ഒട്ടാവ: കാനഡയിലെ സറേയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ വംശജയായ ഭൂവുടമയും അവരുടെ വാടകക്കാരനും തമ്മിലുണ്ടായ രൂക്ഷമായ തർക്കം നിയമപരമായ നടപടികളിലേക്ക് നീങ്ങുകമാത്രമല്ല, സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കുകൂടി വഴിവെച്ചിരിക്കുകയാണ്. ബാർബിക്യൂ ഉണ്ടാക്കുന്നതിനെ ചൊല്ലി ആരംഭിച്ച കലഹമാണ് പിന്നീട് വലിയ പ്രശ്നമായി മാറുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തത്.

To advertise here,

വാടകക്കാരനെ ശാരീരികമായി ഉപദ്രവിച്ചതായും അയാളുടെ താമസസ്ഥലത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും ഉടമയ്ക്കെതിരെ ആരോപണമുണ്ട്. ഈ സംഭവത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഭൂവുടമയായ രാജ് തിവാന എന്ന സ്ത്രീയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.

സറെയിൽ (Surrey) ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥയിൽ നിന്ന് തനിക്ക് ഉപദ്രവം നേരിടേണ്ടി വന്നതായി കാണിക്കുന്ന വീഡിയോകൾ കനേഡിയൻ വാടകക്കാരൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചതിനെ തുടർന്നാണ് സംഭവം വൈറലായത്. ശരിക്കും എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല, വൈറലായ വീഡിയോകളുടെ സത്യാവസ്ഥ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടുമില്ല. 

തിവാന വാടകയ്ക്ക് നൽകിയിരുന്ന വീട്ടിൽ ബാർബിക്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിന്നാണ് ഈ പ്രശ്‌നങ്ങൾ തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാടകക്കാരൻ തന്റെ കൂട്ടുകാരനോടൊപ്പം വീട്ടുവളപ്പിൽ പാചകം ചെയ്യുന്നതിനിടയിൽ, തന്റെ വസ്തുവിൽ ബാർബിക്യൂ ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് വീട്ടുടമസ്ഥ കടന്നുവരുന്നതായാണ് വീഡിയോകളിൽ കാണാനാവുക.

ഒരു ചെറിയ തർക്കമായി ആരംഭിച്ച ഈ സംഭവം പിന്നീട് വാടകക്കാരനും വീട്ടുടമസ്ഥയും തമ്മിലുള്ള വലിയ വഴക്കായി മാറുകയായിരുന്നു. ബാർബിക്യൂ ഉണ്ടാക്കുന്നതിലൂടെ വാടകക്കാരൻ തന്റെ വീട് കത്തിക്കാൻ ശ്രമിക്കുകയാണെന്ന് സ്ത്രീ ആരോപിച്ചു. 

സ്വന്തം സ്വത്ത് സംരക്ഷിക്കേണ്ടതുണ്ടെന്നും ബാർബിക്യൂ ആസ്വദിക്കണമെങ്കിൽ വാടകക്കാരൻ കൂട്ടുകാരന്റെ വീട്ടിൽ പോയി അങ്ങനെ ചെയ്യൂ എന്നുമായിരുന്നു വീട്ടുടമസ്ഥയുടെ വാദം. ഇതിന്, 'എനിക്ക് 50 വയസ്സായി. എനിക്ക് എന്റെ കൂട്ടുകാരനെ അത്താഴത്തിന് ക്ഷണിക്കാം, ഞാൻ വാടക നൽകുന്നുണ്ട്.' എന്നായിരുന്നു വാടകക്കാരന്റെ മറുപടി.

ഈ തർക്കത്തിന് ശേഷം, വീട്ടുടമസ്ഥ വാടകക്കാരന്റെ മുറിയിൽ അതിക്രമിച്ച് കയറുകയും പൂട്ട് മാറ്റിയതായും ഇൻഡോർ ക്യാമറയിൽ പതിഞ്ഞു. ഒരു വീഡിയോയിൽ, വീട്ടുടമസ്ഥ വാടകക്കാരനെ കല്ലുകൊണ്ട് എറിയുന്നതും പിന്നീട് ആക്രമിക്കുന്നതും കാണാമായിരുന്നു. ആ വീഡിയോയിൽ, താൻ പോലീസിനെ വിളിച്ചിട്ടുണ്ടെന്നും പോലീസ് കോളിലുണ്ടെന്നും സ്ത്രീ പറയുന്നുണ്ടായിരുന്നു.

പിന്നീട് വീട്ടുടമസ്ഥ മനഃപൂർവ്വം തന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി വാടകക്കാരൻ ആരോപിച്ചു. അദ്ദേഹത്തിന്റെ വീഡിയോകൾക്ക് താഴെ വലിയ ചർച്ചകളാണ് നടക്കുന്നത്. ചില വീട്ടുടമസ്ഥർ വാടകക്കാരെ അടിമകളെ പോലെയാണ് കാണുന്നതെന്നും ഈ സമീപനത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല എന്നും പലരും അഭിപ്രായപ്പെടുന്നു.

മുമ്പ് ഈ കെട്ടിടത്തിൽ താമസിച്ചിട്ടുണ്ടെന്നും ഈ സ്ത്രീയിൽ നിന്ന് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവകാശപ്പെട്ടു. ഏറ്റവും ഒടുവിലായി, വീട്ടുടമസ്ഥയുടെ വീട്ടിലേക്ക് പോലീസ് എത്തുന്നതിന്റെയും അവരെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും വാടകക്കാരൻ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് ഇവർക്ക് എന്ത് സംഭവിച്ചു എന്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.