ന്യൂഡല്‍ഹി: ഐ.പി.എലില്‍ വീണ്ടും ഇരുന്നൂറ്റന്‍പതിനു മുകളില്‍ സ്‌കോര്‍ പിറന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ പത്തു റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി, ജാക് ഫ്രേസര്‍ മഗുര്‍ക്കിന്റെ വെടിക്കെട്ട് തുടക്കത്തിന്റെ ആനുകൂല്യത്തില്‍ 257 റണ്‍സ് നേടി. മറുപടിയായി മുംബൈ 247 റണ്‍സ് വരെ പൊരുതിയെങ്കിലും പത്ത് റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങി.
27 പന്തുകളില്‍ 84 റണ്‍സ് നേടിയ ഓപ്പണര്‍ മഗുര്‍ക്കിന്റെ ഇന്നിങ്‌സാണ് ഡല്‍ഹിക്ക് ബലമായത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സും ഷായ് ഹോപ്പും കാര്യമായ സംഭാവനകള്‍ നല്‍കി. മറുപടിയായി മുബൈ നിരയില്‍ തിലക് വര്‍മ കൂറ്റന്‍ അടികള്‍ നടത്തിയെങ്കിലും ടീമിന്റെ ജയത്തിലേക്ക് നയിച്ചില്ല. മൂന്നുവീതം വിക്കറ്റുകള്‍ നേടിയ റാസിഖ് സലാമും മുകേഷ് കുമാറും ഡല്‍ഹിയുടെ ജയത്തില്‍ വലിയ പങ്കുവഹിച്ചു.
നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് ഡല്‍ഹിയുടെ സമ്പാദ്യം. ഓപ്പണിങ് ബാറ്ററായ ജാക്ക് ഫ്രേസര്‍ മഗുര്‍ക്കിന്റെ തകര്‍പ്പന്‍ തുടക്കമാണ് ഡല്‍ഹി സ്‌കോര്‍ ഉയര്‍ത്തിയത്. 27 പന്തുകളില്‍ ആറ് സിക്‌സും 11 ബൗണ്ടറിയും ഉള്‍പ്പെടെ 84 റണ്‍സാണ് മഗുര്‍ക്ക് നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രിസ്റ്റന്‍ സ്റ്റബ്‌സ് 25 പന്തില്‍ 48 റണ്‍സ് നേടി.
അര്‍ധ സെഞ്ചുറിയിലെത്താന്‍ കേവലം 15 പന്തുകളാണ് മഗുര്‍ക്കിന് വേണ്ടിവന്നത്. ടി20-യില്‍ 15 പന്തുകളില്‍ അര്‍ധ സെഞ്ചുറി രണ്ടുതവണ നേടുന്ന മൂന്നാമത്തെ കളിക്കാരനായി മഗുര്‍ക്ക് മാറി. നേരത്തേ ആന്ദ്രെ റസലും സുനില്‍ നരെയ്‌നും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഈ സീസണില്‍ത്തന്നെ ഹൈദരാബാദിനെതിരെയായിരുന്നു മഗുര്‍ക്ക് 15 പന്തില്‍ ആദ്യത്തെ അര്‍ധ സെഞ്ചുറി കുറിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി ഈ നേട്ടം കൈവരിച്ച ഒരേയൊരാളും മഗുര്‍ക്കാണ്.
ലൂക്കെ വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ 19 റണ്‍സാണ് മഗുര്‍ക്ക് നേടിയത്. തുടര്‍ന്നുള്ള ഓവറുകളില്‍ ബുംറയെയും തുഷാരയെയും പിയൂഷ് ചൗളയെയുമെല്ലാം കടന്നാക്രമിച്ചു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അഞ്ച്, ഏഴ് ഓവറുകളില്‍ യഥാക്രമം 20, 21 റണ്‍സുകളാണ് ഡല്‍ഹി നേടിയത്. ആദ്യ മൂന്നോവറിനുള്ളില്‍ത്തന്നെ ടീം സ്‌കോര്‍ 50 കടന്നു. 92 റണ്‍സാണ് പവര്‍ പ്ലേ സ്‌കോര്‍. പവര്‍പ്ലേയ്ക്കകത്തുതന്നെ 78 റണ്‍സാണ് മഗുര്‍ക്ക് നേടിയത്. പവര്‍പ്ലേയില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും മികച്ച മൂന്നാമത്തെ സ്‌കോര്‍.
ആദ്യ പത്തോവറിനുള്ളില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടി. പിയൂഷ് ചൗളയെറിഞ്ഞ എട്ടാം ഓവറില്‍ മഗുര്‍ക്കാണ് ആദ്യം പുറത്തായത്. മുഹമ്മദ് നബിക്ക് ക്യാച്ചായാണ് മടക്കം. പിന്നാലെ അഭിഷേക് പൊരേലും പുറത്തായി (27 പന്തില്‍ 36). 14-ാം ഓവറില്‍ ടീം സ്‌കോര്‍ 180-ല്‍ നില്‍ക്കേ, ഷായ് ഹോപ്പും മടങ്ങി. 17 പന്തില്‍ അഞ്ച് സിക്‌സുകളോടെ 41 റണ്‍സ്. പിന്നീടെത്തിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ് 18-ാം ഓവറില്‍ വെടിക്കെട്ട് പൂരമാണ് നടത്തിയത്. ലൂക്കെ വുഡിനെ 4, 4, 6, 4, 4, 4 എന്നിങ്ങനെ ക്രൂരുമായി പെരുമാറി. ഓവറിലാകെ 26 റണ്‍സ്.
19-ാം ഓവറില്‍ ഋഷഭ് പന്തിനെ ബുംറ പുറത്താക്കി (19 പന്തില്‍ 29). പിന്നീട് അക്‌സര്‍ പട്ടേലും സ്റ്റബ്‌സും നിശ്ചിത ഓവര്‍ തീരുംവരെ ക്രീസില്‍ നിലയുറപ്പിച്ചു. സ്റ്റബ്‌സ് 25 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 48 റണ്‍സും അക്‌സര്‍ ആറ് പന്തില്‍ 11 റണ്‍സും നേടി. മുംബൈ നിരയില്‍ ലൂക്കെ വുഡ് നാലോവറെറിഞ്ഞ് 68 റണ്‍സ് വഴങ്ങി. ബുംറ, വുഡ്, ചൗള, നബി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. നാലോവറില്‍ 35 റണ്‍സ് വഴങ്ങിയ ബുംറയാണ് ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് പവര്‍ പ്ലേയില്‍ത്തന്നെ മൂന്നുപേരെ നഷ്ടമായി. നാലാം ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മ ആദ്യം പുറത്തായി. എട്ട് പന്തുകളില്‍ അത്രതന്നെ റണ്‍സെടുത്ത രോഹിത് ഖലീല്‍ അഹ്‌മദിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിക്കവേ, ഷായ് ഹോപ്പിന്റെ കൈകളിലെത്തി മടങ്ങി. പിന്നാലെ ഇഷാന്‍ കിഷനും പുറത്തായി. മുകേഷ് കുമാറിന്റെ ഓവറില്‍ അക്‌സര്‍ പട്ടേലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 14 പന്തില്‍ 20 റണ്‍സായിരുന്നു സമ്പാദ്യം.
ആറാം ഓവറില്‍ ഖലീല്‍ അഹ്‌മദ് വീണ്ടും വിക്കറ്റുമായി കളം നിറഞ്ഞു. ഇത്തവണ സൂര്യകുമാര്‍ യാദവായിരുന്നു ഇര. വില്യംസ് ലിസാഡിന് ക്യാച്ചായി മടങ്ങി (13 പന്തില്‍ 26). നാലാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 13-ാം ഓവറില്‍ ടീം സ്‌കോര്‍ 136-ല്‍ നില്‍ക്കേ, റാസിക് സലാമിന്റെ പന്തില്‍ ഹാര്‍ദിക് മുകേഷ് കുമാറിന് ക്യാച്ച് നല്‍കി പുറത്തായി (24 പന്തില്‍ 46). അതേ ഓവറില്‍ത്തന്നെ നേഹല്‍ വധേരയും പുറത്തായി 4(2).
പിന്നാലെ കൂട്ടുചേര്‍ന്ന തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്ന് ആറാം വിക്കറ്റില്‍ കൂറ്റനടികള്‍ നടത്തി. കുല്‍ദീപ് എറിഞ്ഞ 15-ാം ഓവറില്‍ രണ്ടുവീതം സിക്‌സും ഫോറും സഹിതം 21 റണ്‍സാണ് നേടിയത്. ഇതിനിടെ തിലക് വര്‍മ 25 പന്തുകളില്‍ അര്‍ധ സെഞ്ചുറി കുറിച്ചു. മുകേഷ് കുമാര്‍ എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമായി കളം നിറഞ്ഞ ടിം ഡേവിഡ് നാലാം പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി (17 പന്തില്‍ 37). ഓവറില്‍ തിലക് വര്‍മയുടെ ഒരു സിക്‌സ് കൂടി ചേര്‍ത്ത് 23 റണ്‍സ് നേടി മുംബൈ ടീം ടോട്ടല്‍ 200 കടന്നു.
റാസിഖ് എറിഞ്ഞ 19-ാം ഓവറില്‍ നബിയും കീഴടങ്ങി. അവസാന ഓവറില്‍ 25 റണ്‍സാണ് മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ത്തന്നെ തിലക് വര്‍മ റണ്ണൗട്ടായതോടെ മുംബൈ പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചു. ഒടുക്കം പത്തു റണ്‍സിന്റെ തോല്‍വി. അവസാന പന്തില്‍ പിയൂഷ് ചൗള പുറത്തായി. ഡല്‍ഹിക്കായി റാസിഖ് സലാം, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്നും ഖലീല്‍ അഹ്‌മദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlights: ipl 2024 delhi capitals vs mumbai indians
Published: 27 Apr 2024, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented