെ കോരിത്തരിപ്പിച്ചത്. മൂന്നും ഒന്നിനൊന്ന് മെച്ചം. മൊഹീന്ദര്‍ അമര്‍നാഥ്, രാജേന്ദര്‍ അമര്‍നാഥ്, സൂരിന്ദര്‍ അമര്‍നാഥ്. വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവനന്തപുരത്ത് കനകക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ആറാം പതിപ്പിനെത്തിയ മൊഹീന്ദര്‍ അമര്‍നാഥും, രാജീന്ദര്‍ അമര്‍നാഥും മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.
ഐതിഹാസിക താരത്തിന്റെ ഐതിഹാസിക മക്കള്‍. മൂന്നും പേരും ക്രിക്കറ്റിന്റെ ലോകത്ത്. പിതാവിന്റെ ക്രിക്കറ്റ് സ്‌നേഹം എങ്ങനെയാണ് നിങ്ങളെ സ്വാധീനിച്ചത്
മൊഹീന്ദര്‍: കുഞ്ഞുന്നാളിലെ ക്രിക്കറ്റായിരുന്നു ഞങ്ങളുടെ ലോകം. ഊണിലും ഉറക്കത്തിലും ക്രിക്കറ്റ് എന്നപോലെയായിരുന്നു. ആ തരത്തിലാണ് വളര്‍ന്നതും. പിതാവിനൊപ്പം ഞങ്ങളും പന്തും ബാറ്റുമെടുത്ത് ഇറങ്ങുമായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ഓരോ ശ്വാസത്തിലും ക്രിക്കറ്റായി. ക്രിക്കറ്റായിരിക്കും മക്കളുടെ ഭാവിയെന്ന് പിതാവ് അപ്പോഴെ തീരുമാനിച്ചിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. എല്ലാം അദ്ദേഹത്തോട് ചര്‍ച്ച ചെയ്യുമായിരുന്നു. ക്രിക്കറ്റിനായി എല്ലാ സ്വാതന്ത്രവും പിതാവ് തന്നു. ഒരുപക്ഷെ അതായിരിക്കും ഞങ്ങള്‍ മൂന്ന് പേരും ഒരുപോലെ അറിയപ്പെട്ടത്.
1983 ലെ ആ ലോകകപ്പ് നിമിഷത്തെ എങ്ങനെയാണ് ഓര്‍മിക്കുന്നത്
മൊഹീന്ദര്‍: കോടിക്കണക്കിന് ഇന്ത്യക്കാരുടെ സന്തോഷത്തിന് ആവേശത്തിന് പ്രാര്‍ഥനയ്ക്ക് ഞങ്ങള്‍ കാരണക്കാരായി എന്നത് തന്നെയാണ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് എന്നുമെന്നും ഓര്‍ത്തുവെക്കാനുള്ളത്. ഒരു കുടുംബം മുഴുവന്‍ ക്രിക്കറ്റിന്റെ പുറകെ പോയപ്പോള്‍ ഉണ്ടാവുന്ന എല്ലാം പ്രശ്‌നങ്ങളും ഞങ്ങള്‍ക്കുമുണ്ടായിരുന്നു. എങ്കിലും ഒരിക്കല്‍ ലക്ഷ്യം നേടുമെന്ന് തന്നെയായിരുന്നു പിതാവില്‍ നിന്ന് ഞങ്ങള്‍ പഠിച്ച പാഠം. അത് 1983 ല്‍ ലോകകപ്പ് ചാമ്പ്യനാവുന്ന ടീമിന്റെ ഭാഗമാവുന്നിടത്തേക്കുവരെ എത്തിച്ചു. പിതാവിന്റെ ഒറ്റ ശ്രമം തന്നെയായിരുന്നു എന്നെ അവിടംവരെ എത്തിച്ചത്. ഒപ്പം കുടുംബത്തിന്റെ സമ്പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.

ഒരു പിതാവ് തന്റെ മക്കളെ പഠനത്തിന്റെ വഴിയിലേക്ക് വിടുന്നതിനേക്കാള്‍ കൂടുതല്‍ കളിയുടെ വഴിയിലേക്ക് വിട്ടതിനെ എങ്ങനെയാണ് കാണുന്നത്
രാജീന്ദര്‍: പഠനത്തിന്റെ വഴിയില്‍ പോവുന്നതിനിടെ തന്നെയാണ് കളിക്കാനും പോയിരുന്നത്. നല്ല രീതിയില്‍ വിദ്യാഭ്യാസവും ലഭിച്ചു. പക്ഷെ പിതാവിന്റെ വഴിയെ ക്രിക്കറ്റിലേക്കെത്തിയ മൊഹീന്ദര്‍ ജീ ഞങ്ങളെയും ആ വഴിക്കെത്തിക്കുകയായിരുന്നു. മൊഹീന്ദര്‍ ജീക്കൊപ്പം ഞങ്ങള്‍ ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുത്തത് അപ്രതീക്ഷിതമായിട്ട് തന്നെയാണ്. അതുകൊണ്ട് ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാനും കളിക്കാനും പറ്റി. അതൊരു ഭാഗ്യവും നിയോഗവുമായിരുന്നു.
എവിടെയോ വായിച്ചതായി ഓര്‍ക്കുന്നുണ്ട്, പഠിച്ചില്ലെങ്കിലും പിതാവ് ഒ കെ ആയിരുന്നുവെന്നും എന്നാല്‍ കളിയില്‍ പരാജയപ്പെടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും
മൊഹീന്ദര്‍: (ചിരിക്കുന്നു) ശരിയായിരുന്നു. കാരണം ആ രീതിയിലാണ് പിതാവ് ഞങ്ങളെ വളര്‍ത്തിയിരുന്നത്. മക്കളെ മുന്നുപേരെയും മുഴുവന്‍ സമയ ക്രിക്കറ്റ് താരമാക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. സ്വപ്നം മാത്രമായിരുന്നില്ല ഞങ്ങളെക്കാള്‍ കൂടുതല്‍ അത് ആഗ്രഹിച്ചതും പിതാവായിരുന്നു. അതുകൊണ്ട് തന്നെ ക്രിക്കറ്റ് കളിക്കാന്‍ വേണ്ട എല്ലാ സൗകര്യവും അദ്ദേഹം ചെയ്തിരുന്നു.
കളിക്കാന്‍ ഞങ്ങളെ സമ്പൂര്‍ണ സ്വതന്ത്രരാക്കി. എവിടെ കളിയുണ്ടെങ്കിലും കളിക്കാന്‍ പോവാന്‍ പഠനത്തിന് പോലും അവധി നല്‍കി. ഇടയ്ക്ക് ക്ലാസുകള്‍ നഷ്ടപ്പെട്ടാലും അദ്ദേഹത്തിന് വലിയ പരിഭവമുണ്ടായിരുന്നില്ല. അടുത്ത തവണ എഴുതിയെടുക്കാമെന്ന നിലപാടെടുക്കുമായിരുന്നു. പക്ഷെ ഞങ്ങളുടെ ക്രിക്കറ്റ് കളിയെ അദ്ദേഹം ഗൗരവമായി തന്നെ കണ്ടിരുന്നു.
കളിയില്‍ തോല്‍ക്കുമ്പോള്‍ അദ്ദേഹം വളരെ നിരാശനായി കാണപ്പെട്ടു. കാരണം എല്ലാ ഫോര്‍മാറ്റിലും ഏറ്റവും ബെസ്റ്റ് കിക്കറ്ററാക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. പക്ഷെ അതൊരിക്കലും ഞങ്ങള്‍ക്ക് ദോഷമായി ബാധിച്ചിരുന്നില്ല. അല്ലെങ്കില്‍ ഞങ്ങളുടെ ഭാവിയെ ബാധിച്ചിരുന്നില്ല എന്ന് വേണമെങ്കില്‍ പറയാം. എന്നുവെച്ച് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചൊന്നുമില്ല. മൂന്നുപേര്‍ക്കും നല്ല വിദ്യാഭ്യാസവും ലഭിച്ചിരുന്നു.

ഇന്നത്തെ കാലംപോലെ ആയിരുന്നില്ലല്ലോ അന്ന്, ക്രിക്കറ്റില്‍ ക്ലച്ച് പിടിക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ലേ. താങ്കള്‍ക്ക് അത്തരത്തില്‍ ഏതെങ്കിലും വെല്ലുവിളികളുണ്ടായിരുന്നോ
മൊഹിന്ദര്‍: എല്ലാ കാലത്തും അങ്ങനെയൊക്കെ തന്നെയായിരുന്നു. ഞങ്ങളുടെ പിതാവ് ക്രിക്കറ്ററായിട്ട് പോലും എല്ലാവരേയും പോലെ ഞങ്ങളും പിടിച്ച് നില്‍ക്കാന്‍ നല്ല രീതിയില്‍ കഷ്ടപ്പെട്ടിരുന്നു. പിതാവ് ഐതിഹാസിക ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്നതുകൊണ്ട് ഞങ്ങള്‍ക്ക് ഗുണവും അതേ പോലെ വെല്ലുവിളിയുമുണ്ടായി.
ഗുണം എന്താണെന്നുവെച്ചാല്‍ പിതാവില്‍ നിന്ന് നല്ല രീതിയില്‍ ഹോംവര്‍ക്ക് കിട്ടിയെന്നത് തന്നെയാണ്. ഉപദേശങ്ങളും നിര്‍ദേശങ്ങളും ഒരു ക്ലാസ്മുറിയില്‍ നിന്നെന്നപോലെ ഞങ്ങള്‍ക്ക് പഠിക്കാനായി. അതേ അവസരത്തില്‍ വെല്ലുവിളി എന്തായിരുന്നുവെച്ചാല്‍ പിതാവിന്റെ അതേ നിലവാരത്തിലോ അല്ലെങ്കില്‍ അതിനേക്കാള്‍ ഉര്‍ന്ന നിലവാരത്തിലോ കളിക്കുന്നവരാവണമെന്ന ഒരു സമ്മര്‍ദം ഞങ്ങള്‍ക്ക് മേല്‍ വന്നു.
ഒരുപക്ഷെ അതുകൊണ്ടാകും ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയ്ക്ക് എനിക്ക് നന്നായി കളിക്കാന്‍ കഴിഞ്ഞത്. ഇതേ അവസരം സഹോദരങ്ങള്‍ക്കും ലഭിച്ചു. നന്നായി കളിച്ചില്ലെങ്കില്‍ പിതാവ് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നിട്ട് പോലും മക്കള്‍ക്ക് നന്നായി കളിക്കാന്‍ കഴിയുന്നില്ല എന്ന പഴികേള്‍ക്കും. അങ്ങനെയരു പഴികേള്‍ക്കാന്‍ പിതാവിനും ഇഷ്ടമായിരുന്നില്ല.
പലതവണ പുറത്തുപോവുകയും തിരിച്ചുവരികയും ചെയ്ത ആളാണ് താങ്കള്‍. അതുകൊണ്ടു തന്നെ തിരിച്ചുവരവും ചരിത്രത്തിന്റെ ഭാഗമാണ്
മൊഹിന്ദര്‍: വെറും നല്ല കളിമാത്രമായിരുന്നില്ല അന്നും ടീമില്‍ ഇടംനേടാനുള്ള പ്രധാന മാര്‍ഗം. പല രീതിയിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ അവരുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് തീരുമാനങ്ങളെടുത്തു. എല്ലാ കളിക്കാര്‍ക്കും ഒരേ പോലെയുള്ള അവസരം കിട്ടിയില്ല എന്നതൊക്കെ സത്യമാണ്. അത് എന്നെയും ബാധിച്ചു. പുറത്തുപോവേണ്ടി വന്നു. പക്ഷെ പുറത്തുപോകല്‍ എന്നെ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. പുറത്തായതിന്റെ ദുഖമോ സങ്കടമോ ഒരിക്കലും ഞാന്‍ പ്രകടിപ്പിച്ചിരുന്നില്ല. കാരണം എന്നെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. തിരിച്ചുവരാനാകുമെന്ന ഉറപ്പുണ്ടായിരുന്നു. കാരണം അത്രമാത്രം ക്രിക്കറ്റിനെ നെഞ്ചോടുചേര്‍ത്ത ഒരു പിതാവിന്റെ മകനായിരുന്നു ഞാന്‍

ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുന്നത്
രജീന്ദര്‍: പരമ്പരാഗത ടെസ്റ്റ് ഏകദിന ഫോര്‍മാറ്റിനപ്പുറം വലിയ അവസരമാണ് ഇന്ന് യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാന്‍ ലഭിക്കുന്നത്. ട്വന്റി ട്വന്റി പോലുള്ള പുതിയ ഫോര്‍മാറ്റ് വന്നതോടെ ഒരുപാട് താരങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. മുമ്പ് ഒരു ടീമിന്റെ ഭാഗമാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതാണ് പ്രധാന മാറ്റം'. ഒരുപാട് താരങ്ങള്‍ വരുന്നുണ്ടെങ്കിലും ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കാനാവുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. എല്ലാ മേഖലയില്‍ എന്നപോലെ ക്രിക്കറ്റിലും വലിയ മാറ്റമുണ്ടായി എന്നതാണ് സത്യം.
കഴിവുള്ളവര്‍ക്ക് മാത്രം നിലനില്‍ക്കാന്‍ കഴിയുന്നു എന്നത് ഓരോ താരത്തെയും സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. തങ്ങളുടെ കഴിവുകളെ എപ്പോഴും തേച്ച് മിനുക്കി ഒരുക്കി നിര്‍ത്താന്‍ ഇതവരെ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. താരങ്ങളുടെ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായ ഇടപെടല്‍ കൂടി സ്വാധീനിക്കുന്നു എന്ന വിമര്‍ശനങ്ങളൊക്കെ പലപ്പോഴും ഉയര്‍ന്ന് വരാറുണ്ട്. അത് പൂര്‍ണ്ണമായും ശരിയാണെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ചിലര്‍ക്കെങ്കിലും അവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്നത് സത്യമാണ്. അത് മറ്റ് പല കാരണങ്ങള്‍ കൊണ്ടാവാം. അത് എല്ലാകാലത്തു മുണ്ടായിട്ടുണ്ട്. അതിനപ്പുറം വലിയ രാഷ്ട്രീയ ഇടപെടല്‍ ഒന്നും ടീം സെലക്ഷനില്‍ ഉണ്ടാവുന്നില്ല.
താങ്കളുടെ പ്രത്യേകമായ ബാറ്റിംഗ് സ്‌റ്റൈല്‍ കൊണ്ട് ജിമ്മി എന്ന വിളിപ്പേരും കൂടെ താങ്കള്‍ക്കുണ്ട്. ആരാണ് ജിമ്മി എന്ന പേര് ആദ്യമായി വിളിച്ചത്
മൊഹീന്ദര്‍: പിതാവ് തന്നെയാണ് തന്നെ ജിമ്മി എന്ന് വിളിക്കാന്‍ തുടങ്ങിയത്. അമേരിക്കന്‍ അഭിനേതാവ് ജിമ്മി സ്റ്റുവര്‍ട്ടുമായുള്ള എനിക്കുള്ള സാദൃശ്യമായിരുന്നു ഇതിന് കാരണം. പിതാവ് ഏറ്റവും കൂടുതല്‍ ആരാധിച്ചിരുന്ന വ്യക്തികളില്‍ ഒരാളായിരുന്നു ജിമ്മി സ്റ്റുവര്‍ട്ട്. പിന്നീട് സഹപ്രവര്‍ത്തകരും വിളിച്ചു തുടങ്ങി. തന്റെ ആരാധകര്‍ക്കും ജിമ്മി എന്ന് വിളിക്കുന്നതായിരുന്നു ഇഷ്ടം. അത് പിന്നെ എന്റെ കൂടെ ചേരുകയും ചെയ്തു
താങ്കളുടെ ഓര്‍മ്മകുറിപ്പ് 'ഫിയര്‍ലസ് ' എന്ന പുസ്തകം പുറത്തിറങ്ങിയിട്ടുണ്ടല്ലോ. മൊഹീന്ദര്‍ അമര്‍നാഥ് എന്ന ലെജന്റിനെ പൂര്‍ണമായും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞോ?
മൊഹീന്ദര്‍ : സഹോദരന്‍ രാജേന്ദറുമായി ചേര്‍ന്നാണ് ഫിയര്‍ലെസ് പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ടീമിന്റെ ആദ്യ ക്യാപ്റ്റനായ പിതാവ് ലാലാ അമര്‍നാഥന്റെ ഓര്‍മയില്‍ കൂടെ തന്നെയാണ് പുസ്തകം പോവുന്നത്. കളിക്കുന്ന സമയത്തൊക്കെ ഞാനെപ്പോഴും ഓരോ ദിവസത്തെയും സംഭവങ്ങള്‍ കുറിച്ചു വെക്കാറുണ്ടായിരുന്നു. ഇത് പുസ്തക രചനയെ എളുപ്പമാക്കിയിട്ടുണ്ട്. എപ്പോഴും ഹിന്ദിയായിരുന്നു എനിക്ക് കുറച്ചുകൂടി സൗകര്യം. എഴുതുന്നതിലടക്കം ഹിന്ദിയായിരുന്നു കൂടുതല്‍ എളുപ്പം.
ഇംഗ്ലീഷ് പുസ്തകമാക്കുക എന്നതിലേക്ക് എഴുത്തില്‍ രാജേന്ദര്‍ കൂടിയെത്തുന്നത് അങ്ങനെയാണ്. പിതാവിന്റെ ജീവിതകഥയായ ' ലാല അമര്‍നാഥ് ലൈഫ് ആന്‍ഡ് ടൈംസ് 'എന്ന പുസ്തകം രാജേന്ദര്‍ എഴുതിയിട്ടുണ്ട്. ഇത് ഫിയര്‍ലെസ്സിന്റെ പുസ്തക എഴുത്തിനും കൂടുതല്‍ സൗകര്യമായി.
Content Highlights: Mohinder Amarnath, son of Lala Amarnath, shares his cricketing journey
Published: 12 Feb 2025, 10:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented