ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് ശബരി റെയിൽപ്പാത നിർമിക്കുന്ന കാര്യം റെയിൽവേ പരിഗണിക്കുന്നു. അങ്കമാലി-എരുമേലി പാതയ്ക്കുപിന്നാലെ ഇതുകൂടി യാഥാർഥ്യമായാൽ തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് നാലാമതൊരു റെയിൽപ്പാതകൂടിയാകും.

To advertise here,

തേനിയിൽനിന്ന് കമ്പം, കുമളി, വണ്ടിപ്പെരിയാർ, പീരുമേട് വഴി 95 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ബ്രോഡ് ഗേജ് പാതയാണ് പരിഗണിക്കുന്നത്. ഇതിന്റെ സർവേ നടത്താൻ അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തമിഴ്‌നാട്ടിൽനിന്നുള്ള എം.പി.മാരായ പി. ഗണപതി രാജ്കുമാറിനെയും തങ്ക തമിഴ്‌സെൽവനെയും അറിയിച്ചു.

സർവേക്കുശേഷം നിതി ആയോഗിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും അംഗീകാരംലഭിച്ചാലേ പദ്ധതി അടുത്ത ഘട്ടത്തിലേക്കു കടക്കൂ. അതിനുമുൻപ്‌ രണ്ട് സംസ്ഥാന സർക്കാരുകളുമായും ചർച്ചകൾ നടക്കേണ്ടതുണ്ട്. പശ്ചിമഘട്ടം മുറിച്ചുകടക്കണമെന്നതുകൊണ്ടും വനമേഖല താണ്ടണമെന്നതുകൊണ്ടും പാരിസ്ഥിതികാനുമതിയും വേണം.

തേനിയിൽനിന്നും തമിഴ്‌നാട്ടിലെ സമീപ ജില്ലകളിലിൽനിന്നുമുള്ള തീർഥാടകർ ഇപ്പോൾ റോഡുവഴിയാണ് ശബരിമലയിലെത്തുന്നത്. മധുര-ബോഡിനായ്ക്കന്നൂർ പാത ബ്രോഡ്ഗേജ് ആക്കിയതോടെ തേനി വീണ്ടും റെയിൽവേഭൂപടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ചെന്നൈയിൽനിന്ന് തേനി വഴി ബോഡിനായ്ക്കന്നൂർവരെ സ്ഥിരം തീവണ്ടിസർവീസുമുണ്ട്.

തേനിയിൽനിന്ന് എരുമേലിവരെ നീട്ടാനായാൽ ഈ പാതയുടെ പ്രാധാന്യം വർധിക്കും. നടപടികൾ പുരോഗമിക്കുന്ന അങ്കമാലി-ശബരി പാതയ്ക്കൊപ്പം ഇതുകൂടി യാഥാർഥ്യമായാൽ തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് പുതിയൊരു പാതകൂടിയാവും. നിലവിൽ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചുകൊണ്ട് മൂന്ന് റെയിൽപ്പാതയാണുള്ളത്.