ന്യൂഡൽഹി: സഹപ്രവർത്തകയെ ബലാത്സംഗ ചെയ്‌തെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതി. കേസിൽ തരുണിനെ വെറുതെ വിട്ട വിചാരണ കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. ഗോവ സർക്കാർ നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി ഉത്തരവ്.

To advertise here,

വിധി പ്രസ്താവിക്കുമ്പോൾ കോടതിയിൽ ഉണ്ടായിരുന്ന തരുൺ തേജ്പാലിനെ കസ്റ്റഡിയിൽ എടുത്തു. തേജ്പാലിന്റെ ശിക്ഷ സംബന്ധിച്ച വാദം ഉടൻ കോടതി കേൾക്കും. ജസ്റ്റിസുമാരായ നീല ഗോഖലെ, അമിത് സംദെക്കർ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

2013 നവംബർ 7, 8 തീയ്യതികളിൽ ഗോവയിൽ വച്ച് തരുൺ തേജ്പാൽ ലൈംഗീക അതിക്രമം നടത്തിയെന്ന മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ആയിരുന്നു കേസ്. കേസിൽ 2021 ൽ വിചാരണ കോടതി തേജ്പാലിനെ വെറുതെ വിട്ടിരുന്നു. ഇതിന് എതിരെ ഗോവ സർക്കാർ ആണ് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഗോവ സർക്കാരിന് വേണ്ടി സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ആണ് ഹൈക്കോടതിയിൽ ഹാജരായത്.