
ന്യൂഡൽഹി: സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി തേടി മുസ്ലിം വിദ്യാർഥിനി നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിലെ അനിവാര്യ മതാചാരമാണെന്ന് സ്ഥാപിക്കുന്ന മതഗ്രന്ഥമോ മറ്റ് ആധികാരിക രേഖകളോ ഹാജരാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
പ്രയാഗ് രാജിലെ അത്തർസുയിയയിലുള്ള ടാഗോർ പബ്ലിക് സ്‌കൂളിലെ വിദ്യാർഥിനിയായ സുകൈന റിസ്വിയാണ് ഹർജിക്കാരി. ടാഗോർ പബ്ലിക് സ്‌കൂളിൽ പത്താം ക്ളാസ് പഠനത്തിന് ശേഷം അതേസ്‌കൂളിൽ പതിനൊന്നാം ക്ളാസിൽ പ്രവേശനം തേടിയപ്പോഴാണ് പ്രശ്‌നം ഉടലെടുത്തത്. സ്‌കൂളിലെ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ച കാലയളവിൽ ഹിജാബ് ധരിച്ചിരുന്നുവെന്നും അന്ന് സ്‌കൂൾ അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനസമയത്ത് ഹിജാബ് ധരിക്കുന്നത് തുടരണമെന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്ന് പ്രവേശനം നിഷേധിച്ചെന്നായിരുന്നു പരാതി.
യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് സ്‌കൂളിന്റെ ഡ്രസ് കോഡിന് വിരുദ്ധമാണെന്നായിരുന്നു സ്‌കൂൾ അധികൃതരുടെ നിലപാട്. എന്നാൽ, ഹിജാബ് ധരിക്കുന്നത് തന്റെ മതവിശ്വാസത്തിലെ അനിവാര്യ മതാചാരമാണെന്നും അത് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദവും 19(1)(a)ാം അനുച്ഛേദവും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വിദ്യാർഥിനി വാദിച്ചു. എന്നാൽ, വിദ്യാർഥിനിയുടെ വാദം കോടതി അംഗീകരിച്ചില്ല. ക്ലാസ് മുറിക്കുള്ളിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാണെന്നും അത് പാലിക്കാതിരിക്കുന്നത് വിശ്വാസത്തിന്റെ അടിസ്ഥാന സ്വഭാവത്തെ ബാധിക്കുമെന്നും തെളിയിക്കുന്ന മതപരമായ ആധികാരിക രേഖകളൊന്നും ഹർജിക്കാരി ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ 25-ാം അനുച്ഛേദത്തെ ആശ്രയിച്ചുള്ള അവകാശവാദം വെറും വാദത്തിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കാനാകില്ലെന്നും അതിന് ആവശ്യമായ വസ്തുതാപരവും നിയമപരവുമായ അടിത്തറ വേണമെന്നും ബെഞ്ച് പറഞ്ഞു. ഡ്രസ് കോഡ് ഏകീകൃതവും സത്യസന്ധമായ ഉദ്ദേശ്യത്തോടെയുള്ളതും വിവേചനരഹിതവും അച്ചടക്കവും സ്ഥാപനത്തിന്റെ വ്യക്തിത്വവും നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണെങ്കിൽ, യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്‌കൂളിനാണെന്ന് അലഹബാദ് ഹൈ കോടതി നിരീക്ഷിച്ചു. മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതിയും നേരത്തെ വിധിച്ചിരുന്നു. ഇതിന് എതിരായ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Content Highlights: Allahabad High Court dismissed the petition seeking permission to wear a hijab with the school uniform., The court stated the petitioner failed to provide authoritative religious texts proving hijab is an essential practice in Islam., Court ruled that schools have the right to enforce a unified dress code to maintain discipline and institutional identity.
Published: 25 Aug 2026, 10:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented