''രണ്ട് കുഞ്ഞുങ്ങളോടൊപ്പമാണ് യാത്ര പുറപ്പെട്ടത്. ഇടയ്ക്ക് വെച്ച് ഒരു കുഞ്ഞിന് അസുഖം ബാധിച്ചെങ്കിലും ഇന്‍ഡൊനീഷ്യയിലെത്തുന്നതോടെ എല്ലാം ശരിയാക്കാമെന്നായിരുന്നു കരുതിയത് എന്നാല്‍ ഇത്തരത്തിലൊരു വിധിയാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ബോട്ട് അടുപ്പിക്കാന്‍ പോലും ഇവിടെയുള്ളവര്‍ സമ്മതിച്ചില്ല. നിവൃത്തിയില്ലാതെ ഞങ്ങള്‍ക്ക് കപ്പലില്‍ തന്നെ നില്‍ക്കേണ്ടി വന്നു. ഭക്ഷണം പോലും ലഭിക്കാതെ എന്റെ മടിയില്‍ കിടന്നാണ് കുഞ്ഞ് മരിച്ചത്. കരയിലേക്കെത്തിക്കാന്‍ കഴിയാത്തതിനാല്‍ മൃതദേഹം കടലിലേക്ക് വലിച്ചെറിയേണ്ടി വന്നു - ഇന്‍ഡൊനീഷ്യന്‍ തീരത്ത് കരയിലിറങ്ങാന്‍ കഴിയാത്ത റോഹിംഗ്യന്‍ അഭയാര്‍ഥികളിലൊരാളാണ് 25കാരിയായ യാസിമിന്‍ ഫതും. ഒരു അന്താരാഷ്ട്ര മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് യസ്മിന്റെ തുറന്നുപറച്ചില്‍. ഇന്‍ഡൊനീഷ്യയിലേക്കും മലേഷ്യയിലേക്കും കുടിയേറുന്ന റോഹിംഗ്യകളെ കുറിച്ചും അവര്‍ നേരിടുന്ന ദുരിതങ്ങളെ കുറിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മനുഷ്യക്കടത്തിന്റെ വലിയൊരു റാക്കറ്റ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുവെന്ന് ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നു.

To advertise here,

ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ നിന്നാണ് ഏറിയ പങ്ക് അഭയാര്‍ഥികളും എത്തുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം കോക്‌സ് ബസാറില്‍ പത്ത് ലക്ഷത്തിലധികം റോഹിംഗ്യകള്‍ തിങ്ങിപ്പാർക്കുന്നുണ്ട്. അവിടെയുള്ള അരക്ഷിതാവസ്ഥയാണ് ഇപ്പോഴത്തെ പലായനത്തിന് കാരണം. നൂറുകണക്കിനാളുകളാണ് ഇൻഡൊനീഷ്യയിലെ അസെ തീരത്തേക്ക് ബോട്ടില്‍ എത്തുന്നത്. ഒരോ ബോട്ടും തിങ്ങി നിറഞ്ഞാണ് എത്തുന്നത്. ചിലരെ താങ്ങിപ്പിടിച്ചാണ് കൊണ്ടുവരുന്നത്.   വരുന്നവരില്‍ ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണ്. നവംബര്‍ മുതല്‍1200 ലധികം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഇന്‍ഡൊനീഷ്യയിൽ എത്തിയിട്ടുണ്ട്. മാസങ്ങള്‍ നീണ്ട് കടല്‍ യാത്രയ്ക്ക് ശേഷമാണ് ഇവര്‍ തീരത്തേക്ക് എത്തിയത്.

മുഖം തിരിച്ച് ഇൻഡൊനീഷ്യ നിവാസികള്‍

ഇൻഡൊനീഷ്യന്‍ തീരനിവാസികള്‍ ആദ്യകാലത്ത് ഈ അഭയാര്‍ഥി പ്രവാഹത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കിയിരുന്നില്ലെങ്കിലും ഇപ്പോള്‍ സ്ഥതിഗതികള്‍ വ്യത്യസ്തമാണ്. ബോട്ടുകള്‍ തീരത്ത് അടുക്കുമ്പോള്‍ തന്നെ പ്രദേശവാസികള്‍ പ്രശ്‌നങ്ങളുമായി എത്തുന്നു. റോഹിംഗ്യകള്‍ രോഗവാഹകരാണെന്നും അവര്‍ രാജ്യത്തെ നശിപ്പിക്കുന്നുവെന്നുമാണ് ഇവരുടെ വാദം.

placeholder
പശ്ചിമ ബംഗാളിലെ ക്യാംപില്‍ നിന്ന്/ ഫോട്ടോ: പിടിഐ

ഇവിടെയുള്ളവര്‍ തന്നെ ദാരിദ്രം അനുഭവിക്കുമ്പോള്‍ എന്തിനാണ് ഇങ്ങനെ അഭയാര്‍ഥികളെ സ്വീകരിക്കുന്നതെന്ന് ഒരു കൂട്ടര്‍ ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളിലും ഇന്‍ഡൊനീഷ്യയിലെ റോഹിംഗ്യന്‍ കുടിയേറ്റ് വിമര്‍ശിക്കുന്നവർ യഥേഷ്ടമുണ്ട്. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ഞാന്‍ ഇനി നികുതി അടയ്ക്കുന്നില്ലെന്ന് ചിലര്‍ പ്രസ്താവിക്കുന്നു.

ഇന്‍ഡൊനീഷ്യയില്‍ ചിലയിടങ്ങളില്‍ കപ്പല്‍ ഇറക്കാന്‍ പോലും നാട്ടുകാര്‍ അനുവദിക്കുന്നില്ല.അതിനാല്‍ തന്നെ ദിവസങ്ങളോളം എവിടെ ഇറങ്ങണമെന്ന് അറിയാതെ ഈ അഭയാര്‍ഥികള്‍ കടലില്‍ ചുറ്റുകയാണ്. യാസ്മിനും ബോട്ടിലെ മറ്റ് അംഗങ്ങളും താത്കാലികമായി നിര്‍മിച്ച റോഹിംഗ്യന്‍ ദുരിതാശ്വാസ ക്യാമ്പിലാണ് ഇപ്പോള്‍ കഴിയുന്നത്.

placeholder
ഫോട്ടോ: എ.പി

മനുഷ്യക്കടത്തിന്റെ കാണാക്കണ്ണികള്‍

ഇതിന് പുറമേ മുസ്ലീം ഭുരിപക്ഷമുള്ള ഇന്‍ഡൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇപ്പോള്‍ തകൃതിയായി റോഹിംഗ്യകള്‍ കുടിയേറാന്‍ ശ്രമിക്കുന്നുണ്ട്. സമാധാനപൂര്‍ണമായൊരു ജീവിതം പ്രതിക്ഷിച്ച് മനുഷ്യക്കടത്ത് റാക്കറ്റില്‍ ചെന്നുവീഴുകയും മരണത്തിന്റെ ചുഴിയിലേക്ക് വീണുപോവുകയുമാണ്.കൈയിലുള്ള അവസാനത്തെ പണവും നല്‍കിയാണ് അനധികൃത ഏജന്റുകൾ വഴി ഇവര്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നത്. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ പോലും പലര്‍ക്കും ഉണ്ടാവുകയില്ല. യാത്രാമധ്യേ മരണപ്പെടുകയാണ് മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയും.നവംബര്‍ 19ന് അനധികൃതമായി 36 റോഹിംഗ്യകളെ കടത്താന്‍ ശ്രമിച്ച് ലോറി ഡ്രൈവറെ ഇന്‍ഡൊനീഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ശ്യംഖലയെ പിടിക്കാനായിട്ടില്ല.

placeholder
ഫോട്ടോ: എ.പി

ആരാണ് റോഹിംഗ്യകള്‍?

മ്യാന്‍മാറിലെ റാഖൈന്‍ മേഖലയിലാണ് റോഹിംഗ്യകള്‍ താമസിക്കുന്നത്. ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മാറില്‍ പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ റോഹിംഗ്യകളുണ്ട്. എന്നാല്‍ കിഴക്കന്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായിട്ടാണ് മ്യാന്‍മാര്‍ ഭരണകൂടം ഇവരെ കാണുന്നത്.1948ലാണ് മ്യാന്‍മാര്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചത്. എന്നാല്‍ മ്യാന്‍മാറില്‍ ജനാധിപത്യം വേരുറച്ചില്ല. 1948-ലെ പൗരത്വനിയമത്തില്‍ റോഹിംഗ്യകളെ ബര്‍മ ഉള്‍പ്പെടുത്തിയില്ല. 1962- ലെ പട്ടാള അട്ടിമറിക്കുശേഷം അവര്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കേണ്ടിവന്നു. ഭൂരിപക്ഷ ബുദ്ധമതക്കാര്‍ക്കും റോഹിംഗ്യകള്‍ക്കെതിരെ വിരുദ്ധ വികാരം ഉടലെടുക്കാന്‍ ആരംഭിച്ചു.

സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നിലായ റോഹിംഗ്യകളുടെ ജീവിതം ദയനീയമായിരുന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ വലിയൊരു വിഭാഗം തന്നെ വളര്‍ന്നുവന്നു. ആദ്യ രജിസട്രേഷന്‍ നടത്തിയവര്‍ക്ക് അര്‍ദ്ധ പൗരത്വം മാത്രമാണ് ലഭിച്ചത്. ഒട്ടേറെ രേഖകള്‍ കാണിച്ച് അര്‍ദ്ധ പൗരത്വം നേടിയാലും സാമുഹികമായി വലിയ അവഗണന നേരിട്ടു.

റോഹിംഗ്യകള്‍ നിരന്തരം ആക്രമിക്കപ്പെട്ടു. സഹിക്കാനാവാതായതോടെ ചെറിയൊരു റോഹിംഗ്യന്‍ ന്യൂനപക്ഷം പ്രതിരോധം തീര്‍ക്കാന്‍ ആരംഭിച്ചു. ഇവരുടെ സായുധ പ്രതിരോധം നിലവിലെ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കി.ഒരുസംഘം റോഹിംഗ്യന്‍ യുവാക്കള്‍ 'അരക്കന്‍ റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി' എന്ന തീവ്രവാദ സംഘടനയ്ക്ക് രൂപം കൊടുത്തു. മ്യാന്‍മാര്‍ സൈന്യത്തിനെതിരേ സായുധ ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. 1970 മുതല്‍ ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ അവര്‍ നടത്തി. പക്ഷേ, അതിന്റെ ദുരന്തം അനുഭവിച്ചത് പാവങ്ങളായ റോഹിംഗ്യന്‍ സ്ത്രീകളും കുട്ടികളുമായിരുന്നു. പട്ടാളത്തിന്റെ പല ക്രൂരതകളും മറയ്ക്കപ്പെട്ടു.

ഏറ്റവും ഒടുവില്‍ 2017 ഓഗസ്റ്റ് 25ന് 'ആര്‍സ' എന്ന ഒളിപ്പോര്‍ സംഘടന റാഖൈന്‍ പ്രവിശ്യയിലെ പൊലീസ് ഔട്ട് പോസ്റ്റുകള്‍ ആക്രമിച്ചു. കുറെ പൊലീസുകാരെ കൊന്നു. ഇതിന് പ്രതിരോധമെന്നോണം റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ മ്യാന്‍മാര്‍ പട്ടാളം ആക്രമിച്ചു.നൂറുകണക്കിന് റോഹിംഗ്യകള്‍ കൊല്ലപ്പെട്ടു. നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. 

ആങ്‌സാന്‍ സ്യൂചി ഭരണമേറ്റത് പട്ടാളത്തിന്റെ അടിമയായിക്കൊണ്ടാണ്.സ്യൂചിക്ക് പട്ടാളഭരണത്തെ ന്യായീകരിക്കേണ്ടി വന്നു. അവര്‍ക്ക് ഭരണത്തില്‍ തുടരാന്‍ അത് കൂടിയേ തീരുമായിരുന്നുള്ളൂ. റോഹിംഗ്യകള്‍ രാജ്യവിരുദ്ധരാണെന്ന് സ്യൂചി വ്യക്തമാക്കിയതോടെ റോഹിംഗ്യന്‍ വംശഹത്യക്ക് ആഴമേറി.

ആങ്‌സാന്‍ സ്യൂചി/AP

2017ല്‍ ഓഗസ്റ്റ് അവസാനം ആരംഭിച്ച സംഘര്‍ഷത്തില്‍ എട്ടുലക്ഷത്തോളം റോഹിംഗ്യകള്‍ രാജ്യം വിട്ടോടിപോയി. ഗ്രാമങ്ങള്‍ ചുട്ടെരിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തും കുട്ടികളെയടക്കം കൊന്നും സൈന്യം ഒരു വംശത്തെ തന്നെ ചവിട്ടയരച്ചു. ബംഗ്ലാദേശിലേക്ക് ഏകദേശം ഏഴുലക്ഷത്തിലധികം പേര്‍ അഭയാര്‍ഥികളായെത്തിയിട്ടുണ്ട്.വംശഹത്യയ്ക്ക് മ്യാന്‍മാര്‍ സര്‍ക്കാരിന് കൃത്യമായ ഉത്തരവാദിത്വം ഉണ്ടെന്ന് തെളിയിക്കുന്നതാണ് കലാപത്തിന് ആഹ്വാനം ചെയ്യുക വഴി ജയിലിലായ ബുദ്ധസന്ന്യാസി അശിന്‍വിരാതുവിനെ സൈന്യം മോചിപ്പിച്ച സംഭവം. റോഹിംഗ്യക്കാര്‍ക്കെതിരേ വംശീയവിദ്വേഷത്തിന് രൂപംകൊടുത്ത വ്യക്തിയായിരുന്നു അശിന്‍വിരാതു.

ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശില്‍ ഉള്‍ക്കൊള്ളാനാവുന്നതിലധികം പേര്‍ ഇപ്പോഴുണ്ട്. മറ്റ് രാജ്യങ്ങളൊന്നു തന്നെ റോഹിംഗ്യകാരെ സ്വീകരിക്കുന്നതില്‍ അനുകൂല നയമെടുത്തിട്ടില്ല.

ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകള്‍

മ്യാന്‍മാറിലെ ക്രൂരപീഡനങ്ങള്‍കാരണം 2017 ഓഗസ്റ്റുമുതല്‍ പലായനം ചെയ്ത റോഹിംഗ്യ മുസ്ലിങ്ങളില്‍ 7.40 ലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലെ അഭയാര്‍ഥിക്യാമ്പുകളിലുണ്ട്. അതീവ ദുരിതത്തിലാണ് ഇവരുടെ ജീവിതം. ഇവര്‍ ഇവിടെയും നിരന്തരം കൊള്ളയടിക്കപ്പെടുകയും പീഡനം ഏല്‍ക്കേണ്ടിയും വരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ ഉപദ്രവവും ക്യാമ്പുകളില്‍ സാധാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുണ്ടാപിരിവും സജീവമാണ്. അറുപത് മരണങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

placeholder
റോഹിംഗ്യന്‍ ക്യാമ്പ് |ഫോട്ടോ: ഗെറ്റി ഇമേജസ്

വേള്‍ഡ് ഫുഡ് പ്രോഗ്രാം നല്‍കിയിരുന്നു റേഷന്‍ സംവിധാനത്തിലായിരുന്നു ഇവരുടെ ഭക്ഷണ ആവശ്യങ്ങള്‍ നിറവേറിയിരുന്നത്. എന്നാല്‍ ഈ സംഘടന റേഷന്‍ വെട്ടികുറച്ചതോടെ ക്യാപുകളില്‍ ഭക്ഷണ ദാരിദ്രവും രൂക്ഷമായി. പൗരത്വ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്രപരിമിധിയും ഇവര്‍ക്കുണ്ട്. അതു കൊണ്ട് തൊഴില്‍ സാധ്യതയും കുറവാണ്. ഇതൊടെപ്പം തന്നെ വിദ്യാഭ്യാസ സൗകര്യങ്ങളും വളരെ പരിമിതമാണ്.

2023 മെയിലുണ്ടായ മോച്ച ചുഴലിക്കാറ്റ് 930000 റോഹിംഗ്യകളെ വെള്ളത്തിലാക്കി. ക്യാമ്പുകള്‍ വെള്ളത്തിനടിയിലായി. പ്രാഥമിക ആവശ്യങ്ങള്‍ വരെ നടത്താന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. പകര്‍ച്ച വ്യാധികള്‍ ക്യാംപുകളില്‍ പടര്‍ന്നുപിടിക്കുകയാണ്. ഈ പ്രശ്നങ്ങളും ഇവരെ ബംഗ്ലാദേശില്‍ നിന്നും ഇന്‍ഡൊനീഷ്യയിലേക്ക് കുടിയേറാനായി ചിന്തിപ്പിക്കുന്നു. വിടത്തെ ദയനീയ അവസ്ഥയില്‍നിന്ന് രക്ഷതേടിയാണ് ഇപ്പോഴത്തെ പലായനം. പക്ഷേ, ഇങ്ങനെയെത്തുന്നവരെ തായ്ലാന്‍ഡും ഇന്‍ഡൊനീഷ്യയും സ്വീകരിക്കാറില്ല. പലരും തടവിലാകാറാണ് പതിവ്.

placeholder
മ്യാന്‍മറിലെ റോഹിഗ്യന്‍ അഭയാര്‍ഥികള്‍: ഗെറ്റി ഇമേജസ്‌

ഭാവി ചോദ്യചിഹ്നത്തില്‍

വര്‍ദ്ധിച്ചു വരുന്ന അഭയാര്‍ഥികള്‍ക്കായുള്ള ഇടങ്ങള്‍ നവികരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇൻഡൊനീഷ്യന്‍ സര്‍ക്കാരിപ്പോള്‍ ചെയ്യുന്നത്. എന്നാല്‍ ഓരോ ദിവസവും ഇത്തരം കനത്ത രീതിയുള്ള വരുന്ന അഭയാര്‍ഥി പ്രവാഹത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയുടെ സര്‍ക്കാരിനുണ്ട്. റോഹിംഗ്യകളുടെ സുരക്ഷയില്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും. പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇന്‍ഡൊനീഷ്യയിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മനുഷ്യകടത്തുണ്ടെങ്കില്‍ ഇതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

ഒക്ടോബര്‍ മുതല്‍ മെയ് വരെ ഇന്‍ഡൊനീഷ്യയിലേക്ക് റോഹിംഗ്യന്‍ കുടിയേറ്റം നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്‍ഡൊനീഷ്യയിലെ ഉപയോഗശൂന്യമായ ഇമിഗ്രേഷന്‍ കെട്ടിടത്തിലാണ് ഇപ്പോള്‍ റോഹിംഗ്യന്‍ കുടിയേറ്റക്കാര്‍ താമസിക്കുന്നത്. എന്നാല്‍ ഇതെല്ലാം താത്കാലിക സംവിധാനമാണെന്നും റോഹിംഗ്യകളുടെ അടിസ്ഥാന പ്രശ്നം മ്യാന്‍മാറില്‍ തന്നെ തീര്‍ക്കണമെന്നുമാണ് ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ പറയുന്നത്.

 റോഹിംഗ്യക്കാര്‍ക്ക് തിരിച്ചുവരാമെന്ന് മ്യാന്‍മാര്‍ സമ്മതിച്ചതായി പറയുന്നുണ്ട്. ബംഗ്‌ളാദേശുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം മ്യാന്‍മാര്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ, അവിടെ അഭയാര്‍ഥികളായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് ലോകത്തെവിടെയെങ്കിലും ജീവിക്കുന്നതാണെന്നാണ് അഭയാര്‍ഥികളുടെ അഭിപ്രായം.