സാക്ഷര കേരളത്തിലെ ഭര്‍തൃബലാത്സംഗങ്ങള്‍- പരമ്പര മുഴുവൻ വായിക്കാം


നിലീന അത്തോളി/ nileenaatholi2@gmail.com

28 min read
Series
Read later
Print
Share

12/7/2019 മുതല്‍ 17/7/2019 വരെ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച പരമ്പരയുടെ പൂര്‍ണരൂപം

illustration വിജേഷ് വിശ്വം

ഗർഭച്ഛിദ്ര നിയമത്തിൽ പരിഗണിക്കുന്ന ‘ബലാത്സംഗ’ത്തിൽ ‘ഭർതൃബലാത്സംഗ’വും ഉൾപ്പെടുമെന്ന സുപ്രധാന വിധി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. കേരളത്തിലെ സ്ത്രീകൾ ഭർത്താക്കൻമാരിൽ നിന്ന് നേരിടുന്ന ലൈംഗികാതിക്രമത്തെയും ലൈംഗികാധിനിവേശത്തെയും കുറിച്ച് ആഴത്തിൽ പഠിച്ചെഴുതിയ ലേഖനം 2019 ൽ മാതൃഭൂമി പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. കുറ്റകൃത്യമല്ലെന്ന് പൊതു സമൂഹം കരുതിയ ഒരു വിഷയത്തെ കുറ്റകൃത്യമായി അവതരിപ്പിക്കലായിരുന്നു പരമ്പരയിലൂടെ 2019ൽ മാതൃഭൂമി ചെയ്തത്. ആ പരമ്പര വായിക്കാം.

26 വയസ്സുള്ള ജേണലിസം വിദ്യാര്‍ഥിനിയായ സൈനു(യഥാര്‍ഥ പേരല്ല) 1999ലാണ് പേര് കേട്ട കോളേജിലെ പ്രൊഫസറുടെ ഭാര്യയാവുന്നത്. വിവാഹം കഴിഞ്ഞ ദിവസം കാറിലുള്ള യാത്രയില്‍ വെച്ചുതന്നെ ആത്മനിയന്ത്രണമില്ലാത്ത പെരുമാറ്റം ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നുണ്ടായി. ഇഷ്ടക്കേട് കാണിച്ചെങ്കിലും അതയാള്‍ക്ക് പ്രശ്നവുമായിരുന്നില്ല. ആദ്യപ്രസവത്തിനു ശേഷമാണ് ലൈംഗികമായ അക്രമോത്സുകത ഭര്‍ത്താവ് കൂടുതല്‍ കാണിക്കുന്നത്. രണ്ടാമത്തെ കുട്ടി ഭര്‍തൃ ബലാല്‍സംഗത്തിന്റെ ഉത്പന്നമായിരുന്നു എന്ന് തെല്ല് വിഷമത്തോടെയാണ് സൈനു പറയുന്നത്. ഒരുപാട് സങ്കീര്‍ണ്ണതകളുള്ള ഗര്‍ഭമായിരുന്നു. പൂര്‍ണ്ണ ബെഡ് റെസ്റ്റ് നിര്‍ദേശിച്ചിരുന്ന സൈനുവിനെ എട്ടാം മാസത്തില്‍ ഭര്‍ത്താവ് ബലാത്സംഗം ചെയ്തു. ഇതുമൂലം വയറിറങ്ങി പിന്നീടുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. 'ശാരീരികമായി ഉപദ്രവിച്ചാല്‍ നിന്റെ വീട്ടുകാര്‍ അറിയും. അതിനാല്‍ എന്റെ ഈര്‍ഷ്യ മുഴുവന്‍ നിന്നെ ലൈംഗികമായും മാനസികമായും ഞാന്‍ പീഡിപ്പിച്ച് തീര്‍ക്കും' എന്നാണ് സ്ത്രീധനം കുറഞ്ഞതിലുള്ള ദേഷ്യം തീര്‍ത്തുകൊണ്ട് ഒരു ദിവസം അയാള്‍ സൈനുവിനോട് പറഞ്ഞത്. അതായത് ലൈംഗികമായ ആക്രമങ്ങളെ സ്ത്രീകള്‍ തുറന്നു പറയാനും പ്രതിരോധിക്കാനും ഭയക്കുകയും മടിക്കുകയും ചെയ്യുമെന്ന ഉത്തമബോധ്യത്തില്‍ തന്നെ. പീഡനപര്‍വ്വത്തില്‍ നിന്നാണ് വിവാഹമോചനം നേടാന്‍ സൈനു തീരുമാനിക്കുന്നത്. ലക്ഷങ്ങള്‍ മാസ ശമ്പളമുള്ള ഭര്‍ത്താവ് മക്കളുടെ വിദ്യാഭ്യാസത്തിനായി വെറും 3500 രൂപയാണ് സൈനുവിന് അയച്ചു കൊടുക്കുന്നത്. അയാള്‍ മൂന്നാമതും വിവാഹതിനായി. കുട്ടികളുമുണ്ട്.

ബർട്രാന്റ് റസ്സൽ

ആഗ്രഹിക്കാത്തരീതിയിലുള്ള ലൈംഗികബന്ധം സഹിക്കുന്നവരില്‍ ലൈംഗികത്തൊഴിലാളികളേക്കാള്‍ കൂടുതലായിരിക്കും വിവാഹജീവിതത്തിലെ സ്ത്രീകളുടെ എണ്ണം എന്ന് ബെര്‍ട്രാന്റ് റസ്സല്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് പറഞ്ഞിരുന്നു. പക്ഷേ, ഇന്നും വൈവാഹികജീവിതത്തിലെ ബലാത്സംഗങ്ങള്‍ ഇന്ത്യയില്‍ ക്രമിനല്‍ കുറ്റമല്ല.

സാക്ഷരതാനിരക്കിലും പ്രാഥമിക വിദ്യാഭ്യാസത്തിലും മാനവികവികസന സൂചികയിലും മുന്നില്‍നില്‍ക്കുന്ന കേരളീയസമൂഹത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരളീയ സമൂഹമോ നമ്മുടെ നിയമമോ ഒരിക്കലും ഗൗരവതരമായ മനഷ്യാവകാശലംഘനമായി ഈ പ്രശ്നത്തെ അഭിമുഖീകരിക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്തിട്ടില്ല.

ഇന്ത്യയിലെ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിലേര്‍പ്പെടാം എന്നതാണ് നിലവിലെ അവസ്ഥ. അതിനുള്ള പ്രധാനകാരണം ബലാത്സംഗത്തെ നിര്‍വചിച്ച നമ്മുടെ നിയമപുസ്തകത്തില്‍ ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ല എന്നതാണ്. ബലാത്സംഗത്തിന്റെ കാര്യത്തില്‍ ലൈംഗികത്തൊഴിലാളികള്‍ക്കു നല്‍കുന്ന പരിഗണന ഇന്ത്യന്‍ നിയമം വിവാഹിതയായ സ്ത്രീക്ക് നല്‍കുന്നില്ല. താലി അല്ലെങ്കില്‍ വിവാഹ ഉടമ്പടി ജീവിതകാലം മുഴുവന്‍ അയാള്‍ പറയുന്ന ലൈംഗികവൈകൃതങ്ങള്‍ക്ക് അവള്‍ നല്‍കുന്ന ലൈസന്‍സായി പരിഗണിക്കുകയാണ് കുടുംബവും സമൂഹവും നിയമവും.

എന്താണ് മാരിറ്റല്‍ റേപ് അഥവാ ഭര്‍തൃബലാത്സംഗം

Also Read

ലൈംഗികത നിഷേധിച്ചാൽ ഭാര്യയെ തല്ലാമെന്ന് ...

കളിച്ചും പഠിച്ചും നടക്കേണ്ട പ്രായം: 2019 ...

കോവിഡ് ആദ്യ തരംഗം:സാമൂഹിക ക്ഷേമ ബോർഡിൽ ...

ലൈംഗിക തൊഴിലാളിക്ക് 'നോ' പറയാൻ അവകാശമുണ്ട്; ...

ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം: ഹർജികളിൽ ...

ഭർത്താവിനാൽ ബലാത്സം​ഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ ...

ഭർതൃബലാത്സംഗം: സർവേ നടത്തുന്നത് പരിഗണിക്കും ...

സ്ത്രീക്ക് താത്പര്യമില്ലാതിരിക്കെ തന്റെ പങ്കാളിയില്‍നിന്ന് നിര്‍ബന്ധിത ലൈംഗികവൃത്തി നേരിടുന്നതാണ് ഭര്‍ത്തൃബലാത്സംഗമെന്ന് പറയുന്നത്. ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ സമ്മതമില്ലാതെയോ ഭര്‍ത്താവ് ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അത് ഭര്‍ത്തൃബലാത്സംഗത്തിന്റെ പരിധിയില്‍വരും എന്നാണ് ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര തലത്തിലെ നിര്‍വചനം.

ഭര്‍ത്തൃബലാത്സംഗം മൂന്നുതരത്തിലുണ്ട്. നിര്‍ബന്ധിത ലൈംഗികബന്ധം, അക്രമംനിറഞ്ഞ ലൈംഗികബന്ധം (ഗാര്‍ഹിക പീഡനമുള്‍പ്പെടെ), സാഡിസ്റ്റിക് റേപ് (പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കല്‍). യണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ 2000-ത്തിലെ കണക്കുപ്രകാരം ഇന്ത്യയില്‍ മൂന്നിലൊരു ഭാര്യ, ഭര്‍ത്താവിനാല്‍ നിര്‍ബന്ധിത ലൈംഗികബന്ധത്തിന് വിധേയയാവുന്നുണ്ട്. എന്നിട്ടും 2013-ല്‍ സര്‍ക്കാര്‍ ക്രിമിനല്‍ നിയമം ഭേദഗതിചെയ്തപ്പോള്‍ മാരിറ്റല്‍ റേപ്പിനെ ബലാത്സംഗത്തിന്റെ പരിധിയില്‍ കൊണ്ടുവന്നില്ല.

എന്‍.എഫ്.എച്ച്.എസ്. സര്‍വേ ഫലം

2015-16ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ-4 പ്രകാരം: ഇന്ത്യയിലെ 33 ശതമാനം സ്ത്രീകള്‍ (മൂന്നിലൊന്ന് സ്ത്രീകള്‍) പങ്കാളിയില്‍നിന്ന് ശാരീരികമോ മാനസികമോ ലൈംഗികമോ ആയ പീഡനങ്ങള്‍ നേരിട്ടവരാണ്. 7 ശതമാനം സ്ത്രീകള്‍ തങ്ങള്‍ക്ക് താത്പര്യമില്ലാത്ത അവസരങ്ങളില്‍ നിര്‍ബന്ധപൂര്‍വം പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. 6 ശതമാനം സ്ത്രീകള്‍ പുരുഷന്റെ ശാരീരികമായ ബലപ്രയോഗത്തിലൂടെ ബലാത്സംഗത്തിനിരയായവരാണ്. 4 ശതമാനം സ്ത്രീകളെ ഭീഷണിമുഴക്കിയോ മറ്റുവഴികളിലൂടെയോ ലൈംഗികബന്ധത്തിന് ഭര്‍ത്താക്കന്‍മാര്‍ നിര്‍ബന്ധിച്ചു

3 ശതമാനം പേര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തതരത്തിലുള്ള ലൈംഗികകേളികള്‍ക്ക് വിധേയരായി. ഇന്ത്യയിലെ അവിവാഹിതരായ സ്ത്രീകളില്‍ 1.8 ശതമാനം മാത്രമേ ലൈംഗികാതിക്രമം നേരിട്ടിട്ടുള്ളൂ. എന്നാല്‍, നിലവില്‍ വിവാഹിതരായ 6.7 ശതമാനം സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനിരയായിട്ടുണ്ട്.

മാരിറ്റല്‍ കണ്‍ട്രോള്‍

തിരുവനന്തപുരം സ്വദേശിനിയായ 49-കാരി രാധ തന്റെ 24-ാം വയസ്സിലാണ് വിവാഹിതയാവുന്നത്. 29-ാം വയസ്സില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ സുഹൃത്തുക്കളോട് സംസാരിച്ചാല്‍ രാധയോട് ഭര്‍ത്താവ് ദേഷ്യപ്പെടുമായിരുന്നു. ഒരിക്കല്‍ രാധയെ കാണാന്‍ സഹപ്രവര്‍ത്തകന്‍ വന്നത് ഭര്‍ത്താവിനെ ക്ഷുഭിതനാക്കി. സഹപ്രവര്‍ത്തകന്‍ വീട്ടിലെ അതിഥിമുറിയിലിരിക്കെ കിടപ്പുമുറിയില്‍വെച്ച് സ്വന്തം ഭാര്യയെ അയാള്‍ ബലാത്സംഗം ചെയ്തു. അതിനുശേഷം ഏത് സുഹൃത്തോ സഹപ്രവര്‍ത്തകനോ വീട്ടില്‍വന്നാലും മുകളിലത്തെ കിടപ്പുമുറിയില്‍വെച്ച് അവള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായി രീതി.

ഒരിക്കല്‍ മകളോട് തുറന്നുപറഞ്ഞപ്പോള്‍ അവളാണ് അമ്മയ്ക്ക് ധൈര്യംപകര്‍ന്നത്. നിലവില്‍ വിവാഹമോചിതയല്ല രാധ. താനുംകൂടി അധ്വാനിച്ചു കെട്ടിപ്പടുത്ത വീടായതിനാല്‍ വീട്ടില്‍തന്നെ രണ്ടാമത്തെ നിലയില്‍ കഴിയുന്നു. വീടിന് ലോണെടുത്തത് രാധയുടെ പേരിലും വീട് ഭര്‍ത്താവിന്റെ പേരിലുമാണ്. അതിനാല്‍ ആ വീട്ടിനുള്ളില്‍ത്തന്നെ നിയമപരമല്ലാതെ വേര്‍പെട്ട് കഴിയുകയാണവര്‍. കുളിമുറിയില്‍ ക്യാമറവെച്ചും വീടിനുള്ളില്‍ മകളില്ലാത്ത സമയം നഗ്നനായി നടന്നും ഇപ്പോഴും മാനസികമായ ഉപദ്രവം രാധ സ്വന്തം വീടിനുള്ളില്‍ ഭര്‍ത്താവില്‍നിന്ന് നേരിടുന്നുണ്ട്.

മറ്റു പുരുഷന്‍മാരുമായി സംസാരിക്കുമ്പോള്‍ നിയന്ത്രണംവെക്കുന്നതരത്തിലുള്ള മാരിറ്റല്‍ കണ്‍ട്രോളിങ് ദാമ്പത്യജീവിതത്തിലെ അതിക്രമത്തിലേക്കുള്ള ആദ്യ ചില സൂചനകളായിവേണം കരുതാന്‍ എന്നാണ് എന്‍.എഫ്.എച്ച്.എസ്. സര്‍വേ പറയുന്നത്. പങ്കാളി മറ്റ് പുരുഷന്‍മാരുമായി സംസാരിക്കുമ്പോള്‍ ദേഷ്യമോ അസൂയയോ ഉണ്ടാവുക, വിശ്വസിക്കാന്‍ കൊള്ളാത്തവളെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുക, സ്ത്രീകളായ സുഹൃത്തുക്കളെ കാണുന്നതിനുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, സ്വന്തം കുടുംബവുമായുള്ള ബന്ധം പരിമിതപ്പെടുത്തുക, എവിടെയാണ് ഭാര്യ എന്ന് എല്ലായ്‌പ്പോഴും അറിയാന്‍ ശ്രമിക്കുക, പണം കൈയില്‍ ഏല്‍പ്പിക്കാന്‍ വിശ്വാസക്കുറവുണ്ടാവുക എന്നിവയില്‍ ഏതെങ്കിലും ഒന്ന് പങ്കാളി പ്രകടിപ്പിക്കുകയാണെങ്കില്‍ അത് മാരിറ്റല്‍ കണ്‍ട്രോളില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ 19 ശതമാനം സ്ത്രീകള്‍ ഭര്‍ത്താവില്‍നിന്ന് ഇതിലേതെങ്കിലും മൂന്നുതരത്തിലുള്ള പെരുമാറ്റമെങ്കിലും ചുരുങ്ങിയത് നേരിട്ടവരാണ്. ഗ്രാമീണമേഖലകളിലാണ് മാരിറ്റല്‍ കണ്‍ട്രോള്‍ കൂടുതലായി കണ്ടുവരുന്നത്. 21 ശതമാനം, 15 ശതമാനം എന്നിങ്ങനെയാണ് ഗ്രാമീണമേഖല, നഗരമേഖലകളിലെ കണക്കുകള്‍. മാരിറ്റല്‍ കണ്‍ട്രോളിങ് സ്വഭാവം കാണിക്കുന്ന ഭര്‍ത്താക്കന്‍മാരില്‍ 73 ശതമാനം ഏതെങ്കിലും തരത്തിലുള്ള അക്രമവും (ശാരീരികമോ മാനസികമോ ലൈംഗികമോ) ഭാര്യമാരോട് കാണിച്ചിട്ടുണ്ട്.

ശാരദക്കുട്ടി

മലപ്പുറത്തുകാരായ ഭാര്യയും ഭര്‍ത്താവും വിവാഹിതരായിട്ട് 17 കൊല്ലമായി. സ്വന്തം ശാരീരികാവസ്ഥയും രോഗവുംവരെ പരിഗണിക്കാതെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്നയാളാണ് ഭര്‍ത്താവ്. ആര്‍ത്തവസമയങ്ങളിലും ലൈംഗികബന്ധത്തിനായി നിര്‍ബന്ധിക്കും. എങ്കിലും ഭര്‍ത്താവിന് സ്നേഹമെന്നാണ് അവള്‍ പറയുന്നത്. ഗാര്‍ഹിക പീഡനങ്ങളൊന്നുമില്ല. പക്ഷേ, സ്വന്തം ആരോഗ്യം നോക്കാതെ ലൈംഗികബന്ധത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നത് ഗാര്‍ഹികപീഡനമാണെന്ന് അവള്‍ക്കിനിയും അറിവില്ല. ആര്‍ത്തവസമയത്തും രോഗംവരുമ്പോഴുമുള്ള ലൈംഗികബന്ധം സഹിക്കവയ്യാതെ ആത്മഹത്യചെയ്യാനവള്‍ക്ക് തോന്നിയിട്ടുണ്ട്. എന്നിട്ടും ഭര്‍ത്താവ് തന്നെ സ്നേഹിക്കുന്നു എന്നാണ് അവള്‍ പറയുന്നത്.

''സ്നേഹമെന്ന വ്യാജബോധ്യത്തിന്റെ അടിമകളാണ് പലപ്പോഴും സ്ത്രീകള്‍. കാലുപിടിക്കുമ്പോഴും കരയുമ്പോഴും ക്ഷമപറയുമ്പോഴും കിട്ടുന്നതാണ് സ്നേഹം എന്ന് അവര്‍ കരുതുന്നു. അതാണ് സ്നേഹമെന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. അതിനാലാണ് മാരിറ്റല്‍ കണ്‍ട്രോളിങ്ങും മാരിറ്റല്‍ റേപ്പും നടക്കുമ്പോഴും ഭര്‍ത്താവിന് സ്നേഹമാണെന്ന് അവളെക്കൊണ്ട് പറയിപ്പിക്കുന്നത്'' - എഴുത്തുകാരി ശാരദക്കുട്ടി പറയുന്നു.

ഭര്‍തൃബലാത്സംഗവും കേരളവും

ഇന്ത്യയില്‍ 6.6 ശതമാനം സ്ത്രീകള്‍ ഭര്‍ത്താവില്‍നിന്ന് ലൈംഗികാതിക്രമം നേരിടുന്നുണ്ടെങ്കില്‍ കേരളത്തില്‍ 3.8 ശതമാനം വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്തൃബലാത്സംഗത്തിന്റെ ഇരകളാണെന്നാണ് എന്‍.എഫ്.എച്ച്.എസ്. സര്‍വേ-4 പറയുന്നത്. ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍, രാജസ്ഥാന്‍, മേഘാലയ, സിക്കിം, മഹാരാഷ്ട്ര, അസം, മിസോറം, ഗോവ, അന്തമാന്‍ തുടങ്ങിയ 12 സംസ്ഥാനങ്ങളെക്കാള്‍ ഉയര്‍ന്ന ഭര്‍ത്തൃബലാത്സംഗനിരക്കാണ് കേരളത്തിലുള്ളത്. സ്ത്രീകളുടെ ആരോഗ്യത്തിലും മാനവവികസനസൂചികയിലും കേരള?െത്തക്കാള്‍ പിറകിലായ സംസ്ഥാനങ്ങളാണിവ എന്നോര്‍ക്കണം.

കേരള സാമൂഹികക്ഷേമ ബോര്‍ഡിന്റെ കണക്കുപ്രകാരം 2015 മുതല്‍ 2018-നിടെ 18,378 ഗര്‍ഹികപീഡനക്കേസുകളില്‍ 2482 പേര്‍ ഭര്‍ത്തൃബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് കണക്കുകള്‍. 2015-'16-ല്‍ 6051 ഗാര്‍ഹിക പീഡനക്കേസുകളില്‍ 716-ഉം വൈവാഹിക ബലാത്സംഗമായിരുന്നു. 2016-'17ല്‍ കേരളത്തില്‍ ഫയല്‍ചെയ്ത 6022 വിവാഹമോചനക്കേസുകളില്‍ 4626 സ്ത്രീകളും ശാരീരികമായ അതിക്രമങ്ങള്‍ നേരിട്ടവരാണ്. ഇതില്‍ 854 പേരും ബലാത്സംഗത്തിനിരയാവുകയും ലൈംഗികചൂഷണത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ട്. 2017-'18 ആകുമ്പോള്‍ 6305 ഗാര്‍ഹികപീഡനക്കേസുകളില്‍ 912 പേര്‍ ഭര്‍ത്തൃബലാത്സംഗത്തിനിരയായി. 2016-'17 -ലെ കണക്കുപ്രകാരം ഭര്‍ത്തൃബലാത്സംഗക്കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരത്താണ്. 1325 കേസുകളില്‍ 309 എണ്ണത്തിലും ഭാര്യമാര്‍ ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുണ്ട്. ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആലപ്പുഴയിലും മലപ്പുറത്തും കാസര്‍കോട്ടുമാണ്. 5, 7, 9 വീതമാണത്.

തൊട്ടുമുമ്പുള്ള രണ്ടുവര്‍ഷത്തെ അപേക്ഷിച്ച് 2018-'19-ല്‍ റിപ്പോര്‍ട്ടുചെയ്ത കേസുകളില്‍ വലിയ കുറവുണ്ട്. 5025 ഗാര്‍ഹിക പീഡനക്കേസുകളില്‍ 783 ഭാര്യമാരാണ് ലൈംഗികപീഡനം നേരിട്ടത്.

എന്നാല്‍, അഭയകേന്ദ്രങ്ങളില്‍ ചിലത് നിര്‍ജീവാവസ്ഥയിലായതും സേവനകേന്ദ്രങ്ങളില്‍നിന്ന് കൃത്യമായ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതുംമൂലമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് സാമൂഹികക്ഷേമ ബോര്‍ഡ് ഡിവി. ആക്ട് പ്രോജക്ട് മാനേജര്‍ മുഹമ്മദ് നിസാര്‍ പറയുന്നു.

കേരളത്തിലെ കണക്കുകള്‍ ഇനിയും കൂടും

സ്ത്രീകള്‍ തുറന്നുപറയാത്ത അനേകം ഭര്‍ത്തൃബലാത്സംഗക്കേസുകളുണ്ട് കേരളത്തില്‍. ''പൊതുവേ സ്ത്രീകള്‍ ശാരീരികവും സാമ്പത്തികവുമായ ചൂഷണം മാത്രമേ പറയാറുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ 2015-നും 18-നുമിടയില്‍ 3000-ത്തിലധികം പേരെങ്കിലും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടാവാം'' -എന്നാണ് പത്തനംതിട്ട സര്‍ക്കാര്‍ മഹിളാ മന്ദിരം ലീഗല്‍ കൗണ്‍സലര്‍, സ്മിത ചന്ദിന്റെ അഭിപ്രായം.

''ക്രൂരമായ ലൈംഗികാതിക്രമം മാത്രമാണെങ്കിലേ കേസില്‍ അത് രേഖപ്പെടുത്തപ്പെടാറുള്ളൂ. ഒരുതവണ സംഭവിച്ചതൊന്നും എഴുതാറില്ല. തെളിവ് ഹാജരാക്കാനുള്ള ബുദ്ധിമുട്ടാണ് ലൈംഗികചൂഷണം കേസില്‍ രേഖപ്പെടുത്താതിരിക്കാനുള്ള മറ്റൊരുകാരണം. വനിതാ അഭിഭാഷകയാണെങ്കിലേ പറയാന്‍ പലപ്പോഴും സ്ത്രീകള്‍ താത്പര്യപ്പെടാറുള്ളൂ. ഇവകൊണ്ടെല്ലാംതന്നെ സേവനകേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ടുചെയ്യുന്ന കേസുകളില്‍ ലൈംഗികചൂഷണം നടന്നതായി പരമാര്‍ശിക്കപ്പെടാതെയോ രേഖപ്പെടുത്തപ്പെടാതെയോ പോകുന്നുണ്ട് ''- സ്മിത ചന്ദ് പറയുന്നു.

ഗാര്‍ഹികപീഡന ഇരകള്‍ക്കായുള്ള കേരളത്തിലെ അഭയകേന്ദ്രങ്ങളിലും ഭര്‍ത്തൃബലാത്സംഗക്കേസുകളെത്തുന്നുണ്ട്. അഭിഭാഷകര്‍മുഖേന കേരളത്തിലെ ഓരോ കുടുംബക്കോടതികളിലും പോലീസിലും കുടുംബശ്രീയിലും ഫാമിലി കൗണ്‍സലിങ് കേന്ദ്രങ്ങളിലും റിപ്പോര്‍ട്ടുചെയ്യപ്പെട്ട കേസുകള്‍ ഒട്ടേറെയാണ്.

കേരളത്തിലെ സ്ത്രീകളില്‍ 16 ശതമാനം ശാരീരികമോ മാനസികമോ ലൈംഗികമോ ആയ ഏതെങ്കിലും തരത്തിലുള്ള പീഡനം ഭര്‍ത്താവില്‍നിന്ന് നേരിടുന്നവരാണ്. 92.1 ശതമാനം വീട്ടമ്മമാര്‍ കുടുംബതീരുമാനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന, സ്വന്തമായി വീടോ സ്ഥലമോ ഉള്ള 34.9ശതമാനം സ്ത്രീകളും ബാങ്ക് അക്കൗണ്ട് സ്വന്തമായുള്ള 70.6ശതമാനം സ്ത്രീകളുമുള്ള സംസ്ഥാനത്തിലാണ് ഭര്‍തൃ ബലാല്‍സംഗം ഇത്ര കൂടുതലുള്ളത്. അതും തീവ്രമായ രീതിയിലുള്ള ലൈംഗികാതിക്രമം.

പോണ്‍ സിനിമകളുടെ അതിപ്രസരം, മെന്‍സ്ട്ര്വല്‍ ടൈമിലെ നിര്‍ബന്ധിത ലൈംഗിക വൃത്തി, ഗര്‍ഭാവസ്ഥയിലിരിക്കുമ്പോഴുള്ള നിര്‍ബന്ധിത ലൈംഗിക വൃത്തി, നിര്‍ബന്ധിത ഓറല്‍ സെക്സ്, പുറത്ത് പറയില്ലെന്ന ഉറപ്പിന്‍മേലുള്ള ഭര്‍ത്താക്കന്‍മാരുടെ അമിത ലൈംഗിക ആവശ്യങ്ങള്‍. എന്നിങ്ങനെ വിവിധ തരത്തിലാണ് ഭര്‍ത്താവില്‍ നിന്ന് ഓരോ സ്ത്രീയും ലൈംഗിക പീഡനം നേരിടുന്നത്. ഇവിടെ ഭാര്യമാര്‍ക്ക് തങ്ങള്‍ ലൈംഗിക ഇരകളാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ പോലുമുള്ള അവബോധം ലഭിച്ചിട്ടില്ല. അങ്ങനെയൊരു സമൂഹത്തില്‍ പരാതികള്‍ കുറയും.

CHAPTER 2- പുരുഷാധിപത്യത്തിന്റെ പരിണതഫലങ്ങൾ

പത്തൊമ്പതുകാരിയായ ബ്യൂട്ടീഷന്റേത് പ്രണയവിവാഹമായിരുന്നു. ഭാര്യയോട് സ്നേഹമായിരുന്നിട്ടും അവള്‍ക്ക് ലഭിക്കുന്ന അധികവരുമാനം ഭര്‍ത്താവില്‍ അപകര്‍ഷതാബോധം വളര്‍ത്തി. ഈ അപകര്‍ഷതയെ അയാള്‍ മറികടന്നതാവട്ടെ ഭാര്യയ്ക്കുമേല്‍ ലൈംഗികമായ അധിനിവേശവും അധികാരവും സ്ഥാപിച്ചു കൊണ്ടായിരുന്നു.സിഗരറ്റ് തുടയില്‍ വെച്ച് കെടുത്തിയും അവളെ മനപ്പൂര്‍വ്വം വേദനിപ്പിച്ച് സെക്സ് ആസ്വദിച്ചും തന്നിലെ അപകര്‍ഷതയെ അയാള്‍ തൃപ്തിപ്പെടുത്തി. ഈ സ്ത്രീയെ തോല്‍പിക്കാനുള്ള ഏക ഇടമായി അയാള്‍ കാണ്ടത് കിടപ്പറയായിരുന്നു. അവള്‍ ജോലിക്ക് പോകാനൊരുങ്ങി നില്‍ക്കുമ്പോള്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുക പതിവായി. പക്ഷെ അപ്പോഴും അവളുടെ എടിഎം കാര്‍ഡും പാസ്ബുക്കും കൈവശം വെക്കാനയാള്‍ മറന്നതേയില്ല. എന്‍എഫ്എച്ചഎസ്4 സര്‍വ്വേ പ്രകാരം ഇന്ത്യയിലെ ദിവസവേതന തൊഴിലാളികളായ സ്ത്രീകളില്‍ 39% പേര്‍ ഭര്‍തൃ പീഡനം നേരിടുന്നുണ്ടെങ്കില്‍ തൊഴില്‍രഹിതരായ 26% പേര്‍ മാത്രമേ ഭര്‍തൃ പീഡനം നേരിടുന്നുള്ളൂ. എന്ന കണക്ക് ഈ സംഭവത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഈ കണക്ക് ഈ സംഭവത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

തന്നെ സമീപിച്ച പങ്കാളിയില്‍ നിന്നുണ്ടായ ലൈംഗികാതിക്രമ കേസുകളില്‍ ബഹുഭൂരിഭാഗവും (95%) പുരുഷാധിപത്യ കുടുംബവ്യവസ്ഥയും ഭര്‍ത്താവിന്റെ ആണധികാര ഈഗോയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് കോഴിക്കോട് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ആയ ഡോ ഷീല പറയുന്നു. ഭാര്യയോടുള്ള സംശയം സംശയരോഗമാകുന്നു, ഭാര്യയ്ക്ക് തന്നേക്കാള്‍ അല്‍പം കൂടി സ്വീകാര്യത സമൂഹത്തില്‍ ലഭിക്കുമ്പോള്‍ ഈഗോയാവുന്നു. ഇതോടൊപ്പം പുരുഷാധിപത്യ കുടുംബ ഘടനനയനുസരിച്ചുള്ള ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പെരുമാറ്റം സ്ത്രീക്ക് ഭര്‍ത്താവുമായി അകല്‍ച്ച ഉണ്ടാക്കുന്നു. അത് ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തില്‍ പ്രതിഫലിക്കുകയും നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലെത്തിക്കുകയും ചെയ്യുന്നു. സഹകരിക്കാതെ വരുന്ന സ്ത്രീകള്‍ക്ക് നേരെ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ലേര്‍പ്പെടുന്ന ധാരാളം കേസുകളുണ്ടെന്നും ഡോ ഷീല പറയുന്നു.

സാമൂഹികബന്ധങ്ങള്‍ ധാരാളമുള്ളവളായിരുന്നു കോഴിക്കോട്ടുകാരിയായ സ്ത്രീ. 45കാരനായ ഭര്‍ത്താവാകട്ടെ തീരെ ഉള്‍വലിയല്‍ പ്രകൃക്കാരനും. താനും ഭാര്യയും പുറത്ത് പോകുമ്പോള്‍ ഭാര്യയെ ആളുകള്‍ ശ്രദ്ധിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്യുന്നത് ഇയാളിലെ ആണഹന്തയെ ഉണര്‍ത്തി. ഭര്‍ത്താവിനേക്കാള്‍ സമൂഹത്തിലും കുടുംബത്തിലും സ്വീകാര്യതയും സൗഹൃദവും ഭാര്യയ്ക്കുണ്ടാകുന്നത് ഇയാള്‍ക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഇതെല്ലാം കിടപ്പുമുറിയില്‍ ഭാര്യയോട് തീര്‍ക്കുന്നത് പതിവായി. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കടിച്ചും നുള്ളിയും ഭാര്യ എത്രത്തോളം വേദനിക്കുന്നുവോ അത്രത്തോളം അയാളുടെ ആണെന്ന ബോധം തൃപ്തിപ്പെടുന്നത് പതിവായി. അങ്ങനെയാണ് സൈക്കോളജിസ്റ്റിന്റെ സഹായം തേടി ഭാര്യയെത്തുന്നത്. കൗണ്‍സിലിങ്ങിലൂടെ ഒടുവില്‍ ഈ പീഡനങ്ങള്‍ അവസാനിച്ചെങ്കിലും ഇത്തരത്തില്‍ പരാതി പറയാനവാതെ ജീവിതകാലം മുഴുവന്‍ സഹിക്കുന്ന സ്ത്രീകളായിരിക്കും നമുക്ക് ചുറ്റിലും കൂടുതലെന്ന് ഡോ ഷീല പറയുന്നു.

പവിത്രതയ്ക്ക് ഊന്നല്‍ നല്‍കി കെട്ടിപ്പടുത്ത വിവാഹബന്ധത്തിലൂടെ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയാണെന്ന കാര്യം മൂടിവെക്കാന്‍ ശ്രമിക്കുന്നവരാണ് സ്ത്രീകള്‍. മാത്രമല്ല അവളെ വളര്‍ത്തിയ കുടുംബവും സമൂഹവും ഭര്‍തൃ ബലാത്സംഗം എന്താണെന്ന തിരിച്ചറിവ് പോലും സ്ത്രീകള്‍ക്ക് നല്‍കുന്നില്ല. ഇത്തരം പരാതികളുമായെത്തുന്ന പെണ്‍മക്കളോട് അച്ഛനമ്മമാര്‍ പറഞ്ഞ് ശീലിച്ചത് അഡ്ജസ്റ്റ് ചെയ്യൂ എന്നാണ്. വീട്ടില്‍ കലഹങ്ങളുണ്ടാകുമ്പോള്‍ അമ്മമാര്‍ അനുരഞ്ജനവുമായെത്തുന്നത് കണ്ടാണ് പെണ്‍മക്കള്‍ വളരുന്നത്. മറ്റ് സ്ത്രീകളോടൊപ്പം ഭര്‍ത്താവ് പോകുമെന്ന പേടിയില്‍ ലൈംഗികവിധേയത്വത്തിന് ഒരുങ്ങുന്നവരുമുണ്ട്.

ഭര്‍ത്താവില്ലെങ്കില്‍ സാമൂഹിക സുരക്ഷയില്ല

മക്കള്‍ക്ക് അച്ഛനില്ലാതാകും, ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതാകും എന്ന കാരണങ്ങള്‍ കൊണ്ട് മാത്രം ആയിരക്കണക്കിന് സ്ത്രീകളാണ് കേരളത്തിലെ വീട്ടകങ്ങളില്‍ വെന്തുരുകി കഴിയുന്നത്. ജീവിക്കാന്‍ വരുമാനമില്ലാത്ത അവസ്ഥ, ഭര്‍ത്താവില്ലാത്ത സ്ത്രീയെന്ന അരക്ഷിത ബോധം, തുടര്‍പഠനത്തിന്റെയും തൊഴിലിന്റെയും അഭാവം, സാമൂഹിക ബന്ധങ്ങളില്ലായ്മ തുടങ്ങിയ ഒട്ടേറെ കാരണങ്ങളാണ് ഇത്തരം അസഭ്യവും അവഹേളനവും നിറഞ്ഞ ബന്ധം തുടര്‍ന്നു പോകാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകാന്‍ കാരണം. വിവാഹ മോചനം മൂലം കുട്ടികള്‍ക്കുണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ടുകളുടെയും വിഷമങ്ങളുടെയും കാരണക്കാരിയായി സ്ത്രീകളെ സമൂഹം മുദ്രകുത്തുന്നതും ഈ ബലാല്‍ക്കാരങ്ങള്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നു.

ഭര്‍തൃ ഭയത്തില്‍ ജീവിക്കുന്നവര്‍

ഇരുപത്തൊന്നാം വയസ്സിലാണ് കോട്ടയംകാരിയായ ജെന്നി (യഥാര്‍ഥ പേരല്ല) വിവാഹിതയാവുന്നത്. ഭര്‍ത്താവിന് 29 വയസ്സായിരുന്നു. ആദ്യരാത്രിയില്‍ ആക്രമണോത്സുകതയോടെയാണ് ഭര്‍ത്താവ് പെരുമാറിയത്. ഒട്ടേറെ തവണ ബലാത്സംഗം ചെയ്തു. ഒച്ചവെക്കാന്‍ പോലും വയ്യാത്ത അവസ്ഥ. (പീഡനങ്ങളെ തടുക്കാന്‍ ഒച്ചവെക്കുന്നത് സ്വാഭാവികമായ പ്രതികരണമാണ്. എന്നാല്‍ വിവാഹ ജീവിതത്തില്‍ സ്ത്രീകള്‍ക്ക് അതിനു പോലുമുള്ള അനുവാദമില്ല. കുലീനയായ സ്ത്രീ ഭര്‍ത്താവ് ലൈംഗികമായി ആക്രമിക്കുമ്പോള്‍ സഹകരിച്ച് ആവശ്യം നിറവേറ്റി കൊടുക്കണമെന്നാണ് വീട്ടുകാരും മതങ്ങളും പഠിപ്പിക്കുന്നത്).

ആദ്യ പ്രസവം കഴിഞ്ഞ് മൂന്നാം മാസമാണ് ഭര്‍തൃവീട്ടിലെത്തുന്നത്. അന്നേ ദിവസം തന്നെ ശൗചാലയത്തില്‍ വെച്ച് ഭര്‍ത്താവ് ജെന്നിയെ ബലാത്സംഗം ചെയ്തു. ഇത് വിഷാദത്തിലേക്ക് തള്ളിവിട്ടു. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞ് മാനസികമായും ശാരീരികമായും തയ്യാറെടുക്കുന്നതിന് മുമ്പ് തന്നെ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ച് പ്രസവിച്ചു. എന്നാല്‍ പിന്നീടും ലൈംഗിക ബന്ധത്തിന് സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ ജെന്നി നിരസിച്ചു. അന്നവളെ കടിച്ചാണ് അയാള്‍ പ്രതികാരം തീര്‍ത്തത്. ഭയമാണവള്‍ക്കയാളെ. എന്നാല്‍ കുട്ടികള്‍ക്ക് അച്ഛനില്ലാതാകും തനിക്ക് ഭര്‍ത്താവില്ലാതാകും എന്ന സാമൂഹിക സുരക്ഷിതത്വമില്ലായ്മയും അവളെ അലട്ടുന്നു. അതിനാലാണ് ബന്ധത്തില്‍ തുടരുന്നതെന്നാണ് ജെന്നി ബന്ധം വേര്‍പ്പെടുത്താത്തതെന്തെന്ന ചോദ്യത്തോട് പ്രതികരിച്ചത്.

ഇന്ത്യയില്‍ ഭര്‍ത്താവിനെ ഭയപ്പെടുന്ന സ്ത്രീകളില്‍ 58% പേരും അതിക്രമത്തിനിരയാവുന്നുണ്ട്. ഭര്‍ത്താവിനെ പേടിയില്ലാത്ത സ്ത്രീകളില്‍ 20% മാത്രമേ അക്രമം നേരിടുന്നുള്ളൂ.വിവാഹം കഴിഞ്ഞ ആദ്യ രണ്ട് വര്‍ഷമാണ് 12% സ്ത്രീകള്‍ അതിക്രമം നേരിടുന്നതെങ്കില്‍ 23% പേര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ അതിക്രമം നേരിടുന്നവരാണ് (എന്‍എഫ്എച്ച്എസ് സര്‍വ്വെ).

*യുഎന്‍പിഎഫിന്റെ മാസ്‌കുലിനിറ്റി ഇന്റിമേറ്റ് പാര്‍ട്ട്നര്‍ വയലന്‍സ് ആന്‍ഡ് സണ്‍ പ്രിഫറന്‍സ് ഇന്‍ ഇന്ത്യ 2014ല്‍ പുറത്തിറക്കിയ പഠന പ്രകാരം ഭര്‍ത്താവ് ലൈംഗിക ബന്ധത്തിനാഗ്രഹിക്കുന്ന സമയത്ത് ഭാര്യ സമ്മതം മൂളണമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നുവെന്നാണ് ഇന്ത്യയില്‍ 77 ശതമാനം സ്ത്രീകള്‍ പറയുന്നത്. ഭര്‍ത്താവിന് ലൈംഗികത നിഷേധിക്കരുതെന്ന് 57.5 % പുരുഷന്‍മാരും 42.5% സ്ത്രീകളും വിശ്വസിക്കുന്നു. യഥാര്‍ഥ പുരുഷനാവണമെങ്കില്‍ പരുക്കനാവണമെന്ന് 93% പുരുഷന്‍മാരും 85% സ്ത്രീകളും വിശ്വസിക്കുന്നു.

ദേശീയ കുടുംബാരോഗ്യസര്‍വ്വേയും കേരള പുരുഷന്‍മാരുടെ മനസ്സും

സ്ത്രീകള്‍ ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് വിസമ്മതം പ്രകടിപ്പിക്കുകയാണെങ്കില്‍ അവളെ അടിക്കാനോ മര്‍ദ്ദിക്കാനോ അവകാശമുണ്ടെന്നും കേരളത്തിലെ 13.7% പുരുഷന്‍മാര്‍ കരുതുന്നു. 98.7% സാക്ഷരരായ പുരുഷന്‍മാരുള്ള കേരളത്തിലെ ഈ 13.7%ത്തിന് കേരളം അവകാശപ്പെടുന്ന വിദ്യാഭ്യാസ നിലവാരവും സാമൂഹിക വിദ്യാഭ്യാസവും നവ്വോത്ഥാനവും സ്വാധീനിച്ചിട്ടില്ലെന്ന് വേണം കരുതാന്‍.

ഹണിമൂണ്‍ ബലാല്‍സംഗങ്ങള്‍

ബിടെക്കുകാരിയായ തൃശ്ശൂരിലെ നവവധുവും ബിരുദാനന്തര ബിരുദം നേടിയ നവവരനും മധുവിധുവിന് പോയത് ഹിമാചല്‍ പ്രദേശിലായിരുന്നു. പോകുന്നതുവരെ ശാരീരീകമായ ബന്ധം ഇരുവരും തമ്മിലുണ്ടായിരുന്നില്ല. കാരണം പെണ്‍കുട്ടി മാനസികമായി തയ്യാറെടുത്തിട്ടില്ലായിരുന്നു. എന്നാല്‍ കാശുമുടക്കി ഹിമാചല്‍ വരെ പോയതിനാല്‍ ഭര്‍ത്താവിന് അമിത പ്രതീക്ഷകളായിരുന്നു. ഇതിന്റെ സമ്മര്‍ദ്ദം പെണ്‍കുട്ടിയുടെ മേല്‍ ചെലുത്തിക്കൊണ്ടേയിരുന്നു. പക്ഷെ പെണ്‍കുട്ടി ലൈംഗിക ബന്ധത്തിന് മാനസികമായി തയ്യാറെടുത്തിട്ടില്ലായിരുന്നു. അന്ന് ഹിമാചലില്‍ വെച്ച് ഹോട്ടലിലെ ശുചിമുറിയില്‍ നിന്ന് പുറത്തു വന്ന തക്കം നോക്കി നവവരന്‍ അവളെ ബലാല്‍സംഗം ചെയ്തു. വലിയ തോതില്‍ രക്തസ്രാവം ഉണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റിച്ചിടേണ്ട അവസ്ഥ വരെയുണ്ടായി. ഇതിനാല്‍ മധുവിധു മൂന്ന് ദിവസം കൂടി നീട്ടേണ്ടി വന്നു. പെണ്‍കുട്ടി സ്വന്തം സഹോദരിയെ വിളിച്ച് തന്റെ സങ്കടങ്ങള്‍ പറഞ്ഞു. എന്നാല്‍ സൂക്ഷിച്ചും കണ്ടും വേണ്ടേ എന്ന ചോദ്യത്തിലൂടെ ബലാല്‍സംഗത്തെ അവളുടെ സഹോദരി തീര്‍ത്തും ലളിതവത്കരിച്ചു. കുടുംബാംഗങ്ങളുടെ മുഴുവന്‍ ഉപദേശത്തെ തുടര്‍ന്ന് ഇപ്പോഴും ഈ ബന്ധത്തില്‍ തുടരുകയാണ് പെണ്‍കുട്ടി.

കേരളത്തില്‍ വിവാഹിതയായ സ്ത്രീകളെ സംബന്ധിച്ച് അവര്‍ അത് വരെ ശീലിച്ചും ജീവിച്ചും പോന്നിരുന്ന ചുറ്റുപാടില്‍ നിന്ന് തീര്‍ത്തും അപരിചിതമായ ലോകത്തിലേക്കാണ് കടന്നു ചെല്ലുന്നത്. അറേഞ്ച്ഡ് മാരേജ് ആകുമ്പോള്‍ ഈ അരക്ഷിതാവസ്ഥ കൂടും. അതിനാല്‍ തന്നെ പുതിയ ജീവിതസാഹചര്യവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. എന്നാല്‍ ആദ്യരാത്രി തന്നെ ലൈംഗികത ആവശ്യപ്പെടുന്നവരാണ് പുരുഷന്‍മാരില്‍ ചിലരെങ്കിലും. ഇതവരില്‍ ലൈംഗികതയെകുറിച്ചുള്ള ഭയം വര്‍ധിപ്പിക്കുന്നു.

'രണ്ടേമുക്കാല്‍ പവന്‍ താലി ഞാന്‍ അധ്വാനിച്ചുണ്ടാക്കിയാണ് നിന്റെ കഴുത്തില്‍ കെട്ടിയത്. അതിനാല്‍ എല്ലാറ്റിനുമുള്ള അവകാശം എപ്പോള്‍ വേണമെങ്കിലും തനിക്കുണ്ട്' എന്നാണ് ആദ്യ രാത്രിയില്‍ മലപ്പുറംകാരിയായ റുക്സാനയോട് തന്റെ ഭര്‍ത്താവ് പറഞ്ഞത്. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞയുടനായിരുന്നു വിവാഹം. അതിനാല്‍ സ്വന്തം ഭര്‍ത്താവിനെ പറഞ്ഞു മനസ്സിലാക്കാനോ എതിര്‍ക്കാനോ ഉള്ള പക്വത അവള്‍ക്കുണ്ടായിരുന്നില്ല. മാനസികമായി തയ്യാറെടുക്കുന്നതിനു മുമ്പെ വേശ്യയോട് പെരുമാറുന്നതു പോലെ തന്നോട് ഭര്‍ത്താവ് പെരുമാറി എന്നാണ് അവള്‍ക്ക് തോന്നിയത്. ആര്‍ത്തവ സമയത്ത് ഓറല്‍സെക്സിന് നിര്‍ബന്ധിക്കും. വഴങ്ങിത്തന്നില്ലെങ്കില്‍ മറ്റ് പെണ്ണുങ്ങളുടെ കൂടെ കിടക്കും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഭര്‍ത്താവിന്റെ ബലാല്‍സംഗം. സ്വന്തമായി ജോലിയോ ഉന്നത വിദ്യഭ്യാസമോ ഇല്ലത്തതിനാല്‍ ആ ബന്ധത്തില്‍ ഇഷ്ടമില്ലാഞ്ഞിട്ടും അവള്‍ കുരുങ്ങി കിടന്നു. ഇപ്പോള്‍ വിവാഹ മോചിതയായി.

വിദ്യാഭ്യാസത്തിന്റെ സ്വാധീനം

ഭാര്യാ ഭര്‍ത്താക്കന്‍മാരുടെ വിദ്യാഭ്യാസത്തിനും ഭര്‍തൃബലാല്‍സംഗത്തില്‍ സ്വാധീനമുണ്ട്. ഇന്ത്യയില്‍ സ്‌കൂളില്‍പോവാത്ത വിവാഹിതരായ 41 %സ്ത്രീകള്‍ പങ്കാളിയില്‍ നിന്ന് ശാരീരികമായ അക്രമങ്ങള്‍ നേരിടുന്നുവെങ്കില്‍ പ്ലസ്ടു പാസ്സായ സ്ത്രീകളിലെത്തുമ്പോള്‍ 17% ആയി അതിക്രമം കുറയുന്നുണ്ട്. വിവാഹിതരായ സ്ത്രീകളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയവര്‍ 3% മാത്രമേ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നുള്ളൂവെങ്കില്‍ സ്‌കൂളില്‍പോകാത്ത 9% പേര്‍ ഭര്‍തൃബലാല്‍സംഗത്തിനിരയാവുന്നുണ്ട്.

വിദ്യാഭ്യാസം ലഭിച്ച ഭര്‍ത്താക്കന്‍മാരില്‍ 21% പേര്‍ ഭാര്യയെ പീഡിപ്പിക്കാനുള്ള(മാനസികമായും ശാരീരികമായും ലൈംഗികമായും) സാധ്യതയുണ്ടെങ്കില്‍ വിദ്യാഭ്യാസം ലഭിക്കാത്തവരില്‍ ഭാര്യയെ പീഡിപ്പിക്കാനുള്ള സാധ്യത 45% ആയി വര്‍ധിക്കുന്നു. പങ്കാളികള്‍ക്കിരുവര്‍ക്കും വിദ്യാഭ്യാസ യോഗ്യത തുല്യമാണെങ്കില്‍ സ്ത്രീക്ക് പങ്കാളിയില്‍ നിന്നുള്ള പീഡനത്തിനുള്ള സാധ്യത 24% മാത്രമാണ്; ലൈംഗികാതിക്രമ സാധ്യത 4.7%ഉം. ഇരുവര്‍ക്കും വിദ്യാഭ്യാസമില്ലെങ്കില്‍ സ്ത്രീ നേരിടുന്ന അതിക്രമത്തിനുള്ള സാധ്യത 46 %ഉം ലൈംഗികാതിക്രമത്തിനുള്ള സാധ്യത 9.8%വും ആണ്.

മലബാറിലെ പ്രശസ്തമായ സര്‍വ്വകലാശാലയില്‍ പഠിക്കുകയാണ് 27കാരിയായ ഹസീന. 19ാംവയസ്സിലാണ് ഹസീന വിവാഹിതയാവുന്നത്. ഭര്‍ത്താവിന് ഉന്നത വിദ്യാഭ്യാസമില്ല. വ്യാപാര സ്ഥാപനത്തിലാണ് ജോലി. ഇരുവരും തമ്മിലുള്ള വിദ്യാഭ്യാസ അന്തരം വൈവാഹിക ജീവിതത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. രാവിലെ കടയില്‍ പോകുന്ന ഇയാള്‍ ഉച്ചയാകുമ്പോള്‍ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വരും. ദിവസവും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കും. പോണോഗ്രഫി കാണിച്ചാണ് മിക്ക ദിവസങ്ങളിലും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കാറ്. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനും ഹസീന വിധേയയായിട്ടുണ്ട്. തന്നെ കട്ടിലില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതിന്റെ ആഘാതം ഹസീനയില്‍ നിന്ന് മാറിയിട്ടില്ല. എന്നാല്‍ ഒരു ദിവസം കെട്ടിയിട്ട് ബലാല്‍സംഗത്തിന് മുതിരവേ ഹസീന പ്രതിരോധിച്ചു. ഭര്‍ത്താവ് ദേഷ്യം മൂത്ത് തല്ലിയപ്പോള്‍ അവളുടെ പല്ല് പൊട്ടി. ഇത് സ്വന്തം വീട്ടില്‍ പറഞ്ഞെങ്കിലും ആണുങ്ങള്‍ അക്രമണോത്സുകത കാട്ടുമെന്നും അത് അഡജസ്റ്റ് ചെയ്യണമെന്നുമായിരുന്നു ഹസീനക്ക് വീട്ടുകാര്‍ നല്‍കിയ ഉപദേശം. ഭര്‍ത്താവിന് സ്നേഹമുണ്ടെങ്കില്‍ ഇതൊന്നും പ്രശ്നമല്ലെന്ന ന്യായീകരണവും സ്വന്തം ഉമ്മയുടെ ഭാഗത്ത് നിന്നുണ്ടായി. പിന്നീടൊരിക്കല്‍ ബലാല്‍സംഗം പ്രതിരോധിച്ചതിനെ തുടര്‍ന്നുള്ള മര്‍ദ്ദനത്തിനിടയില്‍ വീണ് കൈയ്യെല്ലു പൊട്ടി. ഇത് ശ്രദ്ധയില്‍ പെട്ട ഉപ്പയ്ക്ക കാര്യം മനസ്സിലാവുകയും പിന്നീട് ഹസീനയെ ഭര്‍തൃഗൃഹത്തിലേക്ക് അയക്കാതിരിക്കുകയും ചെയ്തു.ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടത്തെ ഡോക്ടര്‍മാരാണ് ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം പരാതി നല്‍കാനും കേസെടുക്കാനും പ്രേരിപ്പിച്ചത്.

ഇന്ത്യയിലെ 65% പുരുഷന്‍മാരും സ്ത്രീകളും ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യയെ അവശ്യമെങ്കില്‍ മര്‍ദ്ദിക്കാമെന്ന് കരുതുന്നവരാണ്. ഭാര്യ ഭര്‍ത്താവിനെ അനുസരിക്കേണ്ടവളാണെന്ന് 93.6 % പുരുഷന്‍മാരും 91.1 % സ്ത്രീകളും വിശ്വസിക്കുന്നുവെന്നാണ് യുഎന്‍പിഎഫിന്റെ മാസ്‌കുലിനിറ്റി ഇന്റിമേറ്റ് പാര്‍ട്നര്‍ വയലന്‍സ് (2014)പഠനത്തില്‍ വ്യക്തമാക്കുന്നത്. ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ സ്ത്രീകള്‍ പുരുഷനോട് പോരാടിയില്ലെങ്കില്‍ അതിനെ ബലാല്‍സംഗമായി പരിഗണിക്കാനാവില്ല എന്ന് 74.6% പുരുഷന്‍മാരും 65.1% സ്ത്രീകളും വിശ്വസിക്കുന്നു എന്നും ഇതേ പഠനം വെളിവാക്കുന്നു.

ഭൂരിഭാഗം കേസുകളിലും സ്ത്രീകള്‍ സാമ്പത്തികമായി ഭര്‍ത്താവിനെ ആശ്രയിക്കുന്നവരാണ്. ഇതും പീഡനങ്ങള്‍ വര്‍ഷങ്ങളോളം തുടര്‍ന്നു പോകുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളില്‍ 40 % ആക്രമണം നേരിടുമ്പോള്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരില്‍ ഇത് 19% മാത്രമാണെന്ന് എന്‍എഫ്എച്ച്എസ് സര്‍വ്വേയും പറയുന്നു

പാണ്ഡെയുടെ പഠനം

പുരുഷ മേധാവിത്വ സമൂഹത്തെ ചോദ്യം ചെയ്യുന്ന കുടുംബഘടനയിലേക്കോ സാമൂഹികാന്തരീക്ഷത്തിലേക്കോ കേരളീയ സ്ത്രീകള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല എന്നാണ് കണ്‍ഫ്രണ്ടിങ് വയലന്‍സ് എഗെന്‍സ്റ്റ് വുമണ്‍ എന്ന പുസ്‌കത്തിലെ ഡൊമസ്റ്റിക് വയലന്‍സ് എഗെന്‍സ്റ്റ് വുമണ്‍ ഇന്‍ കേരള എന്ന പ്രദീപ് കുമാര്‍ പാണ്ഡെയുടെ ലേഖനത്തില്‍ പറയുന്നത്. ഇന്റിമേറ്റ് ബന്ധങ്ങളിലെ ശാരീരികവും മാനസികവുമായ ആക്രമങ്ങളാണ് പാണ്ഡെയുടെ പഠനത്തിലുള്ളത്.കേരളത്തില്‍ ഭര്‍തൃ ബലാല്‍സംഗവുമായി ബന്ധപ്പെട്ട് നടന്ന ചുരുക്കം ചില ആധികാരിക പഠനങ്ങളില്‍ ഒന്നാണിത്.

വാഴ്ത്തപ്പെടുന്ന കേരള വികസന മാതൃക ലിംഗപരമായ വശത്തെ(ജെന്‍ഡര്‍ ഡൈമന്‍ഷനെ) അറിയാതെയെങ്കിലും അവഗണിച്ചു പോയെന്നും അതിന്റെ അനന്തര ഫലമാണ് പുരുഷ മേധാവിത്ത കുടുംബങ്ങളും അവിടങ്ങളില്‍ വര്‍ധിച്ചു വരുന്ന ബലാത്സംഗങ്ങളുമെന്ന് പുസ്തകം പറയുന്നു.

തിരുവനന്തപുരത്തെ 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ സര്‍വ്വെയില്‍ 35.7 പേര്‍ ഒരിക്കലെങ്കിലും ഭര്‍ത്താവില്‍ നിന്ന് ശാരീരിക അതിക്രമം ഏറ്റുവാങ്ങിയവരാണ്. 179 സ്ത്രീകളില്‍ 109 പേരും പറഞ്ഞത് അടി തൊഴി, മര്‍ദ്ദനം എന്നിവ പലതവണകളിലായി ഭര്‍ത്താവില്‍ നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ടൊണ്.നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് 15 ശതമാനം സ്ത്രീകളെ വിധേയരാക്കി എന്നും ഈ പഠനം പറയുന്നുണ്ട്.

അതിഭീകരമായ ശാരീരിക ഉപദ്രവങ്ങള്‍ നേരിട്ടപ്പോഴും 179സ്ത്രീകളില്‍ 79 ശതമാനവും തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം ജീവിതം തുടരാന്‍ സന്നദ്ധരാണെന്നത് പഠനവിധേയമാക്കേണ്ടതാണ്. ദാമ്പത്യ ബന്ധത്തില്‍ അക്രമം എന്നത് തീര്‍ത്തും സാധാരണമായ കാര്യമാണെന്ന് 44 % വിശ്വസിക്കുന്നു. 94 ശതമാനവും മറ്റു പോംവഴിയില്ലാത്തതിനാലാണ് ദാമ്പത്യം തുടരാന്‍ കാരണം. 29 ശതമാനം സ്ത്രീകള്‍ കുട്ടികളെ ആലോചിച്ച് ദാമ്പത്യം തുടരുന്നവരാണ്. 28 ശതമാനം പേര്‍ മാനാഭിമാനം നോക്കിയും ബന്ധം ഉപേക്ഷിക്കുന്നില്ല.

Chapter 3- ലഹരിയും പോണോഗ്രാഫിയും കിടപ്പറയില്‍

പ്രതീകാത്മക ചിത്രം

ഇരിങ്ങാലക്കുടക്കാരനായ 35 വയസ്സുകാരന്റെ ഭാര്യ അയാളേക്കാള്‍ 10 വയസ്സ് ചെറുപ്പമാണ്. ഭര്‍തൃമാതാവില്‍ നിന്നേറ്റുവാങ്ങുന്ന പോരും ചീത്തവിളിയും ഭര്‍ത്താവിനോട് പറയുന്നത് അവളുടെ ശീലമായിരുന്നു. വീട്ടിലെ പ്രശ്നം പരിഹരിക്കുന്നതിനും സ്വന്തം അമ്മയെയും ഭാര്യയെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതിനും പകരം അയാള്‍ മദ്യത്തെ കൂടുതലായി ആശ്രയിച്ചു. സിഗരറ്റ് വലിയും പാന്‍പരാഗും ലഹരിയുടെ തീവ്രത കൂട്ടി. ഇത് ഭാര്യയെ ഭര്‍ത്താവില്‍ നിന്ന് കൂടുതല്‍ അകറ്റി. ആ അകല്‍ച്ചാ ദിവസങ്ങളിലൊന്നില്‍ അയാള്‍ ഭാര്യയെ ബലാല്‍സംഗം ചെയ്തു. മാറിടത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്തു. മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കും അടിമപ്പെട്ട ഭര്‍ത്താവ് നടത്തിയ ലൈംഗികാതിക്രമത്തില്‍ മുലഞെട്ട് അറ്റ ഭാര്യ ഡോക്ടറെ കണ്ട് ചികിത്സ തേടുകയും പ്രശ്നത്തില്‍ ഡോക്ടര്‍ ഇടപെടുകയും ചെയ്തപ്പോഴാണ് അക്രമണത്തില്‍ കുറവുണ്ടായത്. അജ്ഞാതനായിരുന്നു ഈ സ്ത്രീയോട് ഇത്തരത്തില്‍ ഒരു ക്രൂരത ചെയ്തതെങ്കില്‍ അത് കഠിന തടവും പിഴയും കിട്ടാവുന്ന ശിക്ഷയാകുമായിരുന്നു എന്നാല്‍ ഇവിടെ സംഭവത്തെ സിവില്‍ കേസായാണ് പരിഗണിക്കുക. ഭര്‍ത്താവിന് യാതൊരു വിധ ശിക്ഷയും ലഭിച്ചിട്ടില്ല.

ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ അഭയകേന്ദ്രത്തില്‍ വരുന്ന കേസുകളില്‍ 60 മുതല്‍ 70%ത്തില്‍ വരെ മദ്യവും ലഹരിയും വലിയ ഘടകമാണെന്ന് ആശ്രയ ഭവന്‍ സൂപ്രണ്ടായ സുമിത എസ് നായര്‍ പറയുന്നു. മദ്യപാനം ഉള്ളിടത്ത് ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധം ഉണ്ടാകും. മദ്യപിച്ച സന്ദര്‍ഭങ്ങളില്‍ രൂക്ഷ ഗന്ധം ഉണ്ടാവുമെന്നതിനാല്‍ മിക്കവാറും സ്ത്രീകള്‍ ലൈംഗിക ബന്ധത്തില്‍ തത്പരരരായിരിക്കില്ല. അതിനാല്‍ തന്നെ ബലംപ്രയോഗിച്ചുളള ലൈംഗിക ബന്ധത്തിന് സാധ്യത കൂടുതലാണ് എന്നാണ് കോഴിക്കോട്ടെ കേസുകള്‍ പഠിച്ചിട്ടുള്ള സുമിത പറയുന്നത്. ഗാര്‍ഹിക പീഡനത്തിനിരയാവുന്നവര്‍ക്കായുള്ള അഭയകേന്ദ്രം പദ്ധതി 2015ലാണ് കോഴിക്കോട് നിലവില്‍ വരുന്നത്. ഇതുവരെ ഇവിടെയെത്തിയ 136 ഗാര്‍ഹിക പീഡന ഇരകളില്‍ 130 പേരും ഒന്നില്‍ കൂടുതല്‍ തവണ പങ്കാളിയില്‍ നിന്ന് ലൈംഗിക പീഡനം നേരിട്ടവരാണ്. ലൈംഗിക പീഡനമുണ്ടായ ഈ 110 സംഭവങ്ങളിലും ഭര്‍ത്താക്കന്‍മാര്‍ മദ്യത്തിനോ മറ്റ് ലഹരിവസ്തുക്കള്‍ക്കോ അടിമകളായവരാണെന്നാണ് ഇതേ ആശ്രയഭവനിലെ കൗണ്‍സിലറായ രമ്യ പറയുന്നത്. മദ്യപാനികളായ ഭര്‍ക്കാന്‍മാരില്‍ നിന്ന് 71% സ്ത്രീകള്‍ ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലാത്ത ഭര്‍ത്താക്കന്‍മാരില്‍ നിന്ന് 22% സ്ത്രീകള്‍ മാത്രമേ അതിക്രമത്തിന്(ശാരീരികമോ ലൈംഗികമോ) ഇരയായിട്ടുള്ളൂ എന്നാണ് ദേശീയ തലത്തില്‍ എന്‍എഫ് എച്ച് എസ് സര്‍വ്വേയും പറയുന്നത്. വല്ലപ്പോഴും മദ്യപിക്കുന്ന ഭര്‍ത്താക്കന്‍മാരില്‍ നിന്ന് 10.6% സ്ത്രീകള്‍ ഭര്‍തൃബലാല്‍സംഗത്തിന് ഇരയാവുന്നുണ്ടെങ്കില്‍ ഇടയ്ക്കിടെ മദ്യപിക്കുന്ന പുരുഷന്‍മാരില്‍ നിന്ന് 26.2% സ്ത്രീകളാണ് ഭര്‍തൃബലാല്‍സംഗത്തിനിരയാവുന്നത്.

സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് 34കാരിയായ തൃശ്ശൂര്‍കാരിയുടേത്. 40 വയസ്സുള്ള ഓട്ടോ ഡ്രൈവറായ ഭാര്‍ത്താവില്‍ നിന്ന് ഭാര്യ നേരിടേണ്ടി വന്ന ക്രൂരതകള്‍ക്ക് അറുതിയില്ല. അടുക്കളയടക്കം അരമുറിയുള്ള വീട്ടില്‍ 11വയസ്സുള്ള മകന്റെയും എട്ട്് വയസ്സുകാരിയായ മകളുടെയും മുന്നില്‍ വെച്ചായിരുന്നു ആക്രമം. ആക്രമം പലപ്പോഴും ശാരീരീരികം മാത്രമല്ല ലൈംഗികവുമായി. അമിത മദ്യപാനമാണ് ഇയാളെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്ക് പ്രേരിപ്പിച്ചത്. പൊതുവെ 11മണിക്കാണ് വീട്ടിലെത്താറ്. മദ്യത്തില്‍ മുങ്ങിയാണ് വരവ്. ഒറ്റമുറി വീട്ടില്‍ മക്കളുടെ മുന്നില്‍ വെച്ചാണ് ലൈംഗികമായി ഭാര്യയെ പലപ്പോഴും ആക്രമിച്ചത്. അച്ഛന്‍ പ്രത്യേക ഒച്ചവെക്കുന്നതിനെ കുറിച്ച് ഒരിക്കല്‍ മകള്‍ അമ്മയോട് ചോദിക്കുന്ന അവസ്ഥ വരെയുണ്ടായി. താന്‍ കൈകാര്യം ചെയ്ത കേസുകളില്‍ 60% പേര്‍ ഏതെങ്കിലും തരത്തിലുള്ള ലഹരിയുടെ ഉപയോഗം മൂലം ഭാര്യമാരോട് കുറ്റകൃത്യം ചെയ്തവരാണെന്ന് കോഴിക്കോട്ടെ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ ഡോ. ഷീല പറയുന്നു.

പോണ്‍ സിനിമകളുടെ സ്വാധീനം കിടപ്പറയില്‍

26 വയസ്സുള്ള തൃശ്ശൂരുകാരി വിവാഹം കഴിഞ്ഞ് നാലു വര്‍ഷം മാത്രമേ ഭര്‍ത്താവിനൊപ്പം ജീവിച്ചുള്ളൂ. ഭാര്യയും ഭര്‍ത്താവും ഐടി മേഖലയില്‍ നിന്നുള്ളവരാണ്. പ്രണയ വിവാഹവുമായിരുന്നു. പക്ഷെ പോണ്‍ സിനിമകള്‍ അമിതമായി കാണുന്നയാളാണ് ഭര്‍ത്താവ് . സിനിമ കാണുക മാത്രമല്ല അതിലെ രംഗങ്ങള്‍ തന്റെ ദാമ്പത്യത്തിലും അദ്ദേഹം പകര്‍ത്താന്‍ ശ്രമിച്ചു. വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി വക്കീലിനെ കാണാന്‍ ചെല്ലുമ്പോള്‍ ഈ യുവതിയുടെ ദേഹം മുഴുവനും കടിച്ച പാടുകളായിരുന്നു. വിവാഹ ജീവിതത്തിലെ ബലാത്സംഗത്തിന് നിലനില്‍പില്ലാത്തിനാല്‍ ഗാര്‍ഹിക പീഡനത്തിലെ ക്രൂരതയില്‍പ്പെടുത്തി വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു. താന്‍ ഇതുവരെ കൈകാര്യം ചെയ്ത ദാമ്പത്യ പ്രശ്നങ്ങളില്‍ 25% പുരുഷന്‍മാരെ പോണോഗ്രഫി സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൈക്കോളജസിസ്റ്റായ ഡോ. ഷീലയുടെ അഭിപ്രായം.

46കാരനായ കാസര്‍ക്കോട്ടുകാരനെ പോണ്‍ സിനിമ മറ്റൊരു രീതിയിലാണ് സ്വാധീനിച്ചത്. ഇന്റര്‍കോസിന് താത്പര്യമില്ലാത്ത ഇയാള്‍ വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളും ഭാര്യയെ വദനസുരതത്തിന് നിര്‍ബന്ധിച്ചു. തീര്‍ത്തും വൃത്തിഹീനവും അറപ്പുളവാക്കുന്നതുമായ സാഹചര്യത്തിലെ ലൈംഗിക കേളികള്‍ ഭാര്യയ്ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു.

ഭൂരിഭാഗം പുരുഷന്‍മാരും തങ്ങളുടെ അവകാശമാണ് ഇതെല്ലാം എന്ന ചിന്തയിലും താന്‍ തീറ്റിപോറ്റി വളര്‍ത്തുന്ന ഭാര്യ ലൈംഗിക അടിമയാണെന്ന ധാരണയിലും പെരുമാറുന്ന രീതി പെരുകുന്നുണ്ടെന്ന് ഡോഷീല പറയുന്നു. ഭര്‍തൃ ബലാല്‍സംഗത്തെ കുറ്റമായി കണ്ട് അതിന് ശിക്ഷ നല്‍കേണ്ടതുണ്ടെന്നാണ് ഡോക്ടറുടെ പക്ഷം.അതിന് വിദേശരാജ്യങ്ങളില്‍ ഭര്‍തൃ ബലാല്‍സംഗത്തെ ക്രിമനല്‍കുറ്റമാക്കിയ രീതി നമ്മള്‍ പിന്തുടരേണ്ടതുണ്ടെന്നും ഡോ ഷീല അഭിപ്രായപ്പെടുന്നു.ഭര്‍തൃ ബലാല്‍സംഗ വിഷയത്തില്‍ ഗാര്‍ഹിക പീഡന കുറ്റം ചുമത്തി മാത്രമേ കേസെടുക്കാനാവൂ. ബലാത്സംഗം എത്ര ക്രൂരമായാല്‍ പോലും സ്ത്രീ സാമ്പത്തികവും ശാരീരികവുമായി അശക്ത കൂടിയാണെങ്കില്‍ ക്രൂരതയുടെ തീവ്രതയേറും. എത്ര ക്രൂരത ചെയ്താലും പലപ്പോഴും വിവാഹമോചനത്തിലോ കോടതിയുടെ സ്റ്റോപ് വയലന്‍സ് ഇന്‍ജക്ഷനിലോ മാത്രമേ കേസുകള്‍ പരമാവധി എത്തൂ. പുനര്‍വിവാഹിതനാകുന്ന പുരുഷന്‍ ഈ ചെയ്തികള്‍ ആവര്‍ത്തിക്കുക കൂടി ചെയ്യുന്നു.

സംശയ രോഗവും ബലാല്‍സംഗമെന്ന പ്രതികാരവും

സംശയരോഗം മൂലം അമിതമായി ലൈംഗിക ചൂഷണത്തിന് വിധേയയായ ഒരു സത്രീ കോഴിക്കോട്ടെ അഭയകേന്ദ്രത്തിലുണ്ടായിരുന്നെന്ന് കൗണ്‍സിലറായ രമ്യ പറയുന്നു. ഭാര്യ തന്നേക്കാള്‍ ലൈംഗിക ശേഷിയുള്ള മറ്റാരുടെയെങ്കിലും കൂടെ പോകുമോ എന്ന ഭയത്തില്‍ ജീവിക്കുന്നയാളാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാനായ ഭര്‍ത്താവ്. ഈ ഭയം കൊണ്ട് അടുക്കളയില്‍ വരെ സിസിടിവി കാമറ അയാള്‍ ഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ചോറുണ്ണാന്‍ വരുന്ന സമയത്ത് വരെ ഭാര്യയെ ലൈംഗികമായി ഇയാള്‍ ദുരുപയോഗം ചെയ്യും. ആറ് വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ഇപ്പോഴും ഭര്‍ത്താവിനോടൊപ്പം കഴിയുന്നു. ഭര്‍ത്താവ് ഭക്ഷണവും വസ്ത്രവും സൗകര്യങ്ങളും എല്ലാം തരുന്നില്ലേ പിന്നെ ഇതെല്ലാം സഹിച്ചാല്‍ എന്താ പ്രശ്നം എന്നാണ് ബന്ധുക്കളുടെ ചോദ്യം.

വിവാഹമെന്ന ഉപജീവനമാര്‍ഗ്ഗം

ഡോ. ജയശ്രീ

ഇന്ത്യയില്‍ വിവാഹമെന്നത് ഉപജീവനമാര്‍ഗ്ഗമായതുകൊണ്ടാണ് ബലാല്‍സംഗം സഹിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകാനുള്ള പ്രധാന കാരണമെന്നാണ് ആക്ടിവിസ്റ്റും ആരോഗ്യ പ്രവര്‍ത്തകയുമായ ഡോ എ കെ ജയശ്രീ പറയുന്നത്. 'തൊഴില്‍ നല്‍കാതെ കുറെ സ്ത്രീകളെ അവരുടെ ഭര്‍ത്താവ് തീറ്റിപോറ്റുന്നുണ്ടെന്ന ഒരു 'ഇക്കണോമി' രാജ്യത്ത് വിലപ്പോവുന്നുണ്ട്. ഭര്‍ത്താവിനും വിവാഹമെന്നത് ഉപജീവനമാര്‍ഗ്ഗമാണ്. സൗജന്യമായി ഭക്ഷണമുണ്ടാക്കിത്തരാനും അലക്കാനും ഒരു സ്ത്രീയെ ലഭിക്കുകയാണ്. ഒരുമിച്ച് ജീവിക്കാനും സ്നേഹിക്കാനും പങ്കാളിയെ തിരഞ്ഞെടുക്കലല്ല നമ്മുടെ നാട്ടില്‍ പലപ്പോഴും വിവാഹം. അത്തരമൊരു വ്യവസ്ഥിതിയിലേ ഭര്‍തൃ ബലാല്‍സംഗങ്ങള്‍ നിലനില്‍ക്കൂ. ചെലവില്ലാതെ കുറെ സ്ത്രീകളുടെ നിത്യജീവിതച്ചെലവ് നടക്കും. അതിനാല്‍ തന്നെ കല്ല്യാണം കഴിച്ച് ജീവിച്ചു പൊയക്കോട്ടെ എന്ന നിലപാട് സര്‍ക്കാരും എടുക്കുന്നു. സ്ത്രീകളുടെ കുടുംബങ്ങളിലെ അമ്മ ഭാര്യ എന്നീ റോളുകള്‍ക്കാണ് സമൂഹം പ്രാധാന്യം നല്‍കുന്നത്. അമിത മഹത്വവത്കരണങ്ങള്‍ മൂലം ആ റോളുകളെല്ലാം നിര്‍ബന്ധപൂര്‍വ്വം ചെയ്യേണ്ടി വരുന്നു. പലപ്പോഴും അതിനായി ജോലി ഉപേക്ഷിക്കേണ്ടിയും വരുന്നു. സ്ത്രീയുടെ വ്യക്തിത്വത്തിനോ ആര്‍ജ്ജിച്ചെടുത്ത തൊഴിലിനോ പ്രാധാന്യമില്ല. അപ്പോഴും തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കിടയിലും വൈവാഹിക ബലാല്‍സംഗങ്ങള്‍ നിലനില്‍ക്കാന്‍ കാരണം സാമൂഹിക കെട്ടുപാടുകള്‍ മൂലമാണ്. കുട്ടിക്ക് അച്ഛനില്ലാതാകുമ്പോള്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ സ്ത്രീകളെ അലട്ടുന്നുണ്ട്. മാത്രമല്ല വിവാഹ മോചനം കൂടുന്നത് ഒരു പ്രശ്നമായാണ് സമൂഹം അഭിസംബോധന ചെയ്യുന്നത്'.
പീഡനവും അവഹേളനവും നിറഞ്ഞ ബന്ധങ്ങളില്‍ നിന്ന് ഒരു വ്യക്തി രക്ഷപ്പെടുന്നതായല്ല വിവാമോചനത്തെ നമ്മള്‍ കാണുന്നത്.വ്രതമെടുത്ത് ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ മുഴുകി ഭര്‍തൃബലാല്‍സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗ്ഗം കണ്ടെത്തുന്ന സ്ത്രീകളെ തനിക്കറിയാമെന്നും ഡോ. ജയശ്രീ പറയുന്നു.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം വൈവാഹിക ജീവിതത്തില്‍

ലൈംഗിക വിദ്യാഭ്യാസമെന്നത് പലപ്പോഴും ലൈംഗിക അവയവങ്ങളെ കുറിച്ചുള്ള അവബോധവും ലൈംഗിക ബന്ധമെന്താണെന്നതും മാത്രമായി പരിമിതപ്പെടുകയാണ്. ആരോഗ്യകരമായ ലൈംഗികത എന്ന സങ്കല്‍പത്തെ കുറിച്ച് അവബോധം നല്‍കുന്നതിലേക്ക് പലപ്പോഴും ലൈംഗിക വിദ്യാഭ്യാസം എന്ന ആശയം എത്തപ്പെടുന്നില്ല.

ലൈംഗിക പങ്കാളിയെ ബഹുമാനിച്ചും അംഗീകരിച്ചും കൊണ്ടുള്ള സമീപനം ലൈംഗിക വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിച്ചെടുക്കേണ്ടതുണ്ട്. സുരക്ഷിതവും ആഹ്ലാദകരവുമായ ശൈലിയിലേക്കാണ് ലൈംഗിക ജീവിതം എത്തേണ്ടത്. അല്ലാതെ അക്രമം കാട്ടിയുള്ള, വിവേചനപരമായ, നിര്‍ബന്ധപൂര്‍വ്വമുള്ള ലൈംഗിക ബന്ധത്തിലേക്കല്ല. സ്ത്രീകളോട് വിവേചനപരമായി പെരുമാറുന്ന സ്വന്തം താത്പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന തരത്തിലുള്ള സമീപനമാണ് പലപ്പോഴും വൈവാഹിക ബലാത്സംഗത്തിലേക്കെത്തിക്കുന്നത്. ആണ്‍കോയ്മാമനോഭാവം തലയ്ക്കു പിടിക്കുമ്പോള്‍ വൈവാഹിക ജീവിതത്തില്‍ സ്ത്രീ ഇരയാവുകയാണ്. ആണായാലും പെണ്ണായാലും ലൈംഗിക അവകാശങ്ങള്‍ മാനിക്കക്കപ്പെടണം. പങ്കാളി മാനസികമായി അനുകൂലമല്ല എന്ന മനോഭാവം ഉള്ളപ്പോള്‍ അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. നല്ല ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തയാളാണ് ഭാര്യയുടെ സമ്മതത്തിന് പ്രാധാന്യം നല്‍കാതിരിക്കുന്നത്.

ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്ത പുരുഷനെ സംബന്ധിച്ച് പോണോഗ്രഫിയുടെ സ്വാധീനം കൂടിയാകുമ്പോള്‍ അത് പ്രതികൂലമായി ബാധിക്കുന്നു. പോണോഗ്രാഫിയിലെ രതിക്കാഴ്ചകള്‍ ആരോഗ്യകരമല്ല പലപ്പോഴും. പോണോഗ്രഫി പലപ്പോഴും സ്ത്രീയെ ലൈംഗികപൂര്‍ത്തീകരണത്തിനുള്ള വസ്തുവായി ചുരുക്കുന്നുണ്ട്.

ആരോഗ്യകരമായ രതി സങ്കല്‍പങ്ങളില്ലാത്ത, ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്ത, മേധാവിത്വ ബോധമുള്ള പുരുഷ മനസ്സുകളെ പോണ്‍ സിനിമകള്‍ നെഗറ്റീവ് ആയാണ് സ്വാധീനിക്കുന്നത്. കിടപ്പറിയിലെ രതി തന്റെ മാത്രം സന്തോഷവും തന്റെ സന്തോഷത്തിനുള്ള അവകാശവുമായി പുരുഷന്‍ ചുരുക്കുന്നു. തുല്യതാ സങ്കല്‍പമില്ലാത്ത പുരുഷ ബോധവും വൈവാഹിക ബലാല്‍സംഗത്തിലേക്ക് പല പുരുഷന്‍മാരെയും കൊണ്ട് ചെന്നെത്തിക്കുന്നു.

CHAPTER 04 | നീതിനിഷേധത്തിന് കൂട്ടു നിൽക്കുന്നതാര്?

മാരേജ് ഈസ് എ ലൈസന്‍സ്ഡ് പ്രോസ്റ്റിറ്റിയൂഷന്‍- വിവാഹമെന്നത് ലൈസന്‍സുള്ള വേശാവൃത്തിയാണെന്നാണ് ബര്‍ണാഡ് ഷാ പറഞ്ഞത്. ലൈംഗിക ബന്ധത്തിന് സ്ത്രീകള്‍ 'നോ' പറഞ്ഞാല്‍ ഭക്ഷണവും വസ്ത്രവും സാമ്പത്തികവും അനിശ്ചിതാവസ്ഥയിലാവും. തനിക്ക് ആര്‍ത്തവ പ്രശ്നമുണ്ട്, സുഖമില്ല, മാനസികമായി തയ്യാറല്ല എന്നെല്ലാം പറയാനുളള ധൈര്യം സ്ത്രീകള്‍ക്കുണ്ടാവണമെങ്കില്‍ അവര്‍ സ്വയം പര്യാപ്തരാകേണ്ടതുണ്ട്, വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്, തൊഴില്‍ നേടേണ്ടതുണ്ട്. പക്ഷെ അപ്പോഴും ഐഎഎസ് ഓഫീസര്‍മാരില്‍ പോലും ഭര്‍തൃബലാല്‍സംഗത്തിന്റെ ഇരകളുള്ള കേരളത്തില്‍ ബോധവത്കരണം മാത്രം പോര. അവിടെയാണ് വൈവാഹിക ബലാല്‍സംഗം കുറ്റകൃത്യമാക്കേണ്ടതിന്റെ ആവശ്യകതയും.

ഐ.പി.സി 375ാം വകുപ്പ് പ്രകാരം ഒരു പുരുഷനും സ്ത്രീയും തമ്മില്‍, സ്ത്രീയുടെ സമ്മതമില്ലാതെയോ, അവരുടെ താല്പര്യങ്ങള്‍ക്കെതിരായോ, ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ചതിച്ചോ സമ്മതം നേടിയെടുത്തോ, നടത്തുന്ന നിയമപരമായല്ലാത്ത ലൈംഗികബന്ധമാണ് ബലാത്സംഗം. സ്ത്രീക്ക് മാനസികരോഗമുള്ള അവസ്ഥയിലോ ലഹരിപദാര്‍ഥങ്ങളുടെ സ്വാധീനമുള്ളപ്പോഴോ സമ്മതം നല്‍കിയാല്‍ പോലും അവരുമായി നടത്തുന്ന ലൈംഗിക ബന്ധവും ബലാത്സംഗത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ പുരുഷന്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി (ഭാര്യ 15 വയസ്സില്‍ താഴെയുള്ള ആളല്ലെങ്കില്‍) നടത്തുന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കാണാന്‍ സാധിക്കില്ലെന്നും ബലാല്‍സംഗത്തിന്റെ നിര്‍വ്വചനത്തില്‍ പറയുന്നു. അതായത് 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് പോക്സോ ആക്ട് പ്രകാരം ക്രിമിനല്‍ കുറ്റമായിരിക്കെ 15നും 18നും ഇടയില്‍ പ്രായമുള്ള വിവാഹിതയായ പെണ്‍കുട്ടിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്താല്‍ അത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല. പോക്സോ നിയമപ്രകാരം 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജീവപര്യന്തം തടവ് ലഭിക്കുന്ന കുറ്റമായിരിക്കെയാണ് വിവാഹിതയാണെന്ന ഒറ്റക്കാരണത്താല്‍ അതേ പ്രായക്കാരിക്കു നിയമ പരിരക്ഷ ലഭിക്കാതെ പോവുന്നത്.

ഐപിസി എഴുതിയുണ്ടാക്കിയ 1860-ല്‍ സ്ത്രീയെ ലീഗല്‍ എന്ററിറ്റിയായി കണക്കാക്കിയിരുന്നില്ല. പകരം ഭര്‍ത്താവിന്റെ സ്വത്തായാണ് (സ്ഥാവരജംഗമ സ്വത്ത്) കണക്കാക്കിയിരുന്നത്. വിക്ടോറിയന്‍ പുരുഷാധിപത്യ നിയമങ്ങള്‍ സ്ത്രീയെയും പുരുഷനെയും തുല്യരായി കണ്ടിരുന്നില്ല. ബ്രിട്ടീഷ് കൊളോണിയല്‍ നിയമങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് ഇന്ത്യന്‍ നിയമങ്ങളില്‍ പലതും. അതിനാലാണ് ഇതിനെ പിന്തുടര്‍ന്ന് വന്ന ഐപിസിയിലെ ബലാത്സംഗത്തിന്റെ നിര്‍വ്വചനത്തില്‍ നിന്ന് ഭര്‍തൃബലാത്സംഗത്തെ ഒഴിവാക്കാന്‍ കാരണമെന്ന് പ്രമുഖ അഭിഭാഷകയും ആക്ടിവിസ്റ്റുമായ അഡ്വ ആശ ഉണ്ണിത്താന്‍ പറയുന്നു. ഭാര്യയെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ഉപഭോഗവസ്തുവായി കണക്കാക്കുന്ന 158 വര്‍ഷം പഴക്കമുള്ള 497-ാം വകുപ്പ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അടുത്തിടെ റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഭര്‍ത്താവ് സ്ത്രീയെ അവളുടെ സമ്മതമില്ലാതെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിനും ലൈംഗിക ക്രൂരതയ്ക്കും ഉപയോഗിക്കുന്നത് ശിക്ഷ ലഭിക്കാത്ത ക്രൂരതായി തുടര്‍ന്നു പോവുന്നത്.

നിയമം നിര്‍മ്മിക്കേണ്ടവര്‍ പറഞ്ഞതും ചെയ്തതും

ഭര്‍തൃ ബലാത്സംഗമെന്നത് എല്ലായ്പ്പോഴും പുരുഷന്റെ സെക്സ് എന്ന ന്യായമായ ആവശ്യമല്ല പകരം അത് അയാളുടെ അധികാരത്തെയും കീഴടക്കാനുള്ള വാഞ്ഛയെയുമാണ് കാണിക്കുന്നതെന്നായിരുന്നു വനിതാശിശുവികസന മന്ത്രിയായിരുന്ന മേനക ഗാന്ധിയുടെ മുന്‍ നിലപാട്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് പാര്‍ലമെന്റ് ആരാഞ്ഞപ്പോള്‍ അതേ മേനക ഗാന്ധി പറഞ്ഞതിതാണ്- 'വിദ്യാഭ്യാസ നിലവാരം, നിരക്ഷരത, ദാരിദ്ര്യം, മതവിശ്വാസങ്ങള്‍, ആചാരങ്ങള്‍, വിവാഹത്തെ പവിത്രമായി കരുതുന്ന സാമൂഹിക മനോഭാവം എന്നീ ഘടകങ്ങള്‍ മൂലം ഭര്‍തൃ ബലാത്സംഗത്തെ അന്താരാഷ്ട്ര തലത്തില്‍ മനസ്സിലാക്കിയതു പോലെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമാക്കാന്‍ കഴിയില്ല.'

ഇന്ത്യയില്‍ 75 ശതമാനം സ്ത്രീകളും ഭര്‍തൃ ബലാല്‍സംഗത്തിന് ഇരയാവുന്നുണ്ടെന്ന കണക്കുകള്‍ നിരത്തിയുള്ള കനിമൊഴിയുടെ ചോദ്യത്തിന് 2015 ഏപ്രിലില്‍ അന്നത്തെ ആഭ്യന്തര സഹമന്ത്രി പ്രതിഭായ് ചൗധരിയും രാജ്യസഭയില്‍ ഇതേ മറുപടിയാണ് നല്‍കിയത്. നിരക്ഷരനായാല്‍ ദരിദ്രനായാല്‍ ഒരുവന് ഭാര്യയെ ബലാത്സംഗം ചെയ്യാമെന്നും വിവാഹത്തെ പവിത്രമായി നിലനിര്‍ത്താന്‍ വൈവാഹിക ബലാത്സംഗത്തെ കുറ്റമായി കണക്കാക്കാനാവില്ല എന്നുമാണ് വ്യംഗ്യമായി സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ സ്ഥാപിച്ചത്.

കയ്യൊഴിഞ്ഞ് സര്‍ക്കാരും

ഭര്‍ത്താവോ ബന്ധുക്കളോ വിവാഹിതയായ സ്ത്രീയോട് നടത്തുന്ന ക്രൂരതകള്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന ശിക്ഷയാണെന്നും അതിനാല്‍ ഭര്‍തൃ ബലാല്‍സംഗം പ്രത്യേകമായി ക്രിമിനല്‍വത്കരിക്കേണ്ടതില്ല എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ എടുത്ത നിലപാട്. എന്നാല്‍ 498എ എന്ന സ്ത്രീധന പീഡന നിരോധന നിയമം പ്രകാരമാണ് മൂന്ന് വര്‍ഷം തടവും പിഴയും നല്‍കുന്നതെന്ന് അഡ്വ ആശ പറയുന്നു. ഈ വകുപ്പ് പ്രകാരം സ്ത്രീധനം ചോദിക്കണമെന്നത് നിര്‍ബന്ധമാണ്. ഭര്‍ത്താവ് സ്ത്രീധനം ചോദിക്കാതെയാണ് ലൈംഗിക പീഡനം നടത്തിയതെങ്കില്‍ ശിക്ഷിക്കാന്‍ സാധിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമായി പരിഗണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ വിവിധ ഹര്‍ജികള്‍ പരിഗണിക്കവേ 2017 ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഐപിസി 375ലെ ബലാത്സംഗമെന്ന നിര്‍വ്വചനത്തില്‍ നിന്ന് ഭര്‍ത്താക്കന്‍മാരെ ഒഴിവാക്കുന്ന വ്യവസ്ഥയ്ക്കൊപ്പം നില്‍ക്കുന്നു എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. 'ക്രമിനല്‍ നിയമം കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്നതാണ്. അത് സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ്. ഓരോ സംസ്ഥാനത്തിനും സാംസ്‌കാരിക വൈവിധ്യമുണ്ടെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം വിഷയത്തില്‍ ആരായേണ്ടതുണ്ട്' എന്നും സര്‍ക്കാര്‍ പറഞ്ഞു.

ഭാര്യക്ക് ഭര്‍തൃ ബലാത്സംഗമായി തോന്നുമെന്നത് മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല എന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിക്ക് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ഭര്‍തൃ ബലാത്സംഗം കുററ്റകൃത്യമാക്കിയാല്‍ വിവാഹമെന്ന ഘടന അസ്ഥിരമാകുമെന്നും ഭര്‍ത്താക്കന്‍മാര്‍ക്കെതിരെയുള്ള ശക്തമായ ആയുധമായി ഇത് ഉപയോഗിക്കപ്പെടുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ബലാത്സംഗത്തിന്റെ നിര്‍വ്വചനത്തില്‍ നിന്ന് ഭര്‍തൃ ബലാത്സംഗത്തെ ഒഴിവാക്കിയതിനെതിരേ നല്‍കിയ പൊതു താത്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.രാജ്യത്തെ സാഹചര്യങ്ങളനുസരിച്ച് പാരലമെന്റ് നിയമനിര്‍മ്മാണത്തിലൂടെയാണ് ഈ ഒഴിവാക്കല്‍ കൊണ്ടുവന്നതെന്നും കോടതിക്ക് ഇത് ഏകപക്ഷീയമാണെന്ന് തോന്നുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

നിര്‍ഭയയും നിയമ ഭേദഗതിയും

ജെ എസ് വര്‍മ്മ കമ്മറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു ബലാത്സംഗത്തിന്റെ നിര്‍വ്വചനത്തില്‍ ഭേദഗതി കൊണ്ടുവന്നത് . ഭര്‍തൃ ബലാല്‍സംഗത്തെ ക്രിമിനല്‍ കുറ്റമാക്കണമെന്ന നിര്‍ദേശവും വര്‍മ്മ കമ്മറ്റി മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്ററി കമ്മറ്റി അത് ഒഴിവാക്കി. ഭര്‍തൃ ബലാത്സംഗം കുറ്റകൃത്യമാക്കുന്നത് പരമ്പരാഗതമായ കുടുംബമൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് പാര്‍ലമെന്ററി കമ്മറ്റി വാദിച്ചത്.നിലവിലുള്ള നിയമങ്ങളെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് പര്യാപ്തമായിരിക്കെ ഭര്‍തൃ ബലാത്സംഗത്തെ ക്രിമിനല്‍ കുറ്റമായി കാണുന്ന പുതിയ നിയമം വേണ്ടതില്ല എന്നായിരുന്നു സര്‍ക്കാര്‍ പക്ഷം. അതേസമയം ഈ നിയമ ഭേദഗതി വരുത്തിയില്ലെങ്കില്‍ ഇന്ത്യ നേടിയ എല്ലാ സുസ്ഥിര വികസനവും വൃഥാവിലാവും എന്നാണ് യു എന്‍ ഡെവലപ്മെന്റ് പ്രോഗ്രാം ചീഫ് ഹെലന്‍ ക്ലാര്‍ക്ക് ഒരിക്കല്‍ നിരീക്ഷിച്ചത്

ഗാര്‍ഹിക പീഡന നിരോധന നിയമം മാത്രം മതിയോ

ഭര്‍തൃവീട്ടുകാരും ഭര്‍ത്താവും ചെയ്യുന്ന അതിക്രമങ്ങളെ തടയുന്ന നിയമമാണ് ഗാര്‍ഹിക പീഡന നിരോധന നിയമം. പക്ഷെ ഗാര്‍ഹിക പീഡനങ്ങളെ പലപ്പോഴും പോലീസും സമൂഹവും വെറുമൊരു കുടുംബ പ്രശ്നമായി ചുരുക്കുകയാണ്.

'ഒരു സ്ത്രീ ഗൃഹാന്തരീക്ഷത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായാല്‍ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം അത് തടയാം. നീതിക്കായി മജിസ്ട്രേറ്റ്, സംഘടനകള്‍, പോലീസ്, അഭിഭാഷകര്‍, സേവനദാതാക്കളായ സംഘടനകള്‍ എന്നിവരെ സമീപിക്കാം. ഇത്തരമൊരു കേസ് വന്നാല്‍ കോടതി മധ്യസ്ഥ ചര്‍ച്ചക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. പ്രാഥമികമായി കോടതികള്‍ ചെയ്യുന്നത് അതിക്രമം അരുത് എന്ന ഉത്തരവിടുന്ന നടപടിയാണ്. ഈ കോടതി ഉത്തരവ് ലംഘിച്ചാല്‍ അതിനെതിരേയുള്ള ശിക്ഷാ നടപടി കോടതി കൈക്കൊള്ളും. അതായത് ഭര്‍തൃ ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രമങ്ങളെ ഗാര്‍ഹിക പീഡനനിരേധന നിയമം അഡ്രസ്സ് ചെയ്യുന്നുണ്ട്. പക്ഷെ അതിക്രമം അരുത് എന്ന കോടതി ഉത്തരവ് ലംഘിക്കുന്നതിനെതിരേ മാത്രമാണ് ശിക്ഷയുള്ളത് ' അഡ്വ ആശ ഉണ്ണിത്താന്‍ പറയുന്നു.

ഡിറ്ററന്റ് എഫക്ട്

ഭര്‍തൃബലാത്സംഗത്തെ ക്രിമിനല്‍ കുറ്റമാക്കിയാലുള്ള ഏറ്റവു വലിയ ഗുണം അതിന്റെ ഡിറ്ററന്റ് എഫക്ടാണ്. അതായത് ആ പ്രവൃത്തി കുറ്റമാണെന്നും അതിന് ശിക്ഷയുണ്ടെന്നുമുള്ള ഭയമുണ്ടാക്കുക. മനുഷ്യരുടെ മനസ്സില്‍ ഭര്‍തൃ ബലാത്സംഗം കുറ്റകൃത്യമാണെന്ന ബോധം ഉണ്ടാവണമെങ്കില്‍ നിയമം അത് കുറ്റകൃത്യമാണെന്ന് ആദ്യം പറയേണ്ടതുണ്ട്.

എന്ത് കൊണ്ട് ക്രിമിനല്‍വത്കരിക്കണം

'കക്ഷികള്‍ ഭാര്യയും ഭര്‍ത്താവും ആയതിനാല്‍ ഇരയുടെ ഇച്ഛയ്ക്കും സമ്മതത്തിനും എതിരാണെങ്കില്‍ പോലും ഇവര്‍ക്കിടയിലെ ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ല' എന്നായിരുന്നു 2014ല്‍ ഡല്‍ഹി കോടതി ജഡ്ജി ജസ്റ്റിസ് വീരേന്ദര്‍ ഭട്ട് വിധിച്ചത്. മാത്രമല്ല വിവാഹിതയായാല്‍ ഭര്‍ത്താവിന് ലൈംഗികബന്ധം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഒരിക്കല്‍ വിവാഹിതയായിക്കഴിഞ്ഞാല്‍ സമ്മതപ്രകാരമോ അല്ലാതെയോ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവിന് അനുമതി നിയമപരമായി തന്നെ ലഭിക്കുകയാണെന്നും വരെ കോടതി നിരീക്ഷിച്ചു.

ഭര്‍തൃബലാത്സംഗം കുറ്റകൃത്യമാക്കാത്തതിലെ ഭരണഘടനാലംഘനങ്ങൾ

  • ഭരണഘടനയുടെ 14ാം അനുഛേദം തുല്യനീതിയാണ് പൗരന്‍മാര്‍ക്ക് ഉറപ്പു നല്‍കുന്നത്. വിവാഹിതയായ സ്ത്രീക്കും വിവാഹിതയല്ലാത്ത സ്ത്രീക്കും ബലാത്സംഗത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത നീതി എന്നത് തുല്യതാ സങ്കല്‍പത്തിന് വിരുദ്ധമാണ്. ഭര്‍തൃ ബലാല്‍സംഗം കുറ്റകൃത്യമാക്കാത്തതിനെതിരേ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഒരിക്കല്‍ പറഞ്ഞത്് ഭരണ ഘടനയിലെ തുല്യത പ്രദാനം ചെയ്യുന്ന 14ാം വകുപ്പ് കുടുംബത്തിലേക്കു കൊണ്ടു വന്നാല്‍ ശരിയാവില്ല എന്നാണ്്. തണുത്ത് കട്ടപിടിച്ച ഭരണഘടനാ നിയമങ്ങള്‍ക്ക് ഗാര്‍ഹികാന്തരീക്ഷത്തിലെ ഊഷ്മളമായ ബന്ധങ്ങള്‍ക്കിടയില്‍ സ്ഥാനമില്ല എന്നും പരമോന്നത നീതിപീഠം പറഞ്ഞു. .
  • അനുഛേദം 21 പ്രകാരം ഒരു വ്യക്തിക്ക് ഭരണഘടന നല്‍കുന്ന സ്വകാര്യതയെയും ആത്മാഭിമാനത്തെയും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള അവകാശത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് ഭര്‍തൃ ബലാത്സംഗം
  • ഐപിസി 497 പ്രകാരം സ്ത്രീക്ക് സ്വന്തം ശരീരത്തില്‍ നിര്‍ണ്ണയാവകാശമുണ്ട്. അങ്ങനെയിരിക്കെ താന്‍ എപ്പോള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്കുണ്ട്.
  • 2017 ഓഗസ്റ്റില്‍ സ്വകാര്യത മൗലികാവകാശമാണ് എന്ന് കോടതി വിധിച്ചതാണ് ഇതു പ്രകാരം ഭര്‍തൃ ബലാത്സംഗം മൗലികാവകാശ ലംഘനവുമാണ്.

Chapter 05 | വിവാഹിതരായ സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍

ഗര്‍ഭം അലസല്‍, മൂത്രാശയ അണുബാധ, വന്ധ്യത , അസ്ഥി ക്ഷയം, ഊരവേദന, പേശീ വേദന, സ്വകാര്യഭാഗങ്ങളിലെ മുറിവുകള്‍ തുടങ്ങിയവയാണ് ഭര്‍തൃബലാത്സംഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍. ഉത്കണ്ഠാ രോഗം, ഉള്‍വലിയല്‍, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ മുതല്‍ വിഷാദം, ആത്മഹത്യ പ്രവണത തുടങ്ങിയവയും കണ്ടുവരുന്നു.

ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളില്‍ മൂന്നിലൊരാള്‍ ശാരീരികമോ മാനസികമോ ലൈംഗികമോ ആയ പീഡനം പങ്കാളിയില്‍ നിന്ന് നേരിട്ടവരാണ്. ഇതില്‍ തന്നെ 30% ശാരീരിക പീഡനം നേരിട്ടവരും 14% മാനസിക പീഡനം നേരിട്ടവരും 7% ഭര്‍ത്താവില്‍ നിന്ന് ലൈംഗിക പീഡനം നേരിട്ടവരുമാണ്. ഇത്തരത്തില്‍ ശാരീരികവും ലൈംഗികവുമായ പീഡനം നേരിടുന്ന സ്ത്രീകളില്‍ നാലിലൊരാള്‍ക്ക് മുറിവുകളോ ക്ഷതങ്ങളോ പറ്റിയിട്ടുമുണ്ട്.എന്നാല്‍ ഇവരില്‍ 14% മാത്രമേ ഏതെങ്കിലും തരത്തിലുള്ള സഹായം മറ്റുള്ളവരില്‍ നിന്ന് തേടിയതായിട്ടുള്ളൂ എന്നതാണ് ഏറ്റവും അപകടകരമായ വസ്തുത. എന്‍എഫ് എച്ച് എസ് 3 സര്‍വ്വെയില്‍ 24% പേര്‍ സഹായം തേടിയിരുന്നുവെങ്കില്‍ അടുത്ത സര്‍വ്വേയില്‍ 10%ത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസമുള്ള 30കാരിയായ സറീനയുടെ(യഥാര്‍ഥ പേരല്ല) ദാമ്പത്യ ജീവിതത്തെ ദുഷ്‌കരമാക്കിയത് ഭര്‍ത്താവിന്റെ ഉഭയ ലൈംഗികതയാണ് (ബൈസെക്ഷ്വലിസം) ചെറുപ്പത്തില്‍ കൂട്ടുകാരനുമായുള്ള ലൈംഗിക ബന്ധം തന്നെ തൃപ്തിപ്പെടുത്തിയിരുന്നുവെന്ന് ഭര്‍ത്താവൊരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നാണ് സറീന പറയുന്നത്. അതിനാല്‍ ലൈംഗിക സുഖത്തിനായി ഗുദരതിക്ക്(anal sex) സറീനയെ നിര്‍ബന്ധിക്കുന്നത് പതിവായി. സമ്മതിക്കാതെ വരുമ്പോള്‍ ബലാത്സംഗമായി. വേദനിച്ച് അലറിക്കരഞ്ഞാല്‍ പോലും ദാക്ഷിണ്യമില്ലാതെ പെരുമാറും. ഒടുവില്‍ മല വിസര്‍ജ്ജനം നിയന്ത്രിക്കാനാവാത്ത കഴിവ് നഷ്ടപ്പെട്ട് ഗുദപേശികള്‍ അയഞ്ഞു പോയപ്പോള്‍ ഗൈനക്കോളജിസ്റ്റിനോട് പറയേണ്ടി വന്നു. ഈ ബന്ധം തുടര്‍ന്നു പോവാനാവില്ലെന്ന തിരിച്ചറിവില്‍ അവള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. എന്നാല്‍ താഴെ പെണ്‍കുട്ടികളാണെന്ന് പറഞ്ഞ് സ്വന്തം വീട്ടുകാര്‍ തന്നെ ഭര്‍ത്താവിനൊപ്പം പോവാന്‍ നിര്‍ബന്ധിച്ചു.

ഗുദരതിക്ക് നിര്‍ബന്ധിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് സ്ത്രീകളെ കൊണ്ടെത്തിക്കുന്നത്. 'പൊതുവെ മലവിസര്‍ജ്ജനം ശരിയായി നടക്കാന്‍ ഗുദ പേശികള്‍ മുറുക്കത്തോടെ ഇരിക്കേണ്ടതുണ്ട്. എന്നാല്‍ ഗുദരതിക്ക്(ഏനല്‍ സെക്‌സ്) തുടര്‍ച്ചയായി ഇരകളാകുന്ന സ്ത്രീകളിലെ ഗുദത്തിന് പൊട്ടല്‍ വീഴും. പേശികള്‍ അയഞ്ഞ് അറിയാതെ മല വിസര്‍ജജനം നടക്കുന്ന അവസ്ഥകള്‍ക്ക് വരെ ഇടവെക്കും'. റെക്ടം ഇറങ്ങി വരുന്ന അവസ്ഥക്കിട വരുത്തുമെന്നും തൃശ്ശൂര്‍ സഹകരണആശുപത്രി കണ്‍സല്‍ട്ടന്റ് ഗൈനക്കോളജിസ്റ്റായ ഡോ. നിജി ജസ്റ്റിന്‍ പറയുന്നു.

ഭര്‍ത്താവിന്റെ വ്യക്തിശുചിത്വമില്ലായ്മയാണ് തൃശ്ശൂരുകാരിയായ സുധയെ രോഗിയാക്കി തീര്‍ത്തത്. മദ്യപിച്ച് വരുന്ന ഭര്‍ത്താവ് പുലര്‍ച്ചെ നാലിന് എഴുന്നേറ്റ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കും. ബന്ധത്തിലേര്‍പ്പെട്ടാല്‍ ശുചിമുറിയില്‍ പോയി വ്യക്തി ശുദ്ധി വരുത്താന്‍ പോലും സമ്മതിക്കാതെ കൂടെ കിടത്തും. മൂത്രനാളിയില്‍ അണുബാധ വരുന്നത് പതിവായിരുന്നു. ഒരുപാട് ആന്റിബയോട്ടിക്കുകള്‍ സുധ കഴിച്ചു. ഡോക്ടര്‍മാര്‍ കാരണം ചോദിക്കുക പതിവായി. ഡോക്ടറോട് പറയാനുള്ള മടി കാരണം സ്വയം ചികിത്സയായി. ഇത് വൃക്കയിലേക്കു വരെ പഴുപ്പെത്തിച്ചു. ഒടുവില്‍ വൃക്ക തകരാറിലായ സന്ദര്‍ഭത്തില്‍ സാമൂഹിക പ്രവര്‍ത്തകയായ ഉമ പ്രേമനോടാണ് അവള്‍ തന്റെ സങ്കടം ആദ്യമായി പറയുന്നത്. അമിത ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരികളുടെ ഉപയോഗവും ശുചിത്വമില്ലായ്മയുമാണ് തന്നെ വൃക്കരോഗിയാക്കിയതെന്ന കാര്യം ഡോക്ടര്‍മാരോട് പോലും അവളിതുവരെ തുറന്നു പറഞ്ഞിട്ടില്ല.

കേരളത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്ത്രീകളില്‍ 2.1% പേര്‍ എസ്ടിഐ (സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഇന്‍ഫക്ഷന്‍)ഉള്ളവരാണ്. അസ്വാഭാവികമായ തരത്തിലുള്ള വെള്ളപോക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉള്ളവരാണ് 4.3 % സ്ത്രീകള്‍. യോനീ വ്രണമോ കുരുക്കളോ ഉള്ളവരാണ് കേരളത്തിലെ 5.7% സ്ത്രീകള്‍. 9.5% സ്ത്രീകള്‍ക്ക് വ്രണമോ ജെനിറ്റല്‍ ഡിസ്ചാര്‍ജ്ജോ ഉണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വ്വെ-4 പറയുന്നു

ആര്‍ത്തവ സമയത്തെ ലൈംഗിക ബന്ധം

55 വയസ്സുള്ള കോഴിക്കോട്ടുകാരിയായ വീട്ടമ്മ റഹ്മത്ത് ഭര്‍ത്താവില്‍ നിന്ന് അനുഭവിക്കുന്ന ക്രൂരതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മൂത്തമകളെ പ്രസവിച്ച് 40 തികയും മുമ്പെ ഭര്‍ത്താവിന്റെ ലൈംഗികാതിക്രമത്തിന് ഇരയായവളാണ് റഹ്മത്ത്. ആര്‍ത്തവ ദിവസങ്ങളില്‍ പോലും രക്ഷയുണ്ടായിരുന്നില്ല. ആ ദിവസങ്ങളില്‍ വദന സുരതത്തിന് വിധേയയാക്കും. 60 വയസ്സ് കഴിഞ്ഞ ഭര്‍ത്താവിന് ലൈംഗിക ശേഷി കുറഞ്ഞു വന്നതോടെ വിരലുകളുപയോഗിച്ച് സ്വകാര്യഭാഗങ്ങളെല്ലാം മുറിവേറ്റ് വീങ്ങാനും തുടങ്ങി. ആ മുറിവുകള്‍ സഹിക്കവയ്യാതായപ്പോഴാണ് അവര്‍ അഭയകേന്ദ്രത്തിലഭയം തേടിയത്. പ്രസവം കഴിഞ്ഞ് സ്റ്റിച്ച് ഉണങ്ങുന്നതിന് മുമ്പ് ബലാല്‍സംഗത്തിനിരയായി അവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അനുഭവം വരെയുണ്ടായിട്ടുണ്ട്.

ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം സ്ത്രീകളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ആര്‍ത്തവകാലത്ത് അണുബാധ സാധ്യത വളരെ കൂടുതലാണ് . സ്ത്രീകളെ സംബന്ധിച്ച് കൂടുതല്‍ ശുചിത്വം പാലിക്കേണ്ട സമയമാണിത്. വൃത്തിഹീനമായ സാഹചര്യത്തില്‍ നിയന്ത്രണമില്ലാതെയുള്ള ലൈംഗിക ബന്ധം സ്ത്രീകള്‍ക്ക് യോനീ-മൂത്രനാളീ അണുബാധയ്ക്കും മറ്റ് ഗുഹ്യരോഗങ്ങള്‍ക്കും കാരണമാവും. ജെനിറ്റല്‍ വാട്സ്(യോനിയില്‍ അരിമ്പാറ) ഹെര്‍പസ് സോസ്റ്റര്‍ , ഹെര്‍പസ് സിംപ്ലക്സ് തുടര്‍ച്ചയായുള്ള വൃത്തിഹീനമായ ലൈംഗിക ബന്ധത്തിലൂടെ ഭാര്യമാര്‍ക്ക് വരുന്ന രോഗങ്ങളാണ്. സ്ത്രീകള്‍ സ്വയം തയ്യാറെടുത്തിട്ടില്ലാത്ത സന്ദര്‍ഭങ്ങളിലും ഉള്ള നിര്‍ബന്ധിത ലൈംഗിക ബന്ധം ഇത്തരം രോഗങ്ങള്‍ക്ക് കാരണമായേക്കാം. മാത്രമല്ല പുരുഷന്‍മാരുടെ പരസ്ത്രീ ഗമനവും ഭാര്യമാര്‍ക്ക് എസ്ടിഡി(സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ്) രോഗങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ഡോക്ടര്‍ നിജി ജസ്റ്റിന്‍ പറയുന്നു.

പ്രസവാനന്തര ബലാത്സംഗം

കോടഞ്ചേരിയിലെ ആദിവാസി കോളനിയിലെ സ്ത്രീയുടെ ഭര്‍ത്താവ് കഞ്ചാവിനടിമയാണ്. ചെറിയ ഇടവേളകള്‍ പോലും ഇല്ലാതെയാണ് അവര്‍ ഗര്‍ഭിണിയായത്. ആദ്യപ്രസവം കഴിഞ്ഞ് പതിനാറാം ദിവസം ഭര്‍ത്താവ് ബലാത്സംഗം ചെയ്തു. സ്റ്റിച്ച് പൊട്ടി ആശുപത്രിയിലായി. ഇവരിപ്പോള്‍ വേര്‍പെട്ട് കഴിയുകയാണ്.

അമിതമായും ബലം പ്രയോഗിച്ചുമുള്ള നിരന്തരമായ ലൈംഗിക ബന്ധം സ്ത്രീകള്‍ക്ക് അസ്ഥിക്ഷയവും പേശീ ബലക്കുറവും ഉണ്ടാക്കും. ചികിത്സിച്ച് മാറ്റാനാവാത്ത ഊരവേദനകള്‍ക്കും സന്ധി വേദനകള്‍ക്കും ഇടവരുത്തും. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യയിലെ ഏത് പൗരനും ഭരണഘടന നല്‍കുന്നുണ്. ഭര്‍തൃ ബലാത്സംഗത്തെ കുറ്റകൃത്യമായി പരിഗണിക്കാത്തതിലൂടെ സ്ത്രീകള്‍ക്ക് ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം കൂടിയാണ് നിഷഷേധിക്കുന്നത്. ഇന്ത്യയിലെ 4% സ്ത്രീകള്‍ ഗര്‍ഭകാലത്ത് ഭര്‍ത്താക്കന്‍മാരാല്‍ ശാരീരിക അതിക്രമത്തിന് വിധേയരാവുന്നവരാണ് എന്നാണ് ദേശീയ കുടുംബാാരോഗ്യ സര്‍വ്വെ -4 പറയുന്നത്.

നിജി ജസ്റ്റിൻ

ഡോക്ടര്‍ക്ക് പറയാനുള്ളത്
"നിര്‍ബന്ധിതവും വൃത്തിഹീനവുമായ ലൈംഗിക ബന്ധം പെല്‍വിക് ഇന്‍ഫ്ളമേറ്ററി ഡിസീസിന് വഴിവെക്കും. മൂത്രനാളിയും യോനിയും അടുത്തടുത്തായതിനാല്‍ മൂത്ര സഞ്ചിയെയും പിന്നീട് വൃക്കയെയും തകരാറിലാക്കുന്ന അവസ്ഥയ്ക്കു വരെ വലിയ അണുബാധകള്‍ ഇടവരുത്തും.
ലൈംഗിക ബന്ധം നടന്നതിന് ശേഷവും മുമ്പും യോനി കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. മൂത്രനാളിയിലെ അണുബാധയ്ക്കുള്ള സാധ്യത സ്ത്രീകള്‍ക്ക് കൂടുതലായതിനാലാണ് ഈ കഴുകല്‍ നിര്‍ബന്ധമായും നടത്തണമെന്ന് പറയുന്നത്. വൃത്തിക്കുറവുളള ഭര്‍ത്താക്കന്‍മാരാണെങ്കില്‍ കോണ്ടം ഉപയോഗിച്ച് ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്. വൃത്തിയില്ലായ്മ പങ്കാളിക്ക് ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശ നിഷേധമായി വരെ കാണാവുന്നതാണ്. ഗുഹ്യ രോഗങ്ങള്‍ സ്ത്രീകളിലെ വന്ധ്യതയ്ക്ക് വരെ കാരണമാകുന്നു. പ്രായം കൂടുന്തോറും സ്ത്രീകളുടെ യോനി വരളും. അതിനാല്‍ സ്ത്രീകളുടെ താത്പര്യത്തിനും സാഹചര്യത്തിനും പ്രാധാന്യം കൂടുതല്‍ നല്‍കേണ്‍തുണ്ട്. സ്ത്രീ തയ്യാറല്ലെങ്കിലും യോനി വരളും. ഇത് ലൈംഗിക ബന്ധം വേദനാജനകമാക്കും. പൊട്ടലും വിള്ളവും വീഴും. ഈ വേദന അറിഞ്ഞു കൊണ്ട് സ്ത്രീകളെ ഉപദ്രവിക്കുന്നത് ആവശ്യം നിറവേറ്റലല്ല പകരം കുറ്റകൃത്യമാണ്"-ഡോ നിജി ജസ്റ്റിന്‍, ഗൈനക്കോളജിസ്റ്റ്, തൃശ്ശൂര്‍ സഹകരണ ആശുപത്രി

ഐക്യരാഷ്ട്രസഭയുടെ സമ്മര്‍ദ്ദത്തിനു പോലും വഴങ്ങാതെ ഇന്ത്യ

സ്ത്രീകള്‍ക്കു നേരെയുള്ള എല്ലാ വിവേചനങ്ങള്‍ക്കും എതിരേ ഐക്യരാഷ്ട്ര സഭ കൊണ്ട് വന്ന ഉടമ്പടയില്‍ ഒപ്പുവെക്കുകയും ഇതുമായി ബന്ധപ്പെട്ടുള്ള കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്രതലത്തിലെ കരടുരേഖയായാണ് എലിമിനേഷന്‍ ഓഫ് ഓള്‍ ഫോംസ് ഓഫ് ഡിസ്‌ക്രിമിനേഷന്‍ എഗെന്‍സ്റ്റ് വുമന്‍ എന്ന ഉടമ്പടിയെ പരിഗണിക്കുന്നത്. 1981ല്‍ കൊണ്ടുവന്ന ഈ കരടു രേഖയില്‍ 189 രാഷ്ട്രങ്ങളാണ് ഒപ്പുവെച്ചത്. വിവാഹിതയാണോ അല്ലയോ എന്ന വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന എന്ത് വേര്‍തിരിവും നിയന്ത്രണവും ഈ ഉടമ്പടിയുടെ ഒന്നാം അനുഛേദപ്രകാരം തെറ്റാണ്. എന്നാല്‍ ഐപിസി 375ല്‍ ബാല്‍സംഗത്തിന്റെ നിര്‍വ്വചനത്തില്‍ നിന്ന് വിവാഹിതയായ സ്ത്രീകളെ ഒഴിവാക്കുന്നത് ഈ ഉടമ്പടിക്ക് കടകവിരുദ്ധമായ പ്രവൃത്തിയാണ്. ഉടമ്പടിയുടെ അനുഛേദം രണ്ട് പ്രകാരം ഭര്‍തൃ ബലാത്സംഗം വയലന്‍സിന്റെ പരിധിയില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ഇവയെല്ലാം തടയാന്‍ ഓരോ രാജ്യവും ഫലപ്രദമായ നിയമ നടപടികള്‍ (കുറ്റവും ശിക്ഷയും, പരിഹാരമാര്‍ഗ്ഗങ്ങളും ഇരയ്ക്ക് നഷ്ടപരിഹാരവുമടക്കം) കൊണ്ടുവരണമെന്നും ഉടമ്പടി നിര്‍ദേശിക്കുന്നുണ്ട്. മാരിറ്റല്‍ റേപ്പിനെ ക്രിമിനല്‍ കുറ്റമാക്കണമെന്ന് യു എന്‍ ഇന്ത്യയോട് നിര്‍ദേശിച്ചിരുന്നു. വിവാഹബന്ധം എന്നത് രാജ്യത്ത് പവിത്രമാണെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.

2011ലെ ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് പ്രകാരം 52 രാഷ്ട്രങ്ങള്‍ ഭര്‍തൃ ബലാല്‍സംഗത്തെ ക്രിമിനല്‍ കുറ്റമായി കാണുന്നുണ്ട്. ഭര്‍തൃ ബലാത്സംഗത്തെ ക്രിമിനല്‍ കുറ്റകൃത്യമാക്കി കൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ സോവിയറ്റ് യൂണിയന്‍(1960), പോളണ്ട്(1932),ചെക്കോസ്ലാവാക്യ(1950) എന്നിവയാണ്. സ്വീഡന്‍(1965), നോര്‍വ്വെ(1971) ഡെന്‍മാര്‍ക്ക്(1960), ഓസ്ട്രേലിയ കാനഡ(1983) ന്യൂസിലാന്റ്(1985) അയര്‍ലന്റ്(1990) തുടങ്ങിയ രാജ്യങ്ങളും ഒന്നിനു പുറകെ ഒന്നായി ഭര്‍തൃ ബലാല്‍സംഗത്തെ ക്രിമിനല്‍വത്കരിച്ചു. ഏറ്റവും ഒടുവിലായി 2013ല്‍ ബൊളീവിയയും ദക്ഷിണ കൊറിയയും നിയമഭേദഗതി കൊണ്ടുവന്നു. അവിവാഹിതയായ സ്ത്രീക്ക് നേരെ നടക്കുന്ന പ്രവൃത്തി കുറ്റകൃത്യമാവുകയും വിവാഹിതയായ സ്ത്രീക്ക് നേരെ നടക്കുന്ന കാര്യം കുറ്റകൃത്യമാവാതിരിക്കുകയും ചെയ്യുന്ന നിയമത്തിന്റെ തരംതിരിവ് ശരായായ നടപടിയല്ല എന്നായിരുന്നു 2002ല്‍ നേപ്പാള്‍ സുപ്രീം കോടതി നിരീക്ഷിച്ചത്.

ക്രിമിനല്‍വത്കരണത്തിന് എതിരെയുള്ള വാദങ്ങള്‍ മറുപടികള്‍


-ഭര്‍തൃബലാത്സംഗം ക്രമിനല്‍ കുറ്റമാക്കിയാല്‍ വ്യാപകമായി ദുരുപയോഗിച്ചേക്കാം.

ഇന്ത്യയില്‍ ഒരുപാട് നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുണ്ട്. അതിന് മുന്‍കരുതലുകള്‍ എടുക്കുകയാണ് വേണ്ടത്.സ്ത്രീകളെ സംബന്ധിച്ചുള്ള വിഷയം വരുമ്പോള്‍ മാത്രമാണ് ദുരുപയോഗം എന്ന സാമാന്യവത്കരണം വരുന്നത്

-ഭര്‍തൃബലാത്സംഗം ആണോ അല്ലയോ എന്ന തീരുമാനം ഭാര്യയ്ക്കു മാത്രം നിശ്ചയിക്കാവുന്ന അവസ്ഥ സംജാതമാവും

ഇന്ത്യന്‍ സ്ത്രീയെ സംബന്ധിച്ച് കുടുംബമെന്നത് പരമപ്രധാനമാണ് അതിനാലാണ് ലൈംഗിക ചൂഷണം വലിയതോതില്‍ ഉണ്ടായിട്ടും പരാതികള്‍ കുറയുന്നത്. അതിനാല്‍ തന്നെ സ്വന്തം ഭര്‍ത്താവിനെതിരേ വ്യാജ പരാതി നല്‍കി സ്വന്തം ജീവിതം അസ്ഥിരപ്പെടുത്താന്‍ ഭൂരിഭാഗം സ്ത്രീകളും താത്പര്യപ്പെടില്ല.

-ഇത്തരമൊരു അതിക്രമത്തിന് എന്ത് തെളിവ് ഹാജരാക്കാന്‍ കഴിയും?

വ്യാജ പരാതിയാണോ അല്ലയോ എന്ന് തെളിയിക്കാന്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കണം.

വിവാഹം എന്നത് പവിത്രമായ സ്ഥാപനം പോലെയാണ്

സ്ത്രീക്ക് നീതി നിഷേധിച്ചു കൊണ്ടല്ല ആ സങ്കല്‍പങ്ങള്‍ നിലനില്‍ക്കേണ്ടത്. ലൈംഗിക പീഡനത്തെ ഉള്‍ക്കൊള്ളുന്നതാണ് വിവാഹമെന്ന സ്ഥാപനവും സങ്കല്‍പവുമെങ്കില്‍ അതിനെ വിവാഹമെന്നല്ല പകരം അധീനപ്പെടുന്ന അവസ്ഥ എന്നാണ് വിളിക്കേണ്ടത്.

ഭര്‍തൃബലാത്സംഗത്തെ കുറ്റകൃത്യമാക്കുകയല്ല പകരം സാമൂഹികവും ധാര്‍മ്മികവുമായ ബോധവത്കരണമാണ് വേണ്ടത്

തെറ്റ് ചെയ്താല്‍ കുറ്റം അതിന് ശിക്ഷ അഥവാ ഡിറ്ററന്റ് എഫക്ട് എന്ന പ്രമാണത്തില്‍ നിന്നാണ് ശിക്ഷാ നടപടി എന്ന ആശയം രാജ്യങ്ങളെല്ലാം സ്വാംശീകരിച്ചത്. ബോധവത്കരണം കൊണ്ടു മാത്രം ചെയ്യുന്നത് കുറ്റകൃത്യമാണെന്ന ബോധ്യത്തിലേക്ക് ജനത എത്തില്ല.

പാശ്ചാത്യ രാജ്യങ്ങള്‍ ഭര്‍തൃബലാത്സംഗത്തെ ക്രിമിനല്‍വത്കരിച്ചു എന്ന് കരുതി ഇന്ത്യ അത് പിന്തുടരണമെന്നില്ല. ഇന്ത്യയ്ക്ക് ഇന്ത്യയുടേതായ സംസ്‌കാരമുണ്ട്.

ഭര്‍തൃ ബലാല്‍സംഗമെന്നത് ഒരു കുറ്റകൃത്യമാണ് കോണ്‍സെപ്റ്റല്ല. കോണ്‍സപ്റ്റിന്റെ വിഷയത്തിലേ സംസ്‌കാരത്തിനെ കുറിച്ച് പറയേണ്ടതുള്ളൂ. ഇവിടെ നമ്മള്‍ കുറ്റകൃത്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്.

ഒരു പുരുഷനെ വിവാഹം കഴിക്കുന്നു എന്നതില്‍ തന്നെ അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സമ്മതം നല്‍കുന്നതിന് തുല്യമാണ്

ഒരു സ്ത്രീക്ക് അവളുടെ ശരീരത്തില്‍ നിര്‍ണ്ണയാവകാശമുണ്ടെന്ന് ഐപിസി 497 റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വിധിച്ചതാണ്. സ്ത്രീ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

വിവാഹ ബന്ധം തകര്‍ന്ന് പോവാതെയുള്ള എല്ലാ അനുരഞ്ജന ശ്രമങ്ങളെയും ഇല്ലാതാക്കും

റേപ് ചെയ്താല്‍ ഒഫന്‍സായി കഴിഞ്ഞു. അങ്ങനെ ചെയ്യുന്ന ഒരാളുമായി അനുരഞ്ജനത്തിന്റെ ആവശ്യമേയില്ല

നിര്‍ദേശങ്ങള്‍

• ഐപിസി 375ലെ ബലാല്‍സംഗത്തിന്റെ നിര്‍വ്വചനത്തില്‍ നിന്ന് ഭര്‍തൃ ബലാല്‍സംഗത്തെ ഒഴിവാക്കിയ വ്യവസ്ഥ എടുത്തു കളയണം. ഭര്‍തൃ ബലാല്‍സഗം കുറ്റകൃത്യമാക്കണം

• ഭര്‍തൃ ബലാല്‍സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമഗ്രമായ സര്‍വ്വേ നടത്തേണ്ടതുണ്ട്. പല കണക്കുകളും പൂര്‍ണ്ണമല്ല

• കുടുംബങ്ങളില്‍ ആണ്‍കുട്ടികളെ വളര്‍ത്തുന്നത് വലിയ ഘടകമാണ്. ജെന്‍ഡര്‍ വിദ്യാഭ്യാസം കുഞ്ഞുനാള്‍ മുതലേ കുട്ടികള്‍ക്ക് നല്‍കണം. അങ്കണവാടികളിലെ അപ്പം ചുടാനൊരമ്മയുണ്ട് എന്ന പാട്ടില്‍ നിന്ന് തുടങ്ങണം മാറ്റങ്ങള്‍

• അങ്കണവാടികളിലെ കൗമാര്‍ക്കാര്‍ക്കായുള്ള ക്ലബ്ബുകളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായാണ് ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കുന്നത്. ഇവിടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും ക്ലാസ്സുകള്‍ നല്‍കേണ്ടതുണ്ട്. ലൈംഗിക വിദ്യാഭ്യാസവും ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ പ്രാധാന്യവും ഇതിലൂടെ നല്‍കണം.

• മാരിറ്റല്‍ റേപ് ഹെല്‍പ് ഡെസ്‌ക് വേണം.

ഭര്‍തൃ ബലാത്സംഗമെന്നത് ഇന്ത്യയില്‍ സാധാരണമാണ്. പക്ഷെ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് മാത്രം. സന്നദ്ധ സംഘടനയായ ജോയിന്റ് വുമണ്‍ പ്രോഗ്രാം കണ്ടെത്തിയത് ഇന്ത്യയില്‍ ഏഴിലൊന്ന് ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരാല്‍ ഒരു തവണയെങ്കിലും ബലാത്സംഗത്തിനിരയാവുന്നുവെന്നാണ്. പക്ഷെ നിയമം പരാതിപ്പെടാനുള്ള ധൈര്യം സ്ത്രീക്ക് നല്‍കുന്നില്ല. അതേ കുറിച്ച് ഡോ അംബേദ്കര്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു വിവാഹം എന്ന സ്ഥാപനത്തിനുള്ളില്‍ തന്നെ ഭാര്യയുടെ സമ്മതം ഒളിഞ്ഞിരിപ്പുണ്ടെന്ന് ഒരു ധ്വനിയുണ്ട് സമൂഹത്തിന്. നിയമ നിര്‍മ്മാണം കൊണ്ട് മാത്രം എല്ലാം ശരിയാകില്ല. പുരുഷാധിപത്യ സമൂഹത്തിലും ആണ്‍കോയ്മയുള്ള കുടുംബ സംവിധാനത്തിലും കാതലായ മാറ്റങ്ങളുണ്ടാവണം. നിയമം നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന ഉറപ്പു വരുത്താന്‍ കഴിയുകയും വേണം.

Content Highlights: marital rape in literate kerala, series by nileena atholiഅപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rajasree with her parents
Premium

4 min

അച്ഛനമ്മമാരെ വൃദ്ധസദനത്തിലാക്കുന്നവർ വെറുക്കപ്പെടേണ്ടവരല്ല; അമേരിക്കന്‍ മലയാളിയുടെ തുറന്നെഴുത്ത്

Oct 1, 2023


Vachathi
Premium

4 min

മുപ്പതാണ്ട് നീറ്റിയ കൂട്ടബലാത്സംഗം; വീരപ്പന്റെ പേരിൽ ചവിട്ടിമെതിച്ച വാച്ചാത്തിക്ക് നീതി ലഭിക്കുമ്പോൾ

Sep 30, 2023


mathrubhumi

3 min

ഏക സിവിൽകോഡ്: പൊതുനിയമങ്ങൾ മതം മാറ്റിനിർത്തി നിർമിക്കണം

Jul 26, 2023


Most Commented