കൊല്ലം: വിവാഹിതരായ സ്ത്രീകള്‍ നേരിടുന്ന ഭര്‍തൃബലാത്സംഗത്തെപ്പറ്റി സര്‍വേ നടത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വനിതാ- ശിശുവികസന വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

To advertise here,

കൊല്ലം പ്രസ് ക്ലബ്ബ്  പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന കെ.എന്‍.പി കുറുപ്പ് അനുസ്മരണവും കെ.എന്‍.പി കുറുപ്പ് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ഡോട്ട് കോം സബ് എഡിറ്റര്‍ നിലീന അത്തോളിയാണ് പ്രഥമ കെ.എന്‍.പി. കുറുപ്പ് സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡിന് അര്‍ഹയായത്. 

2019 ജൂലായ് 12 മുതല്‍ 17 വരെ മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച 'സാക്ഷരകേരളത്തിലെ ഭര്‍ത്തൃബലാത്സംഗങ്ങള്‍' എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് സ്വീകരിച്ച ശേഷം നിലീന അത്തോളി മുന്നോട്ടുവെച്ച നിര്‍ദേശം പരിഗണിച്ചാണ് മന്ത്രി പ്രതികരിച്ചത്.

മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അജിത് ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജി.ബിജു, ട്രഷറര്‍ സുജിത് സുരേന്ദ്രന്‍, ആശ കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

Content Highlights: Marital Rape, a survey will be considered, says minister Kadakampally Surendran