കൊൽക്കത്ത: ബംഗാളിലെ ബറൂയിപുരിൽ കൊല്ലപ്പെട്ട പന്ത്രണ്ട് വയസ്സുകാരി നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയുടെ പിൻഭാഗത്തും ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളേറ്റതായി റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാന്തിയതും കടിച്ചതുമായ പാടുകൾ ഉണ്ടായിരുന്നു. കൂടാതെ, സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കനത്ത ആയുധംകൊണ്ട് തലയിൽ അടിച്ചതോ അല്ലെങ്കിൽ കഠിനമായ പ്രതലത്തിൽ തല ഇടിച്ചതോ ആയ ഗുരുതരമായ പരിക്കുകളാണുള്ളത്. ഇതുകൊണ്ടുണ്ടായ അമിത രക്തസ്രാവവും വെള്ളത്തിൽ മുങ്ങിയതുമാണ് മരണത്തിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയിരുന്നു. ഇതിനർത്ഥം കുളത്തിലേക്ക് എറിയുന്ന സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നു എന്നാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭ്യമായ തെളിവുകളും അടിസ്ഥാനപ്പെടുത്തി കൂടുതൽ അന്വേഷണം നടത്തുകയാണ് പോലീസ്.
കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തവരിൽ ശാന്തനു മണ്ഡൽ എന്ന പ്രാദേശിക ബി.ജെ.പി പ്രവർത്തകനുമുണ്ട്. സംഭവത്തെ തുടർന്ന് നാട്ടുകാർ പിടികൂടിയ ഇന്ദ്രജിത്ത് തന്തി എന്ന 26 വയസ്സുകാരൻ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു. ഇയാൾ പെൺകുട്ടിയുടെ മൃതദേഹം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്.
ഞായറാഴ്ചയാണ് കൊൽക്കത്തയ്ക്ക് സമീപമുള്ള ബറൂയിപുരിൽ 12 വയസ്സുകാരിയായ സ്‌കൂൾ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം സുഹൃത്തിന് ജന്മദിന സമ്മാനം വാങ്ങാൻ വീട്ടിൽനിന്ന് പോയ പെൺകുട്ടി തിരികെ വന്നില്ല. വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയമുണ്ടായി. പോലീസ് അന്വേഷണത്തിൽ നീല തൊപ്പി ധരിച്ച ഒരാൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് നാട്ടുകാർ കണ്ടു. ഈ ദൃശ്യമാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നാട്ടുകാർ പ്രതിയായ ഇന്ദ്രജിത്ത് തന്തി എന്നയാളെ പിടികൂടി. ഇയാളുടെ വെളിപ്പെടുത്തലിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ സൂര്യപുർ ഹാട്ടിന് സമീപത്തെ ഒരു കുളത്തിൽനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഇതോടെ പ്രകോപിതരായ നാട്ടുകാർ ഇന്ദ്രജിത്ത് തന്തിയെ ക്രൂരമായി മർദ്ദിച്ചു. പോലീസെത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പെൺകുട്ടിയുടെ കൊലപാതകത്തെത്തുടർന്ന് ബറൂയിപൂർ മേഖലയിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറി. റോഡ് ഉപരോധിക്കുകയും പോലീസ് വാഹനങ്ങൾ തകർക്കുകയും ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഈ സംഭവങ്ങളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറംഗ പ്രത്യേക സംഘമാണ് കൊലപാതക കേസ് അന്വേഷിക്കുന്നത്.
Content Highlights: Post-mortem confirms sexual assault and severe head injuries leading to death., Victim was alive when thrown into the pond, as confirmed by water in lungs/stomach., Three suspects arrested; investigation ongoing by a six-member special team., Primary suspect Indrajit Tanti died after being beaten by an angry mob., Regional tensions in Baruipur led to protests, road blockades, and rail disruptions.
Published: 06 Jul 2026, 08:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented