അഹമ്മദാബാദ്: ഗുജറാത്തില്‍ സുരക്ഷാ ഭീഷണി കാരണം ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ പരിശീലനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോലിയുടെ സുരക്ഷയ്ക്ക് ഭീഷണിയുള്ളതിനാലാണ് പരിശീലന സെഷന്‍ ആര്‍.സി.ബി. ഉപേക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിലാണ് പരിശീലനം നടക്കേണ്ടിയിരുന്നത്. 

To advertise here,

രാജസ്ഥാന്‍ റോയല്‍സിനെതിരായ എലിമിനേറ്റര്‍ മത്സരത്തിന്റെ തലേന്ന് വാര്‍ത്താസമ്മേളനംപോലും നടത്താന്‍ ബെംഗളൂരു തയ്യാറായില്ല. സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തിയാണ് ഇവയെല്ലാമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിരാട് കോലിയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശീലന ക്യാമ്പും വാര്‍ത്താ സമ്മേളനവും ഉപേക്ഷിച്ചതെന്നാണ് ഗുജറാത്ത് പോലീസ് പറയുന്നത്. ഭീകര പ്രവര്‍ത്തനം സംശയിക്കുന്ന നാലുപേരെ അഹമ്മദാബാദില്‍നിന്ന് പോലീസ് അറസ്റ്റുചെയ്യുകയും ചെയ്തു. 

സുരക്ഷാ പ്രശ്‌നമുള്ളതായി പോലീസ് ഇരുടീമുകളെയും അറിയിച്ചെങ്കിലും രാജസ്ഥാന്‍ പരിശീലനവുമായി മുന്നോട്ടുപോയി. ബെംഗളൂരു സെഷന്‍ റദ്ദാക്കുകയും ചെയ്തു. അതിനിടെ ബെംഗളൂരു ടീമിന്റെ ഹോട്ടലിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷയൊരുക്കിയാണ് രാജസ്ഥാന്‍ താരങ്ങളെ പരിശീലന ഗ്രൗണ്ടിലേക്ക് എത്തിച്ചത്. അതേസമയം, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ് എന്നിവര്‍ പരിശീലനത്തിനിറങ്ങാതെ ഹോട്ടലില്‍തന്നെ നിന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗ്രൗണ്ടിലെത്തി. 

അതേസമയം, കടുത്ത ചൂട് കാരണമാണ് ബെംഗളൂരു പരിശീലനത്തിനിറങ്ങാതിരുന്നതെന്നാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഭാഷ്യം. മത്സരത്തിനായി ഒരുങ്ങിയതാണ്. തീവ്രവാദ ഭീഷണിയുണ്ടായിരുന്നില്ല. ആര്‍.സി.ബി. ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ പരിശീലനം നടത്തുമെന്നാണ് കരുതിയിരുന്നത്. അത് ആര്‍.സി.ബി. മൂന്നുമുതല്‍ ആറുവരെ എന്ന വിധത്തില്‍ സമയം പുനഃക്രമീകരിച്ചു. അതേസമയം, രാജസ്ഥാന്‍ വൈകീട്ട് 3.30 മുതല്‍ 6.30 വരെ പ്രാക്ടീസ് ചെയ്തു. പരിശീലനത്തിനായി ഇന്‍ഡോര്‍ സൗകര്യം ചെയ്തുതരാമെന്ന് അറിയിച്ചെങ്കിലും ആര്‍.സി.ബി. പരിശീലനം നടത്താന്‍ തയ്യാറായില്ലെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.