ആരവല്ലി പർവതനിരകളിലെ അനധികൃതഖനനം,ആൻഡമാൻ നിക്കോബാറിലെ നിത്യഹരിത വനങ്ങളുടെ വെട്ടിനിരത്തൽ, രാജ്യതലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന വായുമലിനീകരണം,തുടങ്ങിയ ഗുരുതരമായ പരിസ്ഥിതി വിഷയങ്ങളിൽ തലതാഴ്ത്തി നിൽക്കുന്ന ഇന്ത്യയ്ക്ക് മറ്റൊരു ആഘാതം!

To advertise here,

ലോകത്തിനുമുന്നിൽ ഇന്ത്യയെ തൊലിയുരിച്ച് നിർത്തുന്ന

പരിസ്ഥിതി പ്രകടന സൂചിക (ഇപിഐ) പുറത്തുവന്നിരിക്കുന്നു. 177 രാജ്യങ്ങളിൽ ഇന്ത്യക്ക് 176ാം സ്ഥാനം ! ഇന്ത്യക്ക് താഴെ ലാവോസ് മാത്രം. പാകിസ്താനും (157) ബംഗ്ലാദേശും ( 175) ഇന്ത്യക്ക് മുകളിലാണ്.

യേൽ, കൊളംബിയ സർവകലാശാലകളിലെ ഗവേഷകരും മറ്റ് സ്ഥാപനങ്ങളും ചേർന്ന് രണ്ടുവർഷത്തിലൊരിക്കൽ തയ്യാറാക്കുന്ന റിപ്പോർട്ടിലാണ് ഒട്ടും സുഖകരമല്ലാത്ത ഇന്ത്യയുടെ റാങ്കിംഗ്.

രാജ്യത്തെ വായു എത്ര ശുദ്ധമാണ്, കുടിവെള്ളം എത്ര സുരക്ഷിതമാണ്,മാലിന്യ നിയന്ത്രണം എത്ര ഫലപ്രദമാണ്, വനങ്ങളും ജൈവവൈവിധ്യവും എത്രത്തോളം സംരക്ഷിക്കുന്നു,

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കുന്നു എന്നിവയെ അടിസ്ഥാനമാക്കിയ സ്‌കോറാണിത്.

100-ൽ 22.46 മാർക്ക് മാത്രമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. പാസ് മാർക്ക് പോലുമില്ല. കൽക്കരി അധിഷ്ഠിത ഊർജ്ജനിലയങ്ങളുടെ പ്രവർത്തനവും ഹരിതഗൃഹവാതകങ്ങളുടെ

വർദ്ധനവും കളകൾ കത്തിക്കുന്നതുമൂലമുള്ള കനത്ത അന്തരീക്ഷമലിനീകരണവുമാണ് ഇന്ത്യയെ ഈ സഥിതിയിലെത്തിച്ചതിലെ പ്രധാന വില്ലൻന്മാരെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

ആദ്യ പത്തിൽ, എസ്‌റ്റോണിയ, ലക്‌സംബർഗ്, യു.കെ, ഫിൻലൻഡ്,

നെതർലന്റ്‌സ്, ജർമനി, ഫ്രാൻസ്, നോർവേ, സ്വീഡൻ, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ്.

ആഗോള പട്ടിണി സൂചിക ഇന്ത്യയെ പുറകോട്ടടിപ്പിച്ചതിന്റെ ക്ഷീണം മാറുംമുമ്പേയാണ് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് വീണ്ടും കളങ്കം തീർത്ത് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. പട്ടിണി സൂചികയിൽ 123 രാജ്യങ്ങളിൽ 102 ാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. ലോകത്തെ ഏറ്റവും വായുമലിനീകരണമുള്ള രാജ്യതലസ്ഥാനമെന്ന ദുഷ്‌പേര് നമ്മുടെ ന്യൂഡൽഹി മറ്റാർക്കും വിട്ടുകൊടുത്തിട്ടുമില്ല.