ന്യൂഡൽഹി: ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയിലേക്ക് കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി പുതിയ റെയിൽവേ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. വടക്കൻ ബംഗാളിലെ ഖുനിയ മോർ മുതൽ ജൽധാക്ക വരെയുള്ള 17 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ പാതയ്ക്കായി 272 കോടി രൂപയാണ് റെയിൽവേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.
സിലിഗുരി എംപി രാജു ബിസ്തയാണ് പദ്ധതിയെക്കുറിച്ചുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഖുനിയ മോറിൽനിന്ന് ആരംഭിച്ച് ജൽപായ്ഗുരി, കാലിംപോങ് ഫോറസ്റ്റ് ഡിവിഷനുകളിലൂടെയാണ് ഈ പുതിയ പാത കടന്നുപോകുന്നത്. അതിർത്തി മേഖലകളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം വടക്കൻ ബംഗാളിലെ ഡൂവാർസ് മേഖലയിലുള്ള ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന ഡോക്‌ലാം മേഖലയ്ക്ക് സമീപമാണ് ഈ പാത വരുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 2017-ൽ ഇന്ത്യയും ചൈനയും തമ്മിൽ സൈനിക തർക്കം നിലനിന്നിരുന്ന പ്രദേശമാണിത്. മേഖലയിൽ ചൈന അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയും തങ്ങളുടെ പ്രതിരോധ-അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ റെയിൽവേ ലൈൻ വരുന്നത്. അതിർത്തി ലക്ഷ്യമാക്കി ഇന്ത്യൻ റെയിൽവേ വിഭാവനം ചെയ്യുന്ന 200 കിലോമീറ്റർ നീളമുള്ള തന്ത്രപ്രധാന പാതയുടെ സൂചനാ പദ്ധതി കൂടിയാണിത്.
മൺസൂൺ കാലത്തിന് ശേഷം റെയിൽവേയും പശ്ചിമ ബംഗാൾ വനംവകുപ്പും സംയുക്തമായി പുതിയ പാതയ്ക്കായുള്ള സർവ്വേ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം. അതിർത്തി പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും തന്ത്രപ്രധാനമായ നീക്കങ്ങൾക്കും വിനോദസഞ്ചാരത്തിനും ഒരുപോലെ സഹായകരമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ പുരോഗമിക്കുന്ന സിവോക്ക്-രംഗ്പോ റെയിൽവേ പദ്ധതിക്ക് പുറമെ, ചൈനയുമായുള്ള അതിർത്തി മേഖലയെ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പ്രധാന റെയിൽവേ പദ്ധതിയായിരിക്കും ഇത്.
Content Highlights: The central government has approved a 17-kilometer railway project from Khuni Mor to Jaldhaka in North Bengal worth Rs 272 crore to enhance strategic connectivity near the India-China-Bhutan border.
Published: 03 Aug 2026, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented