വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി കൊളീജിയം. ജസ്റ്റിസ് യാദവിനെ ഇംപീച്ച് ചെയ്യാന്‍ ഇന്ത്യ സഖ്യം നടപടിയാരംഭിച്ചിരിക്കെയാണ് സുപ്രീം കോടതി കൊളീജിയവും വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. കൊളീജിയത്തിന് മുന്‍പാകെ ജസ്റ്റിസ് യാദവ് ഈ മാസം 17ന് ഹാജരാവുമെന്നാണ് സൂചന. വിവാദത്തിനിടയായ നടപടികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിന് മുന്‍പാകെ വിശദീകരിക്കാന്‍ അവസരം നല്‍കും. ജഡ്ജിയോട് വിശദകരണം തേടാനും തൃപ്തികരമല്ലെങ്കില്‍ താക്കീത് നല്‍കുകയോ സ്ഥലംമാറ്റം പോലുള്ള നടപടിക്കോ കേന്ദ്ര സര്‍ക്കാരിനോട് ശുപരാര്‍ശ ചെയ്യാനും സുപ്രീം കോടതി കൊളീജിയത്തിന് കഴിയും. എന്നാല്‍ ജഡ്ജിയെ പുറത്താക്കുന്നത് പോലുള്ള നടപടികള്‍ക്ക് രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ. അതിന് പാര്‍ലമെന്റിലെ ഇരുസഭകളിലും കൃത്യമായ ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണം.

To advertise here,

വി.എച്ച്.പി വേദിയിലെ പ്രസംഗം

ഡിസംബര്‍ 8 ഞായറാഴ്ച അലഹബാദ് ഹൈക്കോടതിയിലെ ലൈബ്രറി ഹാളില്‍ വെച്ച് വി.എച്ച്.പി സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ശേഖര്‍ യാദവ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. 'ഏകീകൃത സിവില്‍ കോഡിന്റെ ഭരണഘടനാപരമായ ആവശ്യകത' എന്ന വിഷയത്തിലായിരുന്നു വി.എച്ച്.പി പരിപാടി സംഘടിപ്പിച്ചത്. ശേഖര്‍ യാദവിനെ കൂടാതെ മറ്റൊരു ഹൈക്കോടതി ജഡ്ജിയായ ദിനേശ് പഥകും പരിപാടിയില്‍ പങ്കെടുത്തു. ഒരു മത സംഘടനയ്ക്ക് പരിപാടി നടത്താന്‍ ഹൈക്കോടതി ഹാള്‍ അനുവദിച്ചതും രണ്ട് സിറ്റിങ് ജഡ്ജിമാര്‍ പരിപാടിയില്‍ പങ്കെടുത്തതും തന്നെ നിയമവിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. 34 മിനിറ്റാണ് ശേഖര്‍ യാദവ് പരിപാടിയില്‍ സംസാരിച്ചത്.

ഇത് ഹിന്ദുസ്ഥാനാണെന്നും ഭൂരിപക്ഷ ജനതയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രമേ രാജ്യം പ്രവര്‍ത്തിക്കൂ എന്നുമായിരുന്നു യോഗത്തില്‍ ശേഖര്‍ യാദവ് നടത്തിയ പരാമര്‍ശങ്ങളിലൊന്ന്. ഹിന്ദു ഐക്യം ആഹ്വാനം ചെയ്തുകൊണ്ട് ബിജെപി സ്ഥിരമായി ഉയര്‍ത്തുന്ന മുദ്രാവാക്യമായ 'ഏക് രഹേംഗെ തോ സേഫ് റാഹേംഗെ' ആണ് യാദവും മുഴക്കിയത്. ബഹുഭാര്യാത്വവും മുത്തലാക്കും പോലുള്ള ആചരങ്ങളാണ് മുസ്ലിങ്ങള്‍ പിന്തുടരുതെന്ന് പറഞ്ഞ ജഡ്ജി മുസ്ലിങ്ങള്‍ക്കെതിരേ  ചിലര്‍ ഉപയോഗിക്കുന്ന വിദ്വേഷകരമായ പദപ്രയോഗവും നടത്തി. മുസ്ലിം കുട്ടികള്‍ അവരുടെ ചെറുപ്രായത്തില്‍ തന്നെ മൃഗങ്ങളെ കൊല്ലുന്നത് കണ്ടു വളരുന്നതിനാല്‍ അവര്‍ സഹിഷ്ണുതയുള്ളവരോ ഉദാരമതികളോ ആയിരിക്കുമെന്ന് കരുതരുതെന്നായിരുന്നു ജഡ്ജിയുടെ മറ്റൊരു വാദം. ഹിന്ദുക്കളെ ചെറുപ്പം മുതലേ ദയയെ കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ അവരുടെ കുട്ടികളില്‍ അഹിംസയും സഹിഷ്ണുതയും വേരൂന്നിയിട്ടുണ്ടെന്നും യാദവ് പറഞ്ഞു. മുസ്ലീങ്ങള്‍ രാജ്യത്തിന് അപകടമാണെന്നും അവര്‍ രാജ്യത്തിന് എതിരാണെന്നും രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണെന്നും അവരെ കരുതിയിരിക്കണമെന്നും വര്‍ഷങ്ങളോളം നമ്മുടെ പൂര്‍വികര്‍ സഹിച്ച ത്യാഗങ്ങളുടെ ഫലമായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചത് പോലെ ഏകീകൃത സിവില്‍കോഡും നടപ്പിലാക്കുമെന്നും യാദവ് വി.എച്ച്.പി പരിപാടിയില്‍ പറഞ്ഞു.

ആരാണ് ജസ്റ്റിസ് ശേഖര്‍ യാദവ്?

1988ലാണ് ജസ്റ്റിസ് ശേഖര്‍ യാദവ് അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടുന്നത്. അലഹബാദ് ഹൈക്കോടതി വെബ്‌സൈറ്റ് പ്രകാരം 1990 സെപ്തംബ എട്ടിനാണ് അദ്ദേഹം അഭിഭാഷകനായി എന്‍​റോൾ ചെയ്തത്. അലഹബാദ് ഹൈക്കോടതിയില്‍ സിവില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ശേഖര്‍ യാദവ് അഡീഷണല്‍ ഗവണ്‍മെന്റ് അഡ്വക്കേറ്റായും സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സലായും പ്രവര്‍ത്തിച്ചു. പിന്നീട് അഡീഷണല്‍ ചീഫ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍, സീനിയര്‍ കൗണ്‍സല്‍ ഓഫ് യൂണിയന്‍ ഓഫ് ഇന്ത്യ, സീനിയര്‍ കൗണ്‍സല്‍ ഓഫ് റെയില്‍വേ എന്നീ സ്ഥാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. 2019 ഡിസംബര്‍ 12 നാണ് ശേഖര്‍ യാദവ് അഡീഷണല്‍ ജഡ്ജായി അധികരമേല്‍ക്കുന്നത്. 2021 മാര്‍ച്ച് 26ന് സ്ഥിരം ജഡ്ജിയായി. 2026 വരെയാണ് ശേഖര്‍ യാദവിന് സര്‍വീസുള്ളത്.

വിദ്വേഷ പരാമര്‍ശങ്ങളുടെ ന്യായാധിപന്‍

തന്റെ ന്യായാധിപ ജവിതത്തിലുടനീളം വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ജസ്റ്റിസ് ശേഖര്‍ യാദവ്. 2021ല്‍ ശ്രീരാമനെയും ശ്രീകൃഷ്ണനെയും രാമായണം, മഹാഭാരതം ഭഗവത്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളെയും ബഹുമാനിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതും ഇതേ ജഡ്ജിയാണ്. പശുവിനെ കശാപ്പ് ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ജസ്റ്റിസ് യാദവ് നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഗോസംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കണമെന്നും അന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേവര്‍ഷം തന്നെയാണ് ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശുവാണെന്ന് ശേഖര്‍ യാദവ് പ്രസ്താവന നടത്തിയത്. 

യജ്ഞങ്ങള്‍ നടക്കുന്ന സമയത്ത് പശുവിന്‍ പാലില്‍ നിന്നുണ്ടാക്കുന്ന നെയ്യ് ഉപയോഗിക്കുന്നത് ഇന്ത്യയിലെ ഒരു ആചാരമാണെന്നും ആ ഉത്തരവില്‍ പറയുന്നു. ഇത് സൂര്യപ്രകാശത്തിന് പ്രത്യേക ഊര്‍ജ്ജം നല്‍കുന്നു. ഇത് ആത്യന്തികമായി മഴയ്ക്ക് കാരണമാകുന്നതായും ഉത്തരവില്‍ പറയുന്നു. പശുവിന്റെ പാല്‍, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവകൊണ്ട് നിര്‍മിക്കുന്ന പഞ്ചഗവ്യം ഭേദമാക്കാനാവാത്ത നിരവധി രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് ഉപയോഗിക്കുന്നുവെന്നും കോടതി ഉത്തരവില്‍ ജഡ്ജി പറയുന്നു. ഒരു പശു തന്റെ ജീവിതകാലത്ത് 400-ല്‍ അധികം മനുഷ്യര്‍ക്ക് പാല്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍ അതിന്റെ മാംസം 80 പേര്‍ക്ക് മാത്രമെ ഭക്ഷണമാകുന്നുള്ളുവെന്നും ആര്യസമാജ സ്ഥാപകന്‍ ദയാനന്ദ് സരസ്വതിയെ ഉദ്ധരിച്ച് ജസ്റ്റിസ് യാദവ് അന്ന് പറഞ്ഞു. പശുവിനെയോ കാളയേയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണെന്ന് യേശുക്രിസ്തു പറഞ്ഞതായും ജഡ്ജി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പുറമെ സ്‌കൂള്‍ സിലബസില്‍ ഗീതയും രാമായണവും പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മിശ്രവിവാഹങ്ങളെ കുറിച്ചും സമാനമായ പ്രസ്താവനകള്‍ നടത്തി.

ഇംപീച്ച് ചെയ്യാനൊരുങ്ങി ഇന്ത്യാ മുന്നണി

ശ്രീനഗര്‍ എം.പിയും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ രൂഹുള്ള മെഹ്ദിയാണ് ശേഖര്‍ യാദവിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ജഡ്ജിക്കെതിരേ നടപടിയാവശ്യപ്പെട്ട് മുസ്ലീം ലീഗ് എം.പിമാരും രാഷ്ട്രപതിക്ക് പരാതി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടന നിര്‍ദേശിക്കുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ് ജഡ്ജിയുടെ പരാമര്‍ശമെന്നും അദ്ദേഹം സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ മുസ്ലിം ലീഗ് എം.പി.മാര്‍ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ കാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് എന്ന സംഘടനയ്ക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിട്ടുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ജനങ്ങളില്‍ സംശയമുണ്ടാക്കുന്ന നടപടിയാണ് ജസ്റ്റിസ് യാദവില്‍ നിന്നുണ്ടായത്. ഇക്കാര്യത്തില്‍ ശക്തമായ നടപടി ആവശ്യമാണെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇംപീച്ച്‌മെന്റ് സാധ്യമോ?

ന്യായാധിപര്‍ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിയെ കുറിച്ച് ഭരണഘടനയില്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ടെങ്കിലും ഇതൊരിക്കലും എളുപ്പമല്ല. ജഡ്ജിയെ നീക്കാനുള്ള ലോക്സഭയിലെ ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ചുരുങ്ങിയത് നൂറ് അംഗങ്ങളും രാജ്യസഭയിലേതില്‍ 50 അംഗങ്ങളും ഒപ്പിടണം. പ്രമേയം സഭാധ്യക്ഷന്‍ സ്വീകരിച്ചാല്‍ മൂന്നംഗസമിതിക്ക് അന്വേഷണത്തിന് വിടും. സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയില്‍ ഒരു ഹൈക്കോടതി ജഡ്ജിയും നിയമവിദഗ്ധനുമടങ്ങുന്നതാകും സമിതി. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കുവെക്കും. പ്രമേയത്തിന് മേല്‍ ഇരുസഭയിലും ചര്‍ച്ചയും വോട്ടിങ്ങുമുണ്ടാകും. ഇരുസഭയിലും ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ പ്രമേയം പാസാവുകയുള്ളൂ. ഇന്നേവരെ സുപ്രീം കോടതിയിലെയോ ഹൈക്കോടതികളിലേയോ ജഡ്ജിമാരെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കാനായിട്ടില്ല.